മറിയാപഹരണം


കഥ വരുന്ന വഴികൾ —2020 തുടങ്ങിയ സമയത്താണ്.

ഒരു ദിവസം രമേഷേട്ടനുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ രമേഷേട്ടൻ സാന്ദർഭികമായി പറഞ്ഞു – “നമ്മടെ സജിത്ത് ഫ്‌ളൈറ്റ് പറപ്പിക്കാൻ പോകുന്നുണ്ട് കേട്ടോ..” (സജിത്ത് താടി വളർത്തുന്നു എന്ന ഒരൊറ്റ വൺലൈൻ രമേഷേട്ടൻ തന്നതിൽ നിന്നാണ് മൈൻഡ് ഗെയിംസ് പിറക്കുന്നത്- അതിനിന്ന് രണ്ടു വയസ്സായി !! )

എനിക്കാണെങ്കിൽ ആ സമയത്ത് ഒരു ഫ്രണ്ട് മലയാളി മെൽബൺ ഫ്ളയിങ് ക്ലബിൽ ഫ്‌ളൈറ്റ് പറത്താൻ പോകുന്ന കഥകൾ അവന്റെ കയ്യിൽ നിന്ന് കിട്ടാറുള്ളത് കൊണ്ട് സംഭവം രസമുള്ള ഒരു ടോപ്പിക് ആയി തോന്നി.

ഏറെക്കുറെ അതെ സമയത്ത് തന്നെയാണ് അനൂപ് സത്യന്റെ “വരനെ ആവശ്യമുണ്ട് ” സിനിമ കാണുന്നത്. ആ സിനിമയിലെ സുരേഷ് ഗോപിയെയും ജോണി ആന്റണിയെയും സാമാന്യം നന്നായിട്ട് പിടിച്ചു. അങ്ങനെ ഒരു ദിവസം രാത്രി കിടന്നുറങ്ങിയപ്പോൾ ഞാനൊരു സ്വപ്നം കണ്ടു. നമ്മടെ സുരേഷ് ഗോപി എയർഫോഴ്സിൽ വലിയ ഉദ്യോഗസ്ഥനാണ്. പുള്ളി കാഷ്മീരിലോ മറ്റോ പോസ്റ്റിങ്ങിൽ ആയിരുന്നപ്പോൾ വളരെ സാഹസികമായി ഫ്‌ളൈറ്റ് ഒക്കെ പറത്തി അമരീഷ് പുരീടെ മകളെ അടിച്ചോണ്ട് വരുന്നു. പുള്ളീടെ കൂടെ ഹെൽപ്പിന് മിലിട്ടറി നേഴ്സിന്റെ ഭർത്താവുദ്യോഗസ്ഥനായ ജോണി ആന്റണിയും.

ആ സ്വപ്നം വെളുപ്പാന്കാലത്ത് എപ്പോഴോ ആണ് കാണുന്നത്..പല്ലു തേച്ചു കൊണ്ടിരുന്നപ്പോൾ തലയ്ക്കകത്ത് ഒരു ബൾബ് കത്തി….ഈ അഡ്വെഞ്ചറസ് സുരേഷോപി ചേട്ടന്റെ കഥാപാത്രം കാലക്രമേണ മടിയനാവുകയും ..ഉമ്മറത്തിരുന്നു തമ്പുരാൻ റോൾ കളിച്ചു ഓർഡർ ഇടുന്ന സ്വഭാവക്കാരൻ ആവുകയും ചെയ്‌താൽ ആ കാശ്മീരി പെൺകൊച്ച് കഷ്ടപ്പെട്ട് പോവുമല്ലോ..ആഹാ ആ സംഭവം കൊള്ളാം.. രസമുണ്ടല്ലോബാത്ത് റൂമിൽ നിന്നും വെളിയിലിറങ്ങിയ ഉടനെ കുത്തിയിരുന്ന് എഴുതിയ ഒറിജിനൽ കഥയാണ് ഇതോടൊപ്പം ചേർക്കുന്നത്‌. ഈ കഥയുടെ മൂന്നാമത്തെ ഡ്രാഫ്റ്റിൽ ഇങ്ങനെ എഴുതിയിരുന്നു – ” സുതൻ തന്റെ റിക്ലയ്നറിൽ കിടന്നാണ് ഫോൺ ചെയ്യുന്നത്. നേരെ മുന്നിൽ വാൾമൗണ്ടിലെ സ്റ്റാൻഡിൽ ഒരു ബുദ്ധന്റെ രൂപം. ബുദ്ധശയന രൂപം ആണ്.

തായ്‌ലൻഡിലെ ബുദ്ധന്റെ രൂപം അങ്ങനാണ് ..സുതന്റെ കണ്ണിനു നോക്കിയാൽ കാണുന്ന നേർരേഖയിലാണ് ബുദ്ധശയന രൂപം. ” [ മാറിയപഹരണം ഷോർട്ഫിലിം രണ്ടായിരം വ്യൂസ് ക്രോസ് ചെയ്തു..ആദ്യമായിട്ടാണ് ഇത്രേം സ്പീഡിൽ നമുക്കെന്തെങ്കിലും ബന്ധമുള്ള ഒരു ഷോർട്ഫിലിം 2K ക്രോസ് ചെയ്യുന്നത്..ലിങ്ക് കമന്റിലുണ്ട്..]

ഒന്നാം ഡ്രാഫ്റ്റ് -മറിയാപഹരണം !!

“കഥ നടക്കുന്നത് എണ്പത്തിരണ്ടിലാണ് “”എണ്പത്തിരണ്ടല്ല..എൺപത്തി ഒന്ന്..അല്ല..എൺപത് ആഗസ്തിൽ..” ജോസ് വേലിക്കുന്നേലിന്റെ എണ്പത്തിരണ്ടെന്ന വാദത്തെ തള്ളിക്കൊണ്ട് വാസുദേവൻ ഡോക്ടർ തിരുത്ത് രേഖപ്പെടുത്തി.

“അതെ..എന്നാൽ എൺപത് ഓഗസ്റ്..” തിരുത്ത് ശരിവെച്ചു കൊണ്ട് ജോസ് വക്കീൽ ഉള്ളം കൈ വിടർത്തി വിരലുകളിൽ കണക്കു കൂട്ടി..എന്നിട്ട് തുടർന്നു..

“എൺപത് ഓഗസ്ത് തന്നാണ്… കാരണം ഈ സംഭവം നടക്കുന്പോൾ ലൂസി എട്ടാം മാസം ആണ്..അവള് പ്രസവിച്ചത് സെപ്തമ്പർ പകുതിയോടെ..ഡോക്ടറുടെ കണക്ക് കറക്ടാണ്..എന്തായാലും…എൺപത് ആഗസ്ത് മാസം..ഞാനന്ന് അമേരിക്കയിൽ വന്നിട്ട് രണ്ടു മൂന്നു കൊല്ലമൊക്കെയേ ആവുന്നുള്ളൂ..” ജോസ് തുടരുന്നു–

“എനിക്കന്ന് ഗ്യാസ് സ്റ്റേഷനിലാണ് ജോലി..നമ്മടെ ഡൌൺ ടൗണിൽ..ഇപ്പൊ അവിടെ വലിയ മാളോക്കെ വന്നു..അന്നാ സ്ഥലം ഒരു ഇരുട്ട് പിടിച്ച ഇടമായിരുന്നു..പറഞ്ഞു വരുമ്പോൾ കറമ്പന്മാർ മാത്രം ഉള്ള ഒരു സ്ഥലം..ദാരിദ്ര്യം പിടിച്ച ആളുകൾ തിങ്ങിപ്പാർത്തിരുന്ന …ഓ .. ആ പരിസരത്തെപ്പറ്റിയുള്ള കഥയൊക്കെ പിന്നെപ്പറയാം..മാറ്ററിലേക്ക് വരാം…എൺപത് ആഗസ്ത്…ഞാനന്ന് അമേരിക്കയിൽ വന്നിട്ട് രണ്ടര മൂന്നു കൊല്ലം ..കഷ്ടിച്ച് ..ഗ്യാസ് സ്റ്റേഷനിൽ ജോലി..”സഹവയസ്സന്മാരായ ഉടുമ്പ് ജോണി, അലിയാർ, വാസുദേവൻ ഡോക്ടർ എന്നിവരുടെ മീശകൾക്കും മീശയില്ലായ്മകൾക്കും നരച്ച താടികൾക്കും ഇടയിലൂടെ ജോസ് വേലിക്കുന്നേലിന്റെ കഥ സുതൻ മേച്ചേരിയുടെ മുഖത്ത് എത്തുമ്പോൾ സുതന്റെ മുഖത്തും വലിയ കപ്പടാമീശയിലും കണ്ണിലെ ചിരിയിൽ നിന്നുള്ള തിളക്കം വെട്ടി മിന്നുന്നു. ജോസ് വേലിക്കുന്നേൽ കഥ തുടരുകയാണ്..”

അന്നെനിക്കീ സുതനെ അറിയാൻ മേല..ജോണി നീ ഇവിടുണ്ടായിരുന്നോ..””ഇല്ല..ഞാനന്ന് ന്യൂയോർക്കിലാ..” “ഡോക്ടറോ.””ഞാൻ കേരളത്തീന്ന് പുറപ്പെട്ടിട്ടില്ല..””ങ്ഹാ..അപ്പൊ എന്റെ പരിചയത്തിൽ അന്നിവിടെ അധികം മലയാളികൾ ഒന്നുമില്ല..ലൂസി പോകുന്ന ആശൂത്രിയിൽ ഒരു ഡോക്ടറുണ്ട്..ലീല ഡോക്ടർ..അവരെ പരിചയമുണ്ട്..പിന്നൊരു ഷേണായ് ഉണ്ടായിരുന്നു…ഇവിടുത്തെ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ..അങ്ങേർക്ക് ആരുമായും പരിചയമില്ല..കണ്ടാൽ ചിരിക്കും സലാം പറയും..ദാറ്റ്സ് ആൾ..””ആളെ പരിചയപ്പെടുത്താലൊക്കെ പിന്നെപ്പറയാം…നിങ്ങള് കഥ പറയു..” സുതൻ ഇടപെട്ടു..”ങ്ഹാ..പറഞ്ഞത് പോലെ..ആ സമയത്ത് എനിക്കിവനെ വലിയ പരിചയമില്ല..ലീല ഡോക്ടറും ഷേണായീ പുള്ളി യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാണ്..ഇപ്പൊ ഇവിടില്ല…ലീല ഡോക്ടർ ടെക്‌സാസിന് പോയി..ഈയടുത്തെങ്ങാണ്ട് മരിച്ചു..പിന്നൊരു തെലുങ്കൻ ഉണ്ടാരുന്നു സ്വാമി. ഇവിടത്തെ ഇന്ത്യൻ ഹോട്ടലിൽ കുശിനിക്ക് അയാളെ ആന്ധ്രയിൽ നിന്നും കൊണ്ട് വന്നതാ..ഇവിടന്നു പത്തമ്പത് ഇന്ത്യക്കാരൊക്കെ ഉണ്ടാരുന്നു. താജ് എന്നൊരു ഹോട്ടൽ..ഒരു പഞ്ചാബിയുടെ…അവിടത്തെ കുക്ക് ആയിരുന്നു സ്വാമി…അവൻ എന്നാ ടൈപ്പ് ബിരിയാണി ഉണ്ടാക്കിയാലും ആന്ധ്രാ ബിരിയാണിയാവും..സായിപ്പന്മാർക്കൊന്നും ഇഷ്ടപെടത്തില്ല..കുറേക്കാലം തട്ടീം മുട്ടീമൊക്കെ നിന്ന് കഴിഞ്ഞു അവൻ പണി പഠിച്ചു..ഇപ്പൊ ചിക്കാഗോയിൽ ഒരെണ്ണം മാഡിസണിൽ ഒരെണ്ണം അങ്ങനെ മിഡ് വെസ്റ്റിൽ ഏതാണ്ട് അഞ്ചാറ് റസ്റോറന്റുണ്ട് അവനു..ആ കഥ പിന്നെപ്പറയാം..പറഞ്ഞു വന്നത് സുതന്റെ കാര്യമാണ്…എനിക്കന്ന് ഈ സുതനെ പരിചയമില്ല..ഈ പറഞ്ഞ സ്വാമി ഇടയ്ക്കിടയ്ക്ക് ഗ്യാസ് സ്റ്റേഷനിൽ വരും…അങ്ങനാണ് അയാളുമായുള്ള പരിചയം. അവൻ നാട്ടീന്ന് ഏതൊക്കെയോ വഴിക്ക് ഇന്ത്യൻ സിനിമകളുടെ കാസറ്റ് കൊണ്ട് വരും…അത് എന്റെ കയ്യിൽ തരും..അങ്ങനെ ഇന്ത്യക്കാരെല്ലാവരും നമ്മടെ കടയിൽ വരാൻ തുടങ്ങി..എന്നാത്തിനാ ഈ സിനിമാ കാസറ്റ് വാങ്ങാൻ..വാടകയ്ക്ക് ..അന്നെത്രയാ ഒന്നോ രണ്ടോ ഡോളറോ മറ്റോ ആയിരുന്നു വാടക..എന്നാലും ഇന്ത്യാക്കാരുമായിട്ടെല്ലാം പരിചയം തുടങ്ങുന്നത് അങ്ങനാ..”

ജോണി ഇടയ്ക്കു കയറി..” ആശാനേ..നിങ്ങള് നീട്ടിപ്പരത്തി പറയാതെ ചുരുക്കിപറ..ഈ കഥയൊക്കെ ഞങ്ങള് ഒരു നൂറു പ്രാവശ്യമെങ്കിലും കേട്ടതാ..”

“എടാ ഉവ്വേ ജോണി..നീ ഈ കേട്ടപോലെ ആയിരുന്നോ കഴിഞ്ഞ പ്രാവിശ്യം കേട്ടത്..” വേലിക്കുന്നേൽ അസ്വസ്ഥനായി.

“അല്ല..അന്നിത്രയും ഡീറ്റെയിലിംഗ് ഇല്ലാരുന്നു..””അതാണ്..എനിവെയ്‌സ്..കടയിൽ കാസറ്റ് വാടകയ്ക്ക് കൊടുത്തു തുടങ്ങിയപ്പോൾ ആണ്..ഇത്രേം ഇന്ത്യക്കാരും മലയാളികളുമൊക്കെ ഇവിടുണ്ടെന്ന് ഞാൻ അറിയുന്നത് തന്നെ…സുതൻ അന്ന് ചെറുപ്പമാ..ഇവിടെ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വന്നത്..പക്ഷെ അന്നേ ആള് ഭീകര അഡ്വഞ്ചറസ് ആണ്. നമുക്കൊക്കെ ആലോചിച്ചാൽ പേടിച്ചു മുട്ട് വിറയ്ക്കുന്ന റിസ്ക് ഒക്കെ ഇവൻ ചാടിക്കയറിയങ്ങു ഇറക്കും..ഈ കൊമ്പൻ മീശ അന്നും ഉണ്ട്..നീണ്ട ഒരു കൃതാവും..ഒരു പള പളാ മിന്നുന്ന ഷർട്ടും..മസിലുമൊക്കെ പെരുപ്പിച്ചാണ് ഇവൻ എന്റെ കടയിൽ വരുന്നത്..അന്നിവന് ഒരു സ്പോർട്സ് കാർ ഉണ്ട്..കടയുടെ ഉള്ളിൽ ഇരുന്നു ആ സ്പോർട്സ് കാറിന്റെ ഇരമ്പം കേട്ടാൽ എനിക്കറിയാം ഇവൻ അടുത്തെത്തി എന്ന്..”

“സുതൻ ഇടയ്ക്കിടയ്ക്ക് വരുന്നത് കാസെറ്റ് എടുക്കാനാണോ..”

ഡോക്ടർ ചോദിച്ചു..”ഏയ്…കാസറ്റോന്നും അവനു വലിയ താല്പര്യമില്ല…പക്ഷെ ഞങ്ങള് തമ്മിൽ വേറൊരു കണക്ഷനുണ്ട്. സുതന്റെ അപ്പൻ ആരോമാ ബാബു എന്റെ പഴയ പരിചയക്കാരൻ ആണ്..ഏറ്റുമാനൂര് ബാർ ഒക്കെ ഉണ്ടായിരുന്നു ആ കാലത്ത്..ആരോമാ ബാർ. വലിയ അബ്‌കാരിയാണ്. എട്ടു പത്ത് ബസുണ്ടായിരുന്നു തലയോലപ്പറമ്പ് വൈക്കം കോട്ടയം റൂട്ടിൽ. പിന്നെയൊരാന ഏറ്റുമാനൂർ മഹാദേവന്റെ തിടമ്പ് ബാബുച്ചേട്ടന്റെ ആനയുണ്ടായിരുന്നു..എന്തായിരുന്നു പേര്..””ആരോമാ ശങ്കരൻ..” സുതൻ ഇടപെട്ടു..”അതെ ശങ്കരൻ..എന്നായൊരു തലയെടുപ്പ് ആയിരുന്നെന്നോ..””ആനയ്‌ക്കോ..” “ആനയ്ക്കും ഉടമയ്ക്കും..മാറ്റർ വിട്ടു പോകുന്നു..ബാബു ചേട്ടന്റെ മകനാണ് എന്നറിഞ്ഞപ്പോൾ എനിക്കും സുതനെ വലിയ കാര്യമായി. അച്ഛനുമായുള്ള പരിചയം കൊണ്ടായിരിക്കണം സുതനും നമ്മളെയങ്ങു പിടിച്ചു..അങ്ങനെ ഒരു ദിവസം കാണാൻ വന്നപ്പോൾ ഇവനൊരു വെടി പൊട്ടിച്ചു..””തോക്കും കൊണ്ടാണോ വന്നത്..””കോമഡി..ആ വെടി അല്ലേടാ ഉവ്വേ..ഞടുക്കുന്ന ഒരു വാർത്ത..””എന്തായിരുന്നു അത്..””മാത്തച്ചൻ..ഡിട്രോയിറ്റ്‌ മാത്തച്ചൻ..””അതാരാ..””നിങ്ങൾ കേട്ട് പരിചയം കാണില്ല..ഡെട്രോയിറ്റിലെ വലിയ പ്രമാണി ആയിരുന്നു. ആ കാലത്തെ വലിയ ഒരു പണക്കാരൻ. കാർ ഷോറൂമും, കുറച്ചൊക്കെ അണ്ടർവേൾഡും ഒക്കെയായി ആളൊരു ഭീകരൻ. ആ മാത്തച്ചൻ മുതലാളിയുടെ മകൾ മറിയയുമായി സുതനു പ്രേമം..എപ്പോഴോ ആ വഴിക്ക് പോയപ്പോൾ കണ്ടതാണ് രണ്ടു പേരും..””മാത്തച്ചൻ സമ്മതിച്ചില്ലേ..””സമ്മതിക്കുമോ..പുള്ളി മതം വിട്ടൊരു കളി ഇല്ലാത്ത മനുഷ്യനാ..പോരാത്തതിന് ആയിടെ പുള്ളിക്ക് തിരിച്ചു നാട്ടിൽ പോവാനുള്ള പ്ലാൻ ഒക്കെയുണ്ടായിരുന്നു. ബന്ധുബലത്തിന് ഒരു കേന്ദ്രമന്ത്രീടെ മകനെക്കൊണ്ട് മറിയത്തിന് കല്യാണം ആലോചനയൊക്കെയായി കഴിയുമ്പോഴാണ് മറിയം വീട്ടിൽ ബോംബ് ഇട്ടത്..””ഓഹോ..””മറിയം സുതനെയെ കെട്ടു എന്നൊരു വാശി..മാത്തച്ചൻ അപ്പൊ തന്നെ മകളെ നാട്ടിലേക്ക് പാക്ക് ചെയ്യാൻ പ്ലാൻ ഇട്ടു..അതറിഞ്ഞ സുതൻ മറിയത്തെ തട്ടിക്കൊണ്ട് പോരാനുള്ള പ്ലാനും..അതിന് എന്നെ കൂടെ കൂട്ടണം..””കൊള്ളാല്ലോ..””ഉം..റോഡ് വഴി പോയാൽ അവിടെ എത്തുമ്പോഴേക്കും മറിയത്തെ മാത്തച്ചൻ വിമാനത്തിൽ കയറ്റും..അവസാന നിമിഷമാണ് എല്ലാം..””എന്നിട്ടോ..””ഒരു ബോട്ടെടുത്ത് മിഷിഗൺ ലേക് ക്രോസ് ചെയ്ത് അപ്പുറത്ത് പോയാലോ..ഞാൻ ഇവനോട് ചോദിച്ചു..”[ഫ്ളാഷ്ബാക് ]സുതൻ – “ആശാനു ബോട്ട് ഓടിക്കാൻ അറിയുമോ..”ജോസ് – “ഇല്ല..”സുതൻ – “എനിക്കും, മാത്രമല്ല ബോട്ടോടിക്കാൻ അറിയുന്ന ആളെ തപ്പി ബോട്ടോടിച്ചു അവിടെ ചെല്ലുമ്പോഴേക്കും മറിയം ഇന്ത്യയിലെത്തും..”ജോസ് -” ഇനിയെന്ത് ചെയ്യും..”സുതൻ – ” “വഴിയുണ്ട്..ആശാന് ധൈര്യമുണ്ട്..”ജോസ്- ” അതല്ലേ ഉള്ളൂ..”സുതൻ -” എന്റെ കൂടെ നിക്കുമോ..”ജോസ് – ” നൂറു ശതമാനം..”സുതൻ-“എന്നാൽ ഒരു വഴിയുണ്ട്..ബോട്ടോടിക്കാൻ അല്ലെ അറിയാത്തത് ഉള്ളൂ..വിമാനം ഓടിക്കാൻ അറിയാം..”ജോസ് – ” വിമാനമോ..”സുതൻ – “ഉം..ഈയിടെക്കൊണ്ടു പഠിച്ചതാണ്..”ജോസ് – “നടക്കുമോ..”സുതൻ – “പറക്കും..ആശാൻ കൂടെ നിന്നാൽ മതി..”ജോസ് -” ലൂസി..”സുതൻ – ” ചേച്ചി വേണ്ട..ആശാൻ മതി..”ജോസ് – ” എന്താ പ്ലാൻ..”സുതൻ – ” എനിക്കറിയാവുന്ന ഒരു സായിപ്പ് ഉണ്ട്..അങ്ങേരുടെ ട്രെയിനിംഗ് ഫ്‌ളൈറ്റ് ഒരെണ്ണം ഉണ്ട്..ഫുൾ ഗ്യാസ് അടിച്ചു കൊടുത്താൽ മതി നമുക്കെടുക്കാം..”ജോസ് – “അതിനുള്ള ഗ്യാസ് എന്റെ കടയിൽ ഇല്ല..”സുതൻ -” അതൊക്കെ ഞാൻ സംഘടിപ്പിക്കാം…ഇവിടുന്ന് നമ്മൾ പറന്നു മിഷിഗൺ ലേയ്ക്ക് ക്രോസ് ചെയ്ത് ഡെട്രോയിറ്റിൽ ചെല്ലുന്നു. അവിടെ മറിയം കാത്ത് നിൽപ്പുണ്ടാവും..അവളെയും കൊണ്ട് തിരിച്ചു പറക്കുന്നു..സംഗതി സിംപിൾ..”*****വയസൻ കൂട്ടത്തിൽ ആകാംഷ മുറുകി..”എന്നിട്ട്..” ഡോക്ടറാണ് ചോദിച്ചത്. “എന്നിട്ടെന്താ…പറഞ്ഞത് പോലെ നടന്നു…അല്ല പറന്നു..ഇവിടുന്നാ കൊച്ചു വിമാനവും പിടിച്ചു ഞങ്ങൾ ഡെട്രോയിറ്റിനു പറന്നു…മാത്തച്ചൻ മുതലാളിയുടെ കണ്ണും പ്ലാനും വെട്ടിച്ചു മറിയയെക്കൊണ്ട് തിരിച്ചു പറന്നു ഇവിടെ എത്തി..””പേടിയുണ്ടാരുന്നോ..””ഈശോയെ..അതെ ഉണ്ടാരുന്നുള്ളു…സുതൻ പഠിച്ചു വലിയ പ്രാക്ടീസോന്നും ആയില്ലാരുന്നല്ലോ…അതുകൊണ്ട് തന്നെ..ഇടയ്ക്ക് പറക്കുന്നതിനിടയിൽ താഴ്ന്നു താഴ്ന്നു വെള്ളത്തിൽ തൊടാൻ പാകത്തിന് എത്തും..എന്റെ പ്രാർത്ഥനേടെ ശക്തി ഒന്ന് കൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നെ..””എന്നിട്ട് മാത്തച്ചൻ മുതലാളി എന്ത് ചെയ്തു..””എന്ത് ചെയ്യാനാ…പെങ്കൊച്ചിനെ വിമാനത്തെ വന്നു തട്ടിക്കൊണ്ടു പോവുന്ന രാവണൻ നിസ്സാരക്കാരൻ ആയിരിക്കില്ല എന്നയാൾക്ക് പിടികിട്ടിയില്ലേൽ പിന്നാര്ക്ക് പിടികിട്ടാനാ…അയാള് ആളും പരിവാരവുമായി വന്നു രണ്ടു പേരെയും കെട്ടിച്ചു കൊടുത്തു..അല്ലാതെ പിന്നെ..” “മിഷിഗൺ ലേയ്ക്ക് വിമാനം ഓടിച്ചു ക്രോസ് ചെയ്ത ആദ്യത്തെ മലയാളി അല്ലെ..” ജോണി ചിരിച്ചു കൊണ്ട് സുതനു ചിയേർസ് പറഞ്ഞു. കൊമ്പൻ മീശ വിറപ്പിച്ചു കൊണ്ട് സുതൻ ആ ചിരിയിൽ പങ്കു ചേർന്നു…മറിയാപഹരണം !!

https://www.youtube.com/watch?v=F6MRkwBXbas

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )