പ്രാഞ്ചിയേട്ടൻ പറയുന്നത് പോലെ നല്ല കളറ് വെടിച്ചില്ലു സ്വപ്നം കാണുന്ന കൂട്ടത്തിലാണ് ഈയുള്ളവനും. കാണുക മാത്രമല്ല ഉറക്കം വിടുമ്പോൾ ചിലതൊക്കെ ഓർത്തെടുക്കാനും, ചില സ്വപ്‌നങ്ങളുടെ ലൂപ്പിൽ വ്യത്യസ്ത ദിവസങ്ങളിൽ ചെന്ന് പെടുന്നതിനും ഭാഗ്യം കിട്ടിയിട്ടുണ്ട്.
അത്തരം ഒരു സ്വാപ്നമാണ് ഇന്ന് വിവരിക്കുന്നത്…കണ്ടത് ഏകദേശം നാലഞ്ച് വർഷങ്ങൾക്ക് മുന്നെയാണെന്ന് തോന്നുന്നു.
നല്ല ഉറക്കത്തിലാണ്…കണ്ണ് മുറുക്കെ അടച്ചുള്ള ഉറക്കം…കാലുകൾക്ക് ചലനശേഷി നഷ്ടമായിരിക്കുന്നു…കൈകൾ മന്ദീഭവിച്ചത് പോലെ.
ചുറ്റും ചില കരച്ചിലുകൾ കേൾക്കാം..ഏങ്ങലടികൾ..അലമുറയിട്ടുള്ള കരച്ചിലുകൾ.
എന്റെ മരണമാണ് എന്ന് ഊഹിക്കാം. ആ തിരിച്ചറിവുണ്ടായ അതെ നിമിഷം പെട്ടെന്ന് ഞാൻ ഉയർന്നു പൊങ്ങി ഒരു കുഴിയിലേക്ക് എറിയപ്പെട്ടു..നല്ല ഫോഴ്സിലാണ്..മുയൽക്കുഴിപോലൊരു ഒരാൾ വലുപ്പത്തിലുള്ള കുഴി…കുഴിയിലൂടെ വേഗത്തിൽ ഭൂമിക്കടിയിലേക്ക് പോകുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഒരു റഫറൻസിന് മാളൂട്ടി സിനിമയിൽ ബേബി ശ്യാമിലി കുഴൽക്കിണർ കുഴിയിൽ പെട്ടത് പോലൊരു ഫീലിംഗ്. ഞാനാണെങ്കിൽ ക്ളോസോഫോബിയയ്ക് ഉള്ള കൂട്ടത്തിലാണ്..എന്നാലും അതൊന്നും ആലോചിക്കാനുള്ള ഗ്യാപ്പ് കിട്ടുന്നതേയില്ല.
കുഴിയിലൂടെ അതി വേഗത്തിൽ ഊർന്നിറങ്ങി ഞാൻ ചെന്ന് വീഴുന്നത് ഭൂമിക്കടിയിലെ ഏതോ ഒരു വലിയ ജലാശയത്തിലാണ്.
വെള്ളത്തിൽ മുങ്ങിത്താണു ഞാൻ മുകളിലേക്ക് നോക്കുമ്പോൾ ഒരു രൂപാ വട്ടത്തിൽ മുകളിൽ ആകാശം കാണാം. അത്രയും താഴ്ചയുള്ള ജലാശയത്തിലേക്കാണ് ഞാൻ വീണത് എന്ന് ചുരുക്കം.
ഇളം ചൂടുള്ള എന്നാൽ താഴ്ന്നു പോകാൻ കഴിയാത്ത ജലം. എത്രനേരം അവിടെ കിടന്നെന്നു അറിയില്ല..എന്റെ ഉള്ളിൽ പറഞ്ഞരിക്കാനാവാത്തത്ര ഒരു സങ്കടം വന്നു നിറഞ്ഞു.
പെട്ടെന്ന് വെള്ളത്തിൽ നിന്ന് ഞാനൊരു കുട്ടികളുടെ പാർക്കിലെ ട്രെയിൻ പോലുള്ള ഒരു വാഹനത്തിലേക്ക് എറിയപ്പെട്ടു.
ത്രിൽ റൈഡിലൊക്കെ കാണുന്ന ടൈപ്പ് വണ്ടിയാണ്. അതിലെ പിന്നിലെ സീറ്റിൽ ഞാൻ ഇരുന്നു. വണ്ടിയിൽ എന്നെപ്പോലെ വേറെയും ചിലരുണ്ട്.
യൂണിവേഴ്സൽ സ്റ്റുഡിയോയിൽ റൈഡിങ് അനുഭവം പോലൊരെണ്ണം ആണെന്നു ഇതെഴുതുമ്പോൾ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.
റൈഡ് പോലെ തന്നെ പതുക്കെ പതുക്കെയാണ് തുടക്കം. പിന്നെ പ്രതീക്ഷിക്കാതെ സ്പീഡ് കൂടി. ഇരുട്ടിലൂടെ ഗുഹകളെന്നു തോന്നിപ്പിക്കുന്ന പ്രദേശങ്ങളിലൂടെ വണ്ടി ഹൈസ്പീഡിൽ പോവുകയാണ്. തണുപ്പും, മഴയും, മഞ്ഞും, ചൂടും, തീയും എല്ലാം അനുഭവപ്പെടുന്നുണ്ട്..പക്ഷെ നല്ല സ്പീഡാണ്..ഇരുട്ടും.
ഒടുക്കം, മഞ്ഞു നിറഞ്ഞ ഒരു താഴ്‌വാരത്തിലേക്ക് എത്തിപ്പെട്ടു. എവിടെ നോക്കിയാലും വെള്ള നിറം മാത്രം..തൂവെള്ള മഞ്ഞു പുതച്ചു കിടക്കുന്ന പർവ്വതങ്ങളും താഴ്‌വാരങ്ങളും.
ഇരുട്ടിൽ നിന്ന് പെട്ടെന്ന് വെളിച്ചത്തിലേക്ക് അതും തൂവെള്ള മഞ്ഞിലേക്ക് വന്നത് കൊണ്ടാവണം കണ്ണ് തുറന്നു വെയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
വണ്ടിയുടെ സ്പീഡ് ഇപ്പോൾ കുറവാണെന്ന് ഉള്ളത് ഞാൻ ശ്രദ്ധിച്ചു. മഞ്ഞു താഴ്വാരം ആണെങ്കിലും തണുപ്പ് ഫീൽ ചെയ്യുന്നുണ്ടായിരുന്നില്ല.
ചൂടുമില്ല തണുപ്പുമില്ലാത്ത ഒരവസ്ഥ.
വണ്ടി പതുക്കെ നീങ്ങിത്തുടങ്ങിയപ്പോഴാണ് മുന്നിലെ ഡ്രൈവറെ ഞാൻ ശ്രദ്ധിക്കുന്നത്. ഒരു പ്രമുഖ ദൈവം. ഫോട്ടോയിലോക്കെ കാണുന്നത് പോലെ അദ്ദേഹം സുസ്മേര വദനനാണ് ..പ്രസന്നനാണ്.
വണ്ടി പതുക്കെ മുന്നോട്ട് പോകും തോറും, ഒരു തിരശീലയിൽ എന്നത് പോലെ മഞ്ഞു പർവ്വതങ്ങളിൽ നമ്മുടെ ലൈഫ് തെളിഞ്ഞു കാണുകയാണ്.
ജീവിതത്തിൽ ആ നിമിഷം വരെ നടന്നതെല്ലാം ഫ്‌ളാഷ് വേഗത്തിൽ മിന്നിമറയുന്ന. പ്രിയപ്പെട്ടവരേ കാണുന്നു. അന്നനുഭവിച്ച സുഗന്ധങ്ങൾ, ദുർഗന്ധങ്ങൾ, കാറ്റ്, പാട്ട് എല്ലാമെല്ലാം അടക്കമാണ് റീവൈൻഡിംഗ് നടക്കുന്നത്.
ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടു ..ചിലപ്പോൾ ഉള്ളു പൊട്ടി കരഞ്ഞു..ചിരിച്ചു..വേദനിച്ചു..ദേഷ്യം പിടിച്ചു..പ്രണയം..വാത്സല്യം..കാമം ..എല്ലാമെല്ലാം കുറച്ചു നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ മനസ്സിൽ വന്നു നിറയുകയാണ്. അതിങ്ങനെ മാറിയും മറിഞ്ഞും നടന്നുകൊണ്ടിരിക്കുന്നത് ശരിക്കും അനുഭവപ്പെടുന്നുണ്ടായിരുന്നു. കള്ളമല്ല..ഫിക്ഷനല്ല..സത്യമായിട്ടും. ഇപ്പോഴും എനിക്കത് ഓർത്തെടുക്കാൻ പറ്റുന്നത് എങ്ങനെയാണെന്ന് അറിയില്ല… അന്ന് ആ രാത്രിയിൽ ഒരു പക്ഷെ ഏതെങ്കിലും മോണിറ്ററിംഗ് ഡിവൈസുകൾ എന്റെ മേൽ ഘടിപ്പിച്ചുണ്ടായിരുന്നു എങ്കിൽ ഈ വികാരങ്ങളെല്ലാം തരംഗരൂപത്തിൽ ഗ്രാഫുകളായി പപ്രിന്റ് ചെയ്തെടുക്കാമായിരുന്നു.
ഈ ഫ്‌ളാഷ്ബാക് പരിപാടി കുറച്ചു നേരം ഉണ്ടായിരുന്നു.
അത് കഴിഞ്ഞതോടെ..നമ്മുടെ ഹൃദയം പലവിധ വികാരങ്ങൾ കയറിയിറങ്ങി ഒരു പരുവമായി..പിന്നങ്ങോട്ട് ഒരുതരം ശൂന്യത ആയിരുന്നു. എംപ്റ്റിനസ്സ് …
വണ്ടി പതുക്കെ വലിയ മഞ്ഞു മല കയറാൻ തുടങ്ങി…മുകളിലെത്തിയപ്പോഴേക്കും അതിവേഗത്തിൽ താഴ്‌വാരത്തിലേക്ക് കുതിച്ചു.
അത്രയും മനോഹരമായ ഒരു ഭൂപ്രദേശം ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ലായിരുന്നു. എന്നെ അവിടെയ്ക്ക് കൊണ്ട് വന്ന വണ്ടി അപ്രത്യക്ഷമായിരിക്കുന്നു
സുഗന്ധ പൂരിതം. ഇമ്പമുള്ള ഈണങ്ങൾ അത് വരെ കേട്ടിട്ടില്ലാത്തവ അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നുണ്ട്.
ചുറ്റും കളർഫുൾ കൂണുകൾ പോലുള്ള വീടുകൾ…മരങ്ങൾ..ചിത്രശലഭങ്ങൾ..ചിറകുള്ള മാലാഖമാർ..പഴയ അമര്ചിത്ര കഥകളിലൊക്കെ കാണുന്നത് പോലൊരു വർണ്ണപ്രപഞ്ചം.
മുന്നിൽ കണ്ടുമുട്ടിയ മനുഷ്യരെല്ലാം അതീവ സുന്ദരന്മാരും സുന്ദരികളും..അവരുടെ മുഖത്ത് സന്തോഷം…ഉള്ളിലെ ആഹ്ലാദം മുഖത്തുണ്ട്…
ആ ആഹ്ലാദം എന്റെ ഉള്ളിലേക്കും നിറഞ്ഞൊഴുകി…ഞാനും പതിയെ ചിരിച്ചു തുടങ്ങി..ഹൃദയം ലൈറ്റ് വെയ്റ്റ് ആയത് പോലൊരു അനുഭവം…
അൾട്ടിമേറ്റ് സന്തോഷം എന്ന് നമ്മൾ പറയില്ലേ..അതു പോലൊരെണ്ണം ആദ്യമായിട്ടും അവസാനമായിട്ടും ഫീൽ ചെയ്യിപ്പിച്ചു കൊണ്ട് സ്വപ്നം അവിടെ വെച്ചു മുറിഞ്ഞു.
ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു.
ഇരുട്ടാണ്…നൈറ്റ് ടേബിളിൽ വെച്ച ഡിജിറ്റൽ ക്ളോക്കിൽ സമയം വെളുപ്പിനെ അഞ്ചേ കാൽ….
അതിനു ശേഷം പല രാവുകളിലായി വിചിത്ര സ്വപ്നങ്ങൾ പലതും കണ്ടെങ്കിൽ കൂടിയും..അതു പോലൊരു സ്വപ്നം പിന്നീട് തേടി വന്നതേയില്ല.
ഇതിത്രയും കാലം എഴുതാൻ എനിക്ക് ഭയമായിരുന്നു..അറം പറ്റിയാലോ..പക്ഷെ..എഴുതാതിരിക്കാൻ വയ്യ എന്ന തോന്നൽ ഇടയ്ക്ക് വന്നു മൂടിയത് കൊണ്ട് രേഖപ്പെടുത്തുന്നു.
ശരിക്കും മരണശേഷം അങ്ങനെ ആയിരിക്കുമോ…