Note:
ഈ കഥ എഴുതി പൂർത്തിയാക്കിയ സമയത്ത് ഒട്ടുമേ മനസ്സിൽ കരുതിയതല്ല ഇതു പോലൊരു വാർത്ത വായിക്കേണ്ടി വരുമെന്നുള്ളത്.
ഭാവനയിൽ ഉരുത്തിരിഞ്ഞത് യാഥാർഥ്യമാവുന്നത് പോലൊരു അവസ്ഥ.
മൂന്നാം ഭാഗം വായിക്കുമല്ലോ

(7)
വൈകീട്ട് പാർക്കിൽ നടക്കാൻ പോയപ്പോൾ അവിടെ ഒരു ബഞ്ചിൽ ഡിറ്റക്ടീവ് ക്രൂസോ ഇരിപ്പുണ്ടായിരുന്നു.
എന്നെക്കണ്ടതും അയാൾ കുശലാന്വേഷണം നടത്തി.
ഞാൻ കേസ്സിനെക്കുറിച്ചന്വേഷിച്ചു. നിരാശ നിറഞ്ഞ ഒരു ചുണ്ടു പിളർത്തൽ ആയിരുന്നു അയാളുടെ മറുപടി.
വല്ലപ്പോഴും ക്രൈം സ്റ്റോറുകൾ എഴുതുന്ന കൂട്ടത്തിലാണ് ഈയുള്ളവൻ എന്ന് പറഞ്ഞപ്പോൾ അയാൾ ഉത്സാഹം പ്രകടിപ്പിച്ചു.
നിങ്ങൾക്ക് ചിലപ്പോൾ ഇന്റ്യൂഷനുകൾ ഉണ്ടാവും. സാധാരണ മനുഷ്യർക്ക് ഊഹിക്കാൻ സാധിക്കാത്ത ചിലത് നിങ്ങൾക്ക് ഭാവനയിൽ സങ്കൽപ്പിക്കാൻ കഴിയും. ഈ കേസ്സിനെപ്പറ്റി അങ്ങനെ എന്തെങ്കിലും ഊഹങ്ങളുണ്ടോ. – അയാൾ ചോദിച്ചു.
പെട്ടെന്നൊന്നും പറയാനില്ല. എങ്കിലും എല്ലാവരും പറയുന്നത് പോലെ ഏതെങ്കിലും ടീനേജർ പിള്ളേരുടെ ടിക് ടോക് വീഡിയോയ്ക്കുള്ള കുസൃതികളാവാം – ഞാൻ പറഞ്ഞു.
ഏയ് അങ്ങനെയൊന്ന് ആണെന്ന് തോന്നുന്നില്ല. അങ്ങനെ ഉണ്ടെങ്കിൽ നമുക്ക് ഏതെങ്കിലും രീതിയിൽ കണ്ടെത്താൻ സാധിക്കേണ്ടതാണ് – ക്രൂസോ പറഞ്ഞു
അത് ശരിയാണ്. – പുരികം കൂർപ്പിച്ചു ചിന്തകളിലേക്ക് കാട് കയറുന്നതിന് മുന്നേ ഞാൻ പറഞ്ഞു.
ഞങ്ങൾ രണ്ടു പേരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, ഞാൻ ഉച്ചയ്ക്ക് പബ്ലിക്‌സിന്റെ പാർക്കിംഗിൽ വെച്ച് കണ്ടു മുട്ടിയ വൃദ്ധ, കയറിൽ കെട്ടിയ പൂച്ചയേയും കൊണ്ട് ഞങ്ങളുടെ മുന്നിലൂടെ നടന്നു വന്നു.
ഞങ്ങൾ രണ്ടു പേരെയും കണ്ടപ്പോൾ അവർ പെട്ടെന്നു നിന്നു.
ഇന്നലെ രാത്രിയിലെ ഗെയിം കണ്ടോ..അവർ ചോദിച്ചു
കണ്ടു – ക്രൂസോ ഉത്തരം പറഞ്ഞു
അവർ ചിരിച്ചു.
ഈഗിൾസിന്റെ കളി എങ്ങനെ ഉണ്ടായിരുന്നു ?
മോശം വളരെ മോശം – അയാൾ പറഞ്ഞു.
കണ്ടോ ഞാൻ ചാർളിയോടും അത് തന്നെ പറഞ്ഞു, അവരുടെ ക്വാർട്ടർ ബാക്ക് ഉഴപ്പനായിരുന്നു. ചാർളി സമ്മതിച്ചു തരുന്നതേ ഉണ്ടായിരുന്നില്ല.
ആരാ ചാർളി – ക്രൂസോ ചോദിച്ചു.
ഹരിക്കെയ്ൻസ് ഫാൻസ് ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ദിവസം ആയിരുന്നു ഇന്നലെ. നല്ല സ്ട്രാറ്റർജി. നല്ല ഗെയിം. ചാർളി ഹരിക്കെയ്ൻ ഫാൻ ആണ് കേട്ടോ.
ചാർളി ആരാണ് ? – അയാൾ വീണ്ടും ചോദിച്ചു.
ഈഗിൾസ് ഉഴപ്പി.
ബെഞ്ചിൽ നിന്നും എഴുന്നേറ്റ്, നടുവിൽ കയ്യുടെ പെരുവിരൽ കൊണ്ട് മസ്സാജ് ചെയ്തു നടുവേദനയ്ക്ക് ശമനം വരുത്താൻ പണിപ്പെട്ട് ക്രൂസോ വീണ്ടും ചോദിച്ചു –
ചാർളി ഹസ്ബൻഡ് ആണോ.
അല്ല, ചാർളി ഒന്നാം നമ്പർ ഹരിക്കെയ്ൻസ് ഫാൻ ആണ് കേട്ടോ. – അവർ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്.
തലേ ദിവസത്തെ ഗെയിമിനെക്കുറിച്ച് ആവർത്തിച്ചാവർത്തിച്ചു കൊണ്ടവർ കയർ കഴുത്തിലിട്ട പൂച്ചയേയും വലിച്ചു കൊണ്ട് ഞങ്ങളുടെ കണ്മുന്നിൽ നിന്നും മറഞ്ഞു റോഡിലേക്കിറങ്ങി.
ഇന്നലത്തെ ഗെയിം കണ്ടിരുന്നോ – ക്രൂസോ എന്നോട് ചോദിച്ചു
ഇല്ല
ഞാൻ കണ്ടിരുന്നു, പക്ഷെ..
പക്ഷെ ?
പക്ഷെ ആ ഗെയിം ഈഗിൾസും ഹരിക്കെയ്ൻസും തമ്മിൽ ആയിരുന്നില്ല. ഇവർ ഏത് ദിവസത്തെ ഗെയിമിനെപ്പറ്റിയാണോ പറയുന്നത് ആർക്കറിയാം. വട്ടു കേസ് ആണെന്ന് തോന്നുന്നു.
നടുവേദന കലാശാലായിക്കൊണ്ടിരിക്കുന്നു എന്നോർമ്മിപ്പിച്ചു കൊണ്ട് ക്രൂസോ പാർക്കിലെ പുൽത്തകിടിയിൽ മലർന്നു കിടന്ന്, കാലുകൾ സൈക്കിൾ ചവിട്ടുന്നത് പോലെ ഉയർത്തി ചവിട്ടി വ്യായാമം ചെയ്യാൻ ആരംഭിച്ചു.
(8)
അന്ന് രാത്രിയിലും എനിക്ക് ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല.
ഭാര്യയുടെ ഉപദേശം സ്വീകരിച്ചു എണ്ണൽ മന്ത്രം ഉരുക്കഴിച്ചു കുറെ നേരം കണ്ണടച്ചു കിടന്നപ്പോൾ ഏതോ ഒരു സ്വപ്നത്തിന്റെ തേര് എന്നെത്തേടി വന്നു.
ഞാൻ മനസ്സിനെ സ്വതന്ത്രമാക്കി, കാറ്റിലൊഴുകുന്ന തൂവലിന്റെ മന്ദഗതിയിൽ സ്വപ്നത്തിലേക്ക് ഉയർന്നു പൊങ്ങി. വിചിത്രങ്ങളായ ഭൂമികകളിലൂടെ സ്വപ്‌നങ്ങൾ എന്നെയും വഹിച്ചു കൊണ്ട് പറന്നു നടന്നു.
ഉണരാൻ ഏറെ വൈകിയിരുന്നു.
നല്ല ഉറക്കമായിരുന്നത് കൊണ്ട് ഉണർത്തേണ്ട എന്ന് വിചാരിച്ചു എന്ന് ഭാര്യ പിന്നീട് പറയുകയും ചെയ്തു.
കോഫി മെഷിനിൽ നിന്ന് കാപ്പിയൊഴിച്ചു കുടിച്ചു കൊണ്ട് മൊബൈൽ ഫോൺ എടുത്തപ്പോഴാണ് ഡിറ്റക്ടീവ് ക്രൂസോയുടെ ഫോൺ കോളുകൾ എന്നെ തേടി വന്നിരുന്നു എന്ന കാര്യം ഞാൻ അറിയുന്നത്. പലതവണ അയാൾ എന്നെ വിളിച്ചിരിക്കുന്നു.
ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വിളിച്ചു.
ഓ നിങ്ങൾ ഇതെവിടെ ആയിരുന്നു. – അയാൾ ചോദിച്ചു.
പതിവില്ലാതെ ഉറങ്ങിപ്പോയി, സാധാരണ നേരത്തെ എഴുന്നേൽക്കുന്നതാണ്, എന്താണെന്ന് അറിയില്ല, ഇന്ന് കുറച്ചു കൂടുതൽ ഉറങ്ങിപ്പോയി. – ഞാൻ പറഞ്ഞു.
സാരമില്ല, ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാൻ വിളിച്ചത്. നിങ്ങളുടെ ഭാവനയും, ഇന്റ്യൂഷനും ഒരു പക്ഷെ എനിക്ക് വേണ്ടി വന്നേക്കാം. ക്രൂസോ പറഞ്ഞു.
എന്താണത് ?
ഒരു പൂച്ച കൂടി കൊല്ലപ്പെട്ടിരിക്കുന്നു.
അയ്യോ
അതി ദാരുണമായ കൊലപാതകം. പക്ഷെ
പക്ഷെ ?
നിങ്ങൾ ഇവിടെ വരെ വരണം. എനിക്ക് ചില സംശയങ്ങൾ
ശരി, ഞാൻ ഉടൻ തന്നെ അവിടെയെത്താം.
(9)
ഇത്തവണത്തെ പൂച്ച കൊലപാതകം നടന്നിരിക്കുന്നത് ഞങ്ങളുടെ ഹൗസിംഗ് കോളനിയിൽ ആയിരുന്നില്ല. കോളനിക്ക് പുറത്ത് പ്രധാന ഹൈവേയോട് ചേർന്നിട്ടുള്ള ഒരു പുൽത്തകിടിയിലാണ് ജഢം കാണപ്പെട്ടത്. ഒരു ടിവി ചാനൽ ക്രൂ ഒഴികെ മറ്റാരും തന്നെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
ഡിറ്റക്ടീവ് ക്രൂസോ, ചെരിഞ്ഞും മറിഞ്ഞും ജഢം പരിശോധിക്കുന്നുണ്ടായിരുന്നു.
നിങ്ങൾ ഈ പൂച്ചയെ കണ്ടോ ? – അയാൾ ചോദിച്ചു.
ഞാൻ സൂക്ഷിച്ചു നോക്കി.
മുൻപെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ , ഓർത്തു നോക്കൂ – അയാൾ പറഞ്ഞു
ഞാൻ കൂടുതൽ അടുത്തേക്ക് ചെന്ന് പരിശോധിച്ചു.
അയ്യോ, ഇത് നമ്മൾ
അതെ, ആ സംശയം ദുരീകരിക്കാനാണ് ഇവിടെ വരെ വരാൻ ആവശ്യപ്പെട്ടത്. അപ്പോൾ എന്റെ ഊഹം ശരിയാണ്. ഇത് നമ്മൾ ഇന്നലെ പാർക്കിൽ വെച്ച് കണ്ട വൃദ്ധയുടെ കൂടെ ഉണ്ടായിരുന്ന പൂച്ച തന്നെ. – ക്രൂസോ തന്റെ നിഗമനങ്ങൾ ഉറപ്പിച്ചു കൊണ്ട് പറഞ്ഞു.
ശരിയാണ്. ഇത് നമ്മൾ ഇന്നലെ കണ്ട പൂച്ച തന്നെ.
പാർക്കിൽ വെച്ചും, പബ്ലിക്‌സിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ചും എന്റെ കണ്ണിലേക്ക് തുറിച്ചു നോക്കി നടന്നകന്ന അതെ പൂച്ച തന്നെയാണിത്.
അപ്പോൾ ആ വൃദ്ധ – ഞാൻ ചോദിച്ചു.
അറിയില്ല, നമുക്ക് കണ്ടെത്തണം. പാവം, പൂച്ചയെ അന്വേഷിച്ചു ഇപ്പോൾ എവിടെയെങ്കിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാവും.
(10)
ചാർളി ഇന്നലെ രാത്രി മുഴുവൻ അവനെ തിരയുന്നുണ്ടായിരുന്നു. പാവം. – പല സ്ഥലങ്ങളിൽ അന്വേഷിച്ചു ഒരുവിധം കണ്ടെത്തി വൃദ്ധയുടെ വീട്ടിലെത്തിയപ്പോൾ അവർ പറഞ്ഞു.
പാർക്കിൽ നിന്നും കുറച്ചു മാറി, മെയിൻ റോഡിൽ നിന്നും ഉള്ളിലായി കിടക്കുന്ന പുരയിടമായിരുന്നു അവരുടേത്. ചെറിയ ഉയരം കുറഞ്ഞ ഒരു വീട്. പഴക്കമുണ്ട്. ഇളം തവിട്ടു നിറം പെയിന്റ് മങ്ങിത്തുടങ്ങിയിട്ടുണ്ട്.
മുറ്റത്തു മഞ്ഞ കോളാമ്പി പൂക്കൾ നിറഞ്ഞ ചെടികൾ കാട് പിടിച്ചു കിടക്കുന്നു.
മുട്ടോളം ഉയർന്ന പുല്ലുകൾ തൊടിയിലുണ്ട്.
വീടിന്റെ പുറകു വശത്ത് ഒരു തടാകമാണ്, അതിനപ്പുറം ചതുപ്പ് തുടങ്ങുന്നു.
ചാർളി ഇവിടുണ്ടോ – ക്രൂസോ ചോദിച്ചു.
ഉവ്വ്, വന്നു കിടന്നപ്പോൾ രാത്രി ഒരുപാട് കഴിഞ്ഞു, പാവം ക്ഷീണിച്ചുറങ്ങുകയാണ്. – അവർ പറഞ്ഞു.
ഈ പൂച്ച ഇന്നലെ നിങ്ങളെ വിട്ട് പുറത്തേക്കെങ്ങാനും പോയിരുന്നോ ? ക്രൂസോ ചോദിച്ചു.
ഇന്നലെ രാത്രിയിൽ ഞങ്ങൾ ഗെയിം കാണുകയായിരുന്നു. ഈഗിൾസ് വേഴ്സസ് ഹരികെയ്ൻസ്. ഈഗിൾസ് ഉഴപ്പി. – അവർ തലേന്ന് പാർക്കിൽ വെച്ച് കണ്ടപ്പോൾ ആവർത്തിച്ച കാര്യങ്ങൾ വീണ്ടും പറയാൻ തുടങ്ങി.
ഈ പൂച്ച എത്ര കാലമായി നിങ്ങൾ വളർത്തുന്നു – ഞാൻ ഇടപെട്ടു കൊണ്ട് ചോദിച്ചു.
പൂച്ചയോ – അവർ ആശ്ചര്യപ്പെട്ടു
അതെ
ചാർളി കൊണ്ട് വന്നതാണ്.
ഈ ചാർളി എവിടെ ?
ഇവിടൊക്കെ പണ്ട് ചതുപ്പ് ആയിരുന്നു. ചീങ്കണ്ണികൾ ഒരുപാട് ഉണ്ടായിരുന്ന സ്ഥലം. എന്റെ അപ്പൂപ്പൻ പണിത വീടാണിത്. ചതുപ്പ് നികത്തിയാണ് ഞങ്ങൾ വീട് വെച്ചത് എന്ന് അപ്പൂപ്പൻ പറയും. അപ്പൂപ്പൻ പറഞ്ഞു തന്ന ഒരു കഥയാണ് കേട്ടോ, ഒരിക്കൽ രാത്രി ഏറെ കഴിഞ്ഞപ്പോൾ വീടിനു പുറത്തൊരു അനക്കം. വാതിലിൽ തുരുതുരാ മുട്ടുന്നു. അപ്പൂപ്പൻ നോക്കുമ്പോൾ പിന് വശത്തെ വാതിലിൽ നിന്നാണ്. ശ്രദ്ധിച്ചു തുറന്നു നോക്കുമ്പോൾ, ഒരു വലിയ ചീങ്കണ്ണി. അത് വാല് കൊണ്ട് തുടരെത്തുടരെ ആഞ്ഞടിക്കുകയാണ്. അപ്പൂപ്പൻ നോക്കുന്പോൾ പിന്നിലെ തടാകത്തിൽ നിന്ന് വെള്ളം ഉയർന്നുയർന്നു വരുന്നു. വലിയ മഴ പെയ്യുകയാണ്. പേടിച്ചു വിറച്ചു അപ്പൂപ്പൻ പിന്നിലെ വാതിൽ ചേർത്തടച്ചു, കയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് മുൻവാതിൽ തുറന്നു വെളിയിലേക്കിറങ്ങി. റോഡിൽ നിന്നും തിരിഞ്ഞു നോക്കുമ്പോൾ, വീടിനൊപ്പം ഉയരത്തിൽ രണ്ടു കാലുകളിൽ ഉയർന്നു നിൽക്കുന്ന ഒരു വലിയ ചീങ്കണ്ണി. വീടിന്റെ പിന്നിൽ നിന്ന് ഉയർന്നു വരുന്ന വെള്ളം തടഞ്ഞു നിർത്തുകയാണത്. അപ്പൂപ്പൻ പേടി കൊണ്ട് വിറച്ചു. മതിഭ്രമമാണോ യാഥാർഥ്യമാണോ എന്നറിയാൻ വയ്യാത്ത ഒരവസ്ഥ. അപ്പൂപ്പൻ പിന് തിരിഞ്ഞു നോക്കാതെ ഓടി. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ മഴ മാറി. പിറ്റേന്ന് നേരം വെളുത്ത്, മാനം തെളിഞ്ഞു കഴിഞ്ഞപ്പോൾ തിരിച്ചു വീട്ടിലെത്തുന്ന അപ്പൂപ്പൻ അത്ഭുതപ്പെട്ടു. വീടിന് ഒന്നും സംഭവിച്ചിട്ടില്ല. ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തു കയറിയിട്ടില്ല. ഒന്നും നശിച്ചിട്ടില്ല. അപ്പൂപ്പൻ സന്തോഷമായി. പിന്നിലെ വാതിൽ തുറന്നു തടാകക്കരയിൽ പോയിരുന്നു. ചീങ്കണ്ണിയെ കാണാൻ ഇല്ല. ഒരു പക്ഷെ തോന്നിയതായിരിക്കാം അപ്പൂപ്പൻ ഒന്നും മിണ്ടാതെ തിരിച്ചു വീട്ടിനകത്ത് കയറി. മാസങ്ങൾ പലതും കഴിഞ്ഞു. ഒരു വൈകുന്നേരം വീണ്ടും പിന്നിലെ വാതിലിൽ ഒരു മുട്ടു കേട്ടു. അപ്പൂപ്പൻ വാതിൽ തുറന്നപ്പോൾ ഒരു ചീങ്കണ്ണി വാലുരുമ്മി കിടക്കുന്നു. തന്റെ ഭാഗ്യ ദേവതയാണ്, കാവൽ മാലാഖ, അന്ന് മുതൽ ഞങ്ങളുടെ പരമ്പരയിലെല്ലാവർക്കും ചീങ്കണ്ണിയാണ് കാവൽ മാലാഖ. ആ ചതുപ്പിൽ ഇപ്പോഴും അവനുണ്ട്. ചിരഞ്ജീവിയായി.
നല്ല കഥ, ഞാൻ പറഞ്ഞു. എനിക്കെന്തോ ആ കഥയിലെ ഭാവന ഇഷ്ടപ്പെട്ടു. ഇതു പോലുള്ള നാടോടിക്കഥകൾ കേൾക്കുന്നത് എനിക്ക് പണ്ട് മുതൽക്കേ ഇഷ്ടമുള്ള കാര്യമാണല്ലോ.
ക്രൂസോ പുരികമുയർത്തി ചുവരിലെ ഷെൽഫിലേക്ക് എന്റെ കാഴ്ച ക്ഷണിച്ചു.
ചില്ലലമാരയിൽ നിറയെ ചീങ്കണ്ണി രൂപങ്ങൾ.
അയാൾ സോഫയിൽ നിന്നും എഴുന്നേറ്റ് എളിയിൽ വിരലമർത്തി കുറച്ചു നേരം നിന്നു. ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ അയാൾക്ക് കലശലായ നടുവേദനയുണ്ട്. ഓരോ ദിവസം കഴിയും തോറും അതിങ്ങനെ കൂടി വരികയാണ്.
അയാൾ മുൻവശത്തെ വാതിലിലൂടെ പിന്നിലേക്കിറങ്ങി.
ഞാനും.
( 11 )
വീടിന്റെ പിന്നിൽ തടാകമാണ്.
നിറയെ ആമ്പലുകൾ നിറഞ്ഞു നിൽക്കുന്നത്.
അതിന് പിന്നിലായി ചതുപ്പു നിലം തുടങ്ങുന്നു.
സൂര്യൻ അസ്തമിക്കുന്നത് കാണാൻ ഇവിടെ വരണം. നല്ല ഭംഗിയായിരിക്കും. ഞാൻ ഓർത്തു.
ക്രൂസോ തടാകക്കരയിൽ കുനിഞ്ഞിരുന്നു എന്തോ പരിശോധിക്കുന്നുണ്ട്.
ഞാൻ അങ്ങോട്ടേയ്ക്ക് ചെന്നു.
പൂച്ചരോമങ്ങൾ.
ഞങ്ങൾ ഞെട്ടി വിറച്ചു.
പിന്നീട് ഒരിക്കൽ കൂടി അപ്പൂപ്പനെക്കാണാൻ ചീങ്കണ്ണി ദെയ്‌വം വന്നു കേട്ടോ. – വൃദ്ധ പുറകിൽ നിന്ന് പറഞ്ഞത് പെട്ടെന്നായിരുന്നു.
ഞാൻ തിരിഞ്ഞു നോക്കി. അവർ പതുക്കെ നടന്നു വരുന്നുണ്ട്. അവരുടെ കയ്യിലെ കയറിന് അറ്റത്ത് ഒരു പൂച്ചയുണ്ട്.
അനുസരണയോടെ അത് അവരെ പിന്തുടർന്നു വരുന്നു.
തടാകക്കരയിൽ വന്നെത്തിയപ്പോൾ അവർ നിന്നു.
പൂച്ചയെ കയ്യിലെടുത്തു പതുക്കെ തലോടി.
പൂച്ച തലോടലിൽ മയങ്ങി അവരുടെ കയ്യിൽ കിടന്നു.
അവർ പോക്കറ്റിൽ നിന്നും സർജിക്കൽ ബ്ലേഡ് പോലുള്ള കത്തി എടുത്തു.
പൂച്ചയുടെ വയറിന് ചേർത്തു വെച്ച് ആഴത്തിൽ വരഞ്ഞു.
രക്തം ചീറ്റിത്തെറിച്ചു.
അവർ രക്തം തടാകത്തിലേക്ക് ഉറ്റിച്ചു കൊണ്ട് ഉറക്കെ വിളിച്ചു.
ചാർളി
തടാകത്തിനുള്ളിൽ നിന്നും ഓളങ്ങൾ അടിച്ചുയർന്നു.
അടിത്തട്ട് ഇളകി.
തിരമാലകൾ പോലെ ജലം ഉയർന്നു.
തടാകത്തിന്റെ ഒത്ത നടുവിൽ നിന്നും ഒരു വലിയ ചീങ്കണ്ണി ഉയർന്നു വന്നു.
ഞങ്ങൾക്ക് കാലുകൾ അനക്കാൻ കഴിയുന്നെയുണ്ടായിരുന്നില്ല.
ചീങ്കണ്ണി കരയിലേക്ക് മനുഷ്യരെപ്പോലെ രണ്ടു കാലുകളിൽ നിവർന്നു നിന്നു നടന്നു വന്നു.
രണ്ടു കൈകളും വിശാലമായി വിടർത്തിപ്പിടിച്ചു തിളങ്ങുന്ന കണ്ണുങ്ങളോടെ ഞങ്ങളുടെ നേർക്ക് ഉറച്ച കാലുകൾ ഭൂമിയിൽ ചവിട്ടി അത് നടന്നടുക്കുന്നത് പേടിയോടെ കണ്ടു നിൽക്കാനേ ഞങ്ങൾക്ക് കഴിയുന്നുണ്ടായിരുന്നുള്ളൂ.
കാലുകൾ മരവിച്ചു അനങ്ങാൻ സാധിക്കാതെ ഭൂമിയിൽ ഉറച്ചു പോയിരുന്നു ഞങ്ങൾ രണ്ടുപേരും അപ്പോഴേക്കും.