ടോക്യൊ ഡയറീസ് 

കുറച്ചു മാസങ്ങളായി എസ്.കെ പൊറ്റക്കാടിന്റെ പ്രസിദ്ധമായ ചില യാത്രാ കുറിപ്പുകൾ വായിക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. അതിനിടയിൽ ആണൂ ഉദയ സൂര്യന്റെ നാട് ആയ ജപ്പാനിലേക്കു ഒരു വിസയും ട്രിപ്പും തരപ്പെട്ടത്. മഹാനായ സാഹിത്യകാരൻ എസ്.കെയുടെ ജപ്പാൻ സഞ്ചാര ലേഖനങ്ങൾ ഞാൻ മുൻപു വായിച്ചവയാണു. അദ്ദേഹത്തിൽ നിന്നും വ്യത്യസ്തമായി ജോലി പരമായ കാരണങ്ങളാൽ ആണു ഞാൻ ഇവിടെ എത്തിയിരിക്കുന്നത് !!! ഒരു സഞ്ചാരിയുടെ എക്സൈറ്റ്മെന്റൊ, പുതിയ സ്ഥലങ്ങൾ തേടിപ്പിടിക്കാനുള്ള  ആവേശമോ ഒന്നും തന്നെ ഒരു വർക് വിസക്കാരന്റെ യാത്രാ കുറിപ്പുകളിൽ നിന്നും തരപ്പെടില്ല എന്ന മുന്നറിയിപ്പോടെ തുടങ്ങട്ടെ.. നൂറു കണക്കിനു  വർഷങ്ങൾ മുൻപ് വരെ, സൂര്യൻ ഉദിക്കുന്നത് തങ്ങളുടെ നാട്ടിൽ ആണ് എന്ന വിശ്വാസക്കാരായിരുന്നത്രെ ജപ്പാനിലെ ചക്രവർത്തിമാർ. ആ വിശ്വാസത്തിൽ നിന്നാണു ഉദയ സൂര്യൻ എന്നർത്ഥം വരുന്ന നിഹോൺ/നിപ്പോൺ എന്ന പേരു ഈ രാജ്യത്തിനു അവർ നൽകിയത്. ഭൂമിയുടെ കിടപ്പു വശം വെച്ചു നോക്കിയാൽ  ഏറ്റവും കിഴക്കായി, സൂര്യ രശ്മികൾ ആദ്യം എത്തുന്ന പ്രദേശങ്ങളിൽ ജപ്പാൻ ഉണ്ടു താനും. ഇന്ത്യയെക്കാൾ മൂന്നര മണിക്കൂർ മുൻപെ സഞ്ചരിക്കുന്നു ജപ്പാനിലെ ഘടികാരങ്ങൾ. പസിഫിക് സമുദ്രത്തിലെ ആറായിരത്തോളം ദ്വീപ് സമൂഹങ്ങൾ ചേർന്നതാണ് ജപ്പാൻ.  ഇത്രയും ദ്വീപുകളിൽ ജനവാസ യോഗ്യമായിട്ടുള്ളത് വിരലിൽ എണ്ണാവുന്നവ മാത്രമാണു. അതിൽ തന്നെ വെറും നാലു ദ്വീപുകളിൽ ആണു ജപ്പാനിലെ 97% ജന സംഖ്യയും വസിക്കുന്നത്. ലോക ജനസംഖ്യയിൽ പത്താമിടമാണു ജപ്പാനു.   ലോകത്തിലെ വൻ നഗരങ്ങളിൽ ഒന്നാം സ്ഥാനം ആണു ജപ്പാന്റെ തലസ്ഥാനവും പ്രാധാന നഗരവും ആയ ടോക്യൊക്ക്. ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരങ്ങളിൽ ഒന്നാം സ്ഥാനം. ” കൂടുതൽ വിവരങ്ങൾക്കായി ഗൂഗിൾ, വിക്കിപീഡിയ എന്നിവ സന്ദർശിക്കുക” 2012 നവംബർ 4 നു ആണു ടോക്യൊയിലെ ഇന്റർ നാഷണൽ എയർപോർട്ട് ആയ നരിറ്റ എയർപ്പോർട്ടിൽ ഞാൻ കാലു കുത്തുന്നത്. വളരെ സുഗമമായ ഇമിഗ്രേഷൻ പ്രൊസസുകൾക്കൊടുവിൽ ഇമിഗ്രേഷൻ ഓഫീസർ എനിക്ക് ആവിശ്യമായ ARC  അഥവാ ഏലിയൻ രജിസ്റ്റ്രേഷൻ കാർഡ് ലാമിനേറ്റ് ചെയ്തു തന്നു. എത്ര കാലത്തേക്കാണു താങ്കൾ ഇവിടേ, അദ്ദേഹം ചോദിച്ചു. ഒരു മാസം – ഞാൻ മറുപടി കൊടുത്തു. ഒരു മാസമോ, താങ്കൾക്ക് മൂന്നു വർഷത്തേക്കുള്ള വിസ അനുവദിച്ചിട്ടുണ്ട്.- ഒഫീസർ മൊഴിഞ്ഞു. അയാൾക്ക് ഒരു നന്ദി പാസാക്കി ഞാൻ, എന്റെ ബാഗേജ് കളക്റ്റ് ചെയാനായി ബാഗേജ് ചെയിനിനു അടുത്തേക്ക് നീങ്ങി. എന്റെ പക്കൽ വെറും 5000 യെൻ മാത്രമെ കറൻസി ആയി ഉള്ളൂ…നാട്ടിൽ നിന്നും അത്രയെ കറൻസി ആയി കിട്ടിയുള്ളൂ..ബാക്കി തുക ട്രാവലേർസ് കാർഡിൽ ആണു. എല്ലായിടത്തും ഒരു പക്ഷെ കാർഡ് എടുക്കണം എന്നില്ല. ഒരു സിറ്റി ബാങ്ക് ഏ.ടി.എം തപ്പി കണ്ടു പിടിച്ചു കുറച്ച് പണം ആദ്യമേ എടുത്തു വെച്ചു. ഇനി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് ഒരു ബസ് പിടിക്കണം. ടാക്സി റേറ്റ് നാട്ടിൽ നിന്നേ തിരക്കി വച്ചിരുന്നു. 30000 യെൻ ആവും ഞാൻ താമസിക്കേണ്ട ഹോട്ടലിലേക്കുള്ള ടാക്സി കൂലി. ട്രെയിൻ ആണു കുറഞ്ഞ നിരക്കും എളുപ്പവും, പക്ഷെ വലിയ ബാഗുകൾ കൂടെ ഉള്ള സ്ഥിതിക്ക് ബസ് ആണു സൗകര്യം. ഫ്ലൈറ്റിൽ വെച്ചു പരിചയപ്പെട്ട ഒരു പൂനെക്കാരന്റെ സഹായത്തോടെ ബസ് കൗണ്ടർ കണ്ടു പിടിച്ചു. ഒരു പാടു ഇന്ത്യക്കാര്‍ ബിസിനസ് ആവിശ്യങ്ങള്‍ക്കും മറ്റുമായി ജപ്പാനില്‍ എത്താറുണ്ട്…പോരാത്തതിന്..അമേരിക്കയുടെ പസിഫിക് തീരങ്ങളിലെക്കുള്ള വിമാനങ്ങളുടെ ഒരു ഹബ് കൂടിയാണ് നരീറ്റ എയര്‍ പോര്‍ട്ട്‌ !! പോവേണ്ട സ്ഥലം ഹോട്ടൽ ബുക്കിംഗ് റെസിപ്റ്റ് എടുത്തു കാണിച്ച് കൊടുത്തപ്പോൾ കൗണ്ടറിലെ ജാപ്പനീസ് പെൺകൊടിക്കു മനസ്സിലായി. അവിടെ വരെ ബസ് പോകില്ല. അടുത്തുള്ള ടോക്യോ പ്രിൻസ് ഹോട്ടൽ വരെ പോകുന്ന ഒരു ബസിനുള്ള ടിക്കറ്റ് അവൾ പ്രിന്റ് ചെയ്തു തന്നു. അവിടെ നിന്നും ടാക്സി വിളിച്ച് പോകാവുന്ന ദൂരമേ ഉള്ളൂ. 3000 യെൻ ബസ് ചാർജായി നൽകി, ബസ് വരുന്ന 10 നംബർ പ്ലാറ്റ്ഫോമിൽ പോയി നിന്നു. പറഞ്ഞ സമയത്ത് തന്നെ ബസ് വന്നു. ഒന്നര മണിക്കൂറിൽ ഏറെ ഉണ്ടായിരുന്നു ബസ് യാത്ര. ബസിന്റെ സ്റ്റൊപ്പുകൾ ടോക്യോയിലെ പ്രമുഖ ഹോട്ടലുകൾ ആണു. ബസ്സിൽ വെച്ചു പരിചയപ്പെട്ട സിംഗപ്പൂർ കാരനോടു നേരത്തെ തന്നെ ചട്ടം കെട്ടി വെച്ചിരുന്നു പ്രിൻസ് ഹോട്ടൽ എത്തുംബോൾ അറിയിക്കാൻ. പഞ്ചാബിൽ നിന്നും വർഷങ്ങൾക്ക് മുൻപെ സിംഗപ്പൂർ കുടിയേറിപാർത്ത ഇന്ത്യൻ വംശജൻ ആണ് അദ്ദേഹത്തിന്റെ മുത്തഛൻ….