ഞങ്ങൾ ചെല്ലുന്പോൾ കീ വെസ്റ്റിലെ ഹെമിംഗ്വേയുടെ വീട്ടിൽ സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞിരുന്നു. വീടിനു പുറത്തെ ചുറ്റുമതിലിനെ പറ്റിചേർന്നു കിടന്ന ചെറിയ നിരയിലെ അവസാനക്കാരായി ചേർന്ന് നിൽക്കുന്പോൾ നടപ്പാതയോരത്ത് ഹെമിഗ്വേയുടെ തന്നെ കഥാപാത്രങ്ങളുടെ ഛായയുള്ള ചുരുട്ട് വലിച്ചു കൊണ്ടിരിക്കുന്ന കിഴവൻ ചിത്രങ്ങൾ വിൽപ്പനക്കായി വെച്ചിരിക്കുന്നത് കാണാം. മറ്റൊരു വിൽപ്പനക്കാരൻ കാരിക്കേച്ചറുകൾ വരച്ചു വിൽക്കാനായി വെച്ചിരിക്കുന്നു. അയാൾ ഇടയ്ക്കിടെ എന്തൊക്കെയോ ഉറക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അകത്തെ സ്വീകരണ മുറിയിൽ ടൂറിസ്റ്റ് ഗൈഡുകൾ പലതവണ ചവച്ചരച്ച വാക്കുകൾ വീണ്ടും നുണഞ്ഞിറക്കുന്നുണ്ട്. തേനീച്ചക്കൂട്ടത്തെ ആകർഷിച്ചു കൊണ്ട്…