ഡെവിൾ- അപൂർണ്ണം

on

അദ്ധ്യായം ഒന്ന്.

“ചങ്കിനു വേദനയാണ് സാറേ.”

“ചങ്കിനു വേദനയോ..”

“അതെ..ചങ്കില്ലേ..ഇടത് ഭാഗത്ത് ഇടയ്ക്കിടെ കൊളുത്തി പിടിക്കുന്ന പോലെ വേദന വരും..”

“ഇതെങ്ങിനെയാ..എപ്പോഴും ഉണ്ടോ..” “അതോ ” പിള്ള സാർ ഒന്ന് നിർത്തി ക്ലാസ് മുഴുവൻ കേൾക്കെ ഉറക്കെ ചോദിച്ചു..”അതോ, സാറ് ക്ലാസീ ചോദ്യം ചോദിക്കുന്പോ മാത്രേ വരത്തുള്ളോ..” 

കൂട്ടച്ചിരിയിൽ ക്ലാസ് പൊട്ടി ചിതറിയപ്പോൾ, റോയ് തന്റെ മുഖം കുനിച്ചുള്ള നിൽപ്പ് വിട്ടതേയില്ല. നെഞ്ചിലൂടെ അമ്പും വില്ലും ചീറി പാഞ്ഞു പോവുന്നത് പോലെയായിരുന്നു അവനത് അനുഭവപ്പെട്ടത് എന്നവൻ പിന്നീട് എവിടെയോ കുറിച്ച് വെച്ചിരുന്നു. അല്ലെങ്കിലും പിന്നീട് ഉപയോഗിക്കാനുള്ള ഓർമ്മകൾ ആണല്ലോ  ജീവിതത്തിലെ ഓരോരോ നിമിഷങ്ങളും. 

“റോയ് പീറ്റർ ദുർബലനാ സാറേ..” 

പിൻ ബെഞ്ചിൽ നിന്ന് ആരോ ഉറക്കെ വിളിച്ചു പറഞ്ഞു. സഹപാഠികളുടെ ചിരിയിൽ ക്ലാസ് ഇളകി മറഞ്ഞു. 

ക്ലാസ് മുറിയിലെ വെളിച്ചം ചിമ്മുന്നു..ഉറക്കം വരുന്നത് പോലെ കാലു തളരുന്നു..ഇറങ്ങിയോടണം എന്ന് റോയിക്ക് തോന്നുന്നുണ്ടായിരുന്നു..പക്ഷെ ഓടാൻ കഴിയാത്ത വിധം കാലുകൾ എവിടെയോ വരിഞ്ഞു മുറുകി കിടക്കുന്നതായി അവനു തോന്നി. 

വാതിലിൽ നിന്നും വെളിച്ചം ചീറ്റി തെറിച്ചു വരിയും നിരയുമായി തമ്മിൽ തൊടാതെ കിടക്കുന്ന ബെഞ്ചുകളിലും, ഡെസ്കുകളും തട്ടി അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. 

ആൾക്കൂട്ടത്തിന് നടുവിൽ താൻ നഗ്നനായ പോലെ..തോന്നൽ അല്ല..ശരിക്കും നഗ്നനാണ്. തന്റെ മെലിഞ്ഞ ശരീരത്തിലെ വാരിയെല്ലുകൾ തെളിഞ്ഞു കാണുന്ന ഒട്ടിയ വയർ..ചുണങ്ങു വന്ന പുറം..എല്ലാം ക്ലാസ് മുറിക്കുള്ളിൽ അനാവരണം ചെയ്ത പോലെ…

ക്‌ളാസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അവൻ കാലനക്കി ഓടാൻ ശ്രമിച്ചു..നടന്നില്ല…

കാതടിപ്പിക്കുന്ന ഒരു ശകാരത്തിലേക്കാണ് അവൻ ഞെട്ടി ഉണർന്നത്. ഉമിനീരുമായി കലർന്ന ഉപ്പു രസം ചുണ്ടിൽ നടത്തികൊണ്ടിരുന്ന രാസപ്രവർത്തനം മുറിഞ്ഞു പോയതിന്റെ ചീഞ്ഞ ഗന്ധം അവന്റെ മൂക്കിൽ തുളഞ്ഞു കയറി. ഒപ്പം കാതടിപ്പിക്കുന്ന അടുത്ത ശകാരം. 

അമ്മയാണ്. 

ഈ വീട്ടിൽ എല്ലാവർക്കും ശബ്ദം കൂടുതൽ ആണല്ലോ..അവൻ ഓർത്തു. 

എഴുനേൽക്കാൻ നേരം വൈകിയതിന്റെ വഴക്കാണ്. 

മറ്റൊരു യാന്ത്രിക ദിവസത്തേക്കുള്ള വാതിൽ അവന്റെ മുന്നിൽ തുറന്നു തുടങ്ങിയിരിക്കുന്നു. 

ഇനീ അടുത്തത് അപ്പന്റെ ഊഴമാണ്. 

“മടിയൻ..നിലത്ത് വീണ ഒരു പ്ലാവില കുനിഞ്ഞു എടുക്കില്ല. മല മടിയൻ..ഇന്നലെ റബർ ഷീറ്റ് മുഴുവൻ വെളിയിൽ കിടന്നു മഴ നനഞ്ഞു. എടുത്ത് വെയ്ക്കാൻ വൈകീട്ട് പറഞ്ഞതാണ്..അനുസരണ ഇല്ല…എന്നാത്തിന് വളർത്തുവാണോ ഇവനെയൊക്കെ..ഒരു ഗുണോം ഇല്ല..” അപ്പൻ നിർത്താൻ ഒരുക്കമല്ല എന്ന ചിന്ത റോയിയുടെ മനസിലൂടെ കടന്നു പോയി. ദിനചര്യകളിലേക്ക് അവൻ നടന്നു. 

അദ്ധ്യായം രണ്ടു. 

പതിനാറ് വയസ്. 

അവളുടെ കയ്യിലെ പച്ച ഞരമ്പുകൾ നോക്കിയിരിക്കാൻ നല്ല ഭംഗിയാണ്. റോയിയുടെ കണ്ണ് കയ്യിലെ ഞരമ്പുകളുടെ വളഞ്ഞു പിരിഞ്ഞുള്ള വഴികളിലേക്ക് പായുന്പോഴേക്കും അവൾ അവന്റെ ശ്രദ്ധ മാറ്റും. 

റോയി ചിരിക്കും. 

അവനു അവളെ ഭയങ്കര ഇഷ്ടമായിരുന്നു. 

അവൾക്കും അങ്ങിനെയായിരുന്നു …

ആളുകൾ ദുര്ബലൻ എന്ന് വിളിച്ചു പരിഹസിക്കുമെങ്കിലും അവളുടെ അടുത്ത് നിൽക്കുന്പോൾ അവനൊരു പ്രത്യേക ധൈര്യം വന്നത് പോലെയായിരുന്നു. എന്നാലും കണ്ണിൽ നോക്കി സംസാരിക്കാനുള്ള ധൈര്യം ഒന്നും ആയില്ല എന്ന് അവന്റ്റെ മനസ് ഇടയ്ക്കിടെ കൊത്തി പറിയ്ക്കും. 

ദൂരെ നിന്നും അവൾ നടന്നു വരുന്നത് കണ്ടാണ് അവൻ വഴിയിലേക്ക് ഇറങ്ങിയത്. കവലയിലെ തിരക്കൊഴിഞ്ഞ ഭാഗം കഴിഞ്ഞിട്ട് വേണം അവളോട് സംസാരിക്കാൻ. 

കവലയിലെ പഴയ കടകൾ പിന്നിട്ട്, വളവു തിരിഞ്ഞു അവളുടെ തൊട്ടടുത്ത് എത്തിയപ്പോഴാണ് പിന്നിൽ നിന്നും എന്തോ വന്നു പുറത്ത് പതിക്കുന്നത്. 

അപ്പനാണ്. ചാടിയിറങ്ങിയ സ്‌കൂട്ടർ നിലത്ത് കിടന്നു മുരളുന്നു. 

കയ്യിൽ കിട്ടിയതൊക്കെയും വെച്ച് അപ്പൻ പൊതിരെ തല്ലി.. കവലയിലെ ചെറു കടകളിൽ സാധനം വാങ്ങാൻ വന്നവരും, മലഞ്ചരക്ക് കടകളിൽ വില്പനക്ക് വന്നവരും ബഹളം കേട്ട ഇടത്ത് ഓടിയെത്തി..

“പീറ്ററെ…മതി..ചെറുക്കൻ ചത്തു പോകും…സ്വന്തം ചോരയല്ലേ..”എന്ന് പറഞ്ഞു ആരോ പിടിച്ചു മാറ്റി. 

“ചോര..ചോര മാത്രമേയുള്ളൂ..ബുദ്ധി ..ബുദ്ധി കിട്ടിയിട്ടേ ഇല്ല..പത്തിൽ തോറ്റു..”

പീറ്റർ അമർഷം ഒഴിയാതെ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് ഓടിച്ചു പോയി. 

റോയിയുടെ മെലിഞ്ഞ ഉടൽ മാത്രം നിലത്ത് വീണ  പാന്പിൻ തോലുറ പോലെ ദ്രവിച്ചു കിടന്നു. 

അപമാന ഭാരം പുകഞ്ഞു പുകഞ്ഞു അവന്റെ ശിരസു കഴുത്തിന് മുകളിൽ വെച്ച് ഒടിഞ്ഞു..കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. 

ദൂരെയൊരു മറവിൽ അവൾ കാണാതാവുന്നത് അവനു മായക്കാഴ്ചപോലെ കാണാമായിരുന്നു. 

അദ്ധ്യായം മൂന്ന്. 

ആറേക്കർ പുരയിടത്തിനെ പകുത്ത് കൊണ്ട് ബസ് റൂട്ടുള്ള ടാറിട്ട റോഡ്. 

റോഡിനു മുകൾ ഭാഗത്താണ് വീടുൾപ്പടെയുള്ള ഭാഗം. റബർ മരങ്ങൾക്കിടയിൽ കോൺക്രീറ്റ് ഇട്ട ചെറിയ വീട്. 

റോഡിനു താഴെ ഭാഗം, കുത്തനെയുള്ള തിട്ടയാണ്. പടർന്നു കിടക്കുന്ന കൊക്കോ മരങ്ങൾ തീർത്ത ഇരുളാണ് തിട്ടയിറങ്ങി ചെന്നാൽ. കൊക്കോ തോട്ടം തീർന്നാൽ ചെറിയ ഒരു അരുവിയുടെ കരയായി. 

കൊക്കോ തോട്ടത്തിനുള്ളിലൂടെ ഇരുൾ വീണ..കടും പച്ചയിലകൾ തിങ്ങിയ..നിലത്ത് കിടക്കുന്ന കരിയിലകൾക്കും, തൊണ്ടു പിളർന്ന് കിടക്കുന്ന കൊക്കോ പൾപ്പുകൾക്കും ഇടയിലൂടെ അവൻ ഓടുകയാണ്. 

ഒരു നിമിഷ നേരം പോലും നിൽക്കാതെയുള്ള ഓട്ടം. 

മൂത്ത് പഴുത്ത് മഞ്ഞ നിറം തിളങ്ങുന്ന കൊക്കോ കായ്‌കൾ അണ്ണാൻ തിന്നുന്നതിനു മുന്നേ പറിച്ചെടുക്കാൻ അപ്പൻ അവനെയും കൂട്ടി ഇടയ്ക്കിടെ വരാറുണ്ട്. ഇന്ന് പക്ഷെ ഒറ്റയ്ക്കാണ്. 

വിഷം കഴിച്ചാൽ പെട്ടെന്ന് രക്തത്തിൽ പിടിക്കണം എങ്കിൽ നിർത്താതെ ഓടണം എന്ന് ആരോ പറഞ്ഞു അവൻ കേട്ടിട്ടുണ്ട്. 

പത്താം ക്ലാസ് തോറ്റ മകനോടുള്ള അരിശം വീട്ടിനുള്ളിൽ പുകയുന്പോൾ ആണ്, ആരുടെയും കണ്ണിൽ പെടാതെ വിറകു പുരയിൽ നിന്ന് ഫ്യുറഡാൻ കയ്യിൽ പൊതിഞ്ഞു പിടിച്ചു ഓടി കൊക്കോയ്ക്ക് ഇടയിൽ എത്തിയത്. 

അത് വിഴുങ്ങി..പിന്നെ തുടങ്ങിയ ഓട്ടമാണ്. 

ഓടിയോടി കണ്ണിൽ ഇരുട്ട് കയറി. തലകറങ്ങി വീണു. ഭാഗ്യത്തിന് കല്ലിൽ തലയിടിച്ചില്ല. 

ഇടതിങ്ങിയ പച്ചയിലകൾക്കിടയിലൂടെ കണ്ണിലേക്ക് എന്തോ ഒരു വെളിച്ചം അടിച്ചു കയറി. ഇരുള് കാണാൻ പറ്റാത്തത്ര തെളിച്ചമുള്ള പ്രകാശം. ചിന്തകൾ സിനിമാ റീലിൽ എന്ന പോലെ കണ്ണിൽ വന്നു നിറഞ്ഞു. 

അപ്പന്റെ കയ്യിൽ പിടിച്ചു പിച്ച നടന്നത് ഓർമ്മയിൽ വന്നപ്പോൾ നിറഞ്ഞ കണ്ണുകൾ വീണ്ടും തുളുന്പി. 

അമ്മ..അപ്പൻ..ചേച്ചി…വീട്…അവൾ…പ്രിയപ്പെട്ടതെല്ലാം ഇതാണെന്ന് ഓർമ്മകൾ ഓരോ ഇതളായി അടർത്തി എടുത്ത് കാണിച്ചു തന്നു. 

ഇടറിയ കാലു വെച്ച് മുറ്റത്ത് എത്തിയത് മാത്രം ഓർമ്മയുണ്ട്. 

തിണ്ണയിലേക്ക് കയറുന്നതിനു മുന്നേ കുഴഞ്ഞു വീണു. 

“പത്തിൽ തോറ്റ വിഷമത്തിൽ നാട് വിട്ടു പോയെന്നാണ് ഓർത്തത്..” ആരോ പറയുന്നത് അവനു കേൾക്കാം..

“ഓ അതിനുള്ള ധൈര്യമൊന്നും അവനില്ലാന്നേ..പോയാൽ തന്നെ എവിടെ വരെ പോകും..വിശക്കുന്പോൾ ദാ ഇത് പോലെ വീട്ടിൽ തന്നെയെത്തും..” അപ്പന്റെ വലിയ ശബ്ദം മയക്കത്തിനിടയിലും അവനു കേൾക്കാം. 

കണ്ണ് കൂമ്പി അടഞ്ഞു, ഉറക്കം തിരയടിച്ചു വന്നു…എത്ര നേരം ഉറങ്ങി എന്നറിയില്ല. 

അദ്ധ്യായം നാല് 

റോയ് പീറ്റർ എന്ന മുപ്പതു വയസുകാരനു ഈ കഥയിൽ കിട്ടുന്ന പ്രാധാന്യത്തോളം മുൻഗണന അവൻ ജീവിക്കുന്ന ഇടങ്ങളിൽ ലഭിക്കാറില്ല. കഥ തുടങ്ങുന്നത് ഇങ്ങനെ ആണോ എന്ന് ചിലർ ഇപ്പോൾ അത്ഭുതപ്പെടുന്നുണ്ടാവാം. പക്ഷെ, കഥയുടമയുടെ വിചാരങ്ങളിലൂടെ പോയാൽ മനസിലാവുന്നത് കഥ ഇങ്ങനെ തന്നെയേ തുടങ്ങാൻ പറ്റൂ എന്നതാണ്. 

റോയ് ഒരു മൃദു സ്വഭാവക്കാരൻ ആണ്. ആ നാട്ടിൻപുറത്തെ സാധാരണ ആണുങ്ങളെ വെച്ച് നോക്കുന്പോൾ ഒരു തണുപ്പൻ പ്രകൃതം. ഇതിനോടകം അത് മനസിലാക്കാത്തവർ ചുരുക്കമാവും. 

ആരുമായും വലിയ ചങ്ങാത്തങ്ങളില്ല. തന്നെക്കാൾ ഉശിരു കൂടുതലുള്ളവരോട് അടുക്കാൻ മടിയുള്ള കൂട്ടത്തിലാണ് റോയ്. കോട്ടയം ജില്ലയിലെ റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിൽ, രണ്ടു മണിക്കൂറിൽ ഒരിക്കൽ ഒരു സ്റ്റേറ്റ് ബസ്സോ, ദീർഘദൂര പ്രൈവറ്റ് ബസ്സോ കടന്നു പോകുന്ന ഒരു ജംഗഷനിൽ, മരപ്പലകപ്പാളികളുള്ള പലചരക്ക് കടയും, ചായക്കടയും, ഒരു ചെറിയ ജൗളി കടയും മാത്രം കച്ചവട സ്ഥാപനങ്ങൾ ആയിട്ടുള്ള നാട്ടിൻ പുറത്തു, പലചരക്ക് കടയുടെ പുറത്തെ ഉപ്പുസൂക്ഷിക്കുന്ന മരപ്പെട്ടിക്കു മുകളിൽ സദാ സമയവും പകൽ സ്വപ്നം കണ്ടിരിക്കുന്ന ഒരു മുപ്പത് വയസുകാരൻ. 

വീട്ടിലെങ്ങാനും മടി പിടിച്ചിരിക്കുന്നത് കണ്ടാൽ എക്സ് മിലിട്ടറി ആയ അപ്പൻ പീറ്റർ വിറക് എടുത്ത് അടിക്കും എന്നത് കൊണ്ടു ഒന്ന് മാത്രമാണ് ഇരുന്ന് ചന്തി തഴമ്പ് വന്നാലും കുഴപ്പമില്ല എന്ന മട്ടിൽ മൂട്ട കടിയും സഹിച്ചു ആ ഉപ്പു പെട്ടിയുടെ മുകളിൽ റോയ് എന്നും വന്നിരിക്കാറുള്ളത്. 

“എടാ റോയിയെ നിന്റെ കെട്ട്യോൾ ഈയാഴ്ച വരത്തില്ലയോ..ഇനീപ്പം നിങ്ങള് രണ്ടാൾക്കും രണ്ടിടത്തായി കഴിയേണ്ടല്ലോ..ഒരു കട്ടിലേൽ കെടക്കാൻ ഒക്കുവല്ലോ” എന്ന് പാതി അശ്‌ളീല ചിരിയോടെ ജൗളിക്കടക്കാരൻ സക്കറിയാ പറഞ്ഞപ്പോഴാണ് അവൻ ആ കാര്യം ഓർത്തത് തന്നെ. 

സക്കറിയാ ചുവപ്പ് സാരിയുടുത്ത സിനിമാ നടിയുടെ പടം ഉള്ള കലണ്ടർ മറിച്ചിട്ടു കൊണ്ട് “അങ്ങിനെ ഈ വർഷോം കഴിഞ്ഞു..നാളെ മുതൽ രണ്ടായിരത്തി രണ്ടു തുടങ്ങുവല്ല്യോ..” എന്ന് പറഞ്ഞത് കേൾക്കാൻ നിൽക്കാതെ ഉപ്പു പെട്ടിയുടെ മുകളിൽ നിന്നും ചാടിയിറങ്ങി നിറം മങ്ങിയ ലുങ്കി മടക്കി കുത്തി വീട്ടിലേക്ക് വെച്ചു പിടിപ്പിച്ചു. 

സിസിലി ബാംഗ്ലൂരിലെ ജീവിതം മതിയാക്കി കാരിത്താസിലേക്ക് ജോലി മാറുന്നു. നേഴ്‌സിംഗിന് പഠിച്ചപ്പോ ബാംഗ്ലൂരിൽ വെച്ചു ഇഷ്ടപ്പെട്ടതാണ് സിസിലിയെ. അപ്പൻ ആദ്യം ഇടഞ്ഞെങ്കിലും, പൊന്നും പണവും ഉള്ള വീട്ടിൽ നിന്നാണ് എന്നറിഞ്ഞതോടെ രണ്ടായിരത്തി ഒന്ന് ആഗസ്റ്റിൽ കല്യാണം കഴിഞ്ഞു. 

അതിനിടയിൽ ഒരു ബൈക്ക് ആക്സിഡന്റിൽ പെട്ട് ഇടത്തെ കാലിനുണ്ടായ സ്വാധീന കുറവ് കാരണം കുറച്ചു നാളു വീട്ടിൽ വന്നു നിന്നതാണ്..

“നീയിനി നേഴ്സ് പണിക്കൊന്നും പോവണ്ട..അതൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞ പണിയാണ്” എന്നും പറഞ്ഞു അപ്പൻ പിന്നെ വിട്ടില്ല. 

“ഇവിടെ പറന്പിലെ കാര്യം നോക്കിയങ്ങു കൂടിയാൽ മതി..ജീവിക്കാനുള്ളതൊക്കെ കിട്ടും..”

ആ ഇരുപ്പിൽ മടി പിടിച്ചതാണ് റോയിക്ക്. കൂടെ പഠിച്ച മെയിൽ നേഴ്‌സുമാർ പലരും കനഡായിലും, അയർലാണ്ടിലും പോയി രക്ഷപ്പെട്ടപ്പോൾ റോയി മാത്രം നാട്ടിൽ കുടുങ്ങി പോയി. 

പകുതി തുറന്നു കിടക്കുന്ന ഷർട്ടിന്റെ ബട്ടൺ മുഴുവനും ഇട്ടു, ലുങ്കി പറിച്ചു കളഞ്ഞു, മുറിക്കുള്ളിൽ നീളെ കെട്ടിയ പ്ലാസ്റ്റിക് കയർ അഴയിൽ നിന്നും ഒരു ഡബിൾ കരയൻ വെള്ളമുണ്ട് വലിച്ചെടുത്തുടുത്തു റോയ് ബെഡ്‌റൂമിൽ നിന്നും പുറത്തേക്ക് വന്നു. 

വീട്ടിനുള്ളിൽ മുഴുവൻ ഇരുട്ടാണ്. ജനലുകളെല്ലാം അടഞ്ഞു കിടക്കുന്നു. പകൽ ലൈറ്റ് ഇടാൻ അപ്പൻ സമ്മതിക്കില്ലാത്തത് മുറിക്കുള്ളിലെ ഇരുളിനെ കൂടുതൽ ഇരുട്ടുള്ളതാക്കി. 

നടുക്കത്തെ മുറിയിലെ ഡൈനിങ് ടേബിളിൽ നിന്നും ജീപ്പിന്റെ കീയെടുത്ത് അയാൾ പുറത്തേക്കിറങ്ങി. മുറ്റത്ത് കിടന്ന പഴയ ഡീസൽ ജീപ്പ് ഓൺ സ്റ്റാർട്ട് ചെയ്ത് ..”ഞാൻ അവളെ കൂട്ടിട്ടു വരാം ” എന്ന് ആരോടെന്നില്ലാതെ വീട്ടിനുള്ളിലേക്ക് ഉറക്കെ വിളിച്ചു പറഞ്ഞു ജീപ്പോടിച്ചു പോയി. 

സിസിലിക്ക് കാരിത്താസിൽ കിട്ടിയത് റോയിക്ക് സന്തോഷം ഉള്ള കാര്യം തന്നെയായിരുന്നു. അപ്പന്റെ മുൻശുണ്ഠിക്കും, അമ്മയുടെ ധ്യാന മൗനത്തിനും ഇടയിൽ സിസിലി ഉള്ളതായിരുന്നു റോയിയുടെ ആശ്വാസം. 

എന്നാലും ദേഷ്യം പിടിക്കുന്പോൾ അപ്പൻ തന്നെ അടിക്കുന്നത് സിസിലി കാണരുത് എന്ന ഒരു ആഗ്രഹം ഉള്ളത് കൊണ്ടായിരുന്നു ഇത്രയും കാലം അവൾ ബാംഗ്ലൂരിൽ നിൽക്കുന്നതിനെ അവൻ അനുകൂലിച്ചത്. 

ആർക്കും തിരിച്ചറിയാനാവാത്ത ചങ്ങലകൾ കൊണ്ട് അവനെ ആ വീട്ടിലും പരിസരത്തുമായി ബന്ധിച്ചിരുന്നു. അവിടം വിട്ടു പോകാൻ അനുവാദമില്ലാത്തത് പോലെ, വിട്ടു പോവാൻ ശ്രമിക്കാനുള്ള കഴിവും റോയി പീറ്റർ എന്ന മുപ്പത് വയസുകാരന് ഇല്ലായിരുന്നു. 

അദ്ധ്യായം അഞ്ച് 

2002  ഫിബ്രുവരി നാല്. 

2001 ഡിസംബർ 31 നും 2002 ഫെബ്രുവരി മൂന്നിനും ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്കറിയില്ല. 

പക്ഷെ നാലാം തീയതി, റോയിയുടെ വീടിന്റെ മുറ്റത്ത് നിറയെ ആളുകൾ ഉണ്ടായിരുന്നു. നാല് ജീപ്പ് പോലീസും. 

ഡിവൈഎസ്പി അശോക് ഹരിദാസിന്റെ കോളിസ് കാർ മുറ്റത്തു വന്നു , അശോക് വീടിനു ചുറ്റും കണ്ണോടിച്ചു അകത്തേക്ക് കയറുന്പോൾ, ഇരുട്ടു വീണ മുറികളിൽ ഒരു പ്ളാസ്റിക് കസേരയിൽ തല താഴ്ത്തി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി റോയ് പീറ്റർ ഇരിക്കുന്നുണ്ടായിരുന്നു. 

വീടിനുള്ളിലെ ഇരുട്ട് മാറാത്തത് ജനാലകൾ തുറക്കാത്തത് കൊണ്ടാണ് എന്ന് റോയ് മനസിലാക്കുന്നത് ഒരു പക്ഷെ ഡി വൈ എസ് പി അശോക് മരജനാലകൾ കരകര ശബ്ദത്തോടെ തള്ളി തുറന്നപ്പോൾ ആവും. 

പുറത്തു നിന്ന വെയിൽ, കാത്തു നിന്ന ഒരു പാട് കണ്ണുകളോടൊപ്പം മുറിക്കുള്ളിലേക്ക് ഇരച്ചു വന്നു. 

നടക്കത്തെ മുറിയിൽ റോയ് തല കുനിച്ചിരിക്കുന്നു. കുറച്ചു പോലീസുകാർ അവിടവിടെയായി നിൽക്കുന്നുണ്ട്. 

ഡൈനിംങ് ടേബിളിന്റെ അരികിൽ നിലത്ത് ചോര തളം കെട്ടി നിൽക്കുന്നിടത്ത് പീറ്റർ മരിച്ചു കിടക്കുന്നു. കഴുത്തിലെ മുറിവിൽ നിന്നും ഒഴുകിയ ചോരവാർന്നാണ് അയാൾ മരിച്ചത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റത് എന്ന് പിന്നീട് എഴുതപ്പെടും. 

പുറത്തെ ആൾക്കൂട്ടത്തിന്റെ കണ്ണുകൾ തുറന്നിട്ട ജനാല പാളികൾക്കിടയിലൂടെ അകത്തെ മുറിയിലേക്ക് കയറുന്നതിനൊപ്പം ഡിവൈഎസ്പിയും അവിടേക്ക് പ്രവേശിച്ചു. സിസിലി കഴുത്തിൽ ചുരിദാർ ഷാൾ മുറുകിയ നിലയിൽ. മരണം സംഭവിക്കുന്പോൾ അവൾ അഞ്ചാഴ്ച ഗർഭിണി, പോസ്റ്റുമാർട്ടം റിപ്പോർട്ടിലേക്ക് പിന്നീട് എഴുതി ചേർക്കേണ്ട വിവരം ആണിതും. 

അടുക്കളയുടെ വാതിൽ തുറന്നു അശോക് അടുക്കളയിലെ ലൈറ്റ് ഇട്ടു. അടുക്കളയിൽ നിന്നും കിണറിനടുത്തേക്കുള്ള കിളിവാതിൽ തുറന്നു കിടക്കുന്നത് കൊണ്ട് വെളിച്ചത്തിനു പ്രവേശിക്കാൻ ഇടമുണ്ട്. റോയിയുടെ അമ്മ മേഴ്‌സിയുടെ കമന്നു കിടക്കുന്ന ജഡം കണ്ടിട്ട് അടുത്ത വീട്ടിൽ നിന്നും വെള്ളം കോരാൻ വന്ന ശ്രീദേവിയാണ് നാട്ടുകാരെ അറിയിച്ചതും പോലീസിനെ വിളിച്ചു വരുത്തിയതും. 

മേഴ്സിയുടെ തലയിൽ പിന്നിൽ നിന്നും ഭാരമേറിയ എന്തോ ആയുധം കൊണ്ട് അടിയേറ്റാണ് മരണം എന്ന് പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർ പിന്നീട് റിപ്പോർട്ടിൽ എഴുതി വെച്ചത്. 

അടുക്കള ഭാഗത്തു നിന്നും പടിഞ്ഞാറേ വശത്തു കൂടി വീടിന്റെ മുന്നിലേക്ക് വരുന്പോൾ, വീടിനോട് ചേർന്ന് വളർത്തു നായ കൈസർ കഴുത്തറുത്ത നിലയിൽ ചോരയൊലിപ്പിച്ചു നാവു മുറിഞ്ഞു കിടക്കുന്നു. 

ഒരു രാത്രി വെളുക്കുന്നതിനിടയിൽ നാല് കൊലപാതകങ്ങൾ. ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സ്ഥലത്തുണ്ടാവണം എന്ന് സ്ഥലം എം എൽ എ നേരിട്ട് വിളിച്ചു പറഞ്ഞത് കൊണ്ടാണ് അശോക് സംഭവ സ്ഥലത്തു എത്തിയത്. 

ഇൻക്വസ്‌റ് തയ്യാറാക്കി, സാക്ഷികളെ വിസ്തരിച്ചു, പോസ്റ്റുമാർട്ടത്തിനായി മൃതദേഹങ്ങൾ എടുക്കാനുള്ള ഏർപ്പാടുകൾ എല്ലാം ചെയ്തതിനു ശേഷമാണ് അശോക് തന്റെ കാറിൽ നഗരത്തിലേക്ക് പുറപ്പെട്ടത്. പിന്നാലെ വീട് പൂട്ടി സീല് വെച്ച്, പോലീസുകാരും ഇറങ്ങി. 

പോലീസ് ജീപ്പിന്റെ പിന്നിലെ സീറ്റിൽ താടി വളർന്ന മുഖവും, കരഞ്ഞു കലങ്ങിയ മുഖവുമായി റോയി പീറ്റർ ഇരിക്കുന്നുണ്ടായിരുന്നു…!!

വീടിന്റെ മുറ്റം കടന്നു, റബർ തോട്ടത്തിനിടയിലൂടെയുള്ള മണ്ണ് വഴിയിലൂടെ ജീപ്പുകൾ ഓരോന്നായി പുറത്തേക്ക് കടന്നു. 

നാട്ടിലെ ആദ്യ കൂട്ട കൊലപാതകത്തിന്റെ നടുക്കം വിട്ടു മാറാത്ത ചെറുതും/  വലുതും ആണും / പെണ്ണുമായ കണ്ണുകളും പുരികങ്ങളും ചുണ്ടുകളും കാലുകളും പോലീസ് ജീപ്പുകൾക്ക് പുറകെ മെയിൻ റോഡിലേക്കും ജംക്ഷനിലെ ചായക്കടയിലേക്കും ചേക്കേറി. 

അദ്ധ്യായം ആറ് 

“ഓ ..അവനങ്ങനൊന്നും ചെയ്യാനുള്ള മനക്കട്ടിയില്ല സാറേ..നിങ്ങള് ചുമ്മാ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ ഇങ്ങനെ ചെയ്യാത്ത കുറ്റത്തിന് കസ്റ്റഡിയിൽ വെയ്ക്കുന്നത് നീതികേട് ആണ്..” ജൗളിക്കടക്കാരൻ സക്കറിയാ പൊലീസിന് മൊഴി കൊടുക്കുന്ന കൂട്ടത്തിൽ ബോധിപ്പിച്ചു. റോയി അവന്റെ പകലുകളുടെ ഭൂരിഭാഗവും ചിലവഴിക്കുന്നത് അയാളുടെ കടത്തിണ്ണയിൽ ആയിരുന്നല്ലോ. 

ഇത് പോലൊരു കൊലപാതകം, അതും സ്വന്തം ചോരയെത്തന്നെ കൂട്ടക്കൊല  ചെയ്യാനുള്ള തന്റേടമൊന്നും റോയിക്കില്ല എന്ന് നാട്ടുകാർക്കെല്ലാം ഉറപ്പായിരുന്നു. അവർ അതെ പ്രകാരമുള്ള മൊഴിതന്നെ പോലീസിലും ബോധിപ്പിച്ചു. 

എന്നാലും രണ്ടാഴ്ചയോളം റോയി പോലീസ്  റിമാൻഡിൽ കഴിഞ്ഞു. അതിനിടയിൽ പോലീസ് കസ്റ്റഡിയിൽ തന്നെ പള്ളിപ്പറന്പിൽ അപ്പന്റെയും അമ്മയുടെയും സിസിലിയുടെയും മരിപ്പടക്കിന് റോയ് വന്നു. 

റോയിയുടെ അഭാവത്തിൽ പീറ്ററിന്റെ ഇളയ സഹോദരൻ ആയിരുന്നു ചടങ്ങുകൾക്ക് വേണ്ടതെല്ലാം ചെയ്തത്. 

സാഹചര്യ തെളിവുകൾ റോയിക്ക് എതിരായത് കൊണ്ട്, ഡിവൈഎസ്പി അശോകിന്റെ മനസ്സിൽ റോയി ആയിരുന്നു പ്രതി. അല്ല എന്ന് പ്രൂവ് ചെയ്യാനുള്ള തെളിവുകൾ അയാളുടെ കയ്യിൽ ഇല്ലായിരുന്നു. പക്ഷെ നാട്ടുകാരും, സാക്ഷി മൊഴികളും  എല്ലാം റോയിക്ക് അനുകൂലമായിരുന്നു. 

“ഓ അവനൊരു പാവം ചെറുക്കാനാണെന്നേ..അതിനുള്ള തന്റേടം ഒന്നും അവനില്ല..”

അങ്ങനായിരുന്നു  പൊതു അഭിപ്രായം. !!!

ഇതിനിടയിൽ കൂട്ടക്കൊല കഴിഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാത്തതിൽ പ്രതിക്ഷേധവും, സമ്മർദ്ദവും അശോകിന്റെ തലയ്ക്കു മുകളിൽ തൂങ്ങി കിടന്നു. 

എസ് പി ഓഫീസിൽ ബ്രീഫിംഗിന് വിളിപ്പിച്ചു..എസ് പിയുടെ മേലും കേസ് തെളിയിക്കാത്തതിന്റെ പ്രഷർ കൂടി വരുന്നുണ്ട്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ കേസിന്റെ പിന്നാലെ കൂടിയത് കൊണ്ടാവണം വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പോലും ആകാത്തവണ്ണം തിരക്കിലേക്ക് അശോക് കുരുങ്ങിക്കിടന്നു. 

ഓട്ടിസം വന്ന ഏഴു വയസുകാരി മകളുടെ സ്‌കൂളും, പഠിത്തവും തന്റെ ബാങ്ക് ജോലിയും എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാൻ പറ്റില്ല എന്ന് പറഞ്ഞു ഭാര്യയുടെ വക സമ്മർദ്ദവും വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു. 

രണ്ടു പേരുടെയും ജോലിയുടെ ടെൻഷൻ കൂടുതൽ ആവാം, അശോകും സിന്ധുവും പ്രഷർ കുക്കറിനുള്ളിലെന്നപോലെ ആയിരുന്നു ജീവിച്ചിരുന്നത്. 

വീട്ടിനുള്ളിൽ അരിശത്തിന്റെ ചുവപ്പു നിറം നിരന്നിരുന്നു. അതിനിടയിൽ ഇരുന്നു മകൾ മൈഥിലി എന്നും ഒരേ പാറ്റേണിൽ ഉള്ള ചിത്രം വരച്ചു. വളഞ്ഞു പുളഞ്ഞു പോകുന്ന വരകൾക്കിടയിൽ മിഴിച്ചു നോക്കുന്ന രണ്ടു ചുവന്ന കണ്ണുകൾ. മൈഥിലി വരച്ച ചിത്രങ്ങൾ എല്ലാം അതെ പാറ്റേൺ ആയിരുന്നു. 

ചില സമയങ്ങളിൽ സിന്ധുവിന്റെ കൂടെ ബാങ്കിലും, ചിലപ്പോൾ അശോകിന്റെ കൂടെ പോലീസ് സ്റ്റേഷനലും, കേസ് നടക്കുന്നിടത്തും ഒക്കെയായി മൈഥിലി സമയം ചിലവിട്ടു. സിന്ധുവിന്റെ അമ്മയായിരുന്നു അത്രയും കാലം മൈഥിലിയെ നോക്കിയിരുന്നത്, അമ്മയുടെ മരണ ശേഷം പല ആയമാർ വന്നെങ്കിലും, പ്രത്യേക പരിഗണന വേണ്ടവൾ ആയ മൈഥിലിയെ നല്ലവണ്ണം നോക്കാൻ അവർക്കൊന്നും കഴിയുന്നുണ്ടായിരുന്നില്ല. 

മൈഥിലി ആണെങ്കിൽ വിശപ്പും ദാഹവും ഒന്നും നോക്കാതെ എന്നും ഒരേ ചിത്രം വരച്ചു കൊണ്ടേയിരിക്കും. 

തെളിവുകൾ ഒന്നും ലഭിക്കാതെ, പോലീസ് നട്ടം തിരിഞ്ഞതോടെ റോയിയുടെ വീട്ടിൽ നടന്ന കൂട്ട കൊലപാതക കേസ് അശോക് നേരിട്ട് ഏറ്റെടുത്തു. രണ്ടാഴ്ചക്കുള്ളിൽ പ്രതിയെ പിടിച്ചില്ലെങ്കിൽ കേസ് ക്രൈം ബ്രാഞ്ചിനോ സി ബി ഐ  ക്കോ  വിടാൻ നോക്കുമെന്ന വകുപ്പ് മന്ത്രിയുടെ സമ്മർദ്ദം കുറച്ചൊന്നുമല്ല അശോകിനെ വിഷമിപ്പിച്ചത്. 

ഇതിനിടയിൽ ഒരു ദിവസം റോയിയുടെ വീട്ടിൽ ചെന്നപ്പോഴാണ് അതുവരെയും ശ്രദ്ധയിൽ പെടാതിരുന്ന കാര്യം അശോകിന്റെ മുന്നിൽ എത്തുന്നത്. റോയിയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ദീപേഷ് എന്ന ആസാം സ്വദേശി. കൊലപാതകം നടക്കുന്നതിനു കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആണ് അയാൾ നാട്ടിലേക്ക് പോവുകയാണ് എന്ന് കാണിച്ചു സ്ഥലത്തു നിന്നും പോയത്. ദീപേഷിനെ കുറിച്ചുള്ള ചോദ്യങ്ങൾ പോലീസ് ഉന്നയിച്ചപ്പോൾ റോയിയും ആ ചില സംശയങ്ങൾ ആവർത്തിച്ചു. 

ദീപേഷിനെ പിടിക്കാനുള്ള സംഘം ആസാമിലേക്ക് പോവുന്നതിനിടയിൽ ആണ് മൈഥിലിക്ക് അസുഖമാവുന്നത്. ഇപ്പോൾ മാറി നിൽക്കേണ്ട എന്ന് സിന്ധു വാശി പിടിച്ചെങ്കിലും, എത്രയും പെട്ടെന്ന് പ്രതിയെ പിടിക്കേണ്ടത് തന്റെ ആവിശ്യമാണ് എന്ന് പറഞ്ഞു അശോക് ഗുവാഹാട്ടിയിലേക്ക് യാത്ര തിരിച്ചു. 

കുറച്ചു ദിവസത്തെ അലഞ്ഞു തിരിയലിനു ശേഷം അശോകും സംഘവും തിരികെ എത്തുന്പോഴേക്കും മൈഥിലി അവരെ അസുഖം മൂർച്ഛിച്ചു അവരെവിട്ടു പോയിരുന്നു. ആ ദുഃഖത്തിൽ സിന്ധുവും ആത്മഹത്യയിലേക്ക് വഴുതി വീണു. 

രണ്ടു ദിവസത്തിനു ശേഷം ദീപേഷിന്റെ ജഡം പെരുന്പാവൂരിനു അടുത്തുള്ള റെയിൽ പാളത്തിനോട് ചേർന്ന ഒരു പുരയിടത്തിൽ മാവിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. 

രാത്രിയിൽ തെരുവ് നായകൾ ആക്രമിച്ചപ്പോൾ, ഏതോ വീട്ടിൽ അഭയം ചോദിച്ചു ചെന്നെന്നെന്നും, അപരിചതിയനായ ഒരാളെ അസമയത്ത് കണ്ട വീട്ടുകാർ അഭയം കൊടുത്തില്ലെന്നും, നായകളുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ഓടി മരത്തിൽ കയറിയെന്നും, വെപ്രാളത്തിലും, ഭയത്തിലും, മാനസിക വിഭ്രാന്തിയിലും പെട്ട് അയാൾ ഉടുമുണ്ട് അഴിച്ചു മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്‌തെന്നും പിറ്റേ ദിവസത്തെ പത്രത്തിൽ വായിച്ചു അശോക് അറിഞ്ഞു. 

ദീപേഷിനെ പ്രതിയാക്കി കേസ് ചാർജ് ചെയ്ത്..ആ കൊലക്കേസ് അവിടെ ക്ളോസ് ചെയ്തു. 

അദ്ധ്യായം ഏഴു 

റോയി..ജയിൽ മോചിതനായി. ജയിലിൽ നിന്നിറങ്ങിയ റോയിക്ക് കുറച്ചു ഉശിരൊക്കെ വന്നത് പോലെ ആയി..കൊലപാതകങ്ങൾ നടന്ന വീട്ടിലേക്ക് അവൻ തിരിച്ചു പോയില്ല. ടൗണിലെ ഒരു ലോഡ്ജിലേക്ക് താമസം മാറി. 

അവിടിവിടെയായി ചെറിയ ജോലികൾ ചെയ്തങ്ങനെ ജീവിച്ചു. 

വീട്ടിലേക്ക് തിരിച്ചു പോവാൻ അവനു പേടി ആയിരുന്നു. കണ്ണടച്ചാൽ കഴുത്ത് മുറിഞ്ഞു കിടക്കുന്ന അപ്പന്റെ ജഢം ഓർമ്മയിൽ വരും. 

മരിച്ചു കിടക്കുന്പോൾ പോലും അവനെ തല്ലി നേരെയാക്കാൻ വെമ്പുന്ന അപ്പന്റെ കണ്ണുകൾ അവനെ തുറിച്ചു നോക്കും. 

അവനെ ആ വീടുമായി ബന്ധിപ്പിക്കുന്ന യാതൊന്നും ബാക്കിയുണ്ടായിരുന്നില്ല. 

നഗരം ചെറുതാണെങ്കിലും ..അവിടുത്തെ പകലുകളും രാത്രികളും തരുന്ന സ്വാതന്ത്ര്യം അവനെ മത്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു. 

ഒരു ഞായറാഴ്ച ..സെക്കൻഡ് ഷോ കഴിഞ്ഞുള്ള ലോഡ്ജിലേക്കുള്ള നടത്തത്തിനു ഇടയിലാണ് അവന്റെ മുന്നിലേക്ക് അയാൾ വന്നു ചാടിയത്. 

പെട്ടെന്നുള്ള ഇടിയിൽ അവൻ മറിഞ്ഞു കെട്ടി വീണു. ഇടിച്ചയാൾ എവിടെ നിന്നോ ഓടി വരുന്നതായിരുന്നു. അയാളുടെ പിന്നാലെ ആരൊക്കെയോ ഉണ്ടായിരുന്നു. 

തന്റെരക്ഷപ്പെടലിനു തടസ്സം സൃഷ്ടിച്ച റോയിയെ അയാൾ കോളറിൽ പിടിച്ചു …

റോയിയ്ക്കും കുറച്ചു ഉശിരൊക്കെ തോന്നിത്തുടങ്ങിയത് പോലെ…

“നീയേതാടാ..ആരെ പണ്ടാരടക്കാൻ ഉള്ള നടപ്പാണ്..” അയാൾ മീശ രോമങ്ങൾ വിറപ്പിച്ചു കൊണ്ട് ചോദിച്ചു. 

റോയി സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ അയാളുടെ കണ്ണിലേക്ക് തുറിച്ചു നോക്കി..കോളറിൽ നിന്നും അയാളുടെ കൈ ബലമായി പിടിച്ചു വിടുവിച്ചു..

എന്നിട്ട് മുന്നോട്ട് നടന്നു കൊണ്ട് ..അയാൾ കേൾക്കാൻ പാകത്തിന് പറഞ്ഞു ..

“നിന്റെ അമ്മേടെ പതിനാറടിയന്തരത്തിനു പോയി വരുന്ന വഴിയാടാ പുല്ലാ..” 

ദൂരെ നിന്നും ആളുകൾ ഓടി വരുന്നത് അവരിരുവരും കാണുന്നുണ്ടായിരുന്നു. അയാൾ റോയിയെ പിന്തുടരാതെ മുന്നോട്ട് ഓടി. 

ഓടുന്നതിനിടയിൽ അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു..

“നിന്നെ ഞാൻ എടുത്തോളാമെടാ..”

റോയ് പരിഹാസ ചിരി ചിരിച്ചു..അയാളെ തിരഞ്ഞു വരുന്നവരെ കൈ കൊട്ടി വിളിച്ചു അയാൾ ഓടിമറഞ്ഞ ദിശയിലേക്ക് വിരൽ ചൂണ്ടി..

“ദാ..ആ വഴിക്ക് വിട്ടാൽ അവനെ ഇപ്പൊ പിടിക്കാം..” 

ഇരുളിനും..വെളിച്ചത്തിനും ഇടയിലൂടെ നടക്കുന്പോൾ അയാളുടെ കണ്ണിൽ ചെറിയ വിജയം നേടിയ കൊച്ചു കുഞ്ഞിന്റെ പ്രസരിപ്പ് കത്തി ജ്വലിച്ചു തുടങ്ങിയിരുന്നു. 

അദ്ധ്യായം എട്ട് 

പിറ്റേന്നത്തെ പകൽ. നേരം വൈകിയാണ് അവൻ ഉണർന്നത്. 

ലോഡ്ജിലെ അന്തേവാസികളായ പലരും പല വഴിക്കായി പറന്നു പോയി തുടങ്ങിയിരുന്നു.

കെയർടേക്കർ ബോയ് ആയിരുന്ന അഷറഫ് അവനെ മുൻവശത്ത് വെച്ച് കണ്ടപ്പോൾ തടഞ്ഞു നിർത്തി..

“ഡാ റോയ്..നീ ഇന്നലെ ആരോടെങ്കിലും മുട്ടിയായിരുന്നോ..”

“എന്താ..” റോയ് ചോദിച്ചു.

“നീ മുട്ടിയായിരുന്നോ..അത് പറ..” 

“ചെറുതായിട്ട്..എന്ത് പറ്റി..”

“ആ ലക്ഷണം കേട്ടപ്പോൾ നീയായിരിക്കും എന്ന് എനിക്ക് തോന്നി..പക്ഷെ ഞാൻ പറഞ്ഞു കൊടുത്തിട്ടില്ല..നിനക്കതിനുള്ള അണ്ടിയുറപ്പ് ആയോടാ മാനെ..” അഷറഫിന്റെ സ്വരം മാറി തുടങ്ങുന്നതായി റോയിക്ക് തോന്നി.

“നീയെന്താ പറയുന്നത്..”

“രാത്രീല് മോഹൻലാലിന്റെ സിനിമകണ്ടിട്ട് വരണവഴിക്ക് ഹീറോ കളിക്കാൻ നിന്നതായിരുന്നോ..ആ ഇരുമ്പ് ജോസിനിട്ട് ആണ് നീ പണി കൊടുക്കാൻ നോക്കിയത്..നിന്റെ ഹീറോ കളിയൊക്കെ ഇന്ന് തീരും..” അഷറഫ് നടന്നു നീങ്ങുന്നതിനിടെ പറഞ്ഞു. 

റോയി ഒന്നും മിണ്ടാതെ മുറിയിലേക്ക് വലിഞ്ഞു. 

പുറത്തേക്കിറങ്ങാൻ അവനു തോന്നുന്നുണ്ടായിരുന്നില്ല. 

കുറെ നേരം കട്ടിലിൽ ചുരുണ്ടുകൂടി കിടന്നു. 

കരിമ്പനടിച്ച തോർത്ത് …മുഷിഞ്ഞ കൈലി മുണ്ട്..ഇതെല്ലാം അയയിൽ തൂങ്ങിക്കിടക്കുന്നത് നോക്കി എത്ര നേരം ചുരുണ്ടു കൂടി കിടന്നെന്ന് അവനു ഓർമ്മയില്ല. 

വാതിലിൽ ഒരു മുട്ട് കേട്ടാണ് അവൻ ഉണർന്നത്. 

“ആരാ ..”അവൻ ചോദിച്ചു. 

“പേടിച്ചു അകത്ത് കയറി ഒളിച്ചിരിക്കുവാണോ..ധീരാ…പുറത്തോട്ടിറങ്ങിക്കേ ..” പുറത്തു നിന്നുള്ള ശബ്ദം അവനു കേൾക്കാം. 

“ആരാ..” അവൻ വീണ്ടും ചോദിച്ചു. 

“പന്ന തായോളി നീ ഇന്നലെ തള്ളക്ക് വിളിച്ചില്ലായിരുന്നോ..അതിന് ഒന്ന് നേരിൽ കാണാൻ വന്നതാടാ..” പുറത്ത് നിന്നയാൾ വാതിലിനു ആഞ്ഞു ചവിട്ടിക്കൊണ്ട് പറഞ്ഞു. 

അയാളുടെ രണ്ടാമത്തെ ചവിട്ടിൽ വാതിൽ പൊളിഞ്ഞു. 

കൈലി മാത്രം ഉടുത്തു നിൽക്കുന്ന രൂപത്തിൽ അയാൾ അവനെ മടിക്കുത്തിനു പിടിച്ചു ലോഡ്ജിന്റെ ഇടനാഴിയിലേക്ക് വലിച്ചിറക്കി. 

ഇടനാഴിയിൽ ആളുകൾ കൂടിയിരുന്നു. 

അയാൾ അവനെ അവിടെയിട്ട് ഒന്ന് രണ്ടു തവണ പെരുമാറി…കേട്ടാലറയ്ക്കുന്ന പുലഭ്യം വിളിച്ചു. 

“ഈ തായോളി എന്റെ അമ്മയെ പറഞ്ഞു..അതാണ് എനിക്ക് പിടിക്കാത്തത്..ഇവൻ അവന്മാർക്കെന്നെ പിടിച്ചു കൊടുത്തിരുന്നേൽ കൂടെ ഞാൻ ചിലപ്പോ ക്ഷമിച്ചേനെ..”

അവൻ അപമാനഭാരിതനായി തല കുനിച്ചു നിന്നു…

അദ്ധ്യായം ഒൻപത്.

ബാംഗ്ലൂരിലെ തിരക്കിലെ നിസ്സാര മനുഷ്യരിൽ ഒരാളായിട്ട് ആറു മാസത്തിലധികം കഴിഞ്ഞിരിക്കുന്നു…

ഇരുമ്പൻ ജോസിന്റെ വിരട്ടലിൽ തലകുനിച്ചു അപമാന ഭാരത്തോടെ നിന്ന റോയ് ..അന്ന് വൈകുന്നേരം തന്നെ ആരും അറിയാതെ ബാംഗ്ലൂർക്കുള്ള ബസ്സിൽ കയറി നാട് വിട്ടിരുന്നു. 

ബസ്സിൽ വെച്ച് പരിചയപ്പെട്ട ഒരാളുടെ സഹായത്തോടെ മജെസ്റ്റിക്കിലുള്ള ഒരു ചെരുപ്പ് കടയിൽ സഹായി ആയിട്ടായിരുന്നു ആദ്യം ജോലി കിട്ടിയത്. 

പിന്നെ കുറച്ചു കാലം കലാശിപ്പാളയ മാർക്കറ്റിലെ ടൂറിസ്റ്റ് ബുക്കിംഗ് സെന്ററിൽ പാർസൽ ബുക്കിംഗ് ഏജന്റ് ആയി ജോലി ചെയ്തു. 

ബാംഗ്ലൂർ അയാൾക്ക് അന്യമായ നഗരം ആയിരുന്നില്ലല്ലോ. തന്റെ പഠനകാലം കുറച്ചു നാൾ അയാൾ ആ നഗരത്തിലായിരുന്നല്ലോ. 

ഒരു കണക്കിന് വലിയ നഗരത്തിലെ പരൽമീൻ ആയി ജീവിക്കുന്നതാണ് നല്ലത് എന്നവന് തോന്നി. ആരും അറിയില്ല. ആർക്കും പരിചയമില്ലാത്ത..ആരെയും പരിചയമില്ലാത്ത ഒരിടം. 

അഞ്ചാം മാസം കുറച്ചു കൂടി മെച്ചപ്പെട്ട ഒരു ജോലി ശിവാജി നഗറിലെ മലയാളി തുണിക്കടയിൽ കിട്ടിയതോടെ അവന്റെ വരുമാനവും കൂടി. 

മഹാദേവ പുരയിൽ ചില മലയാളികളുടെ കൂടെ ഒരു മുറി വാടക വീട്ടിൽ താമസവും കിട്ടി. 

വൈകുന്നേരങ്ങളിൽ ബസ്സ് പിടിക്കാനായി അവൻ എംജി റോഡിലെ ബസ്സ് സ്റ്റോപ്പിലെത്തും. 

അശോകിന്റെ ഗ്രാഫ് നേരെ തിരിച്ചായിരുന്നു. സിന്ധുവിന്റെയും മൈഥിലിയുടെയും കൊഴിഞ്ഞു പോകൽ അയാളെ വല്ലാതെ ഉലച്ചു. പിന്നീട് നടന്ന പല കേസുകളിലും സംഭവങ്ങളിലും പൂർണ്ണ ശ്രദ്ധ കൊടുക്കാൻ കഴിയാത്തതിനാൽ അയാൾ നിരവധി തവണ സസ്‌പെൻഷനിൽ ആയി. ഒടുവിൽ സർവീസിൽ നിന്നും രാജി വെച്ചു. ഇതിനിടയിൽ കോട്ടയത്തും തന്റെ അധികാര പരിധിയിലുമായി നടന്ന ചില ദുരൂഹ മരണങ്ങൾ അയാൾക്ക് പ്രതിയെ പിടിക്കാനാവാത്തതിന്റെ പഴി കേൾക്കേണ്ടി വന്നു. 

ഒടുവിൽ ഒരു പരാജിതനെപ്പേലെ ഡിപ്പാർട്മെന്റിൽ നിന്നും ഇറങ്ങി പോന്നു. 

വര്ഷം പതിനഞ്ചു കഴിഞ്ഞു. 

റോയിയുടെ പുരയിടം ആരോ വിൽപ്പനക്ക് വെച്ചപ്പോൾ അശോക് വാങ്ങിച്ചു. ആ വീട്ടിലേക്ക് അയാൾ താമസം മാറി. 

അദ്ധ്യായം ഒൻപത് 

നഗരത്തിലെ ഒരു തെരുവ്. രാത്രി. ദൂരെ എവിടെയോ നായ ഓരിയിടുന്ന ശബ്ദം. 

തെരുവ് വിളക്കുകൾ ഒരു വശത്തു മാത്രം കത്തുന്നുണ്ട്. ഇടയിലൂടെ ഒരു നായ ഓടി മറയുന്നു. 

റോഡിന്റെ ഒരു വശത്തു ഒരു സ്‌കൂളിന്റെ മതിൽ ആണെന്ന് തോന്നുന്നു. അവിടെയാണ് സ്ട്രീറ്റ് ലൈറ്റ് പോൾ. മറുവശത്തു ഇരുട്ടാണ്. സ്ട്രീറ്റ് ലൈറ്റിൽ നിന്നും വെളിച്ചം വീഴുന്നതിന്റെ വെളിയിൽ ഇരുട്ടാണ്. ദൂരേക്ക് നോക്കും തോറും കട്ടികൂടിയ ഇരുട്ട് പുതച്ചു കിടക്കുന്നു. 

ആകാശത്തു ഒന്ന് രണ്ടു നക്ഷത്രങ്ങൾ തെളിഞ്ഞു കാണാം. ഇടക്കിടെ കൊള്ളിയാൻ മിന്നുന്നുമുണ്ട്. 

അകലെ നിന്നും ഒരു ഓട്ടോറിക്ഷ വരുന്ന ശബ്ദം കേൾക്കാം. വാഹനം സ്‌ക്രീനിനെ മുറിച്ചു പിൻഭാഗം കാഴ്‌ചക്കാർക്ക് മുന്നിലായി വന്നു നിൽക്കുന്നു. 

വാഹനം എഞ്ചിൻ നിർത്തിയിട്ടില്ല..മുരളൽ തുടരുന്നു. 

പാസഞ്ചർ സീറ്റിൽ നിന്നും വൃദ്ധൻ പുറത്തിറങ്ങുന്നു. പിന്നിൽ നിന്നുള്ള ഷോട്ട് ആണ്. ഓട്ടോയുടെ കറുത്ത ടാർപോളിൻ / പിന്നിലെ ഗ്ളാസ് ഇവ ക്ളോസ് അപ്പിൽ. 

വൃദ്ധൻ ഡ്രൈവറോട് സംസാരിക്കുന്നത് കേൾക്കാം.

“ഓ..ഇനി ഞാൻ അങ്ങ് പൊയ്ക്കോളാമേന്നെ, ഈ വളവങ്ങോട്ടു തിരിഞ്ഞാൽ വീടായില്ലേ…നീ പൊയ്ക്കോ..പെൺകൊച്ചു തനിച്ചല്ലേ ഒള്ളൂ..”

ഓട്ടോ റിക്ഷ മുന്നോട്ടു എടുത്തു, കുറച്ചു ദൂരം ചെന്ന് തിരിച്ചു സ്‌ക്രീനിനെ മുറിച്ചു കടന്നു പോകുന്നു. 

വൃദ്ധൻ ഓട്ടോ പോകുന്നത് നോക്കി നിൽക്കുന്നു. അതിനു ശേഷം പതിയെ നടക്കാൻ തുടങ്ങുന്നു. 

കയ്യിലെ ബാഗിൽ നിന്നും ഒരു സ്റ്റീൽ ടോർച്ചെടുത്തു തെളിക്കാൻ ശ്രമിക്കുന്നു. പക്ഷെ വെളിച്ചം വരുന്നില്ല.

വൃദ്ധൻ – ” ബാൾട്ടറി മാറ്റാറായി..ഒള്ള വെളിച്ചം വെച്ചങ്ങു നടക്കാം..അല്ലാതെന്തോ ചെയ്യും..”

അയാൾ സ്വയം സംസാരിച്ചു കൊണ്ട് നടന്നു നീങ്ങുന്നു. 

തണുത്ത കാറ്റ് വീശുന്നുണ്ട്. ചെറിയ ഒരു കുളിര്. അയാൾ തന്റെ മടിക്കുത്തിൽ നിന്നും ഒരു തൂവാല എടുത്തു ചെവി മറച്ചു പിടിക്കുന്ന രീതിയിൽ കെട്ടുന്നു. 

തെരുവിൽ അരണ്ട വെളിച്ചം മാത്രം..സ്ട്രീറ്റ് ലൈറ്റിൽ നിന്നുള്ളതാവാം. 

വൃദ്ധൻ ഒന്ന് രണ്ടടി വെച്ചതിനു ശേഷം എന്തോ ശബ്ദം കേട്ടത് പോലെ നിൽക്കുന്നു. പിന്നെ, സംശയിച്ചു പുറകോട്ട് തിരിയുന്നു. 

ഒന്നുമില്ല എന്ന് കണ്ടത് കൊണ്ടാവണം, പതുക്കെ നടന്നു തുടങ്ങുന്നു.

പെട്ടെന്ന് ഇരുളിൽ നിന്നും ആരോ അയാളെ കടന്നു പിടിക്കുന്നു. വലിച്ചു നിലത്തിടുന്നു. ഇരുളിലേക്ക് വലിച്ചു കയറ്റുന്നു. 

മരണവെപ്രാളം..വെളിച്ചമുള്ളിടത്ത് വൃദ്ധന്റെ കാലുകൾ പിടയുന്നത് കാണാം. ഇരുൾ വീണ ഭാഗത്തു മരണത്തിലേക്ക് വഴുതി വീഴുന്ന വൃദ്ധന്റെ കുറുകലുകൾ. 

ഒടുവിൽ കാലുകൾ പിടയുന്നത് നിലക്കുന്നു. 

പതിഞ്ഞ ശബ്ദത്തിൽ ആരോ കവിത ചൊല്ലുന്നത് കേൾക്കാം..

“സ്വാതന്ത്ര്യം

ആരെയെങ്കിലും കൊന്നിട്ട് ജയിലിൽ പോണം..

ജയിലിൽ കിടന്ന് പുറത്തെ സ്വാതന്ത്ര്യത്തെ സ്വപ്നം കാണണം..

ചുവരുകളിൽ കരിക്കട്ട കൊണ്ടോ, കയ്യിൽ തടയുന്ന കമ്പ് കൊണ്ടോ..

സ്വാതന്ത്ര്യത്തെ കുറിച്ച് മഹാന്മാർ പറഞ്ഞ വാക്കുകൾ കോറിയിടണം..

എന്നിട്ട് അതിന്നടിയിൽ, ഇഴ കീറിയ, പായയിൽ-

മുഴിഞ്ഞ വേഷത്തിൽ ചുരുണ്ടു കൂടി കിടന്നുറങ്ങണം…!!!

ആരെങ്കിലും ചാട്ട കൊണ്ടടിച്ച് വേദനിപ്പിച്ചുണർത്തുമ്പോൾ..

മുഷ്ടി ചുരുട്ടി ഉറക്കെ, സ്വാതന്ത്ര്യ മുദ്രാവാക്യങ്ങൾ വിളിക്കണം… !!!

പിന്നെ, കഴുവേറി മരണം വരിച്ച് നാലാം നാൾ…

അവനൊരു പോരാളിയായിരുന്നു എന്ന് നാലാൾ പറയണം..

അത് കേൾക്കാൻ മരണം ചങ്ങലയിൽ തളച്ചിട്ട ജയിലറയിൽ നിന്നും…

വീണ്ടും ഉറക്കെ, ഉറക്കെ സ്വാതന്ത്ര്യത്തെ കുറിച്ച് സ്വപ്നം കാണണം..!!!”

അദ്ധ്യായം പത്ത് 

അടുത്ത പ്രഭാതം. 

കോട്ടയം ജില്ലയിലെ ഒരു ഉൾനാടൻ പ്രദേശം. കുറവിലങ്ങാട്, പള്ളിക്കത്തോട് ഭാഗം. 

റബർ മരങ്ങൾ ധാരാളം ഉണ്ട്. റബർ തോട്ടത്തിൽ കാട്ടുപയറുകൾ നിറഞ്ഞിരിക്കുന്ന ഒരു പുരയിടം. പുരയിടത്തിന്റെ മുൻ ഭാഗത്തു വളഞ്ഞു ചുറ്റി ടാർ റോഡ്. 

പുരയിടത്തിനു മുന്നിലെ റോഡിലൂടെ ഒരു കെ എസ് ആർ ടി സി ഓർഡിനറി ബസ് വരുന്നു. റോഡിനു എതിർവശത്തുള്ള ചെരുവിൽ നിന്നുള്ള ഷോട്ട് ആണ്. ബസ് കുറച്ചു ഉയരത്തിൽ ആണ് പോവേണ്ടത്

പുരയിടത്തിനുള്ളിലേക്കുള്ള ഒരു ചെറു വഴിയുണ്ട്..അത് കടന്ന് കുറച്ചു മാറിയാണ് ബസ് നിൽക്കുന്നത്. അതിൽ നിന്നും അർജുനൻ (48  വയസ് ) പുറത്തിറങ്ങുന്നു. 

മുഷിഞ്ഞ ഒരു കുർത്ത, ജീൻസ് ആണ് വേഷം. ഉറക്കമിളച്ച കണ്ണുകൾ. മുഖത്തു പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും ഇല്ല. 

കുറെ നാളുകൾക്ക് ശേഷം തിരിച്ചു വരുന്ന മുടിയനായ പുത്രന്റെ ഇമേജ് കൊണ്ട് വരണം. 

അയാൾ പുരയിടത്തിനുള്ളിലെ റോഡിലൂടെ ഒറ്റപ്പെട്ട പഴയ വീട് ലക്ഷ്യമാക്കി നടക്കുന്നു. 

വീടിന്റെ മുറ്റത്തു അർജുനൻ നിൽക്കുന്നു. പണ്ടപ്പെഴോ ദുരൂഹ മരണങ്ങൾ നടന്ന വീട് പോലത്തെ അന്തരീക്ഷം. 

അയാളുടെ മനസ്സിൽ പഴയ ദുരന്തങ്ങൾ നിഴലിക്കുന്നുണ്ട്. 

(ഫ്‌ളാഷ് ഷോട്ടായി അവിടവിടെയായി ചില മൃത ശരീരങ്ങൾ കിടക്കുന്നത് കാണിക്കാം- ഫ്‌ളാഷ് ബാക്  )

അയാൾ ഓർക്കാൻ ആഗ്രഹിക്കാത്ത ചില ഓർമ്മകൾ തികട്ടി വരുന്നുണ്ട്. 

വീടിന് അകത്തു ആൾപെരുമാറ്റം. ഉള്ളിൽ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ അയാൾ പതുക്കെ മുറ്റത്ത് നിന്നും ഇറങ്ങി ദൂരേക്ക് പോകുന്നു. 

**********

അടുത്ത ജംക്ഷനിലെ ഒരു ചെറിയ ചായക്കട (കോട്ടയം ഗ്രാമങ്ങളിൽ കാണുന്ന തരത്തിലുള്ള നിരയും പലകയും ഉള്ള പഴയ കെട്ടിടം. )

അർജുനൻ ഒരു ചായ ഓർഡർ ചെയ്യുന്നു. 

ചായ കൊണ്ട് വരുന്ന ആളോട് എന്തോ സംസാരിക്കുന്നു. 

“ആ തീപ്പൊരി എസ്റ്റേറ്റിൽ ഇപ്പോൾ ആരാണ് താമസം..”

“തീപ്പൊരി എസ്റ്റേറ്റോ..അങ്ങനൊരു സ്ഥലം ഇവിടില്ലല്ലോ..”

“ഈ വളവിനപ്പുറത്തുള്ള പറന്പില്ലേ…അത്..”

“ഓ അറിയാന്മേല..ഞാനിവിടെ പുതിയ ആളാ..മുതലാളിക്ക് ചിലപ്പോ അറിയാമായിരിക്കും…അമ്മാവോ (അകത്തേക്ക് നോക്കി വിളിക്കുന്നു ) ആ കരോട്ടെ പറന്പിൽ ആരാ താമസം എന്നിവിടൊരാള് ചോദിക്കുന്നു. “

കടയുടമ അടുക്കളയിൽ നിന്നും വെളിയിൽ വന്നു സൂക്ഷിച്ചു നോക്കുന്നു. 

“അവിടിപ്പോ ആരാണ്ടോ ഉണ്ട്..വെളീലോട്ടൊന്നും ഇറക്കില്ല…ഏഴെട്ടു കൊല്ലമായിട്ടങ്ങേര് അവിടുണ്ട്..വലിയ സമ്പർക്കമൊന്നും ഇല്ല ആരുമായിട്ടും…വല്ലപ്പോഴും ഇറങ്ങിയാൽ തന്നെ ഒന്നും മിണ്ടതും ഇല്ല..എന്നാ ചോദിച്ചേ..അങ്ങേരുടെ ആരേലും ആണോ..”

“അല്ല..ആ സ്ഥലം വില്പനക്കുണ്ടോ എന്നറിയാൻ ചോദിച്ചതാ..”

അമ്മാവൻ അടുത്തോട്ടു വന്നു രഹസ്യം പറയുന്ന പോലെ കുശു കുശുക്കുന്നു. 

“ഇവിടെങ്ങും കണ്ടു പരിചയമില്ലല്ലോ..ബ്രോക്കർ വല്ലതും ആണോ..”

“അല്ല..ആ സ്ഥലം വിൽക്കാൻ സാധ്യത ഉണ്ടോ..”

“അതെ..ആ പറമ്പ് വല്യ കോണമില്ലാത്ത പറന്പാ..വാങ്ങിയാൽ ഗതി പിടിക്കത്തില്ല..ദൃഷ്ടി ദോഷമുണ്ട്..പോരാത്തതിന് പത്തു പതിനൊന്ന് വർഷം മുന്നേ ദുർമരണങ്ങൾ നടന്ന പുരയിടമാ…ചുമ്മാ കിട്ടിയാലും വാങ്ങാൻ കൊള്ളുകേല..അവിടെ താമസിക്കുന്ന മനുഷ്യൻ തന്നെ പോലീസ് കേസുണ്ട് എന്നൊക്കെ അറിഞ്ഞിട്ടും ചുളു വിലക്ക് വാങ്ങിച്ചെടുത്തതാ..പിന്നെ വിൽക്കാൻ ഒത്തു കാണുകേല..അതാ അയാളവിടെ തന്നെ കൊണം പിടിക്കാതെ നിന്ന് പോയത്..എന്നാ പറയാനാ..സമയ ദോഷം..എവിടുന്നാന്നാ പറഞ്ഞത് ??”

“എറണാകുളം..”

“ഓ..ചായ മാത്രം മതിയോ കടിയൊന്നും വേണ്ടായോ..ബറോട്ടയുണ്ട് എടുക്കട്ടോ..”

“ആ..”

“ഡാ കൊച്ചാപ്പി ഈ സാറിനൊരു ബറോട്ട ..മസ്‌ലാ കറിയും എടുത്തോ..അതെ ഉള്ളൂ കറിയായിട്ട്..”

അർജുനൻ തന്റെ തോൾ ബാഗിൽ നിന്നും ഒരു സിഗരറ്റ് എടുത്തു പുകയൂതി വിടുന്നു. 

അദ്ധ്യായം പതിനൊന്ന് 

കേരളത്തിൽ വർധിച്ചു വരുന്ന കൊലപാതകങ്ങളുടെ, പ്രത്യേകിച്ചും കുടുംബങ്ങൾക്കുള്ളിൽ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു അശോക്. 

മാറാല പിടിച്ച ജനൽ പാളികൾക്ക് ഇടയിലൂടെ പ്രകാശം മുറിക്കകത്ത് വന്നു താങ്ങി കിടക്കുന്നുണ് എന്നുള്ളതല്ലാതെ, പ്രത്യേകിച്ചും മറ്റു വെളിച്ചങ്ങളൊന്നും വീട്ടിനകത്ത് ഇല്ല. 

“കുടുംബങ്ങൾ സംഘർഷ ഭരിതമാണ്, പുകഞ്ഞു തുടങ്ങുന്ന അഗ്നി പർവതങ്ങൾ പോലെ, പെട്ടെന്നൊരു പൊട്ടിത്തെറിയിലേക്ക് എപ്പോൾ വേണമെങ്കിലും എടുത്തറിയപ്പെടാവുന്ന …” അയാൾക്കെന്തോ എഴുത്ത് മുഴുമിപ്പിക്കാനായില്ല. പിന്കഴുത്തിൽ നിന്നും പുറം കവിഞ്ഞൊരു കൊള്ളിയാൻ മിന്നിയത് പോലെ, ഉള്ളിൽ തോന്നി. 

വാരികകൾക്ക് വേണ്ടി എഴുതി കൂടിയത് മുഴുവൻ അയാൾ ചുരുട്ടി എറിഞ്ഞു. 

പഴയ കാലത്തിന്റെ ഓർമ്മകളുടെ ശേഷിപ്പുകൾ അയാളുടെ കണ്ണിൽ, കവിളിലെ നരച്ച ചെറു താടി രോമങ്ങളിൽ, കുഴിഞ്ഞു ക്ഷീണിതനായ കണ്ണുകളിൽ കാണാം. 

പേനയുടെ അടപ്പ് അടച്ചു വെച്ച് അയാൾ കസേരയിലേക്ക് പിന് ചെരിഞ്ഞു ചാഞ്ഞു കിടന്നു. എപ്പോഴാണ് മയക്കത്തിലേക്ക് വീണത് എന്നറിയില്ല. 

പുറത്തോരു കാൽപ്പെരുമാറ്റം കേട്ട് വാതിൽ തുറന്നു നോക്കി. പരിചയമില്ലാത്ത ആരോ ഒരാൾ മുറ്റത്തുണ്ട്. 

മുറിയിലെ കൂർത്ത ഇരുട്ടിൽ നിന്നും പെട്ടെന്ന് വെളിച്ചത്തേക്ക് വന്നത് കൊണ്ടാവും, കണ്ണ് കാഴ്ച മങ്ങി നിഴൽരൂപം മാത്രം കാണിച്ചു തന്നു. 

ആ രൂപം എവിടെയോ കണ്ടിട്ടുണ്ട്. അശോക് തിരിച്ചു മുറിയിലേക്ക് വന്നു കസേരയിൽ ചാഞ്ഞു കിടന്നു ഉറക്കത്തിലേക്ക് വഴുതി വീണു. 

അദ്ധ്യായം പന്ത്രണ്ട് 

റോയ് അല്ലെ..മരിച്ചു പോയ പീറ്റർ സാറിന്റെ മകൻ ..റോയ്..പണ്ട് ജയിലിൽ കിടന്ന റോയി..

പിന്നിൽ നിന്ന് ആരോ ചോദിക്കുന്നത് കെട്ടാണ് അർജുനൻ തിരിഞ്ഞു നോക്കിയത്. 

പഴയ ഏതോ പരിചയക്കാരൻ ആണ്. കുട്ടിക്കാലത്തു മുഴുവനും മുഖം കുനിച്ചു നടക്കാറുള്ളത് കൊണ്ട് ആളുകളുടെ മുഖം കണ്ട ഓർമ്മയില്ല. 

നീ എപ്പോ എവിടെയാ..നാട് വിട്ടു പോയേപ്പിന്നെ നടാടെയാ അല്യോ ഇവിടേക്ക് വരുന്നത്..

അയാൾ നിർത്താനുള്ള ഒരുക്കമല്ല. 

പണ്ട് വലിയ ദുര്ബലനായിരുന്നു ..ഇപ്പൊ നേരെ നോക്കിയൊക്കെ സംസാരിക്കാൻ തുടങ്ങിയോ..

അയാൾ തുടരുകയാണ്. 

പീറ്റർ ചേട്ടൻ ആ കവലേൽ ഇട്ട് തല്ലികൂട്ടുന്നത് ഇപ്പോഴും ഓർമ്മയുണ്ട്..എന്നാ തല്ലായിരുന്നു. അന്ന് ചത്ത് എന്നാ ഞങ്ങൾ ഒക്കെ വിചാരിച്ചെ. ..നിന്റെ അപ്പനേം അമ്മേം കെട്യോളേം തട്ടിയത് ആ ബംഗാളിയായിരുന്നു കേട്ടോ..അറിഞ്ഞാരുന്നോ. അവനു നിന്റെ കെട്യോളുമായി അവിഹിതം ഉണ്ടാരുന്നെന്നും അത് കണ്ട വകയ്ക്ക് തന്തേം തള്ളേം ഒക്കെ കൂട്ടി അവൻ തട്ടീന്നും ആ വിഷമത്തിൽ അവള് ആത്മഹത്യ ചെയ്‌തെന്നും ആ ഇവിടൊക്കെ ആ കാലത്തെ ജനസംസാരം. നീ പിന്നെ പണ്ടേ ഒരു പിന്നോക്കം ആയത് കൊണ്ട് അറിഞ്ഞു കാണത്തില്ല..അല്ല്യോ. 

റോയിയുടെ മുഖത്തൊരു ചിരി പറന്നു. ക്രൂരമായ ചിരി. 

ഒരു അഭിപ്രായം ഇടൂ