പതിനാറാം വിവാഹവാർഷിക രാവിൽ കട്ടിലിൽ ചെരിഞ്ഞു കിടന്നുറങ്ങുകയായിരുന്ന മധുരിമയുടെ ചെവിയിൽ ശബ്ദം താഴ്ത്തി, മന്ത്രിക്കുന്നത് പോലെയാണ് പ്രേം ആ ചോദ്യം ചോദിച്ചത്.
“മധു, നിനക്ക് നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ “
മധു എന്ന വിളിയിൽ തന്നെ മധുരിമ ഉണർന്നു. കല്യാണം കഴിഞ്ഞിത്ര കാലമായി ആദ്യമായിട്ടാണ് പ്രേമേട്ടൻ അവളെ മധു എന്ന് വിളിക്കുന്നത്.
“എന്താ പ്രേമേട്ടാ “ ചെരിഞ്ഞു കിടക്കുന്നിടത്ത് നിന്ന് ഒന്നനങ്ങുക പോലും ചെയ്യാതെ അവൾ ചോദിച്ചു.
“നിനക്ക് നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ എന്ന് “
അവൾ ഒന്നും മിണ്ടിയില്ല.
“മധു…” പ്രേം വീണ്ടും ചോദിച്ചു.
അവൾ മിണ്ടാതെ കിടന്നു. ഇതെന്താണോ പതിവില്ലാത്ത ഒരു കിന്നാരം- അവൾ ഓർത്തു.
പതിനാറ് വർഷങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് കൂടെ കിടക്കുന്ന ഈ മനുഷ്യൻ പേര് വിളിക്കുന്നത്.
ഡോ, ഡീ, മാഷേ തുടങ്ങിയ ശബ്ദങ്ങളിലും ചുരുക്ക വാക്കുകളിലുമായിരുന്നു അയാൾ ഈക്കണ്ട കാലമത്രയും ഭാര്യയെ വിളിച്ചിരുന്നത്. സൂപ്പർമാർക്കറ്റിലും മറ്റും ചെന്നാൽ കൺ വെട്ടത്തു നിന്ന് ദൂരെയാണ് മധുരിമ നിൽക്കുന്നത് എങ്കിൽ പ്രേം നാക്കു വളച്ചു ഠോ ഠോ ശബ്ദമുണ്ടാക്കും. മറ്റാർക്കും ചുരുളഴിച്ചെടുക്കാനാവാത്ത ഒരു കോഡ് ഭാഷ ഡീകോഡ് ചെയ്തെടുക്കുന്നത് പോലെ ആ ശബ്ദം കേട്ടാൽ മധുരിമ തിരിഞ്ഞു നോക്കും.
“നിന്റെ കെട്ടിയോൻ ഒരു മുരടൻ ആണല്ലോടി. തീരെ റൊമാന്റിക് അല്ല “ മുൻപെപ്പോഴോ പ്രേമേട്ടൻ വിചിത്ര ശബ്ദമുണ്ടാക്കി വിളിക്കുന്നത് കേട്ടപ്പോൾ ക്ലാസ്മേറ്റ് ദിവ്യപ്രഭ എടുത്തടിച്ചത് പോലെയാണ് പറഞ്ഞത്.
അങ്ങനെയുള്ള ആളാണ് അപ്രതീക്ഷിതമായി ചുരുക്കപ്പേര് വിളിക്കുന്നത്.
മധു – അങ്ങനെയിതേവരെയാരും മധുരിമയെ വിളിച്ചിരുന്നില്ല.
“മധു, നീ ഉറങ്ങിയോ ..” അയാൾ വീണ്ടും ചോദിച്ചു.
“ഇല്ല പ്രേമേട്ടാ..” തിരിഞ്ഞു കിടക്കാതെ അവൾ പറഞ്ഞു.
അയാൾ പതുക്കെ അവളോട് ചേർന്നു കിടന്നു. പിന്നിലൂടെ അവളെ കെട്ടിപ്പിടിച്ചു പിൻകഴുത്തിൽ ഉമ്മചാർത്തി.
ഇതും പതിവില്ലാത്തതാണ്. പ്രേമേട്ടന് ഇതെന്താണ് അവൾക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുണ്ടായിരുന്നില്ല.
അയാൾ അവളുടെ സമ്മതത്തിന് കാത്തു നിൽക്കാതെ അവളെ ഉമ്മവെയ്ക്കാനും, അമർത്തിപിടിക്കാനും, തൂവൽസ്പർശത്തെക്കാൾ മാർദ്ധവത്തോടെ തഴുകിത്തലോടാനും തുടങ്ങി.
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ അവരിരുവരും തമ്മിലുരയുന്ന നാഗങ്ങളായി കട്ടിലിൽ പുളഞ്ഞു മറയാൻആരംഭിച്ചിരുന്നു.
പിറ്റേന്ന് കാലത്ത് എഴുന്നേറ്റ്, അടുക്കളയിൽ ഓടിയെത്തിയപ്പോഴേക്കും പ്രേമേട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർന്നൊഴിച്ചു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
ഈ മനുഷ്യന് ഇത് എന്തു പറ്റി. അവൾ ചിന്തിച്ചു.
നല്ല ഇഞ്ചി ചീകിയിട്ട്, ഏലക്കയും, കറുവപ്പട്ടയും പൊട്ടിച്ചിട്ട രസികൻ ചായ.
ഇത്ര നല്ല ചായയുണ്ടാക്കാൻ ഈ മനുഷ്യൻ ഇതെപ്പോൾ പഠിച്ചു.
ചായ ഒരിറക്ക് കുടിച്ചപ്പോഴേക്കും പ്രേമേട്ടന്റെ ചോദ്യം വന്നു.
“എങ്ങനെയുണ്ട് ചായ, മധു “
അപ്പോൾ തലേന്ന് രാത്രിയിലെ താൽക്കാലിക ശമനത്തിനുള്ള പരിഗണന ആയിരുന്നില്ല. പേര് വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. അവൾ തന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ മാറ്റത്തിന് കാരണം എന്താണെന്ന് മനസ്സിലാക്കാൻ കഴിയാതെ അന്തംവിട്ടു നോക്കി നിൽക്കുന്നത് തുടർന്നു.
“മധു, ചായ എങ്ങനെയുണ്ട് “
“നല്ല ടെയ്സ്റ്റ് ഉണ്ട് പ്രേമേട്ടാ..” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അതിനു ശേഷം, ആ ദിവസം ഒരുക്കിയെടുക്കാൻ വേണ്ട കാര്യങ്ങൾ അടുപ്പിക്കാൻ വേണ്ടി മുന്നോട്ടാഞ്ഞു.
ഞായറാഴ്ച അരി അരച്ച് വെച്ചിട്ടുള്ളത് കൊണ്ട്, പിള്ളേർക്ക് ഇഡ്ഡലിയോ ദോശയോ ചുട്ടു കൊടുക്കാം. പ്രേമേട്ടനും ഇഡ്ഡലി മതി. പിന്നെയുള്ളത് ഉച്ചയ്ക്കുള്ള ചോറാണ്. നാലുപേർക്ക് കഴിക്കാൻ ഒന്നര ഗ്ളാസ് അരി. അതാണ് അവളുടെ കണക്ക്. ഉച്ചക്കത്തെക്ക് ഒരു സാമ്പാർ കൂടി വെച്ചാൽ ബ്രേക്ഫാസ്റ്റിന് ചമ്മന്തി അരയ്ക്കുന്ന പണി കുറഞ്ഞു കിട്ടും. പയറോ, കോവയ്ക്കയോ ഉണ്ടെങ്കിൽ ഒരു തോരൻ കൂടി വെയ്ക്കാം. വൈകുന്നേരത്തേക്ക് ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയുമാണ് പതിവ്. അത് വൈകീട്ട് ഓഫീസിൽ നിന്ന് വന്നു ചെയ്യാവുന്നതേയുള്ളൂ.
ഇത്രയും കണക്കു കൂട്ടലുകൾ തലയിൽ പേറിയാണ് തലേ ദിവസം ഉറങ്ങാൻ കിടന്നത്.
അതിന്നിടയിലാണ് പതിവ് തെറ്റിച്ചുള്ള പ്രേമേട്ടന്റെ പ്രേമാഭിഷേകങ്ങൾ. പ്രേമാഭിഷേകങ്ങൾ ആയിരുന്നോ അതോ ഉടലിന്റെ താൽക്കാലിക രതിശമനങ്ങളോ.
“മധു, നീയെന്താണ് ചെയ്യാൻ പോകുന്നത് “ പ്രേം ചോദിച്ചു.
“ഇതെന്ത് ചോദ്യമാണ് പ്രേമേട്ടാ.., വർക്കിംഗ് ഡേ അല്ലെ. ഓഫീസിൽ പോവണ്ടേ, പിള്ളേരെ സ്‌കൂളിൽ വിടേണ്ട..ഒന്നാമതെ ലേറ്റ് ആയി..” മധുരിമ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
“അതൊക്കെ ഞാൻ നോക്കാം “
“എന്താ “ അന്തംവിട്ടൊരു ചോദ്യമായിരുന്നു മധുരിമയുടെ നാക്കിൽ നിന്നും വെളിയിലേക്ക് ഇറ്റു വീണത്.
“നീ ചായയൊക്കെ കുടിച്ചു ആ സോഫയിൽ പോയി ഇരിക്ക്..ഇന്നത്തെ പണി ഞാൻ നോക്കിക്കൊള്ളാം..പിള്ളേർക്ക് നല്ല നെയ്യിൽ മൊരിഞ്ഞ ദോശ..അത് പോരെ. മുളക് വെച്ചൊരു ചമ്മന്തി. അതും ചെയ്യാം. ഉച്ചക്കത്തേക്ക് ചോറ് നീ പറഞ്ഞു തന്നാൽ മതി ഞാൻ ഇട്ടോളാം. എളുപ്പത്തിനൊരു മോര് കറി, പിന്നെ ഫ്രിഡ്ജിൽ മീൻ കഷ്ണിച്ചു വെച്ചത് ഇരിപ്പില്ലേ. എടുത്ത് ഫ്രൈ ചെയ്യാം..വൈകുന്നേരം നമുക്ക് പുറത്ത് പോയി കഴിക്കാം..”
“ഈ പ്രേമേട്ടന് ഇതെന്താ പറ്റിയെ ..” അവൾ ഒറ്റശ്വാസത്തിൽ ചോദിച്ചു.
മറുപടിയായി ഇന്ന് വരെ കണ്ടിട്ടില്ലാത്ത മനോഹരമായ ഒരു പുഞ്ചിരിപൊഴിച്ചു ഇഡ്ഡലിത്തട്ട് തുടച്ചെടുക്കാനെടുക്കുന്ന പ്രേമേട്ടനെയാണ് അവൾ കണ്ടത്.
***
വൈകീട്ട് വീട്ടിൽ ചെല്ലുമ്പോൾ, വരാന്തയിലെ കസേരയിൽ പഞ്ചാരചിരിയുമായി ഇരിക്കുന്ന പ്രേമേട്ടനെയാണ് ആദ്യകാഴ്ച.
“മധു, ചായ എടുക്കട്ടേ “ അയാൾ ചോദിച്ചു.
ഈ മനുഷ്യന് ചായയിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ. അവൾ ചിന്തിച്ചു.
“ഓകെ പ്രേമേട്ടാ “
പ്രേമേട്ടൻ, മിന്റ് ലീവ്‌സ് ഇട്ട രസികനൊരു ചായയിട്ട് മധുരിമയ്ക്ക് കൊടുത്തു.
പിള്ളേർ സ്‌കൂൾ വിട്ടു വന്നിട്ടുണ്ടായിരുന്നു. രണ്ടു പേരും ഹോം വർക്കൊക്കെ തീർത്ത് കുളിച്ചു റെഡിയായി നിൽക്കുന്നു.
“നീ വേഗം കുളിച്ചു സുന്ദരിയായി വാ…നമുക്കിന്ന് വെളിയിൽ പോയി കഴിക്കാം. “ അയാൾ ചുണ്ടിലെ പുഞ്ചിരി മായ്‌ക്കാതെ പറഞ്ഞു.
“പിന്നെ, ആ മെറൂൺ സാരിയില്ലേ, അത് ഉടുത്താൽ മതി “
പ്രേമേട്ടന് തന്റെ സാരിയൊക്കെ അറിയാമോ എന്നൊരു ചോദ്യം ചോദിക്കണം എന്നാണ് ആദ്യം കരുതിയത്. പക്ഷെ ചോദിച്ചില്ല. ഈ മനുഷ്യന് ഇത് എന്തു പറ്റി എന്ന ചോദ്യം തലയിൽ കിടന്നു കറങ്ങുന്നുണ്ടായിരുന്നു ഷവറിലെ കുളിയും, തിടുക്കപ്പെട്ടുള്ള സാരിയുടുക്കലും എല്ലാം കഴിഞ്ഞു മുറിയിൽ നിന്ന് വെളിയിൽ ഇറങ്ങുന്നത് വരെയും.
“നീ ടിവി കണ്ടു കുറച്ചു നേരം ഇരിക്ക്..ഞാൻ ഡ്രെസ് മാറി വേഗം വരാം “ – മുറിയിലേക്ക് കയറുന്ന വഴിക്ക് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു.
അവളുടെ അമ്പരപ്പ് വളർന്നുവളർന്നൊരു വന്മരമായി ആ വീടിനുള്ളിൽ തിങ്ങിനിറഞ്ഞു നിൽക്കുന്നതായി അവൾക്ക് തോന്നി.
“അച്ഛനെന്താ പറ്റിയെ അമ്മേ..” ടിവി മുറിയിൽ എത്തിയപ്പോൾ മൂത്ത മകൾക്കും ഈയൊരു ചോദ്യമായിരുന്നു ഉണ്ടായിരുന്നത്.
സ്‌കൂൾ എങ്ങനെ ഉണ്ടായിരുന്നു. ഹോം വർക്ക് തീർത്തോ തുടങ്ങിയ ചോദ്യങ്ങൾ പരിചയാക്കിയായിരുന്നു മധുരിമ തന്റെ അങ്കലാപ്പ് മറച്ചു പിടിച്ചതും മകളുടെ ചോദ്യം മുന്നിൽ നിന്ന് മാറ്റിയെടുത്തതും.
പ്രേമേട്ടൻ പുറത്ത് വന്നത് നിറയെ പൂക്കളുള്ള ഒരു ഷർട്ട് പാന്റ്സിനുള്ളിൽ ഇൻ ചെയ്ത് ആയിരുന്നു.
അന്ന് വരെ പരിചയപ്പെട്ടിട്ടില്ലാത്ത ഒരു സുഗന്ധം അയാളെ ചുറ്റി മുറിയാലാകെ പരക്കുന്നത് മധുരിമയും കുട്ടികളും അനുഭവിച്ചറിയുന്നുണ്ടായിരുന്നു.
പുറത്തെ ഡിന്നറും, ജ്യുസ് കുടിയ്ക്കലും എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേ കുഞ്ഞുങ്ങൾ രണ്ടു പേരും ഉറക്കം പിടിച്ചിരുന്നു. രണ്ടുപേരെയും മുറിയിലാക്കിയതും, പുതപ്പ് മൂടി കിടത്തിയതും, എല്ലാം പ്രേമേട്ടൻ ആയിരുന്നു,
അടുക്കളയിലെ പണിയെല്ലാം തീർത്ത് മുറിയിലെത്തി ലൈറ്റ് അണച്ച് കിടന്നപ്പോഴേക്കും പ്രേമേട്ടൻ വിളിച്ചു.
“മധു, നീ ഉറങ്ങിയോ “
എന്നിട്ട് മറുപടിക്കുള്ള സമയം കൊടുക്കാതെ അയാൾ മധുരിമയോട് ചേർന്നു കിടന്നു.
അവളെ പിന്നിൽ നിന്നും പുണർന്നു. പിന്കഴുത്തിൽ ഉമ്മ വെച്ചു. മുടിയിലും, വിരലുകളിലും, കണ്പീലികളിലും, ചുണ്ടിലും, മുലഞ്ഞെട്ടിലും, തുടകളിലും തൂവൽസ്പർശമായി അയാൾ ഒഴുകി നടന്നു.
**
“വയസ്സ് പത്ത് നാല്പത്തിയഞ്ചായി, പിള്ളേർ രണ്ടു പേരും വലുതായി. ഈ മനുഷ്യന് ഇതെന്താ പറ്റിയത് എന്നൊരു പിടിയുമില്ല ദിവ്യേ” ഓഫീസിൽ പണിയൊഴിഞ്ഞൊരു ഗ്യാപ്പ് കിട്ടിയപ്പോൾ മധുരിമ കൂട്ടുകാരിയെ വാട്സ്ആപ്പിൽ വിളിച്ചു.
“കിളിപോയോ മോളെ “ ദിവ്യപ്രഭ പരിഹസിച്ചു
“ഒരു പിടിയുമില്ല. ഇന്നേവരെ കണ്ടിട്ടില്ലാത്ത ആൾ ആണ് പ്രേമേട്ടൻ ഇപ്പോൾ “ മധുരിമ വെളിപ്പെടുത്തി.
“ഇത് മറ്റേതാ ..കാമപ്രാന്ത്..വയസ്സാംകാലത്തോട് അടുക്കുമ്പോൾ എല്ലാ ആണുങ്ങൾക്കുമുള്ള സൂക്കേടാ “ ദിവ്യപ്രഭ സിദ്ധാന്തമിറക്കി.
“അല്ലെടീ..അങ്ങനെ ആണെങ്കിൽ രണ്ടോ മൂന്നോ പ്രാവശ്യം കഴിഞ്ഞാൽ മടുക്കേണ്ടത് അല്ലേ..ഇതിപ്പോ ..”
“ഇതിപ്പോ ? “
“ഇതിപ്പോ ഡെയിലി സെക്സ് ആണ്..എന്നിട്ടും മൂപ്പർക്ക് മടുക്കുന്നില്ല..” മധുരിമ രഹസ്യം മറച്ചുവയ്ക്കാതെ പറഞ്ഞു.
“എന്റെ മോളെ..കൈവിട്ടു പോയോ..അത് ശരി മടുപ്പില്ലാത്തത് മൂപ്പർക്ക് മാത്രമേയുള്ളൂ..നിനക്കോ..”
അവൾ ചിരിച്ചു..
“പഴയ പോലല്ല..ഒരു സുഖമൊക്കെ ഉണ്ട്..”
“എന്നാപ്പിന്നെ എന്താ പ്രശ്നം..”
“അതല്ല ദിവ്യേ, ഇത്രേം കാലം ഇല്ലാത്ത ഈ പുതിയ പരിപാടി മൂപ്പർക്ക് എവിടുന്നാ കിട്ടിയത് എന്നാണ്..”
“ നീ ഒരു കാര്യം ചെയ്യ്, അങ്ങേരു കുളിക്കാൻ കയറുമ്പോഴോ, കക്കൂസിൽ പോകുമ്പോഴോ മൊബൈൽ എടുക്ക്, എന്നിട്ട് ഏതൊക്കെ വാട്സ്ആപ് ഗ്രൂപ്പിൽ ഉണ്ടെന്ന് നോക്ക്..നിനക്ക് പുള്ളീടെ ഫോണിന്റെ നമ്പർ ലോക്ക് ഒക്കെ അറിയാമോ..”
“സംശയം തോന്നി ഞാൻ ഇന്നലെ നോക്കി. പണ്ടൊക്കെ ഫോൺ എന്തോ രഹസ്യ വസ്തുവിനെപ്പോലെ കൊണ്ട് നടന്നിരുന്ന ആൾ ആണ്. ഇപ്പൊ ബാത്റൂമിൽ പോകുമ്പോൾ ഫോൺ കൊണ്ട് പോവാറില്ല. ഇന്നലെ നോക്കിയപ്പോൾ ഫോൺ മേശപ്പുറത്തിരിക്കുന്നു. നമ്പർ ലോക്ക് ഇല്ല. വാട്സ്ആപ് ഒക്കെ ഡിലീറ്റഡ് ആണ്. “
“ഓഹോ..എന്നാപ്പിന്നെ എന്റെ കെട്ടിയോൻ പറയുന്നത് പോലെ ഇത് മറ്റേത് ആവും കഴപ്പ്..കുത്തിക്കഴപ്പ് ..”
“നീ പോടി..എനിക്ക് സത്യം പറഞ്ഞാൽ പേടി ആവുന്നുണ്ട്. ഇനി പ്രേമേട്ടന് വല്ല മാരക രോഗവും പിടിച്ചിട്ടുണ്ടാവുമോ..അവസാന കാലമായി എന്ന തോന്നൽ വല്ലതും പിടിച്ചു കാട്ടിക്കൂട്ടുന്നത് ആയിരിക്കുമോ …”
“ആർക്കറിയാം എന്റെ പൊന്നു മധുരിമേ “
അന്നത്തെ ഫോൺ സംഭാഷണം അങ്ങനെ തീർന്നു.
വൈകുന്നേരം വീട്ടിൽ ചെല്ലുമ്പോൾ പതിവ് പോലെ വരാന്തയിൽ പുഞ്ചിരി തൂവി നിൽക്കുന്നുണ്ടായിരുന്നു പ്രേമേട്ടൻ.
ഷർട്ട് ഇട്ടിട്ടില്ലായിരുന്നു.
ദേഹത്തേയും കാലിലെയും രോമങ്ങൾ ഷേവ് ചെയ്തു മാറ്റിയിരുന്നു.
ഡിന്നർ കഴിക്കലും, കുട്ടികളെ ഉറക്കലും, അടുക്കള വൃത്തിയാക്കൽ പണികളിലുമെല്ലാം തൊട്ടുരുമ്മി കൂടെ സഹായിച്ചു കൊണ്ട് പ്രേമേട്ടൻ ഒപ്പമുണ്ടായിരുന്നു.
ബെഡ്‌റൂമിൽ കയറി വാതിലടച്ചു കുറ്റിയിട്ടപ്പോൾ പ്രേമേട്ടൻ വന്നു കെട്ടിപ്പിടിച്ചു.
ഒരു നർത്തകന്റെ മെയ്‌വഴക്കത്തോടെ ശരീരത്തോട് ഒട്ടിനിന്ന് പ്രേമേട്ടൻ ഉമ്മവെച്ചു.
മൊബൈലിൽ നിന്ന് യൂട്യൂബ് എടുത്ത് ഇറോട്ടിക് മ്യൂസിക് പ്ളേ ചെയ്തു കൊണ്ട് പ്രേമേട്ടൻ ഒരു ഇറോട്ടിക് ഡാൻസറുടെ ചലനങ്ങളോടെ മധുരിമയ്ക്കൊപ്പം നൃത്തം വെയ്ക്കാൻ തുടങ്ങി.
രാത്രി ഏറെ വൈകി ഉറങ്ങാൻ കിടന്നപ്പോൾ അവൾ അയാളോട് ചോദിച്ചു.
“നമുക്ക് സെക്സ് എത്ര പ്രായം വരെ ഇത് പോലൊക്കെ ചെയ്യാൻ പറ്റും..”
“മനസുണ്ടെങ്കിൽ എത്ര പ്രായം വരെയും ചെയ്യാൻ പറ്റും മോളെ ..” അയാൾ വിരലുകൾ കോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
**
“ഇനി ഒന്നും സംശയിക്കേണ്ട. ഇത് സെക്സ് അഡിക്ഷൻ തന്നെ. ഹൈപ്പർ സെക്സ് ഡ്രൈവ്. നീ എത്രയും പെട്ടെന്ന് അയാളെ ഒരു കൗൺസിലിംഗിന് കൊണ്ട് പോകണം. ഇല്ലെങ്കിൽ നിന്നെക്കൊണ്ട് നിൽക്കില്ല. അയാൾ വേലി ചാടും “ ദിവ്യപ്രഭ ഓർമ്മപ്പെടുത്തി.
ഫോണിൽ മുഖം അടുപ്പിച്ചു മധുരിമ അതു കേട്ടു നിന്നു.
“ഇന്നലെ പ്രേമേട്ടൻ ഒരു കഥ പറഞ്ഞു “
“ഓ ഇതിനിടയ്ക്ക് കഥ പറച്ചിലും ഉണ്ടോ..” അവളുടെ ശബ്ദത്തിൽ ഒരു അസൂയയുടെ ചുവയുണ്ടോ.
“കഴിഞ്ഞു കിടക്കുമ്പോഴാണ് പറഞ്ഞത്. പ്രേമേട്ടൻ ഈയിടെ ഒരു കഥ വായിച്ചത്രെ..ഒരു പ്രോസ്റ്റിട്യൂട്ടിനെ തിരഞ്ഞു ചെന്ന ഒരു പണക്കാരന്റെ കഥ. അയാൾ ഒറ്റയ്ക്ക് ആയിരുന്നത്രേ അത്രയും കാലം കഴിഞ്ഞിരുന്നത്. പണമുണ്ടാക്കാനുള്ള തിരക്കിൽ ജീവിക്കാൻ മറന്നു പോയ ഒരാൾ. ഒടുക്കം താൻ ഒറ്റയ്ക്ക് ആണെന്നും തന്റെ സുഖ ദുഃഖങ്ങൾ ഷെയർ ചെയ്യാൻ ആരും കൂടെയില്ല എന്നും തിരിച്ചറിയുന്ന അയാൾ, മരിക്കാൻ തീരുമാനിക്കുന്നു. മരിക്കുന്നതിന് മുന്നേ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങൾ അനുഭവിക്കണം എന്ന് പറഞ്ഞു അയാൾ പണം കൊണ്ട് കണ്ടെത്താൻ പറ്റുന്ന സുന്ദരികളിൽ ഏറ്റവും സുന്ദരിയായ ഒരുവളെ കണ്ടെത്തി അവളോടൊപ്പം രാത്രി പങ്കു വെയ്ക്കുന്നു. രാത്രി മുഴുവനും സെക്‌സും കഥപറച്ചിലുമായി ഒരുമിച്ചു കഴിഞ്ഞ ശേഷം തന്റെ കയ്യിലുള്ള പണവും സ്വത്തുക്കളുമെല്ലാം അവൾക്ക് എഴുതി വെച്ചിട്ട് ആ ഹോട്ടലിന്റെ ടെറസ്സിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്യുന്ന ഒരാളുടെ കഥ “
“കണ്ടോ കണ്ടോ..ഞാൻ പറഞ്ഞില്ലേ, നിന്റെ പ്രേമേട്ടൻ ആള് വിചാരിച്ചപോലെ അല്ലല്ലോ..”
“നീ പേടിപ്പിക്കാതെ ..”
“എടീ മധുരിമേ..നിന്നോട് അയാൾ കാണിക്കുന്നത് ഒന്നാം തരം മരിറ്റൽ റേപ്പ് ആണ്. എന്റെ അഭിപ്രായത്തിൽ നീ ഇത് സഹിച്ചു കഴിയേണ്ട ആവശ്യമില്ല. എത്രയും പെട്ടെന്ന് ഡൈവേഴ്‌സ് ഫയൽ ചെയ്യുന്നത് ആയിരിക്കും നിനക്ക് നല്ലത്..”
കൂടുതൽ സംസാരിക്കാൻ നിൽക്കാതെ മധുരിമ ഫോൺ കട്ട് ചെയ്തു ജോലിത്തിരക്കിലേക്ക് ഊളിയിട്ടിറങ്ങി.
***
രാത്രി വന്നെത്തി.
അടുക്കളയിലെ പണികൾ ഒതുങ്ങി.
കുട്ടികൾ ഉറങ്ങി.
ക്ളോക്കിലെ സമയം പതിനൊന്നടിച്ചു.
മുറിയിലെ എസിയിൽ നിന്നും തണുത്ത കാറ്റ് പരന്നൊഴുകി.
മുറിയിലാകെയും പ്രേമേട്ടന്റെ പുതിയ സ്പ്രേയുടെ സുഗന്ധം തങ്ങിക്കിടക്കുന്നു.
മധുരിമ മുറി അകത്ത് നിന്നും കുറ്റിയിട്ടു, ബാത്റൂമിൽ കയറി മുഖം ലോഷനിട്ടു കഴുകി. ബ്രഷ് ചെയ്തു.
സാരിയിൽ നിന്നും പുതിയ കടും ചുവപ്പ് നൈറ്റ് ഗൗണിലെക്ക് മാറി.
ബെഡിൽ ഹൃദയമിടിപ്പോടെ കിടക്കുകയാണ് പ്രേം കുമാർ.
മുറിയിലെ ചെറിയ ബ്ലൂ ടൂത്ത് സ്പീക്കറിൽ പാകിസ്‌ഥാനി സിംഗർ അലി സേഥിയുടെ ഗസൽ ചെറിയ ശബ്ദത്തിൽ കേൾക്കാം.
അവൾ പതുക്കെ നടന്നു വന്നു ബെഡിൽ ഇരുന്നു.
പ്രേമേട്ടൻ പുഞ്ചിരിച്ചു കിടക്കുകയാണ്.
“മധു “ അയാൾ വിളിച്ചു.
“എന്തോ “
“എനിക്ക് നിന്നോട് പ്രേമമാണ്..”
“അതിപ്പോ ഈ ആവശ്യത്തിന് തോന്നുന്നത് അല്ലെ..” അവൾ പരിഭവിച്ചു.
“അല്ല..സത്യമായിട്ടും..നിന്നെ എനിക്ക് ജീവനാണ്..”
“സത്യം ?“ അവൾ അവനോട് കൂടുതൽ അടുത്തേക്ക് ചേർന്നിരുന്നു ചോദിച്ചു.
“എന്റെ പ്രേമം എനിക്ക് ഇങ്ങനെയേ പ്രകടിപ്പിക്കാൻ അറിയൂ ..”
“എനിക്കറിയാം പ്രേമേട്ടാ..”
അയാൾ അവളെ വാരിപ്പുണർന്നു.
അവളുടെ രോമകൂപങ്ങളിൽ അയാളുടെ ശ്വാസോച്ഛാസങ്ങൾ അലിഞ്ഞു ചേർന്നു.
പുറത്ത് നിലാവ് പരക്കുന്നതിൽ ചില ശകലങ്ങൾ ജനാലവിരികൾക്കിടയിലൂടെ മുറിയിലേക്ക് പറന്നു വീണു.
ആ നിലാവിൻ പൂമെത്തയിൽ മധുരിമയും പ്രേം കുമാറും പുത്തൻ കമിതാക്കളെപ്പോലെ പ്രണയാവേശത്തിൽ കുതിച്ചു, കിതച്ചു, വീണ്ടും കുതിച്ചു.
ഒടുക്കം നിലാവു മാത്രം ഉടയാടകളായി ബാക്കിയിരുപ്പ് വെച്ച് തളർന്നു കിടക്കുമ്പോൾ അയാൾ അവളുടെ ചെവിയിൽ മന്ത്രിച്ചു.
“മധു, അടുത്ത ജന്മത്തിലും നീയെനിക്ക് ഇണയായി കൂടെയുണ്ടാവുമോ..”
അവൾ സമ്മതം മൂളി. എന്നിട്ട് ചുണ്ടുകൾ അയാളുടെ ചുണ്ടുകളിലേക്ക് ചേർത്തടുപ്പിച്ചു.