കെണി!

on

പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. നീതിമാനായ ഒരു രാജാവ്. പക്ഷെ രാജാവിനൊരു കുഴപ്പമുണ്ടായിരുന്നു. ഒരു കേഴ്സ്..ശാപം. ഫൈസൽ കഥ പറഞ്ഞു തുടങ്ങി. അയാളുടെ നെഞ്ചിൽ തല ചായ്ച്ചു ഏഴു വയസുകാരി മകൾ കഥയിൽ അലിഞ്ഞു ചേർന്ന് ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി. 

“ രാജാവിന്റെ കേഴ്സ് എന്താണെന്ന് അറിയണ്ടേ”

“..ഉം “ ഉറക്കം കനം വെച്ച കണ്ണ് തുറക്കാൻ ശ്രമിച്ചു മകൾ പറഞ്ഞു. 

അയാൾ കഥ തുടർന്നു. 

“ രാജാവിന്റെ കേഴ്സ് എന്താണെന്ന് വെച്ചാൽ നോബഡി ട്രസ്റ്റ് ദി കിംഗ്. എന്ന് വെച്ചാൽ രാജാവ് എന്തൊക്കെ ചെയ്താലും, രാജാവ് എത്ര സിന്സിയർ ആയിട്ട് കാര്യങ്ങൾ ചെയ്താലും, ആരും വിശ്വസിക്കില്ല. ഇൻക്ലൂഡിംഗ് ഹിസ് വൈഫ്, ദി ക്യൂൻ, ഹിസ് ടൂ ഡോട്ടേഴ്സ്, പ്രജകൾ..അങ്ങനെ എല്ലാരും. ആർക്കും വിശ്വാസമില്ല രാജാവിനെ. എക്സപ്റ്റ് വൺ പേഴ്സൺ. രാജാവിന്റെ ഇളയ മകൾ സോഫിയ. മകളുടെ തലയിൽ കയ്യോടിച്ചു ഫൈസൽ കഥ തുടർന്ന് കൊണ്ടേയിരുന്നു. 

“മോൾക്ക് ഉറക്കം വരുന്നില്ലേ..”

“യെസ് ഡാഡി. കഥ ബാക്കി പറ..നല്ല രസമുണ്ട്..ഹൌ ഡിഡ് ദി കേഴ്സ് ഹാപ്പെൻഡ്..ടെൽ മി ദാറ്റ് സ്റ്റോറി ഫസ്റ്റ്..”

പറയാം…

അവരുടെ സംഭാഷണം മുറിച്ചു കൊണ്ട് ഫൈസലിന്റെ ഭാര്യ ഷിഹാന മുറിയിലേക്ക് കടന്നു വന്നു. അവളുടെ കയ്യിൽ ഫൈസലിന്റെ ഫോൺ ഉണ്ട്. അവൾ ഫോൺ ഫൈസലിന് നേരെ നീട്ടി. രണ്ടു പേരുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാം, അവരെന്തോ സൗന്ദര്യ പിണക്കത്തിലാണ്. 

“നീ ഇത് വരെ ഉറങ്ങിയില്ലേ..” ഭാര്യ മകളോട് അരിശപ്പെട്ടു. 

“നീ അവളുടെ അടുത്ത് ദേഷ്യപ്പെടേണ്ട..” ഫോണുമായി ബെഡ്‌റൂമിൽ നിന്നും പുറത്തേക്ക് പോകുന്നതിനിടെ ഫൈസൽ പറഞ്ഞു. 

“ഡാഡി..ബാക്കി കഥ..”

“മോളുറങ്ങിക്കോ..ഡാഡി ബാക്കി കഥ നാളെ പറയാം…ഡാഡീടെ ബോസ് വിളിക്കുന്നു..”

ഫോൺ ഡിസ്കണക്ട് ആയത് കൊണ്ട് അയാൾ ലിവിംഗ് റൂമിലേക്ക് ചെന്ന് തിരിച്ചു വിളിക്കുന്നു. 

ലിവിംഗ്  റൂമിലെ ജനാലയിലൂടെ പുറത്തെ പാർക്കിങ് ഏരിയയിൽ നിന്നുള്ള വെളിച്ചം അരിച്ചിറിങ്ങുന്നു. അയാളുടെ മുഖത്ത് ആശങ്ക നിറയുന്നത് കാണാം. 

പുതിയ ഒരു കുറ്റകൃത്യം കൂടി ആ രാത്രിയിൽ നടന്നിട്ടുണ്ടാവാം. . 

ഇരുൾ വീണു തുടങ്ങിയിട്ടേയുള്ളൂ…

അയാൾ തന്റെ സർവീസ് റിവോൾവരും, കാർ കീയും എടുത്ത് മകളുടെ നെറ്റിയിൽ ഉമ്മ കൊടുത്ത് പുറത്തേക്ക് ഇറങ്ങി. 

ഭാര്യ അയാളുടെ കയ്യിൽ പിടിച്ചു..

“സൂക്ഷിച്ചു പോണം..” അവൾ പറഞ്ഞു. 

അയാൾ ഭാര്യയുടെ നെറുകയിൽ ഉമ്മ കൊടുത്ത്, വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി. 

ഐജി ഓഫീസിൽ പെട്ടെന്ന് വിളിച്ചു ചേർത്ത ഒരു ബ്രീഫിംഗ് മീറ്റിങ്ങിലേക്ക് ആയിരുന്നു അയാൾ കയറിച്ചെന്നത്. നഗരത്തിലെ പ്രധാന പോലീസുദ്യോഗസ്ഥരെല്ലാം അവിടെ തിരക്കിട്ടു വിളിച്ചു ചേർത്ത മീറ്റിംഗിലേക്ക് എത്തിയിരുന്നു. 

കഴിഞ്ഞ കുറെ ദിവസങ്ങളായി നഗരത്തെ ചുറ്റിപ്പറ്റിയുള്ള കുറ്റകൃത്യങ്ങൾ കൂടി വരുന്നതുമായ ബന്ധപ്പെട്ട വാർത്തകളായിരുന്നു ചാനലുകളിലും പത്രങ്ങളിലുമെല്ലാം എന്നത് കൊണ്ട് തന്നെ കൂടിയിരുന്ന ഉദ്യോഗസ്ഥന്മാരിൽ സ്വാഭാവികമായൊരു പിരിമുറുക്കം ഉണ്ടായിരുന്നു. 

“ ലഹരിയിൽ മുങ്ങി കൊച്ചി, പെരുകുന്ന കുറ്റകൃത്യങ്ങൾ…ആഭ്യന്തരം പരാജയമോ “ ന്യൂസ് ചാനലിലെ പ്രധാന ചർച്ചയുടെ പോസ്റ്റർ ഉയർത്തിക്കാട്ടി ക്ഷോഭത്തോടെ ഐജി മൂർത്തി ഐപിഎസ് ശബ്ദം കനപ്പിച്ചു സംസാരിച്ചു തുടങ്ങി..!

“ ഐ ആം എക്‌പെക്ടിംഗ് എക്സ്പ്ലനേഷൻസ് ഫ്രം ഈച്ച് ഓഫ് യു ഓൺ ദിസ് , നിങ്ങളുടെ പവറിന്റെ അടിയിലുള്ള നഗരമാണ് ഇത്…എന്തു കൊണ്ടാണ് നമുക്കിത്തരം ക്രൈമുകൾ തടയാൻ കഴിയാതാവുന്നത്. “

ഉദ്യോഗസ്ഥരെല്ലാവരും ഒന്നും മിണ്ടാതെ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരിപ്പാണ്. 

“നോക്കൂ..നിങ്ങൾ നിശ്ശബ്ദമായിരിക്കുന്നത് കൊണ്ട് കാര്യമില്ല. ഇപ്പോൾ തന്നെ കണ്ടില്ലേ…ഒരു കേസ് കഴിഞ്ഞയാഴ്ച ഉയര്ന്നു വന്നതേയുള്ളൂ..സിമിലർ കേസ് ദേ വീണ്ടും വന്നിരിക്കുന്നു. ആരാണ് റിപ്പോർട് ചെയ്യുന്നത്..” 

വൈറ്റില സി ഐ അരുൺ രാജൻ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്തു റിപ്പോർട്ട് അവതരിപ്പിച്ചു. 

“ വൈകുന്നേരം എട്ടരയോടെയാണ് സംഭവം. വൈറ്റില ഇടപ്പള്ളി റോഡിൽ അമിതവേഗതയിൽ വന്ന ഒരു കാർ നടപ്പാതയിലേക്ക് പാഞ്ഞു കയറി, വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. ഒരാൾ കൊല്ലപ്പെട്ടു..”

“ബാക്കി കൂടി പറ -” ഐജി ശബ്ദത്തിനു മൂർച്ച കൂട്ടി. 

“കൊല്ലപ്പെട്ടയാൾ നയന 27  വയസ്സ് – ഒരു ബൊറ്റീക്ക് നടത്തുന്നു. സെപ്പറേറ്റഡ് ആണ്. സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു..” 

“വഴിയാത്രക്കാർക്ക് എന്തെങ്കിലും ..” ആലുവ സി ഐ ആണ് ആ ചോദ്യം ചോദിച്ചത്.

“ഇല്ല…ഭാഗ്യത്തിന് കാർ സ്പീഡിൽ വരുന്നത് കണ്ടു ആളുകൾ ഓടി മാറിയത് കൊണ്ട് വലിയൊരു അപകടമുണ്ടാവാതെ രക്ഷപ്പെട്ടു. “ 

“ സർ ഇതൊരു ആക്സിഡന്റ് കേസ് അല്ലേ..ഇതിലെന്താണ് അൺയൂഷ്വൽ ആയിട്ടുള്ളത്..” ഫൈസൽ ആകാംക്ഷ അടക്കാൻ വയ്യാതെ ചോദിച്ചു. 

“അൺ യൂഷ്വൽ ആവുമായിരുന്നു, പക്ഷെ..ഒരു ചെറിയ ട്വിസ്റ്റ് ഉണ്ട്..” വൈറ്റില സി ഐ തുടർന്നു. 

“ട്വിസ്റ്റോ..” 

“അതെ..സംഭവ സ്ഥലത്ത് നിന്നും കാറിൽ ഉണ്ടായിരുന്ന ഒരു യുവതി  പെട്ടെന്ന് അപ്രത്യക്ഷയായി….”

“അപകടം നടന്ന ഷോക്കിൽ ഓടി രക്ഷപ്പെട്ടത് ആയിരിക്കും..അതിലെന്ത് അൺ യൂഷ്വൽ “ ഫൈസൽ വീണ്ടും ചോദിച്ചു. അയാളുടെ ചോദ്യങ്ങൾ ഐജിക്കും മറ്റു സീനിയർ ഉദ്യോഗസ്ഥർക്കും അലോസരമുണ്ടാക്കുന്നതായിരുന്നു എന്ന് മറ്റുള്ളവരുടെ ഭാവങ്ങൾ സൂചിപ്പിച്ചു.

“അവിടെയാണ് സാർ വീണ്ടുമൊരു ട്വിസ്റ്റ് “- വൈറ്റില സി ഐ ഫൈസലിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. 

“സംഭവ സ്ഥലത്ത് നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളുടെ വിഷ്വൽസ് എടുത്ത് ഞങ്ങൾ പെട്ടെന്ന് തന്നെ അവരെ ലൊക്കേറ്റ് ചെയ്തു. അനുഗ്രഹ എൻക്ലേവ് അപ്പാർട്മെന്റിലെ ഒരു ഫ്‌ളാറ്റിലാണ് അവർ താമസ്സമെന്ന് മനസ്സിലാക്കി ഞങ്ങൾ അവിടെ റെയ്ഡ് ചെയ്തു. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കാണുന്നത് കൊല്ലപ്പെട്ടു കിടക്കുന്ന ആ പെൺകുട്ടിയെയാണ്. മാത്രവുമല്ല ആ ഫ്‌ളാറ്റിൽ നിന്നും ഞങ്ങൾക്ക് ഡ്രഗ്സ് സബ്സ്റ്റൻസ് കിട്ടുകയും ചെയ്തു..” 

“ഓകെ..അപ്പൊ ഇതൊരു നാർകോട്ടിക്സ് കേസ് ആണ്..” ഫൈസൽ ഇടയ്ക്ക് കയറിപ്പറഞ്ഞു. 

“വാട്ട് ഡു യു മീൻ ഫൈസൽ “ ഐജി ക്ഷുഭിതനായി. 

ഫൈസൽ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഐജി അയാളെ തടഞ്ഞു കൊണ്ട് ഉച്ചയുയർത്തി സംസാരിച്ചു തുടങ്ങി. 

“ ഐ ഡോണ്ട് നോ വൈ ആൺ ഓഫീസർ ലൈക്ക് യു ഡൌൺ പ്ലെയിംഗ് സച്ച് ക്രൈംസ്. ഇത് നിങ്ങളുടെ കൂടി ഉത്തരവാദിത്വമാണ് മിസ്റ്റർ എ സി പി..” 

“സാർ..ദിസ് റ്റു മീ ഈസ് എ ലോ ആൻഡ് ഓർഡർ കേസ്..ഇഫ് യു ഡോണ്ട് റിമംബർ ..മൈ ടീം ഈസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം..ആൻഡ് ഐ ഡോണ്ട് സീ എനി ക്യൂരിയസ് കേസ് വിത്ത് ദിസ് വൺ ഓഫ് ആക്സിഡന്റ്..”  ഫൈസൽ അലസമായി പറഞ്ഞു. 

“ഓ..ഓക്കേ..ദെൻ വാട്ട് ഹാപ്പൺഡ് റ്റു ദാറ്റ് കെ എസ് ആർ ടി സി മർഡർ. സൗത്ത് സ്റ്റാൻഡിലെ ബസിനടിയിൽ കണ്ട മൃതദേഹം..നിങ്ങളത് സോൾവ് ചെയ്തോ ഇതുവരെ..” ഐജിയും ഫൈസലും തമ്മിലൊരു വാക് പോരിനുള്ള പുറപ്പാട് ആണെന്ന് കൂടിയിരുന്ന ഉദ്യോഗസ്ഥർക്ക് മനസ്സിലായി. 

“സർ..അതൊരു സ്വാഭാവിക മരണമാണ്..കോസ് ഓഫ് ഡെത്ത് ആസ് പെർ ഓട്ടോപ്സി – കാർഡിയാക് അറസ്റ്റ് എന്നാണ്..കൊല്ലപ്പെട്ടയാൾ പേസ്മേക്കർ ധരിച്ചിട്ടും ഉണ്ടായിരുന്നു..സോ ..അതിൽ ഒരു അസ്വാഭാവികതയും ഞാൻ കാണുന്നില്ല..” ഫൈസൽ തന്റെ അലസമായ സംസാര ശൈലി വിടാതെ മറുപടി പറഞ്ഞു. 

“ലുക് ഫൈസൽ..നിങ്ങൾ ഈ സിറ്റിയിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ സ്‌പെഷ്യൽ ടീമിന്റെ ലീഡ് ചെയ്യുന്ന എ സി പി ആണ്. ഐ നോ യു വേർ സൊ കംഫെർട്ടിബിൾ വിത്ത് ദാറ്റ് സോഷ്യൽ മീഡിയ മാനേജ്‌മെന്റ് റോൾ. പോലീസ് ട്രോൾ പേജിന്റെ അഡ്മിനായിട്ട് ഒരു ഐ പി എസ് കാരൻ ഇരിക്കേണ്ട ആവശ്യമില്ല എന്നത് കൊണ്ട് തന്നെയാണ് താങ്കളെ ഞാൻ എസ് ഐ ടി യിലേക്ക് തിരികെ വിളിപ്പിച്ചത്..യു ബെറ്റർ ഷോ ദാറ്റ് മച്യുരിറ്റി. “ 

“സാർ ..ഞാനിപ്പോഴും പറയുന്നു..ആ മരണം ഒരു കാർഡിയാക് അറസ്റ്റ് ആണ്..”

“ എടോ കാർഡിയാക് അറസ്റ്റ് വന്നയാൾ എങ്ങനെയാടോ ബസ്സിന്റെ അടിയിൽ മരിച്ചു കിടക്കുന്നത്. മരിക്കാനുള്ള വെപ്രാളത്തിനിടയിൽ ബസിനടിയിൽ കയറിയതാണെന്ന സില്ലി ഫൈൻഡിംഗ് പറയരുത്. തനിക്കീ പണിക്ക് താല്പര്യം ഇല്ലെങ്കിൽ കളഞ്ഞിട്ട് പോടോ..”

“സാർ ഇഫ് യു ഡോണ്ട് ടേക്ക് ഇറ്റ് ഒഫൻസീവ്..സാറിന് എന്നോട് എന്തോ ഗഡ്ജ് ഉണ്ട്..എന്തോ ടാർഗറ്റ് ചെയ്താണ് സാർ എന്നോട് സംസാരിക്കുന്നത്..അത് ഫെയർ അല്ല സാർ..”

“അത് താൻ ഫുൾ ടൈം സോഷ്യൽ മീഡിയയിൽ പെറ്റു കിടക്കുന്നത് കൊണ്ടാണ്. എടോ..തന്റെ പ്രശ്നം..അതിനക്കൊരു എക്സൈറ്റ്മെന്റ് ഇല്ല എന്നതാണ്…ജീവിതത്തിലും ജോലിയിലുമൊക്കെ എക്സൈറ്റ്മെന്റുകൾ വേണമെടോ…ഓരോ ക്രൈമും ഓരോ ജിഗ്‌സോ പസ്സിലായിട്ട് കാണൂ..യു വിൽ ലൈക് ഇറ്റ്. ഈ രണ്ടു കേസുകളും വിടാൻ എനിക്ക് തൽക്കാലം ഉദ്ദേശമില്ല. പക്ഷെ, ആദ്യ പ്രയോറിറ്റി വൈറ്റില ആക്സിഡന്റ് കെയ്‌സ് ആണ്. ഫൈസൽ ആൻഡ് ടീം ലീഡ് ചെയ്യണം. നമുക്കിതിന്റെ ചുരുൾ അഴിക്കണം..യു ടീം അപ്പ് വിത്ത് അരുൺ. ഓക്കേ..” 

ഫൈസൽ താല്പര്യമില്ലാതെ ഐജിയുടെ കണ്ണിലേക്ക് നോക്കി. 

“എടോ വയസ്സാംകാലത്ത് വല്ല യൂട്യൂബ് ചാനലിലും കയറിയിരുന്നു പൊങ്ങച്ചമടിക്കാൻ ഒരു കേസ്..അത്രേം വിചാരിച്ചാൽ മതി താനിപ്പോ…തന്നോടുള്ള സ്നേഹം കൊണ്ടുമൊന്നല്ല..തനിക്ക് ഇതിനൊക്കെ ഒരു കഴിവുണ്ട് എന്ന ഞങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കൂട്ടിക്കോ..” 

മൂർത്തി സാറിന്റെ ബ്രീഫിംഗ് കഴിഞ്ഞു വീട്ടിലേക്ക് ഏറെ വൈകിയാണ് ഫൈസൽ മടങ്ങിയത്.    

നഗരത്തിലെ ഒഴിഞ്ഞ വഴികളിലൂടെ അയാളുടെ കാർ ഓടിക്കൊണ്ടേയിരുന്നു… സ്ട്രീറ്റ് ലൈറ്റുകളുടെ ഇടവേളകൾ അയാളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. 

അയാളുടെ മനസ്സിൽ മകളോട് പറഞ്ഞു കൊണ്ടിരുന്ന പൂർത്തിയാക്കാത്ത കഥ ഓടികൊണ്ടേയിരുന്നു !!

എല്ലാദിവസവും രാത്രി രാജാവ് തന്റെ മട്ടുപ്പാവിൽ , ബാൽക്കണിയിൽ പോയിരിക്കും. അകലെ തന്റെ രാജ്യത്ത് പ്രജകളുടെ വീടുകളിൽ നിന്നുള്ള വെളിച്ചം ആകാശത്തിലെ നക്ഷത്രങ്ങളുമായി ചേരുന്നതും നോക്കിയിരിക്കും. 

“ജീവിതത്തിലും ജോലിയിലും എക്സൈറ്റ്മെന്റ് വേണമെടോ..” ഐജിയുടെ വാക്കുകൾ അയാളുടെ ചിന്തകളെ മുറിച്ചു കൊണ്ട് കുറ്റപ്പെടുത്തിക്കൊണ്ടേയിരിന്നു. 

പിറ്റേന്ന് പകൽ. 

വൈറ്റില സിഐ അരുൺ രാജൻ, കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമായി ഫൈസലിനെ കാണാൻ വന്നു. 

ഫൈസലിന്റെ സ്‌പെഷ്യൽ ടീമിൽ നിന്നും 

സീനിയർ സിപിഓ സുഭാഷ്, സുദീപ്, അർച്ചന എന്നിവരും സൈബർ സെല്ലിൽ നിന്നും സൂഫിയും  മീറ്റിംഗിന് എത്തിയിരുന്നു. 

“ഇന്നലെ സാർ ഐജിയുടെ കൂടെ ഭീകര തർക്കം ആയിരുന്നു “ അരുൺ ഫയൽ കൈമാറിക്കൊണ്ട് പറഞ്ഞു. 

ഫൈസൽ മറുപടിയായി അലസമായിട്ട് ചിരിച്ചു. 

“എന്നാലും എങ്ങനാണ് സാർ ഐജിയോടൊക്കെ തർക്കിക്കാൻ ഗട്സ് കിട്ടുന്നത്..ഈ സിനിമയിലൊക്കെ കാണുന്നത് പോലെ സാർ സുരേഷ് ഗോപിയും ഐജി സോമനുമാണോ …ഐ മീൻ നിങ്ങൾ പഴയ വല്ല പരിചയക്കാരും..”

“അല്ലെടോ..അങ്ങേർക്ക് എന്നെ കാണുമ്പോൾ ഒരു ചൊറിച്ചിൽ നേരത്തെ മുതലുണ്ട്. ഇനി ഇതിന്റെ പേരിൽ പുള്ളി നമ്മളെ സസ്‌പെൻഡ് ചെയ്യുവാണേൽ ആ പേരിൽ കുറച്ചു കാലം മടി പിടിച്ചിരിക്കാല്ലോ എന്ന് വിചാരിച്ചു ഞാനും തിരിച്ചു ചൊറിയും…”

“കൈവിട്ട കളിയാണ് സാറെ..” 

“ഉം..അത് വിട്..താൻ ആ മരിച്ച പെണ്ണുങ്ങളുടെ ഡീറ്റെയിൽസ് ഒപ്പിച്ചോ..”

“യെസ് സാർ..വൈറ്റിലയിൽ ആക്സിഡന്റിൽ കൊല്ലപ്പെട്ടത് നേരത്തെ കരുതിയത് പോലെ ബുട്ടീഷ്യൻ അല്ല. അത് റിയ ആണ്. ആൾ ഇവിടെ ഒരു ചാനലിൽ anchor ആണ്. കാറിൽ കൂടെ ഉണ്ടായിരുന്ന ആളാണ് ബോട്ടിക്ക് നടത്തുന്ന നയന. രണ്ടു പേരും പേരുപോലെ തന്നെ കാണാനും ഏറെക്കുറെ ഒരുപോലിരിക്കും. റൂം മേറ്റ്സും ആണ്. നയനയാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. “

“ഓഹോ..ഫ്‌ളാറ്റിൽ നിന്നും എന്തെങ്കിലും അപ്‌ഡേറ്റ്സ്..”

“സാർ ഞങ്ങൾ ഫ്‌ളാറ്റിലും അടുത്തുമുള്ള സിസിടിവി വിഷ്വൽസ് എടുത്തിട്ടുണ്ട്..” 

“ഈ നയനയുടെയും റിയയുടെയും ഫോൺ ലൊക്കേഷൻസ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലുള്ളത് ഒന്ന് എടുക്കണം..സൂഫി താൻ അത് ട്രെയ്‌സ് ചെയ്യ്..അർച്ചനയും, സുദീപും കൂടി രണ്ടു പേരുടെയും ചുറ്റുപ്പാടുകളൊക്കെ ഒന്നന്വേഷിക്കണം. സുഭാഷ് എന്റെ കൂടെ വരൂ, നമുക്ക് ആ ഫ്‌ളാറ്റ് വരെയൊന്ന് പോകാം..അരുൺ സിസിടിവി വിഷ്വൽസ് ഹാൻഡോവർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഈ കേസിൽ നിന്നും വിത്‌ഡ്രോ ചെയ്യാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പിന്നീട് കോണ്ടാക്റ്റ് ചെയ്യാം. “ 

ഫയലുകളും, വിവരങ്ങളും കൈമാറിയ ശേഷം അരുൺ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി. 

പുതിയ ഒരു കേസ് ചുരുളഴിച്ചെടുക്കാനുള്ള അന്വേക്ഷണത്തിലേക്ക് ഫൈസലും ടീമും മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. 

****

അരുൺ രാജനുമായുള്ള ചർച്ച കഴിഞ്ഞതിന് നാൽപ്പത്തിയഞ്ച് മിനിറ്റുകൾക്ക് ശേഷം സുഭാഷും ഫൈസലും കൂടി ഓഫീസിനു വെളിയിലേക്കിറങ്ങി.നയനയുടെ ഫ്‌ളാറ്റിലേക്ക് പോവാനായിരുന്നു അവരുടെ പ്ലാൻ. 

രണ്ടു പേരെയും കൊണ്ട് ഫൈസലിന്റെ കാർ ഹൈവേയിലൂടെ നയനയുടെ ഫ്‌ലാറ്റ് ഇരിക്കുന്ന അനുഗ്രഹ എൻക്ലേവ് അപ്പാർട്മെന്റിലേക്ക് പാഞ്ഞു. 

മെയിൻ റോഡിൽ നിന്ന് കുറച്ചു ഉള്ളിലായിട്ടാണ് ഫ്ലാറ്റ് ഇരിക്കുന്നത്. 

രാവിലെ മുതൽ പെയ്തു കൊണ്ടിരുന്ന മഴക്ക് ശമനം വന്നു എങ്കിലും, അപ്പാർട്മെന്റിലേക്കുള്ള വഴി മുഴുവനും മഴവെള്ളം കെട്ടികിടക്കുന്നുണ്ടായിരുന്നു. 

അപാർട്മെന്റിന് താഴെ അവരെയും കാത്ത് സി ഐ അരുൺ രാജൻ നിൽക്കുന്നുണ്ടായിരുന്നു. 

“അരുൺ..ക്രൈം ഇൻവെസ്റ്റിഗേഷനിൽ നല്ല ഇന്ററസ്റ്റ് ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നല്ലോ..” നയനയുടെ ഫ്‌ളാറ്റിലേക്ക് ലിഫ്റ്റിൽ പോകുന്നതിനിടെ ഫൈസൽ കുശലാന്വേഷണം നടത്തി. 

“ശരിയാണ് സാർ..”

“ഈ കേസിന് അരുണിനെ ഇടയ്ക്കിടയ്ക്ക് കാണേണ്ടി വരും എന്നർത്ഥം..” 

നയനയുടെ ഫ്‌ളാറ്റ് ചികഞ്ഞു പരിശോധിച്ചെങ്കിലും അവർക്ക് വ്യക്തമായ തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. 

ഫിംഗർ പ്രിന്റ് ബ്യുറോയിൽ നിന്നും മറ്റും ആളുകൾ വന്നു നേരത്തെ തന്നെ പ്രിന്റോക്കെ എടുത്ത് കൊണ്ട് പോയിരുന്നു. 

ഫൈസൽ അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവരിൽ ചിലരെ കാര്യങ്ങൾ അന്വേഷിക്കാൻ വിളിച്ചു വരുത്തിയിരുന്നു. 

“ഇന്നലെ സന്ധ്യക്ക് ഒരു പയ്യൻ ഇവിടെ വന്നു കുറെ ബഹളം വെച്ചിരുന്നു..ഞാനത് പോലീസുകാരോട് പറഞ്ഞാരുന്നു. അവനെ പൊക്കിയാൽ പ്രതിയെ കയ്യോടെ പിടിക്കാം..” നയനയുടെ ഫ്‌ളാറ്റിന് നേരെ എതിർവശത്ത് താമസിക്കുന്ന നൈനാൻ എന്നയാൾ സംസാരത്തിനിടെ പറഞ്ഞു. 

“ഈ കേസൊക്കെ ഇത്രയും വെച്ചു താമസിപ്പിക്കുന്നത് തന്നെ പോലീസിൽ കഴിവുള്ളവർ ഇല്ലാത്തത് കൊണ്ടാണ്..” അയാൾ പറഞ്ഞു. 

“സാറിന് പറ്റിയ പാർട്ടിയാണ് “ സുഭാഷ് രഹസ്യമായി അരുണിനോട് പറഞ്ഞു. 

“ശരിയാ നൈനാൻ സാറേ..ഇതൊക്കെ ഇത്രയും വൈകിക്കാൻ പാടില്ല. കൊലപാതകം നടന്ന വിവരം കൊല്ലപ്പെട്ടയാൾ അറിയുന്നതിന് മുന്നേ തന്നെ പ്രതിയുടെ കയ്യിൽ വിലങ്ങു വീഴണം…അതിനുള്ള ടെക്‌നോളജി നമ്മൾ വികസിപ്പിക്കണം..” ഫൈസൽ നൈനാനെ എരിവ് കയറ്റി. 

“ അതേന്നേ..ഇത് ചുമ്മാ..” 

“സാറിന്റെ ഫ്‌ളാറ്റിന്ന് നോക്കിയാൽ ഈ പെമ്പിള്ളേരുടെ ഫ്‌ളാറ്റിൽ നടക്കുന്നതൊക്കെ കാണാൻ പറ്റുമല്ലോ..അല്ലെ..”

“അതെങ്ങനാ കൊച്ചനെ..അവളുമാര് ഫുൾ ടൈം ഡോർ അടച്ചിട്ടുള്ള പരിപാടിയല്ലേ..ഇതിനാത്ത് ഏതാണ്ട് ഡീ ജെ പാർട്ടിയൊക്കെ നടത്താറുണ്ട് എന്നാണ് കേട്ടത്…” 

“സാർ കണ്ടിരുന്നോ..”

“കണ്ടില്ല..പക്ഷെ നമുക്ക് ഊഹിക്കാമല്ലോ…നമ്മൾ ടിവിയിലൊക്കെ കാണുന്നതല്ലേ…പിള്ളേര് വഴി പിഴച്ചു പോകുവാ സാറേ..ഇതിനൊരു തടയിടണം..” 

“അതൊക്കെ ചെയ്യാം എന്റെ നൈനാൻ സാറേ..ആദ്യം ഈ കോസരാവള്ളി കേസൊന്നു തെളിയിച്ചെടുക്കട്ടെ..പിന്നെ, ഒരു പയ്യൻ ഇവിടെ വന്നു ബഹളം ഉണ്ടാക്കി എന്ന് പറഞ്ഞില്ലേ..മുൻപ് ഇവിടെ കണ്ടിട്ടുള്ള ആളായിരുന്നോ..”

“ഇല്ല ഈ പ്രദേശത്തൊന്നും കണ്ടിട്ടില്ല..” 

“എത്ര വയസ്സ് വരും..”

“ഒരു ഇരുപത്തിയഞ്ചു…ഇരുപത്തിയാറ് ..അതിൽ കൂട്ടത്തില്ല..”

“ഓകെ..സുഭാഷ്…ഇയാളുടെ അടുത്തൂന്ന് ആ ഡിസ്‌ക്രിപ്‌ഷൻ ഒന്ന് എഴുതിയെടുത്തോ..സിസിടിവി റെക്കോർഡിംഗ് കാണാൻ പറ്റുമോ അരുൺ..”

“നമുക്ക് താഴെ കൺട്രോൾ റൂമിൽ പോയി നോക്കാം. ഇന്നലെ അതിന്റെ താക്കോൽ കളഞ്ഞു പോയിരുന്നു..അതാണ് തുറക്കാൻ പറ്റാതെ പോയത്..ഇന്ന് പൂട്ട് തുറപ്പിച്ചിട്ടുണ്ട്..” 

“അത് കൊള്ളാം…നമുക്കെന്നാൽ നേരെ അങ്ങോട്ട് വിട്ടേക്കാം. നൈനാൻ സാറും കൂടി പോരെ..ആ പയ്യനെ കണ്ടാൽ തിരിച്ചറിയാമല്ലോ..” 

“ ഓ ഈ സിസിടിവി ഒന്നും ഇല്ലാത്ത കാലത്ത് ഇവന്മാരൊക്കെ എങ്ങനെ കേസ് അന്വേക്ഷിക്കുമോ എന്തോ” നൈനാൻ സാർ അടക്കം പറഞ്ഞു. 

“ഞങ്ങൾ കവടി നിരത്തി ഗണിച്ചു നോക്കിയാണേലും പൊക്കിയിരിക്കും സാറേ..അത് വിട്..” ഫൈസൽ ചിരി മായ്ക്കാതെ നൈനാനോട് പറഞ്ഞു ലിഫ്റ്റിലേക്ക് കയറി. 

****

വൈകുന്നേരം ഏഴു മണി ! 

ഫൈസലിന്റെ ഓഫീസ് റൂം. 

ടീമിലെ എല്ലാവരും കൂടിയിട്ടുണ്ട്. 

“നമുക്കാദ്യം സിസിടിവി വിഷ്വൽസിൽ നിന്ന് തന്നെ തുടങ്ങാം. അരുൺ ഇനിയങ്ങോട്ട് നമ്മുടെ ടീമിന്റെ കൂടെ കാണും..അരുണേ റിപ്പോർട് ചെയ്തേക്കാമോ..” 

“ഷുവർ സാർ..” അരുൺ അയാളും, സുഭാഷും ഫൈസലും ചേർന്ന് അപ്പാർട്മെന്റിൽ കണ്ടെത്തിയ കാര്യങ്ങൾ ഓർഡറിൽ വിവരിക്കാൻ തുടങ്ങി. 

“നൈനാൻ എന്ന നൈബർ പറഞ്ഞ കാര്യം ശരിയായിരുന്നു. സിസിടിവി ചെക്ക് ചെയ്തപ്പോൾ ഇന്നലെ സന്ധ്യക്ക് ഏകദേശം ഇരുപത്തിയാറ് വയസ്സ് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരൻ നയനയുടെ ഫ്‌ളാറ്റിലേക്ക് കയറിപ്പോകുന്നതായി വ്യക്തമായിട്ടുണ്ട്. പത്ത് മിനിറ്റുകൾക്ക് ശേഷം നയനയും അയാളും തമ്മിൽ ഫ്‌ളാറ്റിന് പുറത്ത് ബഹളം നടന്നതായിട്ട് നൈനാൻ ശരിവെക്കുന്നു. താഴത്തെ നിലയിൽ താമസിച്ചിരുന്ന ചിലരും ബഹളങ്ങൾ കേട്ടതായി മൊഴി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഈ ചെറുപ്പക്കാരൻ ആ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ ആണെന്ന് മനസ്സിലായിട്ടുണ്ട്..” 

“ നൈനാൻ പറഞ്ഞത് അയാൾ ഈ പയ്യനെ കണ്ടിട്ടില്ല എന്നാണല്ലോ..” സുദീപ് ഉയർത്തിയ സംശയം മറ്റുള്ളവരുടെത് കൂടിയായിരുന്നു. 

“അതേ..ഈ നൈനാന് ഒരു പ്രശ്നമുണ്ട്..അയാൾ ഒൻപത് മണി കഴിഞ്ഞാൽ രണ്ടെണ്ണം അടിക്കും. പിന്നെ ആൾ ഓഫ് ആണ്..ആന കുത്തിയാൽ എഴുന്നേൽക്കില്ല. മിക്കവാറും ഈ പറഞ്ഞ പയ്യൻസ് അവിടെ വന്നു കൊണ്ടിരുന്നത് ഒൻപത് മണിക്ക് ശേഷമാവും. അതാണ് നൈനാനു അയാളെ മുൻപരിചയം ഇല്ലാതിരുന്നത്. “ അരുൺ കൂട്ടിച്ചേർത്തു. 

“വിസിറ്റേഴ്സ് ഫോമിൽ ആളുടെ പേര് മൃദുൽ എന്നാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്..” സുഭാഷ് കൂട്ടിച്ചേർത്തു. 

“മൃദുൽ ഇവിടെ ടെക്പാർക്കിൽ സോഫ്ട്വെയർ എഞ്ചിനിയർ ആണെന്ന്..ഞങ്ങൾ നടത്തിയ ഒരു അന്വേഷണത്തിൽ മനസിലായത്..” ഫൈസൽ അത് വരെയുണ്ടായ പുരോഗതിയിലെ നാഴികക്കല്ലായ മറ്റൊരു വിവരത്തിന് വഴി തെളിച്ചു കൊണ്ട് പറഞ്ഞു. 

“ ഇതിലൊരു രസമുള്ള സംഗതി എന്താണെന്ന് വെച്ചാൽ, ഈ മൃദുലിനെ നമ്മുടെ ടെക്പാർക് സ്റ്റേഷനിലെ പോലീസുകാർക്ക് അറിയാം എന്നതാണ്..” 

“അതെങ്ങനെ..” അർച്ചനയാണ് ചോദിച്ചത്. 

“അതിലേക്ക് വരാം..അതിനു മുന്നേ, സൈബർ സെല്ലിൽ നിന്ന് എന്തെങ്കിലും കിട്ടിയോ സൂഫി..” 

“പ്രത്യേകിച്ചൊന്നും അൺ യൂഷ്വൽ ആയിട്ട് കിട്ടിയിട്ടില്ല സർ. നയനയുടെയും, റിയയുടെയും നമ്പറുകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നു.”

“നമ്പറുകൾ ഇപ്പോൾ ആക്റ്റീവ് ആണോ..”

“അല്ല..” 

“ഓക്കേ..സുദീപും അപർണ്ണയും ..പറയു എന്തായി നിങ്ങളുടെ അന്വേഷണം..”

“ഷുവർ സർ…നയന മാളിൽ ഒരു ബൊട്ടീക് നടത്തുന്നു. വെഡ്ഡിംഗ് ഡ്രസ്സുകളാണ് സ്പെഷ്യലൈസ്. ഒരുപാട് സെലിബ്രിറ്റി ക്ലയിന്റുകളുണ്ട്. “- അർച്ചന  പറഞ്ഞു. 

“കഴിഞ്ഞ ഒന്നര വര്ഷമായിട്ട് നയന മാളിൽ കട നടത്തുന്നുണ്ടു സർ..അതിനു മുന്നേ അവർ ദുബൈയിൽ ഒരു മാളിലെ സ്റ്റാഫ് ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .”- സുദീപ് കൂട്ടിച്ചേർത്തു. 

സുദീപും അർച്ചനയും കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഈക്കാര്യം പറയണമോ എന്ന സംശയത്തിൽ നിന്ന ശേഷം ഒടുവിൽ അർച്ചന പറയാൻ തുടങ്ങി. 

“സർ, അവർ മാളിലും, ഫ്‌ളാറ്റിലും കൊടുത്തിട്ടുള്ള അഡ്രസ്സുകൾ ഫെയ്ക്ക് ആണ്. ഞങ്ങൾ അവർ കൊടുത്ത അഡ്രസ്സുകളിൽ വിളിച്ചും അടുത്തുള്ള സ്റ്റേഷനിൽ ഫോൺ ചെയ്തും അന്വേഷിച്ചു. പക്ഷെ ഫെയ്ക്ക് ആണെന്ന് മനസ്സിലാവുന്നു. നമുക്ക് പത്രത്തിലൊരു പരസ്യം കൊടുത്തു നോക്കിയാലോ..ബോഡി ക്ലയിം ചെയ്തു ആരും ഇത് വരെയും വന്നിട്ടില്ല താനും..” 

“നോക്കാം..വാട്ട് എബൗട്ട് റിയ..” 

“അന്വേഷിച്ചു കൊണ്ടിരിക്കുന്നു സർ..നയനയുടെ പുറകെ പോയി കുറച്ചധികം സമയം കളയേണ്ടി വന്നു..” 

“ഓക്കേ..നിങ്ങൾ രണ്ടു പേരും ഒരുമിച്ചു അന്വേഷിക്കുന്നതിന് പകരം സ്പ്ലിറ്റ് ചെയ്തു അന്വേഷിക്കൂ…ഇതൊക്കെ ബേസിക് കാര്യങ്ങളല്ലേ..” 

“ഷുവർ സർ..” രണ്ടു പേരും സല്യൂട് ചെയ്തു സീറ്റിൽ ഇരുന്നു. 

“മൃദുലിനെപ്പറ്റി പറയാനുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ..ഈ മൃദുൽ രണ്ടു മാസം മുന്നേ ഒരു ആക്സിഡന്റ് കേസിൽ പെട്ടിരുന്നു. നമ്മുടെ ടെക്പാർക് റോഡിൽ വെച്ച് മൃദുലിന്റെ കാർ ഒരു സൈക്കിൾ യാത്രക്കാരനെ ഇടിച്ചു..അയാൾ തൽക്ഷണം കൊല്ലപ്പെട്ടു..എഫ് ഐ ആർ ഇടാൻ നേരം മൃദുൽ പോലീസുകാരന് കൈമണി കൊടുത്ത് കേസ് അജ്ഞാത വാഹനമാക്കി മാറ്റി..ഞങ്ങൾ നന്നായൊന്ന് പിടിച്ചു കുടഞ്ഞപ്പോഴാണ് ടെക്പാർക് സ്റ്റേഷനിൽ നിന്ന് ഈ ഡീറ്റെയിൽ കിട്ടിയത്..മൃദുലിന്റെ നമ്പർ ട്രെയ്‌സ് ചെയ്യാൻ തന്നത് എന്തായി സൂഫി ..”

“സർ ഞാൻ പറയാൻ മറന്നു. മൃദുലിന്റെ നമ്പർ കുറച്ചു മുന്നേ ലൊക്കേറ്റ് ചെയ്തിരുന്നു. അരൂർ ചേർത്തല റൂട്ടിൽ പൂച്ചാക്കൽ അടുത്ത് ഒരു ടവർ ലൊക്കേഷനാണ് കാണിക്കുന്നത്..”

“ശെടാ..ഇതെന്താണ് സൂഫി നേരത്തെ പറയാതിരുന്നത്..”

“സർ ഇപ്പോഴാണ് ആ മെസേജ് സൈബർ സെല്ലിൽ നിന്നും കിട്ടുന്നത്..”

“ഒകെ..അരുൺ ഫ്രീ ആണോ ? നമുക്കൊന്ന് ആ ലൊക്കേഷൻ വരെ പോയാലോ..സുഭാഷ് ബാക്ക് അപ്പ് ആയിട്ട് ഇവിടെ ഉണ്ടാവണം. ബാക്കിയുള്ളവർ ഇന്നത്തേക്ക് പിരിഞ്ഞോളൂ..നാളെ ചിലപ്പോൾ കൂടുതൽ സമയം ഈ കേസിന്റെ പിന്നാലെ നടക്കേണ്ടി വരും..നാളെയെന്നല്ല..ഇനിയങ്ങോട്ട് തെളിയുന്നത് വരെ അങ്ങനെയാവാനാണ് ചാൻസ്..” മീറ്റിങ് പിരിച്ചു വിട്ടു കൊണ്ട് ഫൈസൽ എല്ലാവരോടുമായി പറഞ്ഞു. 

“ഒരു കാര്യം മറന്നു..സൂഫി, യു സ്റ്റേ ബാക്..സൈബർ സെല്ലുമായി ഒന്ന് കോഓർഡിനേറ്റ് ചെയ്തു മൃദുലിന്റെ കോർഡിനേറ്റ്സ് അയച്ചു തരണം..” 

“ചെയ്യാം സർ..” 

ഫൈസലിന്റെ ടീം താരതമ്യേനെ ചെറുപ്പക്കാരുടെ ഒരു ടീമാണ്. പോലീസിൽ ആയിടെ ചേർന്ന ഒരു കൂട്ടം ചെറുപ്പക്കാർ. ഫൈസൽ ആള് ഈസിഗോ ടൈപ്പ് ആണെങ്കിലും, കേസ് കയറി തലയ്ക്ക് പിടിച്ചാൽ ആൾ അവസാനം കണ്ടെത്താതെ പിന്നോട്ട് പോവില്ല എന്നത് ഡിപ്പാർട്മെന്റിലെ ഒരു പരസ്യമായ കാര്യമാണ്. 

ഫൈസലിനും അധിക കാലത്തെ സർവീസ് ഇല്ല. ഐപിഎസ് കിട്ടുന്നതിന് മുന്നേ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ അയാൾ കുറച്ചു കാലം ബാംഗ്ലൂരിൽ ആയിരുന്നു. അത്യാവിശ്യം ശമ്പളവും വിദേശയാത്രകളുമുള്ള ജോലി വേണ്ടെന്നു വെച്ചിട്ടാണ് അയാൾ പൊലീസിലേക്ക് വന്നത്. 

ഫൈസലിന്റെ ഭാര്യ ഷിഹാന ഒരു ന്യൂ ജനറേഷൻ ബാങ്കിൽ ഓഫീസറാണ്. മകൾ ഉണ്ടായതിന് ശേഷം ഫൈസൽ കുറച്ചു കാലം ലീവെടുത്തു. അതിനു ശേഷമാണ് അയാൾ എസ് ഐ ടിയുടെ ഭാഗം ആവുന്നത്. കോളിളക്കം സൃഷ്ടിച്ച ഒരു കേസിൽ അവസാന നിമിഷം ഫൈസലിന്റെ ടീമിന്റെ കയ്യിൽ നിന്നും അനേഷണം ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും ഏറ്റെടുത്ത് ക്രമേണ തെളിവില്ലാതെ കേസ് തള്ളിപ്പോയതോടെ ഫൈസലിന്റെ പോലീസ് എക്സൈറ്റ്മെന്റ് കുറഞ്ഞു തുടങ്ങിയിരുന്നു. അതിനു ശേഷം അയാൾ പോലീസ് സോഷ്യൽ മീഡിയ വിംഗ് മാനേജർ ആയും സൈബർ പോലീസ് ട്രെയിനിംഗ് വിങ് ലീഡ് ആയിട്ടും ഒക്കെ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 

കൊച്ചി മെട്രോയിലെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പുനഃസംഘടിപ്പിച്ചപ്പോൾ ഐജി മൂർത്തി, ഫൈസലിനെ എ സി പി പോസ്റ്റിൽ എസ് ഐ ടിയുടെ സ്‌പെഷ്യൽ ടീം ലീഡ് ആയിട്ട് നിയമിക്കുകയായിരുന്നു. 

ഫൈസലിന്റെ കീഴിൽ കൊച്ചിയിലെ അഴിയാക്കുരുക്ക് കേസുകൾ അന്വേഷിക്കാം മറ്റു മൂന്നു ടീമുകൾ കൂടി ഉണ്ടായിരുന്നു. അതിലൊരു ടീമാണ് എങ്ങുമെത്താത്ത കെ എസ് ആർ ടി സി കൊലപാതക കേസ് അന്വേഷിച്ചു കൊണ്ടിരുന്നത്. 

ഫൈസലും അരുണും പൂച്ചാക്കലേക്കുള്ള യാത്രയിൽ ആയിരുന്നു. കനത്ത മഴയും ഇരുട്ടും കാരണം പതുക്കെയാണ് അവർ വണ്ടി ഓടിച്ചിരുന്നത്. 

ഇടയ്ക്ക് പല തവണ സൂഫിയുമായി ബന്ധപ്പെട്ട് മൃദുലിന്റെ സെൽഫോൺ ലൊക്കേഷൻ മാറ്റമില്ലാതെ തുടരുന്നത് അവർ ഉറപ്പു വരുത്തി. 

സമയം രാത്രി ഒൻപത് മണി കഴിഞ്ഞപ്പോഴേക്കും അവർ മൃദുലിന്റെ ലൊക്കേഷൻ കണ്ടെത്തിയ സ്ഥലത്തെത്തി. 

ദേശീയപാതയോട് തൊട്ടടുത്ത് കിടക്കുന്ന ഒരു പുരയിടമായിരുന്നു അത്. 

ഒരു പഴയ വീട്. ദൂരെ നിന്ന് കണ്ടാൽ ആൾപ്പാർപ്പുണ്ടെന്ന് തോന്നുകയേയില്ല. 

വീട്ടിൽ നിന്ന് കുറച്ചു മാറിയാണ് ഫൈസൽ വണ്ടി പാർക് ചെയ്തത്. സൈബർ സെല്ലിലേക്ക് വിളിച്ചു ലൊക്കേഷൻ കറക്ട് ആണെന്ന് ഉറപ്പുവരുത്തി, മഴയത്ത് അവർ ആ വീട്ടിലേക്ക് നടന്നു. 

വീടിനു വെളിയിൽ ഒരു ചുവന്ന കാർ കിടപ്പുണ്ടായിരുന്നു. വീട്ടിനുള്ളിൽ ആരുമില്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു അവിടുത്തെ അവസ്ഥ, പോരാത്തതിന് പേരും മഴയും, ഇരുളും. 

അതൊരു പഴയ വീടാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. 

ഓടിട്ട വീട് ആയിരുന്നു. പെയിന്റ് അടിച്ചിരുന്നില്ല. വെളുത്ത കുമ്മായം പൂശിയത് തന്നെ പലയിടങ്ങളിൽ അടർന്നു പോയിരിക്കുന്നു. 

വീടിന്റെ വരാന്ത സിമന്റ് തേച്ചു മിനുക്കിയതാണ്. മുറ്റത്ത് നിന്നും മൂന്നു പടി ഉയരത്തിലാണ് വരാന്ത. 

വരാന്തയിൽ നിറയെ വെള്ളം കെട്ടികിടപ്പുണ്ട്. 

അകത്തേക്കുള്ള വാതിലുകളെല്ലാം പുറത്ത് നിന്നും പൂട്ടിയ നിലയിലാണ്. 

അരുണും ഫൈസലും കൂടി ആഞ്ഞു തള്ളിയപ്പോൾ വാതിലുകൾ തുറന്നു..

ഇരുട്ട് കനം വെച്ചു കിടക്കുന്ന മുറികൾ. 

ആൾപ്പാർപ്പില്ലാത്ത വീടാണെന്ന് അകത്ത് കയറിയപ്പോൾ കൂടുതൽ ഉറപ്പിച്ചു. രണ്ടു മുറികളും ഒരു അടുക്കളയുമാണുള്ളത്. 

മുറികളും, അടുക്കളയുമെല്ലാം ഉപയോഗ ശൂന്യമായിരുന്നു. 

തട്ടിൻപുറത്ത് എലികളുടെ ബഹളം ഉണ്ടെന്നത് ഒഴിച്ചാൽ, പ്രത്യേകിച്ചൊരു അനക്കവും ആ വീട്ടിൽ കേൾക്കുന്നുണ്ടായിരുന്നില്ല. 

ഫൈസലും അരുണും മുറികളും, തട്ടിൻപുറവും, വീടിന്റെ മുറ്റവും അരിച്ചു പെറുക്കിയെങ്കിലും പ്രത്യേകിച്ചൊന്നും തന്നെ കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല. 

“സൂഫി..തനിക്ക് ഉറപ്പാണോ ഇത് തന്നെയാണ് ലൊക്കേഷൻ എന്ന്..” ഫൈസൽ സൂഫിയെ ഫോൺ ചെയ്തു ലൊക്കേഷൻ ഒന്ന് കൂടി ഉറപ്പു വരുത്തി. 

അതെ സർ..ഫോൺ ഇപ്പോഴും ആ ലൊക്കേഷനിൽ തന്നെയുണ്ട്. 

ഫൈസൽ തന്റെ ഫോണെടുത്ത് മൃദുലിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.

മുറ്റത്ത് പാർക് ചെയ്ത കാറിന്റെ പിൻ സീറ്റിൽ നിന്ന് ഒരു നീല വെളിച്ചം. 

ഡോർ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. പിന്നിലെ സീറ്റിൽ ഒരു ഫോൺ, പോർട്ടബിൾ ചാർജറുമായി കണക്റ്റ് ചെയ്ത നിലയിൽ കിടപ്പുണ്ടായിരുന്നു. 

“നമ്മൾ എന്ത് വന്നാലും ഇവിടെ എത്തി ഇത് കണ്ടു പിടിക്കണം എന്ന ഉദ്ദേശത്തിൽ ആരോ പ്ലാൻ ചെയ്തിട്ടത് പോലുണ്ട്..” അരുൺ പറഞ്ഞു. 

ഫൈസൽ ഫോൺ കയ്യിലെടുത്തു..കാറിനകം പരിശോധിച്ചു..

പെട്ടെന്ന് എന്തോ ഇന്റ്യൂഷൻ കിട്ടിയത് പോലെ, അയാൾ പിന്നിൽ ചെന്ന് ട്രങ്ക് വലിച്ചു തുറന്നു. 

ട്രങ്ക് തുറന്നയുടനെ അയാൾ മൂക്കു പൊത്തി, പിന്നിലേക്ക് ഓടി..ശർദ്ധിച്ചു.

അരുൺ ടോർച്ചടിച്ചു കാറിന്റെ പിന്നിലേക്ക് ഓടി വന്നു. തുറന്നു കിടക്കുന്ന ട്രങ്കിനുള്ളിലെ കാഴ്ച കണ്ടു അയാളും മുറ്റത്തേക്കിറങ്ങി ശർദ്ധിച്ചു..

ഇതിനിടയിൽ ഫൈസലിന്റെ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ശർദിൽ തുടച്ചു അയാൾ ഫോണെടുത്തു..ഷിഹാനയാണ്. 

“ഇന്ന് വരാൻ ലേറ്റ് ആവുമോ..”

“മിക്കവാറും..” അയാൾ പറഞ്ഞു.

“ഉം..”

“മോളുറങ്ങിയോ..”

“ഉറങ്ങി.. നീ ഡിന്നർ കഴിച്ചു കിടന്നോളൂ..ഞാൻ എപ്പോൾ എത്തുമെന്ന് പറയാനാവില്ല..” 

അയാൾ ഫോൺ കട്ട് ചെയ്തു. അരുൺ ഇതിനോടകം ഫോണിൽ ലോക്കൽ സ്റ്റേഷനുമായി ബന്ധപ്പെടാൻ തുടങ്ങിയിരുന്നു. 

നിമിഷങ്ങൾക്കകം, അവിടെയാകെ വെളിച്ചങ്ങൾ കൊണ്ട് നിറഞ്ഞു. പോലീസും, ആമ്പുലൻസും, ചാനൽ ഓബി വാനുകളും, നാട്ടുകാരുടെ ടോർച്ചും മൊബൈൽ ഫോണുകളും ആ ഇരുട്ടിനെയും മഴയെയും വെല്ലുന്ന രീതിയിൽ ആ പഴയ വീടിന്റെ മുറ്റമാകെ വെളിച്ചം നിറച്ചു കൊണ്ടേയിരുന്നു. 

****

വെളുപ്പിനെ മൂന്നു മണിക്കാണ് ഫൈസൽ വീട്ടിലെത്തുന്നത്. എത്തിയപ്പാടെ..വിശപ്പ് സഹിക്കാൻ കഴിയാതെ അയാൾ അടുക്കളയിൽ നിന്ന് തലേന്ന് രാത്രിയിലെ തണുത്ത ചപ്പാത്തിയും കറിയും വിളമ്പി കഴിച്ചു..പക്ഷെ, അയാളുടെ കണ്ണിൽ കുറച്ചു മണിക്കൂറുകൾക്ക് മുന്നേ അയാളുടെ കണ്മുന്നിൽ വന്നു വീണ ആ ദൃശ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…എന്തൊരു ഭീകര ദൃശ്യമായിരുന്നു അത്. അയാളോർത്തു. 

ഓർക്കും തോറും വിശപ്പിനെ അയാൾ മറന്നു. അയാൾക്ക് ഒരു ഭക്ഷണം കഴിക്കാൻ തോന്നുന്നതേയില്ലയിരുന്നു. 

പാത്രം ക്ളീൻ ചെയ്ത്, അയാൾ ബെഡ് റൂമിലേക്ക് ചെന്നു..ഷിഹാനയും കുഞ്ഞും സുഖമായി കിടന്നുറങ്ങുന്നു. അയാൾ ഒച്ചയുണ്ടാക്കാതെ കുളിമുറിയിലേക്ക് നടന്നു കയറി. 

ഷവറിന്റെ കീഴെ നനവിൽ, തണുപ്പിൽ ..രാത്രി വൈകി ആ പഴയ വീട്ടിന്റെ മുറ്റത്തെ ചുവന്ന കാറിന്റെ ട്രങ്കിൽ കണ്ട കാഴ്ചയെ മറക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. 

****

പിറ്റേന്ന് രാവിലെ. 

വളരെ വൈകിയാണ് അയാൾ എഴുന്നേറ്റത്. 

എഴുന്നേറ്റ ഉടനെ തന്നെ, റെഡിയായി ഓഫീസിലേക്ക് പോവാനായിട്ട് അയാൾ തിരക്കിട്ട് ഇറങ്ങി. 

പോവാൻ റെഡിയായി വരുന്ന ഫൈസലിനെ കണ്ടു ഷിഹാന അത്ഭുതപ്പെട്ടു. 

“ ഇന്നലെ ലേറ്റ് ആയി വന്നത് കൊണ്ട് ഇന്ന് ഓഫീസിൽ പോവുന്നില്ലായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്..” അവൾ പറഞ്ഞു. 

ഫൈസൽ ഒന്നും മിണ്ടിയില്ല. 

“ആ കേസ് തലയ്ക്ക് പിടിച്ചു അല്ലേ..” അവൾ ചോദിച്ചു. 

“ഡാഡി എപ്പോഴാണ് വരുന്നത് എന്ന് മോൾ കിടന്നുറങ്ങുന്നത് വരെ ചോദിക്കുന്നുണ്ടായിരുന്നു..ഏതോ രാജാവിന്റെയോ രാജകുമാരിയുടെയോ കഥ പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചു എന്നവൾ പറയുന്നുണ്ടായിരുന്നു..”

ഫൈസൽ അവൾ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. 

ഇതിനിടയിൽ ഷിഹാന ടിവിയിൽ ന്യൂസ് വെച്ചു !

“കേരളത്തെ നടുക്കി വീണ്ടും കൊലപാതകം ..അരൂരിൽ ഹൈവേക്കരുകിൽ കാറിനുള്ളിൽ അതിദാരുണമായി കൊല്ലപ്പെട്ട നിലയിലാണ് അജ്ഞാത ജഢം കണ്ടെത്തിയത്…”

ന്യൂസ് ഹെഡ്ലൈൻ തുടരുന്നതിനിടെ ഫൈസലിന്റെ ഫോൺ റിംഗ് ചെയ്തു,. 

ഐജി മൂർത്തി. 

************************

രാവിലെ പത്തു മണിയായപ്പോഴേക്കും ഐജി മൂർത്തി ബ്രീഫിംഗിന് വിളിപ്പിച്ചത് അനുസരിച്ചു ഫൈസലും അരുണും ഐജി ഓഫീസിൽ ഹാജരായിരുന്നു. 

തലേന്ന് രാത്രി പൂച്ചാക്കലിൽ കണ്ടെത്തിയ മൃതദേഹങ്ങളെപ്പറ്റിയാണ് ഐജിക്ക് അറിയേണ്ടിയിരുന്നത്. 

“റെസ്റ്റോറന്റ് വ്യവസായി മണിവർണ്ണന്റേതാണ് കണ്ടെത്തിയ ബോഡി.  അയാളുടെ ബന്ധുക്കൾ ബോഡികൾ തിരിച്ചറിഞ്ഞു സ്ഥിരീകരിച്ചിട്ടുണ്ട്. “ ഫൈസൽ വലിയ വളച്ചു കെട്ടലുകളില്ലാതെ ഐജിക്ക് മുന്നിൽ തനിക്കറിയാവുന്ന വിശദാംശങ്ങൾ വെളിപ്പെടുത്തി. 

“ആ കാർ ആരുടേതാണ്..” ഐജി തിരക്കി. 

“നയന മർഡർ കേസ് സസ്‌പെക്ട് മൃദുലിന്റേതാണ് ആ കാർ ! മൃദുലിന്റെ സെൽഫോൺ ലൊക്കേറ്റ് ചെയ്തു ഞങ്ങൾ അവിടെ എത്തിയതായിരുന്നു..” 

“മൃദുൽ ?” 

“മൃദുൽ മിസ്സിംഗ്‌ ആണ്..അയാളുടെ ഫോട്ടോസ് എല്ലാ സ്റ്റേഷനിലേക്കും അയച്ചു കൊടുത്തിട്ടുണ്ട്. അതിർത്തി ചെക്പോസ്റ്റിലും പോലീസ് അയാളെ തിരയുന്നുണ്ട്..” 

“ കൊല്ലപ്പെട്ട പെൺകുട്ടികളുടെ വേറെബൗട്സ് വല്ലതും കിട്ടിയോ..” 

“നയനയുടെ അഡ്രസ് ഫേക്ക് ആണെന്ന് മനസിലായിട്ടുണ്ട്. റിയയെ കുറിച്ചുള്ള അന്വേഷണം തുടരുന്നു..” 

“ലുക് ഫൈസൽ. കേസ് കൂടുതൽ കോമ്പ്ലിക്കേറ്റഡ് ആവുകയാണ്. മണിവർണ്ണൻ അത്യാവിശം പിടിപാടുള്ള ആളാണ്..സോ..അയാളുടെ ബന്ധുക്കൾ വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ല. ബൈ ദി വേ..മൃദുലിനെക്കുറിച്ചു കൂടുതൽ എന്തെങ്കിലും കിട്ടിയോ..” 

ഫൈസൽ കുറച്ചു നേരം മേശപ്പുറത്ത് വെച്ചിരിക്കുന്ന ഓർഗാനിക് പൂക്കളിലേയ്ക്ക് നോക്കിയിരുന്നു. 

“മൃദുലിന്റെ ബാക്ഗ്രൗണ്ട് ഞങ്ങൾ ഏറെക്കുറെ ട്രെയ്‌സ് ചെയ്തു കഴിഞ്ഞു. അയാൾ ഇവിടെയൊരു സോഫ്ട്‍വെയർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വരുന്ന മാസം ഒരു വിദേശ പ്രോജക്ടിന്റെ ഭാഗമായിട്ട് പോവേണ്ടിയിരുന്നതായിരുന്നു അയാൾ. പക്ഷെ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് അത് നടക്കില്ല. അതിനും മുന്നേ, അയാൾ മറ്റൊരു കുറ്റക്രുത്യം അല്ലെങ്കിൽ കൈപ്പിഴ മറയ്ക്കാൻ ശ്രമിച്ചതിനെക്കുറിച്ചുള്ള അന്വേഷണം പാരലല്ലി നമ്മൾ നടത്തുന്നുണ്ട്. അയാളുടെ കാർ ഇടിച്ചു ഒരു സൈക്കിൾ യാത്രക്കാരൻ കൊല്ലപ്പെട്ടത് രണ്ടു മാസങ്ങൾക്ക് മുന്നെയാണ്. അയാളുടെ വിദേശ യാത്രയ്ക്ക് തടസ്സമായിട്ട് ആ കേസ് വന്നാലോ എന്ന് കരുതി അയാൾ എഫ് ഐ ആറിൽ തിരിമറി കാണിക്കാൻ സ്റ്റേഷനിലുള്ള ചില പോലീസുകാരുമായി ഇടപാട് നടത്തി എന്നാണ് നമുക്ക് കിട്ടിയ വിവരം..” 

“ഓകെ .. പത്രക്കാരുടെ പ്രഷർ വല്ലതുണ്ട്..നമുക്കെന്തെങ്കിലും ചെറിയ ഫൈൻഡിംഗ്‌സ് പുറത്ത് കൊടുക്കാൻ പറ്റുന്ന സാഹചര്യമാണോ ഇപ്പോൾ. “

“ഇല്ല സർ..ഇറ്റ് വിൽ ബി പ്രിമച്യുർ റ്റു എക്സ്പോസ് അവർ ഫൈൻഡിംഗ്‌സ് അറ്റ് ദിസ് ടൈം..” 

“ഓക്കേ ഫൈസൽ..യു കീപ് മി പോസ്റ്റഡ്..” 

“ഷുവർ സർ..” 

ഫൈസലും അരുണും ഐജി ഓഫീസിൽ നിന്ന് പുറത്തിറങ്ങി. 

ഇനിയെങ്ങോട്ട് പോവണമെന്നൊരു പ്ലാൻ പോലും അവരുടെ മുന്നിൽ ഇല്ലായിരുന്നു. 

ഏത് ദിശയിലേക്ക് തിരിഞ്ഞാൽ കേസിന്റെ ചുരുളഴിക്കാൻ കഴിയുമെന്നറിയാതെ രണ്ടു പേരും അവരവരുടെ ചിന്തകളിൽ മുഴുകി. 

എത്ര നേരം കടന്നു പോയെന്ന് അവരറിഞ്ഞില്ല. 

പുറത്ത് നടക്കുന്നത് ഒന്നിനെക്കുറിച്ചും അവർ ആശങ്കയുള്ളവരായിരുന്നില്ല. ചാനലുകളും പത്രങ്ങളും ഊഹങ്ങളും ദുരൂഹതകളും ഉയർത്തുന്ന കഥകൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു അതെ സമയം. 

അന്ന് വൈകുന്നേരത്തെ ഫൈസലിന്റെ ടീം മീറ്റിങ് നിശ്ശബ്ദതയോടെയാണ് തുടങ്ങിയത്. ആദ്യത്തെ അഞ്ചു മിനിറ്റ് നേരം ആരും ഒന്നും സംസാരിച്ചില്ല. എല്ലാവരുടെയും ഉള്ളിലും മുഖത്തും മുന്നോട്ടധികം നീങ്ങാൻ കഴിയാതെപോയതിനെക്കുറിച്ചുള്ള നിരാശ നിഴലിച്ചു നിന്നിരുന്നു. 

നീണ്ട മൗനത്തെ മുറിച്ചു കൊണ്ട് അർച്ചനയുടെ ഫോൺ അവരെ തേടിയെത്തി. 

അവളായിരുന്നു നയനയെ തിരഞ്ഞു പോയിരുന്നത്. നയനയുടെ വിലാസം തെറ്റായിട്ടായിരുന്നു കൊടുത്തത് എന്ന് മുൻപേ സൂചിപ്പിച്ചിരുന്നല്ലോ. 

അർച്ചന അവളുടെ കരുക്കൾ കരുതലോടെ നീക്കിയപ്പോൾ കയ്യിൽ തടഞ്ഞ തെളിവുകൾ ഫോൺ വഴി ടീമിന് മുന്നിലേക്കിട്ടു. 

അവൾ വിളിച്ചത് കോഴിക്കോട് നിന്നാണ്. 

കോഴിക്കോട് കിഴക്ക് ഏതോ ഒരു മലയോര ഗ്രാമത്തിലാണ് അവൾ. നയനയുടെ വീട് കണ്ടെത്തി എന്ന് പറഞ്ഞപ്പോൾ എല്ലാവര്ക്കും ഉള്ളു തണുത്തു. 

“ഉറപ്പിക്കാൻ പറ്റുമോ ..അർച്ചന..” ഫൈസൽ ചോദിച്ചു. 

“ഷുവർ സർ..ഞാൻ അവളുടെ വീടിനു മുന്നിലാണ് ഇപ്പോഴും, അവളുടെ ഫോട്ടോ ഇവിടെ ഉണ്ട്. പാരന്റ്സ് ഒന്നും ഇല്ല. പക്ഷെ അവളുടെ എക്സ് ഹസ്ബന്റിനെ കണ്ടു. ഉറപ്പു വരുത്തി..”

“ഗുഡ്..ദാറ്റ്സ് എ ഗ്രേറ്റ് അകംപ്ലിഷ്മെന്റ്..ഗ്രേറ്റ് ജോബ്..” ഫൈസൽ കയ്യടിച്ചു. 

“സർ..മറ്റൊരു കാര്യമുണ്ട്…നയനയുടെ ദുബായ് കണക്ഷൻ വെച്ചാണ് ഞാൻ ഇവിടെ എത്തിയത്. എന്റെയൊരു ക്ലാസ്മേറ്റ് ദുബൈയിൽ സെയിം മാളിൽ ജോലി ചെയ്തിരുന്നു അവനാണ് കോണ്ടാക്റ്റ് ഒപ്പിച്ചു തന്നത്. നയന ദുബൈയിൽ ആയിരുന്നപ്പോൾ മാളിൽ വെച്ച് പരിചയപ്പെട്ട മണിവർണ്ണൻ ആണ് അവളെ ദുബൈയിൽ നിന്നും നാട്ടിലേക്ക് കൊണ്ട് വന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്..”

“സ്റ്റോപ്പ് സ്റ്റോപ്പ്..അതൊരു പുതിയ കണക്ഷനാണല്ലോ..”

“അതെ സാർ..”

“മണിവർണ്ണനും നയനയും മുൻപരിചയക്കാരാണ്..”

“സൂപ്പർ..അരുൺ നമുക്കൊരു വഴി തെളിഞ്ഞു വരുന്നുണ്ട് എന്ന് തോന്നുന്നു..അല്ലെ..”

“പ്രോമിസിംഗ് ആണ് സർ..”

“യെസ്..യെസ്..ബാക്കി പറയൂ അർച്ചന..”

“മണിവർണ്ണൻ നിർബന്ധിച്ചിട്ടാണ് നയന ഡൈവേഴ്‌സ് വാങ്ങിയത് എന്ന് അവളുടെ എക്സ് ഹസ്ബൻഡ് മൊഴി തന്നിട്ടുണ്ട്..”

“ഓകെ..അത് നന്നായി. വേറെ എന്തെങ്കിലും അയാൾ പറഞ്ഞോ..”

“ഇല്ല സാർ. വേറൊന്നും കിട്ടിയില്ല. ഞാൻ നയനയുടെ കുറെ ആർട്ടിഫാക്ട്സ് കളക്റ്റ് ചെയ്തിട്ടുണ്ട്…”

“ഗുഡ് അർച്ചന..സീ യു ഹിയർ ടുമോറോ..” 

“ഷുവർ സർ..”

“റിയയെപ്പറ്റി എന്തെങ്കിലും കിട്ടിയോ സുദീപ് “ 

ഫോണിൽ കൂടി സുദീപ് പറഞ്ഞത് വ്യക്തമാവുന്നുണ്ടായിരുന്നില്ല. എങ്കിലും അവിടെ കൂട്ടിയവർക്കെല്ലാം മനസ്സിലായത് റിയയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും തന്നെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല എന്നത് തന്നെയാണ്. 

റിയ വിദേശത്തെവിടെയോ ജനിച്ചു ‘അമ്മ നഷ്ടപ്പെട്ട കുട്ടിയാണെന്നും. അച്ഛനിപ്പോഴും വിദേശത്താണെന്നും മാത്രമാണ് റിയയെക്കുറിച്ചു അന്വേഷിച്ചു പോയ സുദീപിന് മനസിലാക്കാൻ കഴിഞ്ഞത്. 

മണിവർണ്ണനും നയനയും തമ്മിലുള്ള കണക്ഷൻ കണ്ടെത്തിയെങ്കിലും കൂടിയും കേസിനെ കൂടുതൽ മുന്നോട്ട് കൊണ്ട് പോവാൻ പറ്റുന്ന വേറൊന്നും തന്നെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

ദിവസങ്ങൾ ഒന്ന് രണ്ടു കടന്നു പോയി. കേസ് എവിടെയുമെത്താതെ നീങ്ങുന്നതിന്റെ അമർഷം ഐജിയും മറ്റു സീനിയർ പോലീസ് ഓഫീസേഴ്‌സും പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഫൈസലിന്റെ ഉഴപ്പു കാരണമാണ് കേസ് തെളിയാത്തത് എന്നും ഐജി പരസ്യമായിട്ട് ശാസിച്ചു. പുറത്ത് മീഡിയ പതിവ് ശബ്ദ കോലാഹലങ്ങൾ പാരമ്യത്തിലെത്തിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും. 

ഫൈസൽ വീട്ടിലെത്തുന്നത് വരെ വൈകി തുടങ്ങിയിരുന്നു. 

മിക്കപ്പോഴും ഓഫീസിൽ തന്നെ കഴിച്ചു കൂട്ടും. അയാൾ മൃദുലിന്റെയും റിയയുടെയും പിന്നാലെ ആയിരുന്നു. എങ്ങനൊക്കെ ശ്രമിച്ചിട്ടും റിയയുടെയും മൃദുലിന്റെയും മുൻകാലത്തെ കണ്ടെത്താൻ ഫൈസലിനും ടീമിനും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. 

ദിവസങ്ങൾ പിന്നെയും കഴിഞ്ഞു. ആദ്യത്തെ അപകടം നടന്നിട്ട് ഒരാഴ്ചയെങ്കിലും ആയിക്കാണണം. ഒരാഴ്ച എന്ന് പറയുന്നത് കൊച്ചിയിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ സർക്കിളിൽ ഒരു നീണ്ട കാലയളവാണ് എന്ന വിധത്തിലായിരുന്നു തനിക്ക് ചുറ്റുമുള്ളവർ പെരുമാറുന്നത് എന്ന് ഫൈസലിന് തോന്നിത്തുടങ്ങിയിരുന്നു. 

വൈറ്റില ഇടപ്പള്ളി റോഡിൽ ആക്സിഡന്റ് നടന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞതിന്റെ അന്ന് വൈകുന്നേരം. ഫൈസൽ നേരത്തെ വീട്ടിലേക്ക് വന്നു. ഷിഹാനയെയും മകളെയും കൂട്ടി മാളിലെ ഫുഡ് കോർട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി മെട്രോ പിടിച്ചവർ മാളിൽ ചെന്നിറങ്ങി. 

കുറെ നേരം മാളിലൂടെ കറങ്ങി നടന്ന ശേഷം ഫുഡ് കോർട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാളുടെ ചുമലിൽ ഒരു കൈ വന്നു വീണു. 

“ഫൈസലെ..ഓർമ്മയുണ്ടോ..” 

തിരിഞ്ഞു നോക്കിയപ്പോൾ ആളെ പെട്ടെന്ന് ഫൈസലിന് മനസിലായില്ല. നല്ല ഉയരവും ജിമ്മിലൊക്കെ പോയി മസിലു പെരുപ്പിച്ച ബോഡിയും കൊമ്പൻ മീശയുമൊക്കെ ഉള്ള ഒരു സമപ്രായക്കാരൻ. 

ഓർമ്മ കിട്ടാതെ ഫൈസൽ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. 

“നിനക്ക് എന്നെ ഓർമ്മ വന്നില്ല എന്ന് തോന്നുന്നു..ഡാ..ഹരി .. സെന്റ് ജോസഫ്സിൽ ..”

ഓ..ആ ..ഇപ്പൊ പിടികിട്ടി…കണ്ടിട്ട് മനസ്സിലായില്ല…”

“അത് നമ്മൾ കണ്ടിട്ട് കുറെ ആയില്ലേ..” 

ഫൈസൽ, ഹരിയെ ഷിഹാനക്കും മോൾക്കും പരിചയപ്പെടുത്തി കൊടുത്തു. 

“നീയെന്താ ഇവിടെ..നീ ബാംഗ്ലൂരിൽ അല്ലായിരുന്നോ..എന്ത് പറ്റി ഇവിടെ..ബിസിനസ് ഇങ്ങോട്ട് മാറ്റിയോ ..” ഫൈസൽ ചോദിച്ചു. 

“അല്ലേടാ..ഒരു സംഭവം അന്വേഷിച്ചു വന്നതാണ്. നീ പോലീസിൽ അല്ലെ..” 

“അതെ..എസിപി ക്രൈം ഇൻവെസ്റ്റിഗേഷൻസ്..”

“അടിപൊളി ..അപ്പൊ പറ്റിയ ആളെ തന്നെയാണ് കിട്ടിയത്…നമുക്കൊന്ന് ഇരിക്കാൻ പറ്റുമോ..കുറച്ചു സീരിയസ് ആയിട്ട് സംസാരിക്കാനുണ്ട്…എനിക്ക് നിന്റെ ഹെല്പ് വേണം..” 

ഫൈസൽ ഷിഹാനയുടെ മുഖത്ത് നോക്കി. അവളുടെ മുഖത്ത് നീരസം പടരുന്നത് കാണാമായിരുന്നു. 

“ഡാ നീ നോ പറയരുത്…പറ്റിയാൽ ഇന്ന് തന്നെ നമുക്ക് ഇരിക്കണം..അത്ര അത്യാവിശ്യമാണ്..ഞാനിതെ ഇവിടുത്തെ മാരിയറ്റിലാണ് താമസം. ഞാൻ ലോബിയിലുണ്ടാവും.. നീ ഇവരെ വീട്ടിലേക്ക് വിട്ടിട്ടു വേഗം വാ..” 

ഫൈസൽ, ഷിഹാനയെയും മോളെയും വീട്ടിലേക്കുള്ള മെട്രോയിൽ കയറ്റി വിട്ടിട്ട്…ഹോട്ടലിന്റെ ലോബിയിൽ വന്നു. അവിടെ ഹരി ഇരിക്കുന്നുണ്ടായിരുന്നു. 

ഹരി ഫൈസലിനെ ഹോട്ടലിലെ ബാറിലേക്ക് ക്ഷണിച്ചു. 

ഹരിക്കൊരു പ്രശ്നമുണ്ട്. അയാൾ ബാംഗ്ലൂരിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ്. വലിയ പ്രോജക്ടുകളാണ് കയ്യിൽ. അത് കൊണ്ട് തന്നെ ധാരാളം പണവും. കുറച്ചു കാലമായിട്ട് ഒരു പ്രശ്നം അയാളെ അലട്ടുന്നുണ്ട്. 

അയാൾ കുറച്ചു നേരത്തെ മൗനത്തിന് ശേഷം സംസാരിച്ചു തുടങ്ങി. 

“ഡാ ഞാൻ ശരിക്കും പെട്ടിരിക്കുകയാണ്. എനിക്കൊരു സഹായം വേണം. ഒഫീഷ്യൽ റൂട്ടിൽ പോവാൻ പറ്റില്ല. അത് കൊണ്ടു ഇവിടെ പോലീസിലും എനിക്ക് ഒഫീഷ്യലായിട്ട് അപ്രോച്ച് ചെയ്യാൻ പറ്റില്ല. “

“നീ പ്രശ്നം എന്താണെന്ന് പറ..പരിഹാരമുണ്ടാക്കാം..”

“ദേവിക..” 

“ദേവിക..?”

“അതേ..അവളെ ഞാൻ പരിചയപ്പെടുന്നത് ബാംഗ്ലൂരിലെ ഒരു മൈക്രോ ബ്രുവരിയിൽ വെച്ചാണ്. ഒരു കാഷ്വൽ പരിചയപ്പെടൽ. പിന്നീട് പല വൈകുന്നേരങ്ങളിൽ പബ്ബിലും, ബ്രുവരികളിലുമൊക്കെ ആയി ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ ഫ്രെണ്ട്സ് ആയി. ഒരു ദിവസം അവളെന്നെ ഒരു പാർട്ടിയ്ക്ക് വിളിച്ചു. അവളുടെ റൂം മേയ്റ്റിന്റെ ബെർത്ത് ഡേ പാർട്ടി. അവളുടെ ഫ്‌ലാറ്റ് വൈറ്റ്‌ഫീൽഡിൽ മെയിൻ റോഡിൽ നിന്ന് കുറച്ച് ഉള്ളിലായിട്ട് ആയിരുന്നു. ഞാൻ ഫ്‌ളാറ്റിലേക്ക് ചെല്ലുമ്പോഴേക്കും ആ അപ്പാർട്മെന്റിൽ കരണ്ട് പോയി. ലിഫ്റ്റ് വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. 

അഞ്ചാമത്തെ നിലയിലോ മറ്റോ ആയിരുന്നു അവളുടെ ഫ്‌ലാറ്റ് എന്നാണ് അവളെന്നോട് പറഞ്ഞിരുന്നത്. 

ഞാൻ സ്റ്റെപ് ഒക്കെ കയറി മുകളിൽ ചെന്നു. അവളുടെ ഫ്‌ളാറ്റിന്റെ വാതിൽ തുറന്ന് ഉള്ളിൽ കയറിയപ്പോഴേക്കും കരണ്ടു വന്നു. ലിവിംഗ് റൂമിലൊന്നും ആരെയും കാണുന്നുണ്ടായിരുന്നില്ല. 

അവളുടെ ബെഡ്‌റൂമിൽ ചെന്നപ്പോൾ ഞാൻ കണ്ടത് ബെഡിൽ രക്തം വാർന്ന് മരിച്ചു കിടക്കുന്ന ദേവികയെ ആണ്. അവൾക്ക് വസ്ത്രങ്ങളൊന്നും ഇല്ലായിരുന്നു. 

ഞാൻ ആകെ പകച്ചു പോയി. 

പെട്ടെന്ന് എന്റെ പിന്നിൽ നിന്ന് ആരോ ഫോട്ടോ എടുക്കുന്നതായിട്ട് എനിക്ക് തോന്നി. തിരിഞ്ഞു നോക്കിയിട്ട് ഞാൻ ആരെയും കണ്ടില്ല…ആ വെപ്രാളത്തിലും അങ്കലാപ്പിലും അവിടെ നിക്കാതെ പെട്ടെന്ന് ഫ്‌ളാറ്റ് പൂട്ടി ഞാൻ വെളിയിലേക്കിറങ്ങി …ആ സമയത്ത് എന്തോ അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്..”

പിറ്റേന്ന് ഞാൻ ആ ഫ്‌ളാറ്റിൽ വീണ്ടും ചെന്നു..പുറത്ത് പോലീസുകാരൊക്കെ നിൽക്കുന്നത് കണ്ടിരുന്നു. 

അനാവശ്യമായ കുടുക്കിൽ ചെന്ന് ചാടേണ്ടല്ലോ എന്ന് വിചാരിച്ചു ഞാൻ അവിടെ നിൽക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോന്നു. 

കുറച്ചു കാലം വീട്ടിൽ പുറത്തിറങ്ങാതെ താമസിച്ചു. ഈ സംഭവങ്ങളൊക്കെ നടന്നിട്ട് ഇപ്പോൾ ഏറെക്കുറെ ഒരു വര്ഷം എങ്കിലും ആയിക്കാണണണം..ദേവികയുടെ മരണത്തെക്കുറിച്ചു അന്വേഷിച്ചു കൊണ്ട് ആരും ആദ്യത്തെ ഒരു ആറു മാസം എന്നെ തിരഞ്ഞു വന്നിരുന്നില്ല. അത് കൊണ്ട് തന്നെ എല്ലാം നോർമൽ ആണല്ലോ എന്ന് കരുതി ഞാൻ തിരിച്ചു ബാംഗ്ലൂരിൽ ചെന്ന് ജോലി തുടങ്ങി. 

അങ്ങനെ ഒരു ദിവസം..എന്റെ ഓഫീസിൽ എനിക്കൊരു കൊറിയർ വന്നു. തുറന്നു നോക്കിയപ്പോൾ കണ്ടത് ദേവികയുടെ ചോരവാർന്ന് കിടക്കുന്ന നേക്കഡ് ബോഡിയുടെ അടുത്ത് നിൽക്കുന്ന എന്റെ ഫോട്ടോ ആയിരുന്നു…ആ ഫോട്ടോയുടെ പിന്നിൽ അതിനൊരു വില ഇട്ടിട്ടുണ്ടായിരുന്നു. അൻപത് ലക്ഷം രൂപ…ആ പണം എങ്ങനെയെങ്കിലും ഞാൻ ഉണ്ടാക്കി കൊടുക്കുമായിരുന്നു. പക്ഷെ, ആരാണ് എന്നെ ബ്ലാക് മെയിൽ ചെയ്യുന്നത് എന്ന് എനിക്കറിയണമായിരുന്നു..നേരിട്ട് കോണ്ടാക്റ്റ് ചെയ്യാനുള്ള വഴികളൊന്നും ഫോട്ടോ അയച്ചയാൾ തന്നിരുന്നില്ല. ക്രിപ്റ്റോ കറൻസിയായിട്ട് ഒരു ക്രിപ്റ്റോ അകൗണ്ടിൽ ഇടാനുള്ള ഇൻസ്ട്രക്ഷൻസ് അടങ്ങിയ മറ്റൊരു കൊറിയറും ഇതിനിടെ എനിക്ക് കിട്ടിയിരുന്നു. “

“നീ പോലീസിൽ റിപ്പോർട് ചെയ്തില്ലേ..”

“ഡാ..ഇങ്ങനെയുള്ള കേസുകളിൽ ചെന്ന് തല വെയ്ക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. മാത്രവുമല്ല ആറു മാസം മുന്നേ നടന്ന ഒരു കൊലപാതകം മറച്ചു വെച്ചയാൾ ആണ് ഞാൻ.. ആ പേടിയും പോലീസിൽ റിപ്പോർട്ട് ചെയ്യാൻ എന്നെ പേടിപ്പിച്ചു..ഒടുക്കം കറങ്ങി തിരിഞ്ഞു കേസ് നമ്മടെ മേൽ വന്നല്ലോ. എനിക്ക് ഈ പറയുന്ന ഹോൾഡ് ഒന്നും ഉള്ള സ്ഥലമല്ല ബാംഗ്ലൂർ. ഈസി മണി ഉണ്ടാക്കുന്നുണ്ട് എന്നല്ലാതെ എനിക്കവിടെ ഗോഡ് ഫാദേഴ്‌സ് ഒന്നുമില്ല. ഐ മീൻ ലോക്കൽസ്. സോ..ഒരു റിസ്ക്ക് എടുക്കുന്നത് ആ സമയത്ത് ലോജിക്കലായിട്ട് തോന്നിയില്ല..”

“എന്നിട്ട് നീ എന്തു ചെയ്തു..”

“ഞാൻ എനിക്ക് പരിചയമുള്ള ഒരാൾ വഴി ബാംഗ്ലൂരിലെ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെ കോണ്ടാക്റ്റ് ചെയ്തു..അയാൾ ആദ്യം ചെയ്തത് എനിക്ക് വന്ന കൊറിയറിലെ ക്രിപ്റ്റോ കറൻസി ലിങ്ക് ട്രെയ്‌സ് ചെയ്യുക എന്നതായിരുന്നു. അതത്ര എളുപ്പമുള്ള പണി അല്ലല്ലോ..ഒടുക്കം എസ്റ്റോണിയയിലെ ഏതോ ഷെൽ കമ്പനിയിലാണ് ആ അക്കൗണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി..എനിക്ക് കിട്ടിയ പ്രൈവറ്റ് ഡിറ്റക്ടീവ് ഒരു മിടുക്കൻ ആയിരുന്നു. അയാൾ സൈബർ ക്രൈമുകൾ ഇൻവെസ്റ്റിഗേഷൻ ചെയ്യുന്നതിൽ എക്സ്പെർട്ട് ആയിട്ടുള്ള ഒരാളായിരുന്നു. അയാൾ ചികഞ്ഞു ചികഞ്ഞു ചികഞ്ഞു എനിക്ക് മനസ്സിലായി ദേവിക ഇപ്പോൾ ഇവിടെ ഉണ്ടെന്ന്..”

“ദേവിക കൊല്ലപ്പെട്ടു എന്നല്ലേ താൻ പറഞ്ഞത്..”

“അങ്ങനെ എന്നെ വിശ്വസിപ്പിച്ചു എന്നതാവും സത്യം..അവർ അത് കൃത്യമായിട്ട് സ്റ്റേജ് ചെയ്തു..ബ്ലാക് മെയിൽ ചെയ്തു പണം തട്ടാനായിരുന്നു പ്ലാൻ എന്ന് തോന്നുന്നു. എന്തായാലും അത് നടക്കില്ല എന്ന് മനസ്സിലാക്കിയിട്ട് ആയിരിക്കണം അവർ എന്നെ പിന്നെ അധികം ശല്യം ചെയ്തില്ല..”

“ബ്ലാക്മെയിലിംഗിന് ആയിരുന്നു ഉദ്ദേശമെങ്കിൽ, എന്ത് കൊണ്ട് അവർ ആറു മാസം വൈകിപ്പിച്ചു..”

ഹരി ചിരിച്ചു. 

“ഡാ സാധാരണ ഇങ്ങനെയൊക്കെ നടക്കുമ്പോൾ ആളുകൾ പാനിക്കിൽ പലതും ചെയ്യില്ലേ..അങ്ങനെയൊരു വഴിയായിരിക്കണം അവരും പ്രതീക്ഷിച്ചത്..എളുപ്പത്തിൽ ചാടി പിടി കൊടുക്കും എന്ന്. എനിക്ക് പണ്ടേയുള്ള ഒരു സ്വഭാവമുണ്ട് പാനിക്ക് ആയാൽ ഞാനൊരു ഷെല്ലിനകത്ത് കയറിയത് പോലെ ചുരുണ്ടു കൂടിയിരിക്കും…ആർക്കും ആക്സസ് കൊടുക്കില്ല…അവർക്ക് സത്യം പറഞ്ഞാൽ എന്നെ കണ്ടു പിടിക്കാൻ പറ്റിക്കാണില്ല..അവരങ്ങനെയൊരു റിസ്ക് പ്രതീക്ഷിച്ചും കാണില്ല..”

“ഓക്കേ..ഇപ്പോഴും ഞാനെന്താണ് ചെയ്യേണ്ടത് എന്ന് നീ പറഞ്ഞില്ല..”

“ഓ അത് മറന്നു..ബൈദവേ..ഇവിടെ നല്ല ചൂടൻ ജാപ്പനീസ് സാകേ കിട്ടും..കഴിക്കുന്നോ..” 

“ഇല്ല..ഞാൻ കുടിക്കില്ല..”

“ ഉം..ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് എന്നെ ഹെല്പ് ചെയ്തിരുന്നു എന്ന് പറഞ്ഞില്ലേ..അവനാണ് ഈയടുത്ത് എന്നോട് പറയുന്നത് ദേവികയുടെ നമ്പർ ഇവിടെ എവിടെയോ ഈ കഴിഞ്ഞ ദിവസങ്ങളിൽ ആരോ ഉപയോഗിച്ചിരുന്നു എന്ന്..അവൻ ആള് സ്മാർട് ആയിരുന്നത് കൊണ്ട് ആരും അറിയാതെ ആ ഫോൺ ഹാക് ചെയ്തു അതിലെ ക്യാമറ വഴി ഉപയോഗിച്ചയാളുടെ ഫോട്ടോ എടുത്തു എനിക്കയച്ചു തന്നു. ആ ഫോൺ സത്യം പറഞ്ഞാൽ ഏതാനും മിനിറ്റുകൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ..ആ ഫോട്ടോ നോക്കിയപ്പോൾ അത് ദേവികയുടേത് ആയിരുന്നു. “ 

“ ആ ഫോട്ടോ ഉണ്ടോ കയ്യിൽ..”

“ഞാൻ നിനക്ക് വാട്സ്ആപ് ചെയ്യാം..”

“ഒക്കെ..”

ഫൈസലിന്റെ ഫോണിലേക്ക് വന്ന ഫോട്ടോ അയാളെ അത്ഭുതപ്പെടുത്തി. 

“ഡാ .. ഈ കുട്ടിയെ ഞാനെവിടെയോ കണ്ടിട്ടുണ്ട്..” ഫൈസൽ ഓർത്തെടുക്കാൻ ശ്രമിച്ചു. 

അയാൾ പെട്ടെന്ന് ഓർത്തെടുത്തത് പോലെ പറഞ്ഞു..

“ഡാ … ഈ കുട്ടി കഴിഞ്ഞയാഴ്ച്ച ഇവിടെ ഒരു ആക്സിഡന്റ് നടന്നതിൽ കൊല്ലപ്പെട്ടു. ഡ്രഗ് ഡീൽ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ എന്റെ പിടലിക്ക് വന്നു കയറിയ കേസ് ആണ്..”

“കൊല്ലപ്പെട്ടു എന്നോ..”

“അതെ..ഇവിടെ അവളുടെ പേര് റിയ എന്നാണ്..” 

“റിയ ?” 

‘അതെ..ഇവളുടെ റൂം മേറ്റ് ഒരു നയന ഉണ്ടായിരുന്നു..അവളും കൊല്ലപ്പെട്ടു..”

“ആക്സിഡന്റിൽ ആണോ..”

“അല്ല അതൊരു ക്രൈം ആണ്..കൊന്നവനെ തേടിയുള്ള ഓട്ടത്തിൽ ആയിരുന്നു ഞങ്ങളും കഴിഞ്ഞ ഒരാഴ്ചയായിട്ട്..” 

“അവള് പിന്നേം സ്റ്റേജ് ചെയ്തത് ആവും..അങ്ങനെ ആണെങ്കിൽ എന്നെപ്പോലെ മറ്റേതെങ്കിലും ഒരാൾ ഇപ്പൊ തീ തിന്നുന്നുണ്ടാവും..”

ഫൈസൽ കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം. ഹരിയുടെ കയ്യിൽ നിന്നും ദേവികയുടെ നമ്പർ വാങ്ങി സൂഫിയക്ക് അയച്ചു കൊടുക്കുന്നു. 

എന്നിട്ട് അയാൾ സൂഫിയെ വിളിക്കുന്നു. 

“സൂഫി … ഞാനിപ്പോ അയച്ച നമ്പർ ഒന്ന് ട്രെയ്‌സ് ചെയ്യണം. കൊച്ചിയിൽ എവിടെയോ ഉണ്ട് ഈ നമ്പർ. പിന്നെ, റിയയുടെ ഡി എൻ എ റിസൾട്ട് വന്നോ..കൊല്ലപ്പെട്ടത് റിയ തന്നെ ആണെന്ന് നമുക്ക് ഉറപ്പിക്കാൻ പറ്റുമോ..”

“നമുക്ക് മാച്ച് ചെയ്തു നോക്കാൻ ഒറിജിനൽ സാമ്പ്ൾസ് ഒന്നും ഇല്ലല്ലോ..സാർ..”

ഫൈസൽ ദേവികയുടെ ഫോട്ടോ സൂഫിയക്ക് അയച്ചു കൊടുക്കുന്നു. 

“ഒരു കാര്യം ചെയ്യ്..ഞാനൊരു ഫോട്ടോ അയച്ചിട്ടുണ്ട്..സൂഫി പെട്ടെന്ന് ഒന്ന് വെരിഫൈ ചെയ്യൂ..ഇത് റിയ ആണോ എന്ന്..” 

രണ്ടു മിനിറ്റിനു ശേഷം ഫൈസലിനെ സൂഫി തിരിച്ചു വിളിക്കുന്നു. 

‘സാർ..ഇത് തന്നെയാണ് സാർ ആക്സിഡന്റിൽ കൊല്ലപ്പെട്ട ആ കുട്ടി..കൺഫേം..”

“ഹരി..സൊ ഇറ്റ് ഈസ് കൺഫേംഡ്..”

“ഇല്ലെടാ..സുകുമാര കുറുപ്പിന്റെ മോൾ ആയിരിക്കുമ്മ് അവൾ..എനിക്കിപ്പോഴും വിശ്വാസം ഇല്ല…അവൾ സ്റ്റേജ് ചെയ്തത് ആയിരിക്കും…” 

“അങ്ങനെയാവാൻ വഴിയില്ല. നീ നിന്റെ ഹാക്കർ ഫ്രണ്ടിനെ വിളിച്ചു ആ ഫോണിൽ വേറെ വല്ല ഫോട്ടോയും ഉണ്ടായിരുന്നോ എന്ന് ചോദിക്കു..” 

ഹരി ഫോണെടുത്ത് ആരെയോ വിളിക്കുന്നു. 

അയാൾ തിരിച്ചു വന്നിട്ട്..”ഡാ .. ആ ഫോൺ ഇപ്പൊ ദേ വീണ്ടും ഓൺ ആയിട്ടുണ്ട്..ഏതെങ്കിലും നെറ്റ് വർക്കിൽ വന്നു കഴിഞ്ഞാൽ അവൻ പ്രോഗ്രാം റൺ ചെയ്ത് ഫോട്ടോ പൊക്കി തരും..” 

ഇതിനിടയ്ക്ക് സൂഫിയുടെ ഫോൺ വരുന്നു. 

“സർ ഈ നമ്പർ വൈറ്റില പരിധിയിൽ ലാസ്റ്റ് വീക്ക് ഉണ്ടായിരുന്നു…ഇപ്പോൾ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്..” 

“ഒകെ..സൂഫി കീപ് മി പോസ്റ്റഡ്..”

ഫൈസൽ ഫോണെടുത്ത് അരുണിനെയും, സുദീപിനെയും, സുഭാഷിനെയും, അർച്ചനയെയും അലേർട്ട് ചെയ്യുന്നു. 

ഹരിയുടെ ഫോണിലേക്ക് ബാംഗ്ലൂരിൽ നിന്നും സൈബർ ഡിറ്റക്ടീവിന്റെ ഫോൺ വരുന്നു. 

ഫോണെടുത്ത ശേഷം..ഹരി സംസാരിച്ച കാര്യങ്ങൾ ഫൈസലിനെ അപ്‌ഡേറ്റ് ചെയ്യുന്നു. 

“ഫൈസലെ.. ആ ഫോൺ കുറേക്കാലം ആയിട്ട് ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. സോ..ഇപ്പോൾ അവർ കംപ്ലീറ്റ് വൈപ്പ് ഔട്ട് ചെയ്തു പുതിയ ഓപറേറ്റിങ് സിസ്റ്റമൊക്കെ ലോഡ് ചെയ്തു ഉപയോഗിച്ച് തുടങ്ങിയതാണ്. നമ്മടെ ഹാക്കർ പയ്യൻ ഇട്ട സോഫ്ട്‍വെയറൊക്കെ വൈപ്പ് ആയിപ്പോയി. പക്ഷെ നമ്മടെ പയ്യൻസ് ആരാ മോൻ. അവനൊരു ഓൺലൈൻ ലോട്ടറിയുടെ ടെക്സ്റ്റ് മെസ്സേജ് അയച്ചു. ആ ടെക്സ്റ്റിലുള്ള ഒരു ലിങ്കിൽ ക്ലിക് ചെയ്തപ്പോൾ അവന്റെ സോഫ്ട്‍വെയർ ഇൻസ്റ്റാൾ വീണ്ടും ഇൻസ്റ്റാൾ ചെയ്തു പണി തുടങ്ങിയിട്ടൂണ്ട്. പഴയ ഫോട്ടോ ഒന്നും റിട്രീവ് ചെയ്യാൻ പറ്റിയിട്ടില്ല എങ്കിലും, ക്യാമറ ആക്സസ് ചെയ്തു ഇപ്പോഴത്തെ സെൽഫി ഒരെണ്ണം എടുത്ത് അവൻ നമുക്കയച്ചു തരും. 

പിന്നെ, ആ മൊബൈലിൽ പുതിയ സിം കയറ്റി അവർ. ഇതാണ് നമ്പർ. നീ ഈ നമ്പർ നിന്റെ ടീമിന് കൊടുക്ക്..” 

ഫൈസൽ നമ്പർ സൂഫിക്ക് അയച്ചു കൊടുക്കുന്നു. 

ഇതോടൊപ്പം, ഹരിയുടെ ഹാക്കർ സുഹൃത്ത്, ദേവികയുടെ ഫോൺ ആക്സസ് ചെയ്തു പുതിയ ഒരു ഫോട്ടോ എടുത്ത് ഹരിക്ക് അയച്ചു കൊടുത്തത് ഹരിയുടെ ഫോണിൽ അലേർട്ട് ആയിട്ട് വന്ന ഉടനെ ആകാംഷ അടക്കാൻ വയ്യാതെ ഫോണിലേക്ക് രണ്ടു പേരുടെയും കണ്ണുകൾ കൂർപ്പിക്കുന്നു. . 

ഫോട്ടോ കണ്ട ഹരിയും ഫൈസലും ഞെട്ടുന്നു. 

റിയയുടെ ഫോട്ടോ..കൂടെ ഒരു ചെറുപ്പക്കാരനും. 

“ഇത് മൃദുൽ “ – ഫൈസൽ പറഞ്ഞു. 

പെട്ടെന്ന് തന്നെ ഫൈസലിന്റെ ഫോണിലേക്ക് സൂഫിയുടെ കോൾ വരുന്നു. 

“സാർ..ഫോൺ ലൊക്കേറ്റ് ചെയ്തു. മരട് പാലത്തിന്റെ അടുത്തുള്ള ഒരു ഫ്‌ളാറ്റിലാണ് ലൊക്കേഷൻ..” 

“ഒക്കെ..താങ്ക്സ് സൂഫി. എത്രയും പെട്ടെന്നു ടീമിനോട് അങ്ങോട്ട് ചെല്ലാൻ പറ..ലൊക്കേഷൻ അയച്ചു താ..ഞാനും അങ്ങോട്ടേയ്ക്ക് ഇറങ്ങുന്നു. ലോക്കൽ സ്റ്റേഷനിൽ ഒന്ന് അലേർട്ട് ചെയ്തേക്കണം..ഫോഴ്സ് വേണ്ടി വന്നേക്കാം..” 

ഹരിയുടെ കാറിൽ ഫൈസൽ സൂഫി അയച്ചു കൊടുത്ത ലൊക്കേഷനിലേക്ക് കുതിക്കുമ്പോൾ കൊച്ചിയിലെ വഴികളിൽ ഇരുട്ടിന്റെ കനം വീണു തുടങ്ങിയിരുന്നു. 

***

പിറ്റേ ദിവസം പകൽ. 

ഐജി ഓഫീസിൽ പത്രക്കാർക്കുള്ള ബ്രീഫിംഗ് 

ഐജിയാണ് ബ്രീഫിംഗ് ലീഡ് ചെയ്യുന്നത്. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തലയുയർത്തിപ്പിടിച്ചു തന്നെ ഇരിപ്പുണ്ടായിരുന്നു മുന്നിൽ തന്നെ. 

ഐജിയാണ് ബ്രീഫിംഗ് തുടങ്ങി വെച്ചത്..

“കേരളാ പോലീസിന്റെ മികവിന് ഒരു പൊൻ തൂവൽ ആവുകയാണ് കൊച്ചി ക്രൈം ഇൻവെസ്റ്റിഗേഷൻസ് സ്‌പെഷ്യൽ ടീം. എല്ലാവര്ക്കും കാപ്പിയും കട്ലെറ്റും പറഞ്ഞിട്ടുണ്ട് കഴിച്ചിട്ടേ പോകാവൂ..” 

അസ്ഥാനത്തുള്ള ആ ഓർമ്മപ്പെടുത്തൽ അല്ലാത്തപക്ഷം കടുത്ത പിരിമുറുക്കം ഉണ്ടാവേണ്ട ചില നിമിഷങ്ങളെ മയപ്പെടുത്തിക്കൊണ്ട് ആ മുറിയാലാകെ ചിരി പടർത്തി. 

“8-10-2021 വൈകുന്നേരം എട്ടര മണിക്ക് വൈറ്റില ഇടപ്പള്ളി റോഡിൽ ബിഗ് മാളിന് സമീപം നടന്ന ഒരു ആക്സിഡന്റ് കേസിൽ നിന്നാണ് തുടക്കം. അതി വേഗത്തിൽ വന്ന ഒരു കാർ ബാരിക്കേഡുകൾ ഇടിച്ചു തകർത്ത് വൈദ്യത പോസ്റ്റിൽ ഇടിക്കുന്നു. കാർ ഓടിച്ചിരുന്ന പെൺകുട്ടി തൽക്ഷണം കൊല്ലപ്പെടുന്നു. കൂടെയുണ്ടായിരുന്ന റൂം മേറ്റ് നയന എന്ന ഇരുപത്തിയേഴ് വയസ്സുകാരി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും, പോലീസ് അനേഷണത്തിൽ യുവതി ഫ്‌ളാറ്റിൽ  കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ മൃദുൽ എന്നൊരു ചെറുപ്പക്കാരന് ഈ കേസിലുള്ള ഇൻവോൾവ്മെന്റ് പോലീസ് സംശയിച്ചതിന്റെ ഫലമായി ആ ചെറുപ്പക്കാരനെ ട്രെയ്‌സ് ചെയ്തു പോയ എസിപി ഫൈസലും സംഘവും മണിവർണ്ണൻ എന്ന റെസ്റ്ററന്റ്റ് വ്യവസായിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഈ രണ്ടു സോറി മൂന്നു ക്രൈമുകൾക്കും പിന്നിൽ മൃദുൽ ആണെന്ന സംശയത്തിൽ അന്വേഷണം തുടങ്ങിയ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം, ഞെട്ടിക്കുന്ന സത്യങ്ങളാണ് കണ്ടെത്തിയത്. 

“ 

എല്ലാവരുടെയും മുഖത്ത് ആകാംഷ നിഴലിച്ചു. 

ഐജി തന്റെ മുന്നിലെ പേപ്പറുകൾ മറിച്ചു കൊണ്ട് വിവരണം തുടരുകയാണ്. 

“   ഒരു വലിയ റാക്കറ്റിന്റെ കണ്ണികളാണ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പിടിയിലായ കുന്ദാപുര സ്വദേശി ജെയിൻ ( 26 വയസ് ), തളിപ്പറമ്പ് സ്വദേശി നിത്യ ( 28 വയസ്സ് ), കൊല്ലം സ്വദേശി സെബാസ്റ്റിയൻ (36  വയസ്സ് ) എന്നിവർ. നിത്യയുടെ ഇരട്ട സഹോദരിയും കൂട്ടു പ്രതി ആവേണ്ടിയിരുന്നവരുമായ നിമിഷയാണ് ആക്സിഡന്റിൽ കൊല്ലപ്പെട്ട പെൺകുട്ടി. നിമിഷവും നിത്യയും ഐഡന്റിക്കൽ ട്വിൻസ് ആണെന്ന സൗകര്യം ഉപയോഗിച്ച് റിയ എന്ന പേരിലാണ് കൊച്ചിയിൽ തങ്ങിയിരുന്നത്. ജെയിൻ മൃദുൽ എന്ന പേരിൽ ടെക്പാർക്കിലെ ഒരു കമ്പനിയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ജോലി നോക്കുകയായിരുന്നു. 

ഇന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചു നടന്ന ബ്ളാക്മെയിൽ കേസുകളിലെ പ്രധാന സസ്‌പെക്റ്റുകളാണ് പിടിയിലായവർ എന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്. 

ബാംഗ്ലൂരിലെ ഒരു സമാന ശ്രമം പാളിയതിന് ശേഷം കൊച്ചിയിൽ ഒരു ഇരയെ കണ്ടെത്തിയായിരുന്നു ജെയിൻ-നിത്യ-നിമിഷ-സെബാസ്റ്റിയൻ ഗ്യാങ് കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചിയിൽ തമ്പടിച്ചിരുന്നത്. കൊച്ചിയിൽ അവരുടെ ടാർഗറ്റ് മണിവർണ്ണൻ എന്ന വ്യവസായി ആയിരുന്നു. 

അയാളുടെ ചില അന്ധവിശ്വാസങ്ങളെ മുതലെടുത്ത് അടുപ്പമുണ്ടാക്കാനും അത് വഴി സ്വത്ത് തട്ടിയെടുക്കാനുമായിരുന്നു ഈ ഗ്യാംഗിന്റെ പ്ലാൻ. 

ജാതകത്തിൽ വിശ്വാസമുണ്ടായിരുന്ന മണിവർണ്ണനെ റിയ എന്ന നിത്യയുടെ ജാതകം വിശിഷ്ടമായത് ആണ് എന്നും റിയയെ ഭാര്യയായി കൂട്ടിയാൽ രാജയോഗം ഉണ്ടാവുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചത് ജ്യോതിഷമറിയാം എന്ന വ്യാജേനെ മണിവർണ്ണനുമായി അടുപ്പമുണ്ടാക്കിയ സെബാസ്റ്റിയൻ ആയിരുന്നു. റിയ പക്ഷെ പെട്ടെന്ന് വഴങ്ങിക്കൊടുക്കാതെ അഭിനയിക്കുകയും റിയയെ വശത്താക്കാൻ മണിവർണ്ണൻ തന്റെ സുഹൃത്തായ നയനയെ ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു. യഥാർത്ഥത്തിൽ നയനയെ ഉപയോഗിച്ച് മണിവർണ്ണനിലേക്ക് കൂടുതൽ അടുക്കുക എന്ന ഐഡിയയിൽ ആയിരുന്നു റിയ എന്ന പേരിൽ നിത്യയും നിമിഷവും  നയനയുടെ റൂം മേറ്റ് ആയിട്ട് ഫ്‌ളാറ്റിൽ കൂടെ താമസിക്കുന്നത്. “

“സർ..ഈ രണ്ടു പേരും ഇരട്ടകൾ ആണെന്ന് നയനയ്ക്ക് അറിയാമായിരുന്നോ..”

“ചോദ്യങ്ങളെല്ലാം നമുക്ക് അവസാനമാക്കാം..എന്നാലും, നയനയ്ക്ക് അറിയില്ലായിരുന്നു എന്നാണ് പ്രതികളുടെ മൊഴികളിൽ നിന്ന് മനസ്സിലാവുന്നത്..യാദൃശ്ചികമായി റിയക്കൊപ്പം മൃദുൽ എന്ന ജെയിനിനെ കണ്ട നയന പക്ഷെ മണിവർണ്ണനോട് റിയയ്ക്ക് മറ്റൊരു ചെറുപ്പക്കാരനുമായി അടുപ്പമുള്ളത് കൊണ്ടാണ് മണിവർണ്ണനെ വിവാഹം കഴിക്കാൻ റിയ തയ്യറാവാത്തത് എന്ന് ബോധ്യപ്പെടുത്തുന്നു. 

റിയയെയും മൃദുലിനെയും അകറ്റുക എന്ന ഉദ്ദേശത്തിൽ റിയ ഇല്ലാത്ത ഒരു ദിവസം റിയയെ അന്വേഷിച്ചു ഫ്‌ളാറ്റിൽ വരുന്ന മൃദുലിനെ വശീകരിക്കാൻ ശ്രമിക്കുകയും അത് റിയ കണ്ടു എന്ന് വരുത്തുകയും ചെയ്യുന്നു. ആ കൺഫ്യൂഷനിൽ നയനയെ കൂടുതൽ പ്രകോപിപ്പിക്കാൻ റിയയും( ഈ സമയത്ത് നിത്യ ആയിരുന്നു റിയ ആയിട്ട് അഭിനയിച്ചിരുന്നത് )   നയനയും തമ്മിൽ ബഹളമുണ്ടാകുകയും റിയ പെട്ടെന്ന് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുന്നു. തന്റെ പ്ലാൻ വർക് ഔട്ട് ആവുന്നുമുണ്ട് എന്ന് കരുതിയ നയന റിയയെ പിന്തുടരുകയും, റിയ കാറിൽ കയറിപ്പോകുന്നത് കണ്ട നയന റിയയുടെ കാറിൽ ചാടിക്കയറുകയും ചെയ്യുന്നു. നിമിഷ ആയിരുന്നു റിയയുടെ വേഷത്തിൽ ഈ സമയം കാർ ഓടിച്ചിരുന്നത്. നയനനയെ ഫ്‌ളാറ്റിൽ നിന്നകറ്റി, ഒരു കൊലപാതകം ക്രിയേറ്റ് ചെയ്തു ആ ട്രാപ്പിൽ മണിവർണ്ണനെ പെടുത്തി ബ്ളാക്മെയിൽ ചെയ്യാനായിരുന്നു ഗ്യാഗിന്റെ പ്ലാൻ..പക്ഷെ, കാർ ഓടിച്ചു പോയ നിമിഷവും നയനയും ആക്സിഡന്റിൽ പെടുകയും, നിമിഷ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ പേടിച്ച നയന ഫ്‌ളാറ്റിലേക്ക് തിരിച്ചെത്തുന്നു. 

അവിടെയെത്തുന്ന അവൾ കാണുന്നത് മരിച്ചു കിടക്കുന്ന നിത്യയെ ആണ്. മണിവർണ്ണനെ ബ്ളാക് മെയിൽ ചെയ്യാൻ ഗ്യാംഗ് ഒരുക്കിയ ട്രാപ്പിലേക്ക് നയന ചെന്ന് പെടുകയായിരുന്നു. ഏതാണ്ട് ഇതേ സമയം മണിവർണ്ണനും അവിടെ എത്തുകയും നയന   റിയയെ കൊന്നു എന്ന് കരുതിയ മണിവർണ്ണൻ പക്ഷെ നയനയെ അവിടെ വെച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു…ഭ്രാന്ത് പിടിച്ചത് പോലെ വണ്ടിയോടിച്ചു പോയ അയാൾ പക്ഷെ ഇടയ്ക്ക് വെച്ച് മൃദുലിനെ കാണുകയും മൃദുൽ അവരോടൊപ്പം കൂടുകയും ചെയ്യുന്നു. 

കാറിൽ വെച്ച് മണിവർണ്ണൻ നയനയെ കൊലപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ കാണിച്ചു മൃദുൽ എന്ന ജെയിൻ മണിവർണ്ണനെ ബ്ലാക് മെയിൽ ചെയ്യുന്നു. അവർ തമ്മിലുള്ള വാക്കു തർക്കത്തിനിടയിൽ മൃദുൽ മണിവർണ്ണനെ കഴുത്തു ഞെരിച്ചു കൊല്ലുന്നു. വണ്ടിയും ബോഡിയും ഹൈവേയ്ക്ക് അരികിലുള്ള ഒരു പഴയ വീട്ടിൽ ഉപേക്ഷിച്ചു മൃദുൽ അവിടെ നിന്നും രക്ഷപ്പെടുന്നു. 

പ്രതീക്ഷിക്കാതെ നിമിഷ മരിച്ചതും, ഈ കേസ് കുറച്ചു മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയതും പ്രതികൾ പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ കേരളം വിട്ടു പോവാൻ ശ്രമിച്ചാൽ അതിർത്തിയിൽ വെച്ച് പോലീസ് പിടിച്ചേക്കുമോ എന്ന ഭയത്തിൽ മരടിൽ ഒരു ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു നിത്യയും ജെയിനും. 

സമാനമായൊരു ബ്ലാക് മെയിൽ സംഭവത്തിന് ഒരു വര്ഷം മുന്നേ പ്രതികൾ ബാംഗ്ലൂരിൽ ഉപയോഗിച്ചിരുന്ന ഫോൺ ഇപ്പോൾ വീണ്ടും ഉപയോഗിച്ചതാണ് പൊലീസിന് പ്രതികളെ കണ്ടെത്താൻ സഹായകമായത്..എ സി പി ഫൈസലിന്റെ നേതൃത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ഇത്രയും കോമ്പ്ലിക്കേറ്റഡായ ഒരു കേസ് തെളിയിച്ചെടുത്തത്. പ്രതികളെ മറ്റു സ്റ്റെയ്റ്റുകളിൽ നിന്ന് റിപ്പോർട് ചെയ്ത കേസുകൾ കൂടി പരിഗണിച്ച ശേഷം റിമാൻഡിൽ വെയ്ക്കാൻ പേപ്പേഴ്സ് മൂവ് ചെയ്യും..” 

നിരവധി സംശയങ്ങളും ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകർ ഐജിയെയും ഫൈസലിനെയും ടീമിനെയും പൊതിഞ്ഞു. എല്ലാവര്ക്കും ക്ഷമയോടെ ഉത്തരം നൽകി എല്ലാവരും പിരിയുന്നത് വരെ ഹരിയും കാഴ്ചക്കാരനായി അവിടെ നിൽക്കുന്നുണ്ടായിരുന്നു. 

***

രാത്രി ഏറെ വൈകി മകളെ ഉറക്കാൻ കിടത്തിയിരിക്കുകയാണ് ഫൈസൽ. മകൾ അയാളുടെ നെഞ്ചിൽ കിടന്നു കഥ കേൾക്കാൻ റെഡിയായിട്ട് ഇരിക്കുന്നു. 

“പ്പ..എനിക്ക് ആ രാജകുമാരിയുടെ കഥ കേൾക്കണം..”

“ഏത് രാജകുമാരിയാ മോളെ..”

“രാജാവിനെ ആരും വിശ്വസിക്കാത്തപ്പോൾ വിശ്വസിച്ച ഒരു രാജകുമാരിയുടെ കഥയില്ലേ..”

“ആ കഥയോ..ആ കഥ ഉപ്പ മറന്നു പോയി മോളെ..നമ്മക്ക് വേറെ കഥ പിടിക്കാം..ന്തേയ്..”

മകൾ കണ്ണടച്ചു ഉറങ്ങാൻ തുടങ്ങുന്നതിനിടെ ഫൈസലിന്റെ ഫോൺ റിംഗ് ചെയ്തു. 

ഷിഹാന ഫോണുമായി ഫൈസലിന്റെ അടുത്തെത്തി. 

അങ്ങേ തലക്കൽ ഐജി മൂർത്തി ആയിരുന്നു. 

“വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിർത്തിയിട്ടിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിന്റെ അടിയിൽ നിന്ന് ഒരു ബോഡി കിട്ടിയിരിക്കുന്നു. ഹാർട്ട് അറ്റാക് ആണ് മരണ കാരണം..മരിച്ചയാൾ പേസ് മേക്കർ ഘടിപ്പിച്ചിട്ടുണ്ട് ..ഡു യു സീ എനി പാറ്റേൺ നൗ…” 

ഫോൺ കട്ട് ചെയ്തു ഫൈസൽ ജനാലയ്ക്കപ്പുറത്തുള്ള ഇരുട്ടിലേക്ക് നോക്കി നിന്നു..!!!

ഒരു അഭിപ്രായം ഇടൂ