പണ്ട്..പണ്ടെന്നു വെച്ചാൽ വളരെ പണ്ട്..പൂവങ്കോഴികൾക്ക് നീളൻ പീലിയുണ്ടായിരുന്ന കാലം..
മഴവില്ലിന്റെ വർണ്ണമുള്ള, വിരിഞ്ഞ കണ്ണുകളെന്ന് തോന്നിപ്പിക്കുന്ന ഭംഗിയുള്ള പീലികൾ നിറഞ്ഞ നീളൻ വാലും മണ്ണിലിഴച്ചു പൂവങ്കോഴി മഹാരാജാവിനെ പോലെ വിലസിയിരുന്ന കാലത്ത് നടന്ന കഥ.
മഹാരാജാവിനെ പോലെ എന്ന് പറഞ്ഞത് വെറുതെ അല്ല. ശരിക്കും പക്ഷികൾക്കിടയിലെ ഒരു മഹാരാജാവ് തന്നെയായിരുന്നു പൂവങ്കോഴി. അവന്റെ മനോഹരമായ ആ വാലായിരുന്നു അവന്റെ ചന്തത്തിന് മാറ്റു കൂട്ടിയിരുന്നത്.
മയിലിനാവട്ടെ അങ്കവാലായിരുന്നു. അതിന്റെ എണ്ണക്കറുപ്പിനോട് ചേർന്ന് പോകാത്ത ഇളം നീല നിറത്തിൽ ഉള്ള അങ്കവാൽ. തന്റെ അങ്കവാലിന്റെ ഭംഗിയില്ലായ്മ മയിലിനെ ഒട്ടൊന്നുമല്ലായിരുന്നു വിഷമിപ്പിച്ചിരുന്നത്.
മയിൽ എന്നും രാവിലെ എഴുന്നേറ്റാൽ പൂവന്കോഴിയുടെ വീട്ടു മുറ്റത്ത് ചെല്ലും..എന്നിട്ട് പൂവന്കോഴിയുടെ നീളൻ പീലി വാലിനെ പുക്സഴ്ത്തി പാടും..
“കണ്ടോ..എന്ത് ഭംഗിയാണ് ആ വാലിനു..ഈ ലോകത്ത് ഇത്രയും ഭംഗിയുള്ള ഒരു പക്ഷി വേറെ ഉണ്ടോ..”
അവൻ പൂവങ്കോഴിയെ നോക്കി പറയും.
പൂവങ്കോഴിയാവട്ടെ, ഗമയിൽ കഴുത്ത് വെട്ടിച്ചു തലയുയർത്തി അഭിമാനത്തോടെ ചുവന്ന ചുണ്ടുകൾ ചേർത്ത് ചിരിക്കും.
ഒരു ദിവസം…മഴക്കാർ മാനത്ത് ഇരുട്ടിന്റെ പാളികൾ കൊണ്ട് വന്നു പുതച്ച ഒരു ദിവസം…രാവിലെ സൂര്യനുദിച്ച ഉടനെ മയിൽ പതിവ് പോലെ പൂവന്കോഴിയുടെ അടുത്തെത്തി. ഇത്തവണത്തെ വരവിനു മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു മയിലിനു.
അവൻ പതിവ് പോലെ, പൂവങ്കോഴിയെ സ്തുതിച്ചു .. പുക്സഴത്തലിൽ മനം മയങ്ങി ഇരിക്കുന്നു പൂവന്കോഴിയോട് പിന്നെ മുരടനക്കി അവൻ ചോദിച്ചു..
“അല്ലയോ, പക്ഷി രാജൻ..ആ പീലികൾ നിറഞ്ഞ വാല് അങ്ങേക്ക് എന്ത് പ്രിയപ്പെട്ടതാണെന്ന് ഈയുള്ളവന് നന്നായി അറിയാം…എങ്കിലും ഈ പാവം മയിലിനു ഒരു സഹായം വേണ്ടിയിരുന്നു ആ പീലികൾ കൊണ്ട്..”
“എന്താണ്..മടിക്കാതെ പറഞ്ഞോളൂ” – പൂവങ്കോഴി തല വെട്ടിച്ചു ചോദിച്ചു..
“അത്…അത്..ഇന്ന് ഉച്ച തിരിഞ്ഞു…ഏഴ് മലകൾക്കപ്പുറത്ത്, ഒരു ബന്ധുവിന്റെ വിവാഹം ഉണ്ടായിരുന്നു. അണിയാൻ കയ്യിൽ നല്ല ആഭരണങ്ങൾ ഇല്ല…അങ്ങയുടെ ഈ ഏഴു നിറമുള്ള പീലികൾ ഒരു ദിവസത്തേക്ക് വാടകക്ക് തരാമോ…മലകൾക്കപ്പുറത്തെ നാട്ടിലാരും ഈ പീലികൾ കണ്ടിട്ടില്ലാത്രേ..”
“അത്..അത്..”
“അരുത് പറയരുത് രാജൻ…ഞാൻ ഭംഗിയായി നാളെ സൂര്യനുദിക്കും മുന്നേ തിരികെ എത്തിക്കാം…”
“ഞാനതങ്ങനെ…”
“ഒരുറപ്പിന്..പകരമായി എന്റെ അങ്കവാൽ ഞാൻ ഊരിത്തരാം…അങ്ങേക്ക് അതുപയോഗിക്കാൻ ഞാനിത് മടക്കി തരുന്നത് വരെ..”
ഏറെ പുകഴ്ത്തലുകൾക്കും, സ്നേഹപൂർവമുള്ള നിർബദ്ധങ്ങൾക്കും ഒടുവിൽ പൂവങ്കോഴി തന്റെ ഭംഗിയുള്ള പീലികൾ മയിലിനു നൽകി, പകരമായി അവന്റെ അങ്കവാൽ സ്വീകരിച്ചു…
തന്റെ പീലികളുമായി മയിൽ യാത്ര പറഞ്ഞു പോകുന്നത്…അവൻ നിറഞ്ഞ കണ്ണുകളുമായി നോക്കി നിന്നു.
നേരം ഇരുട്ടി…രാത്രി മുഴുവൻ ഉറങ്ങാതെ മയിലിനു വേണ്ടി അവൻ കാത്തിരുന്നു.
നേരം പുലർന്നു..പാതി ചിമ്മിയ കണ്ണുകളുമായി വീടിനു മുകളിൽ കയറി അവൻ ദൂരേക്ക് നോക്കി.
ഇല്ല..മയിലിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ.
അന്ന് എങ്ങിനെയോ കഴിഞ്ഞു പോയി…പിറ്റേന്നും നേരം പുലർന്നപ്പോൾ അവൻ വീടിനു മുകളിൽ കയറി നിന്ന് ദൂരേക്ക് നോക്കി…ഇല്ല മയിലിനെ കാണാനേ ഇല്ല…
ദിവസങ്ങൾ കൊഴിഞ്ഞു പോയി…പീലിയുമായി കടന്നു കളഞ്ഞ മയിൽ പിന്നെ ആ വഴിക്ക് വന്നതേയില്ല..
എല്ലാ ദിവസവും സൂര്യനുദിക്കുന്പോൾ പൂവങ്കോഴി വീടിനു മുകളിൽ കയറി നിന്ന് കഴുത്ത് നീട്ടി കൂവും…തന്റെ ശബ്ദം കേട്ട് മയിൽ പീലിയുമായി തിരികെ വന്നാലോ…
കാലക്രമേണ…പീലി മയിലിനോട് ചേർന്നു..അങ്കവാൽ പൂവങ്കോഴിയിലും..
അങ്ങിനെയാണത്രെ, പൂവന്കോഴിക്ക് അങ്കവാലും, മയിലിനു പീലികളും കിട്ടിയത്…!!!
(അവലംബം – ഒരു റഷ്യൻ നാടോടി കഥ..)
കഥകൾക്കും, കുറിപ്പുകൾക്കും, കുട്ടികഥകൾക്കും – കഥാഫാക്ടറി സബ്സ്ക്രൈബ് ചെയ്യൂ…
(Image courtesy Google Images – Rooster Peacock is a painting by John Breen)
One Comment Add yours