കുട്ടിക്കഥ-പക്ഷി ശാസ്ത്രം.


ഒരിടത്ത് ഒരു ഗ്രാമം. ഗ്രാമത്തിന്റെ ഒത്ത നടുക്ക് ഒരു വലിയ ആൽമരം.
ഇലകൾ മൂടിയ തലപ്പ് ആകാശം തൊടും. നീണ്ടിറങ്ങുന്ന വേരുകൾ ഭൂമിയുടെ ആഴം വരേയോളം ചെല്ലും.
ദൂരെ മരുഭൂമിക്കപ്പുറം ചെന്ന് നോക്കിയാലും ആൽമരത്തിന്റെ ആകാശം തൊടുന്ന തലപ്പുകൾ കാണാം.

വർഷത്തിലൊരിക്കൽ കോരിച്ചൊരിയുന്ന മഴ പെയ്യും, ആൽമരത്തിന്റെ തലപ്പുകളിൽ നിന്നും വേരുകൾ വഴി ഒലിച്ചു മഴവെള്ളം മരത്തിനോട് ചേർന്നു കിടക്കുന്ന കുളത്തിലേക്ക് ഊർന്നിറങ്ങും. അടുത്ത മഴക്കാലത്തേക്കുള്ള ദാഹജലം മുഴുവനും ആ കുളത്തിലും, വലിയ ആൽമരത്തിന്റെ വേരുകളിലും ഊറികിടക്കും.

സൂര്യ രശ്മികൾ വീണുരുകുന്ന മണൽ ചുവപ്പ് നിറത്തിലേക്ക് മാറുന്പോൾ, ഗ്രാമത്തിലേ ജനങ്ങൾ എല്ലാം ആ ആൽമരത്തിനു ചുവട്ടിലേക്ക് ഒത്തു കൂടും.
ഗ്രാമത്തിലെ ഏറ്റവും മുതിർന്നയാൾ തനിക്ക് പാരന്പര്യമായി കിട്ടിയ കഥ ചെപ്പ് തുറന്നു അതിനുള്ളിൽ നിന്നും കഥാ സൂചനകൾ നോക്കിയെടുത്ത്, തന്റെ തന്നെ ഭാവന കൂട്ടി കലർത്തി കഥകൾ പറയും. ഒരായുഷ്കാലത്തോളം വേണ്ട കഥകൾക്കുള്ള സൂചനകൾ അയാളുടെ ആ ചെപ്പിൽ കാണും.
അയാളുടെ മരണ ശേഷം, തൊട്ടിളയവന്റെ കയ്യിലേക്ക് ആ കഥാസൂചനാ പെട്ടി കൈമാറ്റം ചെയ്യപ്പെടും.

വൈകുന്നേരമായാൽ എന്നും, കഥകൾ കേൾക്കാൻ ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും ആ ആൽമരത്തിന്റെ കീഴെ തടിച്ചു കൂടും.

ആൽമരത്തിന്റെ ആകാശം തൊടുന്ന തലപ്പുകൾക്കും, അതിന്റെ കീഴെയുള്ള ചെറു ചില്ലകളിലും, ഇല കൂടുകൾക്കും ഇടയിൽ ആയിരം കിളികളും ചേക്കേറും. വയസൻ നത്ത് മുതൽ വെള്ള കൊക്കും കുഞ്ഞൻ ചിത്തിര കിളിയും വരെ. പല പല നാളുകൾ കഥകൾ കേട്ടു കേട്ട് സ്ഥിര താമസക്കാരായ കിളികൾക്കും കഥകൾ മനഃപാഠമായിരുന്നു.
വയസൻ നത്ത് ആയിരുന്നു കിളി കൂട്ടത്തിലെ മുതിർന്നയാൾ. ദൈവം എന്നായിരുന്നു മറ്റു കിളികൾ വയസൻ നത്തിനെ വിളിച്ചിരുന്നത്.
നൂറു വർഷത്തിലധികമായി ആ മരത്തിൽ കൂട് കെട്ടി പാർത്തിരുന്ന നത്തിനോളം ആ ഗ്രാമത്തെ പരിചയമുള്ളവർ മറ്റാരും ഇല്ലായിരുന്നു.
താഴെ മരച്ചുവട്ടിൽ കഥാ സൂചനകൾ നോക്കി ഗ്രാമത്തിലെ മുതിർന്നയാൾ കഥക്കൂട്ട് അഴിക്കുന്പോൾ, മുൻപെപ്പോഴെങ്കിലും കേട്ട കഥയാണെങ്കിൽ നത്തോന്നു നീട്ടി മൂളും.

അങ്ങിനെ ഒരു ദിവസം. ഗ്രാമം ഞെട്ടിയുണർന്നത് ഏറ്റവും മുതിർന്നയാളുടെ മരണ വാർത്ത കേട്ടാണ്. അന്ന് തൊട്ടു പതിനാറു ദിവസം നീണ്ട ദുഃഖാചരണം. പതിനേഴാം ദിവസം സഭ കൂടി കഥചെപ്പു കൈമാറാനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിടയിലേക്ക് ആൽമരത്തിന്റെ മുകളിൽ നിന്നും കിളികളുടെ പ്രതിനിധികൾ പറന്നിറങ്ങി.

അവർക്കാവശ്യം മറ്റൊന്നുമല്ലായിരുന്നു. ആൽമരത്തിൽ സ്ഥിര താമസമാക്കിയവർ എന്ന നിലയിൽ തങ്ങൾക്ക് കൂടി അവകാശമുള്ള ഇടത്ത് ഇരുന്നാണ് മനുഷ്യർ കഥ പറയുന്നത്. ഗ്രാമം തങ്ങളുടേത് കൂടിയാണ്. അത് കൊണ്ട് ഗ്രാമ മൂപ്പൻ ആവാനുള്ള ഒരു അവസരം തങ്ങൾക്ക് കൂടി ഉണ്ടാവേണ്ടതാണ്.
ഗ്രാമ വാസികൾ എല്ലാം ആദ്യം ഒന്നമ്പരന്നുവെങ്കിലും പിന്നെ അവരുടെ അന്പരപ്പ്‌ കൂട്ട ചിരിക്ക് വഴിമാറി.
അവർ മണൽ കാറ്റ് വീശുന്നത് പോലെ പൊട്ടി ചിരിച്ചു.
പരിഹാസ ചിരികേട്ട് ആൽമരത്തിൽ കൂട് കെട്ടി താമസിക്കുന്ന ആയിരം പക്ഷികളും ചിറകടിച്ചു താഴേക്ക് വന്നു.
ഇത്തവണ കഥാ ചെപ്പ് തങ്ങളിലൊരുവന് കൈമാറണം എന്നവർ ആവശ്യപ്പെട്ടു. ഗ്രാമത്തിലെ നിലവിലെ മുതിർന്നയാൾ മുന്നോട്ട് വന്നു.
ഗ്രാമമുണ്ടായത് മുതൽ ഇന്നോളം കേട്ടു കേൾവിയില്ലാത്ത കാര്യമാണ് കിളികളുടെത് എന്ന് അയാൾ ഉറക്കെ പറഞ്ഞു.
കിളികൾക്കെങ്ങിനെ കഥപറയാൻ കഴിയും. പലയിടങ്ങളിൽ പറന്നു നടക്കുന്ന നിങ്ങളെ മനുഷ്യർ എങ്ങിനെ വിശ്വസിച്ചു കഥ ചെപ്പ് ഏൽപ്പിക്കും. നിങ്ങളുടെ കൂട്ടത്തിൽ ഉത്തരവാദിത്വത്തോടെ ഈ ചുമതല നോക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ.
പക്ഷികൾ മുഖത്തോടു മുഖം നോക്കി. ഒടുവിൽ കാവിതലയൻ സന്യാസി പക്ഷിയാണ് തന്റെ നീണ്ട കഴുത്ത് വെട്ടിച്ചു ആ കാര്യം പറഞ്ഞത്.
നൂറു വർഷമായി ഈ ആൽമരത്തിൽ കൂടുണ്ടാക്കി ജീവിക്കുന്ന ഞങ്ങളുടെ ദൈവം ഉണ്ട്..നത്ത് ഭഗവാൻ. അദ്ദേഹത്തിന് അറിയാത്ത കഥകളൊന്നും ഈ ഭൂമിയിൽ ഇല്ല. മാത്രമല്ല, പരമ ഈശ്വരന്റെ വരം ലഭിച്ച നത്ത് ദൈവം ഇനിയുമൊരു നൂറു വര്ഷം കൂടി ജീവിച്ചിരിക്കുകയും ചെയ്യും. നൂറു വര്ഷം കേട്ട കഥകൾ തന്നെ മതി ഗ്രാമത്തിനു പറഞ്ഞു കൊടുക്കാൻ നത്തിനു.

ഗ്രാമവാസികൾ മുഴുവൻ തല കുലുക്കി എതിർപ്പ് പ്രകടിപ്പിച്ചു. ചിറകടി ശബ്ദമുയർത്തി കിളികൾ തങ്ങളുടെ ആവിശ്യം ആവർത്തിച്ചു.
ഒടുവിൽ ആ തർക്കത്തിൽ മനുഷ്യർ ജയിച്ചു. കിളികൾ പരാജയം സമ്മതിച്ചു ആൽമരത്തിന്റെ തലപ്പിലേക്ക് പറന്നു കയറി.
പരാജയപ്പെട്ടെങ്കിലും ഗ്രാമവും, ആ ആൽമരവും വിട്ടു പോകാൻ അവർ തയ്യാറായില്ല.
അവർ വയസൻ നത്തിന്റെ മാളത്തിനു മുന്നിൽ ചെന്നിരുന്ന് അടുത്ത നടപടികൾ എന്താണെന്ന് ആലോചിച്ചു.

പിറ്റേന്ന് പതിവിലും വൈകി നേരം പുലർന്നു. പ്രകൃതിയിൽ എന്തൊക്കെയോ മാറ്റങ്ങൾ നടക്കുന്നത് പോലെ.
കാലം തെറ്റി മഴവരുന്നത് പോലെ മാനം മൂടിക്കെട്ടി.

ഗ്രാമവാസികൾ പരിഭ്രാന്തരായി. അവർ ആൽമരത്തിനടുത്തേക്ക് ഓടിയെത്തി.
ഒരു ഇടിമിന്നൽ പതിച്ചു. കിളികൾ പെട്ടെന്നായിരം ആയി ഉയർന്നു പൊങ്ങി. ആൽമരം ഉപേക്ഷിച്ചു അവർ പെട്ടെന്ന് എങ്ങോട്ടോ പറന്നുയർന്നു.
ഓരോ ഇനം കിളികളും അവരുടെ ഇനത്തിന്റെ കൂട്ടം ചേർന്ന് പറന്നുയർന്നു കിഴക്കൻ ചക്രവാളം ലക്ഷ്യമാക്കി ചിറകടിച്ചു.
പല പക്ഷി കൂട്ടങ്ങളെല്ലാം ചേർന്ന് ഒരു വലിയ ഭീമാകാരൻ പക്ഷിയെ പോലെ തോന്നിപ്പിച്ചു.

എന്തോ വലിയ ദുരന്തം വരാൻ പോകുന്നെന്ന് ഗ്രാമ വാസികൾക്ക് തോന്നി. അവർ കൂട്ടത്തിൽ മൂത്തയാൾക്ക് എന്താണ് പറയാനുള്ളത് എന്നറിയാൻ കാതോർത്തു. എന്താണ് നടക്കുന്നത് എന്ന് അയാൾക്കും വലിയ ധാരണ ഉണ്ടായിരുന്നില്ല. കിളികൾ ഓരോന്നായി ആൽമരം വിട്ടു പോകുന്നത് അവർ പേടിയോടെ നോക്കിയിരുന്നു.
ഒടുവിൽ കൂട്ടത്തിലെ മുതിർന്നയാൾ മൗനം വെടിഞ്ഞു. തന്റെ ആയുസ്സിൽ ഇങ്ങനെ ഒന്നുണ്ടായിട്ടില്ല എന്നയാൾ പറഞ്ഞു. തന്നെക്കാൾ മുതിർന്നവരായി ആരും ആ ഗ്രാമത്തിൽ ഇല്ലാതിരുന്നത് കൊണ്ട് താൻ ജനിക്കുന്നതിനു മുന്നേ ഇത്തരത്തിൽ എന്തെകിലും നടന്നു കാണുമോ എന്ന അറിവില്ല എന്നും അയാൾ കൂട്ടിച്ചേർത്തു.

ഗ്രാമവാസികൾ പരിഭ്രാന്തരായി. എന്തോ ദുഷിച്ച പ്രകൃതി ദുരന്തം തങ്ങളെ തേടിയെത്താൻ പോകുന്നു എന്നവർ ഭയന്നു. അപ്പോൾ കൂട്ടത്തിലൊരുവൻ വയസൻ നത്തിനെ കുറിച്ച് തലേന്ന് പക്ഷികൾ പറഞ്ഞത് ഓർമ്മിപ്പിച്ചു. നത്തിനു ഏകദേശം നൂറു വയസ് പ്രായമുണ്ടെന്ന് അല്ലെ പറഞ്ഞത്. അധികം ദൂരം പറക്കാൻ കഴിവില്ലാത്തത് കൊണ്ട് മിക്കവാറും നത്ത് മരത്തിന്റെ പോട്ടിൽ തന്നെ കാണും. നമുക്ക് നത്തിനോട് അഭിപ്രായം ചോദിച്ചാലോ.

ഗ്രാമമുഖ്യൻ മനസില്ലാ മനസോടെ സമ്മതിച്ചു. അയാൾ നത്തിനോട് സംസാരിക്കാൻ ഒരാളെ മരത്തിനു മുകളിലേക്ക് പറഞ്ഞു വിട്ടു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം, മുകളിൽ പോയ ആൾ തിരിച്ചെത്തി.

നത്ത് കൊടുത്തയച്ച സന്ദേശം അയാൾ ഗ്രാമവാസികൾക്ക് മുന്നേ വിവരിച്ചു.

“പക്ഷി ശാസ്ത്ര പ്രകാരം, പക്ഷികൾക്ക് പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി കാണാൻ കഴിയും എന്നാണ് വെയ്പ്പ്. ആൽമരത്തിൽ നിന്നും കിളികളെല്ലാം പറന്നു പോയിട്ടുണ്ടെകിൽ അതിനു തക്കതായ കാരണം ഉണ്ടെന്ന് തന്നെയാണ് സത്യം..വലിയൊരു ഭൂമി കുലുക്കം ഉണ്ടാകാൻ പോകുന്നു. ഈ ആൽമരം ഉൾപ്പടെ ഗ്രാമം മുഴുവനും മണ്ണിനടിയിൽ പോകും. എത്രയും പെട്ടെന്ന് ഇവിടുന്ന് രക്ഷപ്പെട്ടു കൊള്ളുക..”

ഗ്രാമവാസികൾ പേടിച്ചരണ്ടു..അവർ കയ്യിൽ കിട്ടിയതെല്ലാം കൂട്ടി ചേർത്ത് പിടിച്ചു അടുത്ത് ഗ്രാമത്തിലേക്ക് യാത്രയായി. രാവ് ഇരുട്ടി വെളുക്കുന്നതിനു മുന്നേ, ഗ്രാമം വിജനമായി.

ആൽമരത്തിന്റെ പൊത്തിലിരുന്ന് വയസ്സൻ നത്ത് തന്റെ ചാരതൂവലുകൾ വിടർത്തി ചിറകടിച്ചു.
നിമിഷങ്ങൾ കഴിഞ്ഞു. ആൽമരം വിട്ടു പോയ കിളികളെല്ലാം ഓരോരോ കൂട്ടങ്ങളായി ആൽമരത്തിലേക്ക് തിരികെ ചേക്കേറി.
അവർ ചിറകടിച്ചു ആൽമരത്തിനു ചുറ്റും പാറി നടന്നു. വിജനമായ ഗ്രാമത്തിലെ മൺകുടിലുകളിൽ ഓരോന്നിലും പറന്നു ചെന്ന് കയറി അവയിൽ മനുഷ്യർ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തി.

മനുഷ്യരെ തുരത്തി ഗ്രാമം സ്വന്തമാക്കിയ സന്തോഷത്തിൽ അവർ വയസൻ നത്തിനെ സർവേശ്വരൻ ആയി വാഴ്‌ത്തി പാടി സ്തുതിച്ചു.
നരച്ച തൂവലുകൾ നിറഞ്ഞ പുരികമുയർത്തി നത്ത് സന്തോഷം പ്രകടിപ്പിച്ചു. പിന്നെ, മനുഷ്യർ ഉപേക്ഷിച്ചു പോയ കഥ ചെപ്പിൽ നിന്നും ഒരു കഥാ സൂചന തിരഞ്ഞെടുത്തു തന്റെ മനസ്സിൽ വിടർന്ന ഒരു കഥ പക്ഷി കൂട്ടത്തിനോടായി പതുക്കെ പറയാനാരംഭിച്ചു.

 

 

 

One Comment Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )