(1)
ഒരു നഗര ചത്വരം. ഇളം തവിട്ടു നിറത്തിലുള്ള ചതുര കല്ലുകൾ പാകിയിട്ടുണ്ട്.
തുകൽ കൊണ്ട് നിർമ്മിച്ച പാദരക്ഷകൾ ഉരുമ്മിയുരുമ്മി കല്ലുകളുടെ അരികുകൾ മിനുസം വെച്ചിട്ടുണ്ട്.
ചത്വരത്തിന്റെ ഒത്ത നടുക്കായി ഒരു ചെറിയ ജലധാര. ജലധാരയ്ക്ക് ചുറ്റും ഇരുമ്പ് വേലികൾ, വെള്ളി നിറത്തിലുള്ള ചായം പൂശിയവ. അടുത്തെപ്പോഴോ ചായം പൂശി ഭംഗി കൂട്ടിയവയാണ് അവയെന്ന് തോന്നും. വെള്ളി വേലികൾക്ക് ഇടയിലൂടെ ചുവപ്പു പൂക്കൾ വിരിച്ചു നിൽക്കുന്ന ലില്ലികളും, ട്യൂലിപ് മൊട്ടുകളും, ഇളം പിങ്ക് നിറത്തിലുള്ള കടലാസു റോസകളും ആ ചത്വരത്തെ കമിതാക്കളുടെ ഇഷ്ട സ്ഥലമാക്കി മാറ്റിയിരുന്നു.
വെള്ളി വേലികൾക്ക് ചുറ്റും തവിട്ടു നിറത്തിലുള്ള ബെഞ്ചുകൾ. അവയും അടുത്തിടെ ചായം പൂശി ഭംഗി കൂട്ടിയവയാണ്.
ചത്വരം ഇരിക്കുന്നത് ഒരു വലിയ കച്ചവട കേന്ദ്രത്തിനു നടുക്കാണ്. ചത്വരത്തെ ചുറ്റിയുള്ള ചെറിയ കടകളിൽ നിന്നും പലവർണ്ണങ്ങളിൽ കത്തുന്ന വെളിച്ചം ചത്വരത്തിലെ വിളക്കു കാലുകളുടെ നിഴൽ അവിടവിടെയായി വീഴ്ത്തി ജ്വലിച്ചു നിന്നു.
ചത്വരത്തിന്റെ ഒരു വശം അവസാനിക്കുന്നിടത്തു ചെറിയ ഒരു ഇടവഴിയാണ്. കല്ല് പാകിയ സ്റ്റെപ്പുകൾ ഇറങ്ങി ചെന്നാൽ ഇടവഴിയുടെ വീതി കുറയും..നരച്ച നിറമുള്ള പഴയ കെട്ടിടങ്ങൾ പിന്നിട്ടു വീണ്ടും ഒരര മൈൽ നടന്നാൽ വലിയ ഒരു തടാകകരയിലേക്കാവും ചെന്നെത്തുക.
ഇടവഴിക്ക് ഇരു വശത്തും ആൾപൊക്കത്തിൽ കാട്ടു ചെടികൾ, പുല്ലുകൾ.
ചത്വരത്തിൽ വൈകുന്നേരത്തെ തിരക്ക് കുറഞ്ഞിട്ടുണ്ട്.
കിഴക്ക് ഭാഗത്തുള്ള സൂപ്പും കാപ്പിയും മൊരിഞ്ഞ റൊട്ടിയും വിൽക്കുന്ന ചെറിയ ഭക്ഷണശാല മാത്രമേ ഇനി അടയ്ക്കാനുള്ളു. ബാക്കിയുള്ള പീടികകളിലെ വിളക്കുകൾ എല്ലാം അണഞ്ഞിരിക്കുന്നു.
ഭക്ഷണശാലയുടെ ഉടമസ്ഥൻ, ചത്വരത്തിലേക്ക് ഇറങ്ങി കിടന്ന തന്റെ കസേരകൾ തിരികെ പീടികയ്ക്ക് ഉള്ളിലേക്ക് മാറ്റിയിട്ട്, കടയടച്ചു പോവാൻ ഒരുക്കം കൂട്ടുന്നു. പുറത്ത് ബാക്കിയുള്ള ഒരേയൊരു ടേബിളിൽ ഒരു ചെറുപ്പക്കാരൻ ഇരുന്നു ചൂടുള്ള സൂപ്പ് ഊതി കുടിക്കുന്നു. മഞ്ഞിന്റെ ശകലങ്ങൾ, വെളിച്ചത്തിലേക്ക് ഈയാംപാറ്റകൾ പറന്നു വരുന്ന പോലെ പൊഴിഞ്ഞു വീഴുന്നുണ്ട്.
ചത്വരത്തിന്റെ നടുക്ക്, ജലധാരക്ക് അരികിലായി, രണ്ടു പേര് ഇരിക്കുന്നു. മഞ്ഞു വീണു തുടങ്ങിയതൊന്നും അവർ അറിഞ്ഞ മട്ടില്ല.
കറുത്ത തുകൽ ജാക്കറ്റ് അണിഞ്ഞാണ് അവർ രണ്ടു പേരും അവിടെ ഇരിക്കുന്നത്. അവൻ ഗിറ്റാറിൽ താളമിട്ട് എന്തോ പാടുന്നുണ്ട്. അവൾക്ക് മാത്രം കേൾക്കാനാവുന്നത്ര ശബ്ദത്തിൽ. അവൾ തന്റെ തല അവന്റെ ചുമലിലേൾക്ക് ചായ്ച്ചു അവന്റെ കൈത്തണ്ടയിൽ അവളുടെ കൈ ചേർത്ത് വെച്ച് പാട്ടു കേട്ടിരിക്കുകയാണ്.
അവർക്ക് പിന്നിൽ നിന്നും, സൂപ്പ് വിൽക്കുന്ന ഭക്ഷണശാല അടച്ചു, അവസാനത്തെ വിളക്കും അണച്ച്, ഭക്ഷണശാലയുടെ ഉടമസ്ഥൻ ഉറക്കെ വിളിച്ചു പറയുന്നുണ്ട്..
“വലിയ ഒരു ഹിമക്കാറ്റ് വരുന്നുണ്ട്…എത്രയും വേഗം ഇവിടുന്നു പൊയ്ക്കോളൂ..”
അവർ രണ്ടു പേരും ഒന്നും അറിയുന്നുണ്ടായിരുന്നില്ല. പ്രണയം മൂടി..പ്രണയത്തിൽ മുങ്ങി..പാട്ടിൽ അലിഞ്ഞു..അവർക്ക് മാത്രം കാണാവുന്ന അദൃശ്യ കൂടാരത്തിൽ തമ്മിലുരുമ്മി സമയമോ കാലമോ അറിയാതെ ഇരിപ്പുറപ്പിച്ചിരിക്കുകയായിരുന്നു അവർ രണ്ടു പേരും…!!
******
രാവിലെ ഏറെ വൈകിയാണ് എനിക്കവിടെ എത്താൻ കഴിഞ്ഞത്. തലേന്ന് രാത്രിയിലെ വലിയ ഹിമക്കാറ്റിൽ വീണ വെളുത്ത മഞ്ഞു നിറഞ്ഞു താഴവാരത്തിലേക്കുള്ള വഴികളെല്ലാം അടഞ്ഞു പോയിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഞ്ഞു വീണത് കൊണ്ട്, വലിയ യന്ത്രങ്ങൾ മണിക്കൂറുകൾ പണിയെടുത്താണ് മഞ്ഞു വകഞ്ഞു മാറ്റി വഴി തെളിച്ചെടുത്തത്.
കുന്നിന്റെ മുകളിൽ നിന്നും നോക്കിയാൽ എനിക്ക് താഴെ തടാകവും ചത്വരവും കാണാമായിരുന്നു. തണുത്തുറഞ്ഞ തടാകത്തിനു മുകളിലൂടെ പല നിറത്തിലുള്ള സ്കീയിങ് ഉടുപ്പുകൾ അണിഞ്ഞു വിനോദ സഞ്ചാരികൾ സ്കീയിങ് ചെയ്യുന്നത് ദൂരെ നിന്നും പൊട്ടു പോലെ കാണാം.
തലേന്നത്തെ കൊലപാതക വാർത്ത അറിഞ്ഞിരുന്നത് കൊണ്ടാവണം ചത്വരത്തിൽ ഒരു പൊട്ടു പോലെ രക്തം ചിതറികിടക്കുന്നതായി ദൂരെ നിന്ന് നോക്കിയപ്പോൾ എനിക്ക് തോന്നി. യഥാർത്ഥത്തിൽ അത്തരം ഒരു കാഴ്‌ച സാധ്യമല്ലാത്തത്ര ദൂരെ നിന്നും ആണ് മഞ്ഞു മാറ്റി വഴി വെട്ടിയെടുക്കുന്നത് വരെയുള്ള സമയവും കുന്നിൻ മുകളിൽ കാത്തു നിന്നിരുന്നത്.
ഈ താഴ്വാരം അങ്ങിനെയാണ്, കനത്ത മഞ്ഞു വീണാൽ നഗരത്തിലേക്ക് നീണ്ടു കിടക്കുന്ന ഹൈവേയിൽ നിന്നും ഒറ്റപ്പെട്ടു പോവാം. വിനോദ സഞ്ചാരികളുടെ ഇഷ്ട പ്രദേശമായി ഈ സ്ഥലത്തെ മാറ്റുന്നതും മറ്റൊന്നുമല്ല.
***
കുന്നിറങ്ങി ആദ്യം പോയത്, ചത്വരത്തിനോട് ചേർന്ന് കിടക്കുന്ന ഭക്ഷണശാലയിലേക്കാണ്. സൂപ്പും, കാപ്പിയും, ബ്രഡും വിൽക്കുന്ന ഒരു പീടിക. അതിന്റെ ഉടമസ്ഥനാണ് ഇന്നലെ ഏറ്റവും അവസാനം അവിടെ നിന്നും പോയത്.
ചത്വരത്തിലെ മഞ്ഞു മുഴുവനും കോരി പലയിടത്തായി കൂനകൂട്ടി ഇട്ടിരിക്കുന്നു. വളരെ വർഷങ്ങൾക്ക് ശേഷം ആണ് അയാൾ ഇത്തരത്തിലൊരു കൊലപാതകത്തിന് സാക്ഷിയാവുന്നത്. അത് കൊണ്ട് തന്നെ രംഗം വിവരിക്കുന്പോൾ അയാൾ പല തവണ പേടിച്ചു വിറച്ചു. അയാളുടെ രണ്ടോ മൂന്നോ ദിവസം വളർച്ചയെത്തിയ നരച്ച താടിരോമങ്ങളിൽ നിന്നും മഞ്ഞിന്റെ വെളുത്ത ശല്കങ്ങളെ വേര് തിരിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു.
ഞാൻ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. ഇതിനിടയിൽ എപ്പോഴോ അയാളുടെ ഭാര്യ ചൂടുള്ള സൂപ്പുമായി വന്നു ഞങ്ങൾ രണ്ടു പേരും ഇരിക്കുന്ന ഇരുന്പിന്റെ വട്ട മേശയിൽ അയാൾക്കരികിൽ ഇരിപ്പു പിടിച്ചു. സൂപ്പിന്റെ പിഞ്ഞാണങ്ങൾ ഞങ്ങൾക്ക് മുന്നിലേക്ക് നീട്ടി വെച്ച് അവർ അവരുടെ വെളുത്ത കൈ അയാളുടെ തോളിൽ ചേർത്ത് വെച്ചു.
ഓരോ സ്പൂൺ സൂപ്പ് മൊത്തി കുടിച്ചു ഞങ്ങൾ രണ്ടു പേരും സംഭാക്ഷണം ആരംഭിക്കാനുള്ള ശ്രമം നടത്തി.
വിതുമ്പുന്ന ശബ്ദത്തിൽ അയാൾ എന്നോട് പറഞ്ഞു.
“ചീഫ് ഇൻസ്‌പെക്ടർ ..”
“ഞാൻ നിരപരാധിയാണ് ചീഫ് ഇൻസ്‌പെക്ടർ. അവരോട് ഞാൻ അപ്പോഴേ പറഞ്ഞതാണ്…ഹിമക്കാറ്റ് വരുന്നുണ്ട്..എത്രയും വേഗം ഇവിടുന്നു പൊയ്ക്കോളൂ എന്ന്..”
ഞാൻ ഒന്നും മിണ്ടിയില്ല. നിർന്നിമേഷനായി അയാളുടെ മുഖത്തേക്ക് നോക്കിയിരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ആ തണുപ്പിൽ ചുറ്റും വെള്ള പുതച്ചു കിടക്കുന്ന അന്തരീക്ഷത്തിൽ ചൂടുള്ള സൂപ്പ് തരുന്ന ആശ്വാസം വളരെ കൂടുതൽ ആണെന്ന് അറിയാമല്ലോ. അതിനുള്ള പ്രശംസ ആ കടയുടമയുടെ ഭാര്യ അർഹിക്കുന്നുണ്ട് എന്നെനിക്ക് തോന്നി. ഒരിറക്ക് കുടിച്ചു സ്പൂൺ പിഞ്ഞാണത്തിലേക്ക് തിരികെയിട്ട്, ഞാൻ കടയുടമയുടെ ഭാര്യയോട് പറഞ്ഞു,
“സൂപ്പ് വളരെ നന്നായിട്ടുണ്ട്…” !!
അവർ ചിരി വന്നെന്ന് വരുത്തി മുഖം തന്നു. തന്റെ ഭർത്താവ് ഏതോ ഒരു വലിയ കുറ്റത്തിൽ പെട്ടിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന മുഖഭാവത്തിൽ ആയിരുന്നു അവർ ഇരുന്നത്.
“ഞാൻ മുൻപേ പറഞ്ഞല്ലോ..മഞ്ഞു വീണോ, തണുപ്പ് കൂടിയോ അല്ല ഇവിടെ മരണം നടന്നിരിക്കുന്നത്..” അയാളുടെ കുഴിഞ്ഞ കണ്ണുകളിലേക്ക് നോക്കി ഞാൻ തുടർന്നു.
“ഇതൊരു കൊലപാതകം ആണ്..മരിച്ച ആളെ അവസാനമായി കണ്ട ഒരാൾ എന്ന നിലയിൽ താങ്കളുടെ മൊഴി ഈ ദുരൂഹതയുടെ ചുരുളഴിക്കാൻ വളരെ വിലപ്പെട്ടതാണ്..”.
“ഞാൻ മുന്നേ പറഞ്ഞല്ലോ..” എന്റെ വാക്കുകൾ ആവർത്തിച്ചു കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി.
(2)
“ഞാൻ പറഞ്ഞല്ലോ..ആ മരിച്ച പെൺകുട്ടിയെ മുൻപ് ഇവിടെ കണ്ടിട്ടേ ഇല്ല. അവളുടെ കാമുകനെയും..അവർ രണ്ടു പേരും എപ്പോഴാണ് അവിടെ ഇരിപ്പുറപ്പിച്ചത് എന്ന് എനിക്ക് അറിയുകയേ ഇല്ല..കടയടയ്ക്കുന്നതിനു മുൻപ് ആണ് അങ്ങിനെ രണ്ടു പേര് അവിടെ ഇരിക്കുന്നത് കണ്ടത്. വരാൻ പോകുന്ന അപകടകരമായ ഹിമക്കാറ്റിനെ പറ്റിയാണ് ഞാൻ അപ്പോൾ ഓർത്തത്. ”
“ഗിറ്റാറിന്റെ വള്ളി കൊണ്ട് കഴുത്തിൽ വരിഞ്ഞു മുറുക്കിയാണ് ആ പെൺകുട്ടിയെ കൊന്നത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് വരാൻ ഇരിക്കുന്നതെ ഉള്ളൂ..എന്നിരുന്നാലും സാഹചര്യങ്ങൾ കണ്ടതിൽ നിന്നും എനിക്ക് തോന്നുന്നത്, ഹിമക്കാറ്റ് വരുന്നതിനു മുന്നേ മരണം നടന്നിട്ടുണ്ട് എന്നതാണ്..നിങ്ങൾ കടയടച്ചതിനു ശേഷം അവർ രണ്ടു പേരുമല്ലാതെ മറ്റാരെങ്കിലും ഇവിടെ ഉണ്ടായിരുന്നോ..” ഞാൻ അയാളുടെ കണ്ണുകളിൽ നിന്നും ദൃഷ്ടി പറക്കാതെ ചോദിച്ചു.
“ഇല്ല..എന്നാലും..ഗിറ്റാർ ന്റെ വള്ളി. അയാൾ അവൾക്ക് ഗിറ്റാർ മീട്ടി എന്തോ പാടി കൊണ്ടിരിക്കുന്നുണ്ടായിരുന്നു..ഞ്ഞാൻ കാണുന്പോൾ..അതെ ഗിറ്റാറിന്റെ വള്ളി തന്നെ അവളുടെ കഴുത്തിൽ .. ഹോ .. ക്രൂരം ..കഷ്ടം..” കണ്ണ് നിറഞ്ഞു കൊണ്ടയാൾ പറഞ്ഞു.
“മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല..”ഞാൻ കൂട്ടി ചേർത്തു.
“ചീഫ് ഇൻസ്‌പെക്ടർ, ആ പെൺകുട്ടിയുടെ കാമുകൻ ആണെന്ന് തോന്നുന്നു..താഴെ മരിച്ചു കിടക്കുന്നുണ്ട്..തടാകക്കരയിൽ, പൊന്തക്കാട്ടിൽ..” ഞങ്ങളുടെ സംഭാക്ഷണത്തെ മുറിച്ചു കടന്നു കൊണ്ട്, പോലീസുകാരിൽ ഒരാൾ ഓടി വന്നു പറഞ്ഞു.
ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. കടയുടമയുമായി ഹസ്തദാനം ചെയ്തു, പിന്നീട് കാണാമെന്നു പറഞ്ഞു, എന്റെ കോട്ടിൽ നിന്നും ഒരു സിഗാർ എടുത്ത് കത്തിച്ചു പോലീസുകാരൻ കാണിച്ച വഴിയിലൂടെ ചത്വരത്തിലെ വെളുത്ത മഞ്ഞു മൂടിക്കിടക്കുന്ന കൽപാതയിലൂടെ തടാകക്കര ലക്ഷ്യമാക്കി നടന്നു.
ജലധാരക്ക് സമീപം, ചുവന്ന വൃത്തത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടയിടം അടയാളപ്പെടുത്തിയിരിക്കുന്നു.
കടയുടമ അയാളുടെ ഭാര്യയെ ചേർത്ത് പിടിച്ചു കടയ്ക്കുള്ളിലേക്ക് കയറി പോകുന്നത് തീരിഞ്ഞു നോക്കിയപ്പോൾ എനിക്ക് കാണാമായിരുന്നു.
****
പോലീസ്കാരൻ വന്നു പറഞ്ഞത് സത്യം ആയിരുന്നു !!
തടാകത്തിലേക്കുള്ള ഇടവഴിയിൽ, കുറച്ചു മാറി, പുല്ലുകൾ വളർന്നു നിൽക്കുന്ന ഒരിടത്തായിരുന്നു ആ ചെറുപ്പക്കാരന്റെ ജഢം കിടന്നിരുന്നത്. മഞ്ഞിൽ പുതഞ്ഞു.
മുഖം നിലത്തമർന്ന നിലയിൽ ആയിരുന്നു അയാളുടെ ജഢം കിടന്നിരുന്നത്. പിന്നിൽ നിന്നുള്ള അടിയേറ്റു വീണതാണ് എന്ന് തോന്നിപ്പിക്കും. മഞ്ഞു വീണു മറ്റു കാൽപ്പാടുകൾ എല്ലാം, ഇനി അഥവാ അങ്ങിനെ ഒന്ന് ഉണ്ടെങ്കിൽ തന്നെ, മാഞ്ഞു പോയിരിക്കുന്നു.
നിയമപരമായ നടപടി ക്രമങ്ങൾക്ക് വേണ്ടി ആ ചെറുപ്പക്കാരന്റെ ജഢം വിട്ടു കൊടുത്ത്, ഞാൻ ചത്വരത്തിലേക്ക് തിരിച്ചു നടന്നു.
ഉച്ചയ്ക്ക് ശേഷം, മഞ്ഞു പെയ്യലിന്റെ സൂചനകൾ യാതൊന്നും ഇല്ലാത്തവണ്ണം അന്തരീക്ഷം തെളിഞ്ഞു തുടങ്ങിയിരുന്നു. നീല നിറത്തിലുള്ള ആകാശം, വെളുത്ത കുന്നിൻ ചെരുവുകൾക്കും, മഞ്ഞു പുതച്ചു കിടക്കുന്ന മേൽക്കൂരകൾ നിറഞ്ഞ കുഞ്ഞു വീടുകൾക്കും മാറ്റു കൂട്ടി. തണുത്തുറഞ്ഞ തടാകത്തിനു മുകളിൽ സ്കീയിങ് നടത്താൻ വിനോദ സഞ്ചാരികൾ തിരക്ക് കൂട്ടി എത്തിക്കൊണ്ടേയിരുന്നു.
ചത്വരത്തിലും ജനത്തിരക്ക് പതിയെ കൂടി വന്നു. കൊലപാതകം നടന്ന സ്ഥലം വൃത്തം വരച്ചു അടയാളപ്പെടുത്തിയതിന് അടുക്കെ ഭയത്തോടെയും, ആശങ്കയോടെയും ആളുകൾ വന്നു നിന്ന് ചർച്ച ചെയ്യുന്നുണ്ടായിരുന്നു.
അധികം പേരും വിനോദ സഞ്ചാരികൾ ആയിരുന്നു. അവർക്കാർക്കും തന്നെ ആ ചെറുപ്പകാരനെയോ പെണ്കുട്ടിയേയോ അറിയില്ലായിരുന്നു എന്ന് പൊലീസുകാരെ വിട്ടുള്ള അന്വേക്ഷണത്തിൽ എനിക്ക് മനസിലായി.
സൂപ്പ് വിൽക്കുന്ന കടക്കാരനും മടിച്ചു മടിച്ചാണെങ്കിലും ഭക്ഷണ ശാല തുറന്നു പ്രവർത്തിച്ചു.
സൂര്യൻ ചുവപ്പ് രാശിയിലേക്ക് പതിയെ കടന്നു. മഞ്ഞു മലകളിൽ നിന്നും ചെം രശ്മികൾ ചത്വരത്തിലൂടെ തടാക കരയിലേക്ക് പതിച്ചു. ചത്വരത്തിൽ നിന്നും തടാകത്തിലേക്കുള്ള ഇടവഴിക്ക് മുകളിലൂടെയാണ് ചുവപ്പ് രശ്മികൾ പോകുന്നത്..നേർ രേഖയിൽ. വെളുത്ത മഞ്ഞും, ചുവന്ന ആകാശവും ചേർന്ന് വർണ്ണപ്രപഞ്ചമൊരുക്കി.
അത്രയും നേരം ആ ഇരുമ്പ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു എന്ന സത്യം ഞാൻ മറന്നേ പോയിരുന്നു.
തലച്ചോറിനുള്ളിലൂടെ പലതരം ചിന്തകൾ ഓടി നടക്കുകയായിരുന്നു. ഇതിനിടയിൽ പോലീസ്കാർ വന്നു കാര്യങ്ങൾ വിവരിക്കുന്നുണ്ടായിരുന്നു. കൂടുതൽ അന്വേക്ഷണങ്ങൾക്കായി അവരെ പല വഴിക്ക് പറഞ്ഞു വിട്ടു വീണ്ടും ചിന്തകളിലേക്ക് കടന്നു കയറി.
ഇത്തരം കേസുകൾ വന്നു പെടുന്പോൾ, അന്തര്മുഖനായിരിക്കാനാണ് എനിക്കേറെ ഇഷ്ടം.
നടന്നിട്ടുണ്ടാവാൻ ഇടയുള്ള സംഭവങ്ങളെ, ഒരു സമയരേഖയിൽ കൃത്യമായി പ്രതിഷ്ഠിക്കാനും, അത് വഴി, യാഥാർഥ്യത്തോട് ചേർന്ന് നില്ക്കാൻ കൂടുതൽ ഇടയുള്ള ഒരു നിഗമനത്തിലേക്ക് എത്തി ചേരാനും മറ്റുള്ളവരിൽ നിന്ന് മാറി നിന്നുള്ള ചിന്തകൾ എന്നെ സഹായിക്കാറുണ്ട്.
നേരം ഇരുട്ടി തുടങ്ങി. ചത്വരത്തിനു ചുറ്റുമുള്ള കച്ചവട സ്ഥാപനങ്ങളിൽ നിന്നും വിളക്കുകൾ അണഞ്ഞു തുടങ്ങി.
ഞാൻ പതുക്കെ ബെഞ്ചിൽ നിന്നും എഴുന്നേറ്റ്, ഭക്ഷണ ശാലയുടെ വരാന്തയിൽ കിടക്കുന്ന വട്ട മേശക്ക് അരികിലേക്ക് ഇരുപ്പുറപ്പിച്ചു. അവിടെ നിന്നും നോക്കിയാൽ എനിക്ക് ആ കമിതാക്കൾ ഇരുന്നിരുന്ന ബെഞ്ച് നേർ രേഖയിൽ കാണാം.
ഞാൻ കയ്യുയർത്തി, കടയുടമയെ നോക്കി, ഒരു സൂപ്പ് കൊണ്ട് വരാൻ ആവശ്യപ്പെട്ടു. അയാൾ ചൂട് പറക്കുന്ന പിഞ്ഞാണത്തിൽ ഉരുളക്കിഴങ്ങ് സൂപ്പുമായി വന്നു. ഒപ്പം ഒരു ബ്രെഡ് റോളും. ബ്രെഡ് പതുക്കെ മുറിച്ചു സൂപ്പിൽ മുക്കി കഴിച്ചു കൊണ്ട് ഞാൻ അയാളോട് ചോദിച്ചു.
“ഇന്നലെ ഈ സീറ്റിൽ ആരെങ്കിലും ഇരുന്നിരുന്നതായി ഓർമ്മയുണ്ടോ..”
അയാൾ പതുക്കെ ചിന്തയിലേക്ക് ആണ്ടിറങ്ങി. കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം അയാൾ പറഞ്ഞു..
“ഉവ്വ്..ഒരു പയ്യൻ ഇവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവൻ എന്തോ പുസ്തകംവായിച്ചു കൊണ്ടാണ് ഇരുന്നത്…രണ്ടു മൂന്നു കോപ്പ സൂപ്പും, ഒന്ന് രണ്ടു കപ്പ് കാപ്പിയും അകത്താക്കി..”
“ഓഹോ…എപ്പോഴാണ് അവൻ പോയത്..”- ഞാൻ ചോദിച്ചു.
“പോയത്..ആ ശരിയാണ്, ഞാൻ കടയടച്ചു പോകുന്പോൾ അവൻ ഇവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു. വായിച്ചു കൊണ്ടിരുന്ന പുസ്തകം കുറച്ചു കൂടെ ഉണ്ടെന്നും വായിച്ചു തീർത്തിട്ട് ഉടനെ പൊയ്ക്കോളാമെന്നും അവൻ പറഞ്ഞു..”- അയാൾ വിറച്ചു വിറച്ചു പറഞ്ഞു.
“അത് ശരി..എന്ത് കൊണ്ട് നിങ്ങൾ ഈ കാര്യം മുന്നേ പറഞ്ഞില്ല..” എനിക്ക് അരിശം വന്നു.
“അത് ഞാൻ..സത്യം പറഞ്ഞാൽ ആ വെപ്രാളത്തിൽ മറന്നേ പോയിരുന്നു..” അയാൾ വിറച്ചു വിറച്ചു പറഞ്ഞൊപ്പിച്ചു.
“ഹും..ആ ചെറുപ്പക്കാരനെ പറ്റി കൂടുതൽ പറയൂ..അയാൾക്ക് എത്ര വയസ് പ്രായം വരും..എന്ത് പുസ്തകമായിരുന്നു അയാൾ വായിച്ചു കൊണ്ടിരുന്നത്, മുൻപെപ്പോഴെങ്കിലും അയാൾ ഇവിടെ വന്നിരുന്നോ..അയാളെ മുൻപ് കണ്ടിട്ടുണ്ടോ..പിന്നീട് കണ്ടിരുന്നോ..” ഒരു കെട്ടു ചോദ്യങ്ങളുടെ ശരവർഷത്തിൽ ഞാൻ അയാളെ പൊതിഞ്ഞു.
വിളറി വെളുത്തെങ്കിലും, അയാൾ ഒരു വിധം എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരമായ രീതിയിൽ പ്രതികരിച്ചു.
ആ ചെറുപ്പക്കാരനെ അതിനു മുന്നേ അയാൾ കണ്ടിട്ടേ ഇല്ല. ഏകദേശം മുപ്പത് വയസ് പ്രായം ഉള്ള ഒരു കുറിയ മനുഷ്യൻ ആയിരുന്നു അത് എന്നയാൾ പറഞ്ഞു.
“ഇന്ന് കടയടച്ചു പോകുന്പോൾ കടയുടെ താക്കോൽ എന്നെ ഏൽപ്പിക്കണം..”- ഞാൻ അയാളോട് ആവശ്യപ്പെട്ടു.
മടിച്ചു മടിച്ചാണെങ്കിലും അയാൾ അതിനു സമ്മതം മൂളി. താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നയാൾ ആവർത്തിച്ചു പറഞ്ഞു.
****
രാത്രി ആ ഭക്ഷണശാലയ്ക്കുള്ളിൽ ചിലവഴിക്കാൻ ഞാൻ നേരത്തെ തന്നെ പദ്ധതി ഇട്ടിരുന്നു.
തലേന്ന് നടന്ന കൊലപാതകത്തിൽ കൃത്യമായി പൂരിപ്പിക്കാത്ത ഒരു കണ്ണി കൂടി ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. ഭക്ഷണശാലയുടെ എതിർ വശത്തെ കരകൗശല പീടികയിൽ എന്റെ തന്നെ രണ്ടു പോലീസുകാരെ രഹസ്യമായി അന്ന് രാത്രി നിൽക്കാൻ ഞാൻ ചട്ടം കെട്ടിയിരുന്നു.
എല്ലാവരും പോയി കഴിഞ്ഞപ്പോൾ, ഭക്ഷണ ശാലയിലെ വിളക്കണച്ചു ഞാൻ ചില്ലു ജനാലകൾക്ക് അടുത്ത് വന്നിരുന്നു. എന്റെ കണ്ണുകൾ മുഴുവനും ചത്വരത്തിൽ ആയിരുന്നു. എതിർ വശത്തെ കരകൗശല ശാലയിൽ രണ്ടു പോലീസുകാരും എനിക്ക് സഹായത്തിനായി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.
ആകാശത്ത് പൂർണ്ണ ചന്ദ്രൻ വെട്ടി തിളങ്ങി. നിലാവ് വീണ് വെളുത്തമഞ്ഞു കൂടുതൽ ഭംഗിയുള്ളതായി. വഴിവിളക്കുകളുടെ മഞ്ഞ വെളിച്ചം കൂടി ചേർന്നപ്പോൾ അവിടെമാകെ വല്ലാത്തൊരു സ്വർഗീയ സുഖം നിറഞ്ഞു.
ഭക്ഷണശാലയിലെ വലിയ ചുവർ ഘടികാരം പതിനൊന്ന് അടിച്ചു. ഇലയനക്കം പോലുമില്ലാത്ത രാത്രി.
വെളുപ്പും നിലാവും വഴിവിളക്കും മാത്രം.
ഒരു നിഴൽ എവിടെയോ അനങ്ങിയോ.
തോന്നൽ ആവാം…അല്ല..തോന്നൽ അല്ല സത്യം ആണ്.
ഒരാൾ വേച്ചു വേച്ചു കൊലപാതകം നടന്ന ഇടത്തേക്ക് വന്നു. അയാളുടെ നിഴൽ ആദ്യം വന്നു, പിന്നീട് ആയാളും എന്ന് പറയുന്നതാവും കൂടുതൽ ശരി. അയാൾ ബെഞ്ചിനോട് ചേർന്ന് ഇരുന്നു.
കുറെ നേരം നോക്കിയിരുന്നു പിന്നെ പതുക്കെ മുട്ട് നിലത്ത് കുത്തി ബെഞ്ചിൽ തല ചേർത്ത് വെച്ച് കിടന്നു.
അനങ്ങാതെ ഇരിക്കാൻ ഞാൻ എതിർ വശത്തുള്ള പോലീസുകാർക്ക് ആംഗ്യത്തിൽ നിർദേശം കൊടുത്തു.
അയാൾ കുറെ നേരം അവിടെ അങ്ങിനെ ഇരുന്നു. വിതുന്പി കരയുന്നത് പോലെ തോന്നി.
കുറച്ചു നേരം നോക്കിയിരുന്ന ശേഷം അയാൾ പതുക്കെ അവിടെ നിന്നും എഴുനേറ്റു..പിന്നെ, വന്ന വഴി നടന്നു മറയാൻ ഒരുങ്ങി.
അയാളെ വേഗം പിടിക്ക്..ഞാൻ പോലീസുകാർക്ക് നിർദേശം കൊടുത്തു.
പ്രതീക്ഷിക്കാതെ നിഴലിൽ നിന്നും അവർ അയാൾക്ക് മുന്നിലേക്ക് എടുത്ത് ചാടി. അയാൾ പിടി വിടുവിച്ചു ഓടുവാൻ ശ്രമിച്ചു, പക്ഷെ അതിനകം പോലീസുകാർ അയാളെ കീഴ്പ്പെടുത്തിയിരുന്നു.
******
(3)
ഞാൻ ചെല്ലുന്പോൾ ഭക്ഷണ ശാലയുടെ ഉടമയും, ഭാര്യയും കടയുടെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.
അവരുടെ കടയുടെ താക്കോൽ എന്റെ കയ്യിൽ നിന്നും അവർക്ക് കൈമാറി, വൈകിയതിൽ ഞാൻ ക്ഷമാപണം നടത്തി.
തലേന്ന് രാത്രിയിൽ എന്താണ് നടന്നത് എന്നറിയാനുള്ള ആകാംക്ഷ അവർക്ക് രണ്ടു പേർക്കും ഉണ്ട് എന്നത് മുഖത്ത് നിന്നും വായിച്ചെടുക്കാം.
വട്ട മേശക്ക് മുന്നിലേക്ക് കസേര വലിച്ചിട്ട് ഞാൻ ഇരുന്നു.
“നല്ലൊരു ചൂടൻ സൂപ്പ് കിട്ടിയാൽ കൊള്ളാമായിരുന്നു..” ഞാൻ പറഞ്ഞു.
അയാളുടെ ഭാര്യ അകത്തേക്ക് കയറി പോയി. പിന്നാലെ അയാളും. ഞാൻ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു നീളൻ സിഗാർ എടുത്ത് തീ കൊളുത്തി.
വെയിൽ വീണു, രണ്ടു രാത്രികൾക്ക് മുന്നേ വീണ വെളുത്ത മഞ്ഞു ഉരുക്കി കളഞ്ഞിരുന്നു. കുന്നിൻ മുകളിൽ അവിടവിടെയായി പൈൻ മരങ്ങൾ തെളിഞ്ഞു കാണാം. വീടുകളുടെ മേൽക്കൂരകളിലെ മഞ്ഞെല്ലാം ഏറെക്കുറെ ഉരുകി ഒലിച്ചിരുന്നു.
തടാകത്തിലെ തണുത്തുറഞ്ഞ ഭാഗങ്ങൾ കണ്ണാടി ചില്ലുകൾ ഉടയും പോലെ ഉടഞ്ഞു ആ ദ്വാരത്തിലൂടെ ഐസ് ഫിഷിംഗ് നടത്തുവാൻ വിനോദ സഞ്ചാരികൾ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.
കുറച്ചു സമയത്തിന് ശേഷം, ആവി പാറുന്ന സൂപ്പുമായി അവർ രണ്ടു പേരും പുറത്തേക്ക് വന്നു.
സൂപ്പ് എന്റെ നേരെ നീക്കി വെച്ച് അവർ എനിക്കഭിമുഖമായി ഇരുന്നു.
ഒരു കുറ്റാന്വേക്ഷകന്റെ മുഖത്തു നിന്നും അവർക്ക് പരിചിതമായ ഒരിടത്ത് നടന്ന കൊലപാതകത്തെ ചുരുളഴിച്ചെടുക്കുന്നത് കേൾക്കാൻ അവർക്കുള്ള ആകാംക്ഷ എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ..
സൂപ്പ് ആഞ്ഞു വലിച്ചു കൊണ്ട്, ഞാൻ കാര്യങ്ങളെ ചുരുക്കി പറഞ്ഞു കേൾപ്പിച്ചു.
രത്‌ന ചുരുക്കം ഇതാണ് –
ആ കമിതാക്കൾ, ദൂരെ നഗരത്തിൽ നിന്നും വന്നതാണ്. രണ്ടു ദിവസമായി അവർ ഇരുവരും ഈ വിനോദ സഞ്ചാര താഴ്വരയിൽ ഉണ്ട്. കൊലപാതകം നടക്കുന്നതിന്റെ തലേന്നും അവർ ഇവിടെ വന്നിരുന്നു. തിരക്ക് കൂടുതൽ ഉള്ള ദിവസമായത് കൊണ്ട് അതെ സ്ഥലത്ത് തന്നെയിരുന്നിരുന്നെങ്കിൽ കൂടിയും നിങ്ങൾ അവരെ ശ്രദ്ധിച്ചിരുന്നില്ല.
ചെറുപ്പക്കാരൻ നഗരത്തിലെ ഒരു മ്യൂസിക് ബാൻഡിലെ ഗാനരചയിതാവ് ആണ്..ആയിരുന്നു എന്ന് പറയുന്നതാവും ശരി, ഇപ്പോൾ. ആ പെൺകുട്ടി ഒരു കോളേജ് വിദ്യാർത്ഥിനിയും. അവർ തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞിരുന്നു. അവൾക്ക് അവനോട് തീവ്ര പ്രണയമാണ്, അവനു തിരിച്ചും.
അവളുടെ പ്രണയം നാളുകൾ കഴിയും തോറും തീവ്രമായി കൊണ്ടേ ഇരുന്നു. അവനെ പിരിഞ്ഞിരിക്കാൻ ആവാത്ത വിധം അവൾ അവനെ പ്രണയിച്ചു. അവനാ പ്രണയം ഇഷ്ടമായിരുന്നെങ്കിൽ കൂടിയും, എന്തോ അങ്ങിനെ വരിഞ്ഞു മുറുകിയ പ്രണയത്തോട് ഇഷ്ടം കുറവായിരുന്നു.
ഒന്ന് രണ്ടു തവണ അവളെ ഉപേക്ഷിക്കാൻ അവൻ ശ്രമിച്ചെങ്കിലും, പ്രണയത്തിന്റെ കാഠിന്യം കൊണ്ട് അവനതിനു കഴിഞ്ഞില്ല.
പ്രണയ തീയിൽ ഉരുകി ഉരുകി..അവൻ എഴുതുന്നതെല്ലാം അവൾക്ക് വേണ്ടിയുള്ളത് മാത്രമായി. അവന്റെ പാട്ടുകൾ അവൾക്ക് കേൾക്കാൻ മാത്രമുള്ളതായി മാറി. മറ്റൊന്നിനെക്കുറിച്ചും അവർക്ക് ഇരുവർക്കും ചിന്തയെ ഇല്ല എന്ന അവസ്ഥ. അങ്ങിനെയൊക്കെ ആളുകൾ പ്രണയിക്കുമോ എന്ന് ചോദിച്ചാൽ, അങ്ങിനെയൊക്കെ പ്രണയിക്കുന്നവരും ഉണ്ട് എന്നാണ് ഉത്തരം.
ഒടുവിൽ പ്രണയം വരിഞ്ഞു മുറുകിക്കൊണ്ടിരിക്കുകയാണെന്ന് അവൻ തിരിച്ചറിഞ്ഞു. തനിക്ക് ഉപേക്ഷിച്ചിച്ചു പോവാൻ ആവാത്ത വണ്ണം മുറുകിയിരിക്കുന്നു എന്നവനു കൂടുതൽ മനസ്സിലായി.
അന്ന് രാത്രി – നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു, അവൻ അവന്റെ പുതിയൊരു പാട്ട് അവൾക്ക് പാടി കേൾപ്പിക്കുകയായിരുന്നു. തന്റെ ഗിറ്റാറിൽ ശ്രുതി മീട്ടി…അവൻ പാടി. ആ പാട്ടിൽ അലിഞ്ഞിരിക്കുകയായിരുന്നത് കൊണ്ട് നിങ്ങൾ വിളിച്ചു പറഞ്ഞതൊന്നും അവർ കേട്ടതേ കാണില്ല.
എന്തായാലും, അന്ന് രാത്രി..ആ പാട്ടിൽ അവൾ മയങ്ങി ഉറങ്ങവേ, അവളുടെ കഴുത്തിൽ ഗിറ്റാറിന്റെ കന്പികൾ വരിഞ്ഞു മുറുക്കി അവൻ അവളെ കൊന്നു.
അവന് അവളുടെ പ്രണയത്തിൽ നിന്നും മോചനം വേണമായിരുന്നത്രെ…അവനു പറന്നു പോകാൻ പറ്റാത്ത വിധം ചിറകുകൾ അവൾ അരിഞ്ഞൊതുക്കിയിരുന്നു എന്നാണ് അവൻ കാവ്യാത്മകമായി പറഞ്ഞത്.
“എന്നിട്ട് അവൻ ആത്മഹത്യ ചെയ്തു അല്ലെ..” ഭക്ഷണശാല കടയുടമയുടെ ഭാര്യ ചോദിച്ചു.
“ഇല്ല..” ഞാൻ തുടർന്നു..
അവിടെയാണ്, നമ്മൾ പ്രതീക്ഷിക്കാത്ത ചിലത് നടന്നത്.
അവളെ ഇവിടെ ഉപേക്ഷിച്ചു കടന്നു കളയാനായിരുന്നു അവന്റെ പ്ലാൻ. പക്ഷെ, വിധി മറ്റൊരു വിധത്തിൽ അവിടെ പ്രതികരിച്ചു.
നിങ്ങളുടെ കടയിൽ ഏറെ വൈകി പുസ്തകം വായിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരൻ, ഇതെല്ലം കാണുന്നുണ്ടായിരുന്നു. കൊലപാതകം നടത്തി ആരും കാണാതെ ഓടി പോവുകയായിരുന്ന കാമുകനെ
അയാൾ പിന്തുടർന്നു. തടാക കരയിലെവിടെയോ വെച്ച് അവർ തമ്മിൽ മൽപ്പിടുത്തം നടത്തിയെങ്കിലും, അയാളുടെ തലയിൽ കനത്തിലുള്ള ഒരു കല്ല് വലിച്ചിടിച്ചു കാമുകൻ അവിടെ നിന്നും രക്ഷപ്പെട്ടു.
താങ്കൾ സൂപ്പ് വിളന്പി കൊടുത്ത് യാത്ര പറഞ്ഞു പോയ ആ ചെറുപ്പക്കാരൻ, തലയിലേറ്റ മുറിവും, കടുത്ത ശൈത്യവും വന്നു മഞ്ഞിൽ മരിച്ചു കിടക്കുന്നതാണ് നമ്മൾ ഇന്നലെ കണ്ടത്. അയാൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം മഞ്ഞു കൂനയിൽ നിന്ന് ഇന്നലെ തന്നെ ഞങ്ങൾക്ക് കിട്ടിയിരുന്നു.
“കഷ്ടം..” കടയുടമ ദീർഘ നിശ്വാസം വിട്ടു. “എന്നിട്ട് എങ്ങിനെയാണ് നിങ്ങൾ കൊലപാതകിയെ പിടിച്ചത്..”
നിങ്ങളുടെ കടയിൽ ഇന്നലെ ഒളിച്ചു താമസിച്ചത് ഇതിൽ മുറിഞ്ഞു പോയ എന്തെങ്കിലും കണ്ണി ഉണ്ടാവുമോ എന്ന ഒരു തോന്നലിൻറെ പുറത്താണ്. അത് ശരിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.
രാത്രി ഏറെ വൈകി, അവൻ ഇവിടെ വന്നു. കലാകാരന്മാർക്ക് കൊലപാതകികൾ ആയി അധികം കാലം ഒളിച്ചിരിക്കാൻ ആവില്ല. അയാളുടെ ഉള്ളിലെ കലാകാരനും, പ്രണയിതാവും അയാളെ തീ പിടിപ്പിച്ചിട്ടുണ്ടാവണം.
കുറ്റബോധത്തിൽ അയാൾ നീറി പുകഞ്ഞിരിക്കണം. അല്ലെങ്കിൽ അവളുടെ പ്രണയം അയാളെ വേട്ടയാടിയിരിക്കണം.
അവളോട് ഉള്ള പ്രണയം തികട്ടി വന്നപ്പോളാ അയാൾ വീണ്ടും ഇവിടെ വന്നു ഇന്നലെ രാത്രി.
കുറെ നേരം ഇവിടെയിരുന്ന് കരഞ്ഞു. ഒടുവിൽ മടങ്ങി പോകുവാൻ നോക്കുന്നതിനിടെ..ഞങ്ങൾ പിടികൂടി.
അവന്റെ കുറ്റസമ്മതം ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. നഗരത്തിലെ ജയിലിലേക്കുള്ള യാത്രയിൽ ആണ് അവനിപ്പോൾ.
“ഹോ…ഏതോ ഒരു കടങ്കഥ പോലെ തോന്നുന്നു…” അയാൾ നെടുവീർപ്പിട്ടു. “എന്നാലും, എനിക്ക് മനസിലാകാത്തത് ഇതാണ്…എന്തിനാണ് അവൻ അവളെ കൊന്നത്..അവളുടെ പ്രണയം വേണ്ട എന്ന് വെച്ച് അവളെ ഉപേക്ഷിച്ചാൽ പോരായിരുന്നോ…വെറുതെ കൊന്നു കളഞ്ഞത് എന്തിനാണ്..”
“മനുഷ്യരുടെ ജീവിതം ഒരു പെട്ടിക്ക് അകത്താണ്. അതിനുള്ളിൽ കയറി ഇരിക്കുന്പോഴേ നമുക്ക് അവരുടെ ജീവിതം എന്താണെന്ന് മനസ്സിലാവൂ. അതിനുള്ളിൽ അവർക്ക് മാത്രം മനസ്സിലാക്കാവുന്ന മഞ്ഞും, മഴയും, തണുപ്പും, തീയും, വെയിലും, വേനലും ഒക്കെയുണ്ടാവും..പുറത്ത് നിന്ന് മറ്റൊരു പെട്ടിക്കുള്ളിൽ ഇരുന്നു അങ്ങോട്ട് നോക്കുന്ന നമുക്ക് ആ തീക്ഷണതകൾ മനസിലാവണം എന്നില്ല..എന്തായാലും താങ്കൾ ചോദിച്ച ചോദ്യം അവൻ എന്നെങ്കിലും അവനവനോട് തന്നെ ചോദിച്ചിരുന്നെങ്കിൽ ആ പാവം പെൺകുട്ടിക്ക് അവളുടെ ജീവിതം നഷ്ടമാവില്ലായിരുന്നു..പിന്നെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ചെറുപ്പക്കാരന്റെയും “
ഒരു നീളൻ സിഗാറിന് തീ കൊളുത്തി കൊണ്ട് ഞാൻ പറഞ്ഞു.
(പ്രചോദനം ചീഫ് ഇൻസ്‌പെക്ടർ മൈഗ്രെ..Maigret & Rowan Atkinson )