ഇരുളിന്നുള്ളിൻ വലിയൊരു സത്യം – ദുരൂഹം അദ്ധ്യായം 2 !!

on

കഥ ഇത് വരെ ഇവിടെ– (ഒന്നും രണ്ടും അദ്ധ്യായങ്ങൾ വായിച്ചു പോന്നാൽ ഒരു കണ്ടിന്യൂയിറ്റി കിട്ടും..)

“മാമായുടെ ബോഡിയിൽ നിന്ന് ഒരു സാധനം മിസ്സിംഗ്‌ ആയിരുന്നു..”

“മിസ്സിംഗോ..”

“അതെ, മാമായുടെ മൂത്രം ഒഴിക്കുന്ന സാധനം മിസ്സിംഗ്‌ ആയിരുന്നു..” വാക്കുകൾ നിർത്തി നിർത്തി സുബൈർ പറഞ്ഞത് കേട്ട് ഇബ്രാഹിം വാ തുറന്നു.

“പുറത്ത് കേട്ടാൽ നാണക്കേടാവുമല്ലോ എന്നോർത്ത് ഞങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുവായിരുന്നു. അതെടുത്തോണ്ട് പോയത് ആരാണെന്ന് കണ്ടു പിടിക്കണം. വല്ല പെണ്ണുങ്ങളുമാണെൽ നാളെ ആ കേസും പറഞ്ഞു കുടുംബത്തിനെ ബ്ളാക് മെയിൽ ചെയ്യാൻ വരുന്നതിനു മുന്നേ അവരെ കണ്ടു പിടിച്ചു വാ അടപ്പിക്കണം..ഇതാണ് സത്യത്തിൽ ഞങ്ങൾക്ക് നിങ്ങൾ ചെയ്ത് തരേണ്ടത്..” ജുനൈദ് പറഞ്ഞു.

“ജനനേന്ദ്രിയം കാണാതാവുന്നത് കണ്ടു പിടിക്കുന്ന കേസൊക്കെ ഞാൻ ഇത് വരെ കൈകാര്യം ചെയ്തിട്ടില്ല..” ബെന്നി പറഞ്ഞു നിർത്തി.

“ജനനേദ്രിയമോ..അതെന്താ സാധനം..” ജുനൈദ് ചോദിച്ചു.

“ഇവിടെ ഇപ്പൊ കാണാതായ സാധനം അതിനെ പത്രഭാഷയിൽ അങ്ങനെയാണ് പറയുക..” ഇബ്രാഹിം കൂട്ടിച്ചേർത്തു.

“അതേ, നാളെ ഒരു കേസ് ഡയറി എഴുതുന്പോൾ എനിക്ക് പത്ര ഭാഷയെ ഉപയോഗിക്കാൻ പറ്റൂ..” ബെന്നി പറഞ്ഞു.

“കേസ് ഡയറി ഒന്നും എഴുതരുത്..മാനക്കേടാവും. അതും കൂടി ചേർത്ത് കാശ് തരാം..”സുബൈർ പറഞ്ഞു.

ബെന്നി അവിടമാകെ അരിച്ചു പെറുക്കി, മരണം നടക്കുന്പോൾ ഒരു സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് തറപ്പിച്ചു പറഞ്ഞു. സുബൈറും ജുനൈദും ഫോണിൽ ആരോടൊക്കെയോ സംസാരിച്ചു.

കുറെ നേരത്തെ അടക്കി പിടിച്ച സംസാരങ്ങൾക്ക് ശേഷം അവർ പുതിയ ഒരു സ്ഥലം തേടിയുള്ള യാത്രയ്ക്കായി വെളിയിൽ ഇറങ്ങി.

വീടിന്റെ തെക്കേ മൂലയിൽ കത്തിച്ച സിഗരറ്റു ഇടം കയ്യിൽ, നടുവിന് മുകളിൽ കുത്തി നിർത്തി പിടിച്ചു വലം കൈകൊണ്ട് മുണ്ടിന്റെ തല പൊക്കിപ്പിടിച്ചു കഴുത്ത് മുകളിലേക്ക് ഉയർത്തി മതിലിനോട് ചേർന്ന് ആസ്വദിച്ചു മൂത്രം ഒഴിക്കുകയായിരുന്ന ഡ്രൈവർ പിള്ളേച്ചനെ അവർ വിളിച്ചു. മൂത്രം ഒഴിക്കുന്നത് മുഴുമിപ്പിച്ചു മെലിഞ്ഞ ഉടലും കുലുക്കി പിള്ളേച്ചൻ കാറിന്റെ അടുത്തേക്ക് വന്നു.

“പിള്ളേച്ചാ, വീട്ടിൽ പോയിട്ട് തിരക്കില്ലല്ലോ..നമുക്കൊരു സ്ഥലം വരെ കൂടി പോകണം..”

“പോകാമല്ലോ..” പിള്ളേച്ചൻ പറഞ്ഞു.

വണ്ടി കോതമംഗലത്തുള്ള ജോർജിന്റെ വീട്ടിലേക്ക് കുതിച്ചു. ബെന്നിയുടെ ചുണ്ടിൽ സമീർ അഭിനയിച്ച രഹസ്യപൊലീസ് സിനിമയിലെ

“ഇരുളിന്നുള്ളിൻ വലിയൊരു സത്യം,

വലിയൊരു സത്യം തിരയും വീരൻ രഹസ്യപ്പോലീസ്..” എന്ന പാട്ട് പല തവണ ചുറ്റി വന്നു.

ബ്രേക്ക്ഫാസ്റ്റ് കൊല്ലത്തുള്ള സ്വാമി ഹോട്ടലിൽ. വെജിറ്റേറിയൻ മതി എന്ന ഇബ്രാഹിം മരയ്ക്കാരുടെ ഒരേയൊരു നിർബന്ധത്തിന് വഴങ്ങി. മസാലദോശയ്ക്കൊപ്പം എക്സ്ട്രാ സാമ്പാർ വാങ്ങിയത് ഗ്ലാസ്സിൽ ഒഴിച്ച് കുടിച്ചാണ് ഇബ്രാഹിം പ്രഭാതഭക്ഷണം ആസ്വദിച്ചത്.

പോകുന്ന വഴിയ്ക്ക് ചേർത്തല ബൈപ്പാസിലെ ഹോട്ടലിൽ നിന്ന് നേരത്തെ ലഞ്ച് കഴിച്ചു. പിള്ളേച്ചനും ബെന്നിയും അടക്കം എല്ലാവരും കരിമീൻ പൊരിച്ചത് കൂട്ടി ഊണ് വയറു നിറച്ചു കഴിച്ചു.

ഊണ് കഴിച്ചിറങ്ങിയ ബെന്നിയുടെ ചുണ്ടിൽ വിരിഞ്ഞ..

“കിലുകിലും വളയിട്ട പെണ്ണെ, നീ വീശിയ വലയിൽ കോഞ്ചോ പിടയും കരിമീനോ..” എന്ന മീൻ സിനിമയിലെ ഗാനം ആയിരുന്നു. സമീർ മേൽമീശ നൂലുപോലെ വരച്ചു വെച്ചായിരുന്നു ആ സിനിമയിലെ നായകൻ ആയി അഭിനയിച്ചത്.

ആ പാട്ട്, പിള്ളേച്ചനും ഏറ്റു മൂളി.

പൊടി പറത്തി പാഞ്ഞ കാർ കോതമംഗലം പുത്തൂറ്റ് വീട് തിരഞ്ഞു ഒന്നുരണ്ടിടത്ത് നിർത്തിയത് ഒഴിച്ചാൽ ഒരേ വേഗതയിലാണ് ഒഴുകിയത്.

മെയിൻ റോഡ് വിട്ട് കാർ ചെറിയ ഒരു റബർ എസ്റേറ്റിലേക്ക് എത്തിയപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.

“സൂക്ഷിക്കണം കേട്ടിടത്തോളം, ആള് പഴയ പട്ടാളക്കാരനാണ്..പേടിക്കണം..” സുബൈർ പറഞ്ഞു.

“പേടിക്കാനും, സൂക്ഷിക്കാനും നമ്മൾ പഴയ തീവ്രവാദികൾ ഒന്നും അല്ലല്ലോ..” പിള്ളേച്ചൻ ഗിയർ മാറ്റുന്നതിനിടെ ഉറക്കെ പറഞ്ഞു.

സമീർ സാഹിബിന്റെ ഉറ്റ ചെങ്ങാതി ആയിരുന്നു പുത്തൂറ്റ് വീട്ടിൽ ജോർജ്ജ്. പട്ടാളത്തിൽ നിന്ന് വിരമിച്ചശേഷം സമീറിന്റെ വലം കൈ ആയി നിന്നു. അന്നൊക്കെ സമീറിന് കുറെ സിനിമകൾ ഉണ്ട്. ചുറ്റും എപ്പോഴും ആരാധകരും. ജോർജ്ജ് അറിയാതെ സമീറിന്റെ ജീവിതത്തിൽ ഒന്നും നടക്കില്ല എന്നായിരുന്നു ജന സംസാരം. അത് ശരിയുമായിരുന്നു.

ഗ്രില്ലിട്ട വീട്ടിന്റെ ഉമ്മറത്തിരുന്ന് ടിവി കാണുകയാണ് ജോർജ്ജ്. ഏഷ്യാനെറ്റിലെ ഏതോ മെഗാസീരിയൽ. ഡയലോഗുകൾ കോതമംഗലം ടൗണിൽ നിന്ന് കേൾക്കാൻ പാകത്തിന് ശബ്ദം ഉയർത്തിയാണ് വെച്ചിരിക്കുന്നത്.

മൂന്ന് പ്രമാണിമാരും ബെന്നിയും ഗ്രിൽ തുറന്ന് അകത്തേക്ക് കയറി നിന്നു.

പിള്ളേച്ചൻ മൂത്രം ഒഴിക്കാൻ പറ്റിയ മൂല തപ്പി പോയി.

“ഇരിക്ക് കേട്ടോ ഇത് കഴിഞ്ഞിട്ട് വരാം” വരാന്തയിലെ നീളൻ ഇരുമ്പ് ബെഞ്ച് ചൂണ്ടി ജോർജ്ജ് പറഞ്ഞു. എന്നിട്ടയാൾ ടിവിയിലെ മെഗാ സീരിയലിലേക്ക് ഊളിയിട്ടിറങ്ങി. പശ്ചാത്തലത്തിലെ നാടകീയ സംഗീതത്തിന് കൂടുതൽ നാടകീയത വന്നത് പോലെ തോന്നി.

അയാളുടെ കയ്യിലെ റിമോർട്ട് കൺട്രോളിലെ മുറുകെ പിടുത്തം സംഘർഷത്തെ സൂചിപ്പിക്കുന്നതായിരുന്നു.

ബെന്നി വീടും പരിസരവും ശ്രദ്ധിക്കാൻ തുടങ്ങി. സന്ധ്യ വീണു കിടക്കുന്ന പുരയിടം. ഇലകൾ മൂടിയ മരങ്ങൾ. മുറ്റമാകെ വീണു കിടന്ന കരിയിലകൾ എല്ലാം അടിച്ചു കൂട്ടി ഒരു വശത്തു ഇട്ടിരിക്കുന്നു. അതിനോട് ചേർന്നുള്ള തൊഴുത്ത് കാലിയാണ്. തൊഴുത്തിന്റെ ചാണക കുഴിയോട് ചേർന്ന് ചാമ്പ മരം. ചുവട്ടിൽ ഇളം റോസ് നിറമുള്ള ചാമ്പക്കാ പഴങ്ങൾ നിറയെ വീണു കിടക്കുന്നു.

ഡ്രൈവർ പിള്ള ചാമ്പങ്ങ പൊട്ടിച്ചു കഴിക്കുന്നുണ്ട്.

ഇതിനിടയിൽ എപ്പോഴോ കല്ല് പാകിയ റോഡ് കടന്ന് ഒരു ചെറിയ കുട്ടി മോന്തയിൽ ചായയും, കടലാസിൽ പൊതിഞ്ഞ പലഹാരങ്ങളുമായി എത്തി. അവൻ അത് വരാന്തയിലെ ചെറിയ സ്റ്റൂളിലേക്ക് വെച്ചു. അകത്തു നിന്നും ഒന്ന് രണ്ടു കുപ്പിഗ്ലാസ്സുകൾ പെറുക്കിയെടുത്ത് കൊണ്ട് വന്നു ചായ ഗ്ലാസ്സിൽ പകർന്നു വെച്ചു.

ഒരു ചെറിയ പിഞ്ഞാണത്തിൽ പലഹാരങ്ങളും.

സീരിയലിൽ ആഴ്ന്നിറങ്ങിയ ജോർജ്ജ്, കണ്ണുകൊണ്ട് ചായയും പലഹാരങ്ങളും കഴിക്കാൻ ആംഗ്യം കാണിച്ചതിനെ തുടർന്ന്, പ്രമാണിമാർ മൂന്നു പേരും ഓരോരോ ചായഗ്ലാസ്സിൽ പിടുത്തമിട്ടു.

ചായയിലും എണ്ണപ്പലഹാരങ്ങളിലേക്കും മാറിമാറി അവർ കയ്യും വായും ചലിപ്പിക്കുന്നതിനിടയിൽ സീരിയൽ അവസാനിപ്പിച്ചു, ടിവി ഓഫ് ചെയ്തു അവർക്കടുത്തേക്ക് ജോർജ്ജ് കസേര വലിച്ചിട്ടിരുന്നു

മൂന്നോ നാലോ വര്ഷം പഴക്കമുള്ള റബർ മരങ്ങൾ കൽ റോഡിന്റെ വലതു വശത്തെ കുന്നിൻ ചെരുവിൽ ഇടവിട്ടിടവിട്ട് കാണാം. റബർ തടിയുടെ നിറമുള്ള കരിയിലകൾ പ്ലാറ്റഫോം തിരിച്ചിട്ടിരിക്കുന്ന ആ ചെരിവിലാകെ നിറഞ്ഞു മൂടിയിരിക്കുന്നു. കരിയിലകൾക്കിടയിലൂടെ എന്തോ ഇഴഞ്ഞു നീങ്ങുന്ന ശബ്ദം വീടിന്റെ തിണ്ണയിൽ ഇരുന്നാൽ കേൾക്കാം. അരണയാവാം അല്ലെങ്കിൽ എലിയോ പെരുച്ചാഴിയോ, ഇഴഞ്ഞു നീങ്ങുന്ന ശബ്ദമായത് കൊണ്ട് ന്യായമായും ചേരയാണെന്നും പ്രതീക്ഷിക്കാം.

കൽ റോഡിന്റെ താഴത്തെ വശത്ത് നിറയെ കൊക്കോ മരങ്ങളാണ്, കൊക്കോ മരങ്ങൾ നിറഞ്ഞ ഭാഗം കഴിഞ്ഞാൽ പുല്ല് പിടിച്ച ഒരു പുരയിടം വീട്ടിൽ നിന്നും നോക്കിയാൽ താഴെ കാണാം. അതിൽ ഉയരം കൂടിയ കമുക് മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.

കടും പച്ച ഇലകൾ വൈകുന്നേരത്തെ വെയിൽ വീണ് വെട്ടിത്തിളങ്ങി.

കല്ല് പാകിയ റോഡ് തീരുന്നിടത്തു മെയിൻ റോഡ് തുടങ്ങുന്നു. മെയിൻ റോഡിലെ ഒരു വളവ് എന്ന് പറയുന്നതാവും കൂടുതൽ ശരി.

പ്രൈവറ്റ് ബസുകളും സ്റ്റേറ്റ് ട്രാസ്പോർട്ട് ബസുകളും അടുത്തുള്ള കരിങ്കൽ ക്വാറിയിൽ നിന്ന് വരുന്ന ടിപ്പർ ലോറികളും ഓടി തഴമ്പിച്ച വഴിയുടെ അരികിൽ ജോർജ്ജ് സാറിന്റെ വീട്ടിൽ നിന്നും നോക്കിയാൽ നേരെ കാണുന്ന വിധത്തിൽ ഒരു ചായക്കടയുണ്ട്.

വീട്ടിൽ ആരെങ്കിലും വന്നാൽ കടയിൽ ഇരുന്നാൽ കാണാം. കടയിലെ ചില്ലലമാര വീട്ടിൽ ഇരുന്നു നോക്കിയാലും കാണാം. വീട്ടിലേക്ക് അതിഥികൾ വന്നാൽ ചായയും പലഹാരങ്ങളും കൊണ്ട് വരണം എന്ന് ജോർജ് സാർ കടയിൽ പറഞ്ഞു ചട്ടം കെട്ടിയിരിക്കാം. അതിൽ നിന്നും ചില കാര്യങ്ങൾ കൂടി നമുക്ക് ഊഹിക്കാം. അയാളുടെ തീനും കുടിയും എല്ലാം ആ ചായക്കടയിൽ നിന്നാണ്, അയാൾ ഒറ്റയ്ക്കാവും താമസം.

ഇത്രയും കാര്യങ്ങൾ ബെന്നി അയാളുടെ പോക്കറ്റിൽ നിന്നെടുത്ത ചെറിയ ഒരു നോട്ടുബുക്കിൽ കുറിച്ച് വെച്ചു. പിന്നീടൊരിക്കൽ വായിച്ചാൽ ഒരു പക്ഷെ അയാൾക്ക് മാത്രം മനസിലാകാൻ ഇടയുള്ള വാക്കുകളിലും വരകളിലും ആണയാൾ അത് കുറിച്ച് വെച്ചത്.

ചായയിലും എണ്ണപ്പലഹാരങ്ങളിലേക്കും മാറിമാറി അതിഥികൾ കയ്യും വായും ചലിപ്പിക്കുന്നതിനിടയിൽ സീരിയൽ അവസാനിപ്പിച്ചു, ടിവി ഓഫ് ചെയ്തു അവർക്കടുത്തേക്ക് ജോർജ്ജ് കസേര വലിച്ചിട്ടിരുന്നു.

(തുടരും..)
അദ്ധ്യായം 4

7 Comments Add yours

  1. Renu Sreevatsan's avatar Renu Sreevatsan പറയുക:

    ആകാംക്ഷ ജനിപ്പിക്കുന്ന എഴുത്ത്..
    ഒരു കുറ്റാന്വേഷണ സിനിമക്ക് വേണ്ട ചേരുവകളും വിശദാംശങ്ങളും ഉൾക്കൊണ്ട കഥ. Waiting for nexr part..

  2. pravya's avatar pravya പറയുക:

    1ാം ഭാഗത്തിൽ ഗ്രാമത്തിന്റെ സൗന്ദര്യവും നാട്ടുകാരുടെ മനസും വളരെ വ്യക്തമായി എഴുതിയിരിക്കുന്നു….. 2ാം തെയും 3ാം ഭാഗത്തിൽ നഗരവും സമ്പന്നതയും നിറഞ്ഞടുന്ന മനുഷ്യനിഴലുകളെയും ധുർത്താടി മനുഷ്യ മുഖങ്ങളുടെയും ചിത്രം വ്യക്തമാകുന്നു……. അപ്പോ ഇനി ബാക്കി എപ്പോഴാ ??….. നല്ല രസം ഉണ്ട് വായിക്കാൻ ഓരോ വാചകങ്ങളിലും ദൂരൂഹത തളം കെട്ടി കിടക്കുന്നു……….👌👌👌👌

  3. Sijith's avatar Sijith പറയുക:

    നന്ദി പ്രവ്യാ, രേണു. കഴിയുന്നത്ര വേഗത്തിൽ ഓരോ അധ്യായങ്ങളും പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം. വായിക്കുന്നതിനും അതിഷ്ടമായി എന്നറിയുന്നതിലും സന്തോഷം. തുടർന്നും വായിക്കുമല്ലോ.

Leave a reply to Sijith മറുപടി റദ്ദാക്കുക