സ്ഥിരമായി ബസ്സ് ഇറങ്ങാറ് ഹൈസ്‌കൂളിന് മുന്നിലെ സ്റ്റോപ്പിൽ ആണ്. വെയിറ്റിങ് ഷെഡിന്റെ എതിർവശത്തായുള്ള ഒറ്റയടി പാതയിലൂടെ ഇറങ്ങി ചെന്നാൽ ചെറുപുഴയാണ്.
പുഴയുടെ മീതെ കുറേക്കാലം വരെ മുള കെട്ടിയുണ്ടാക്കിയ പാലം ആയിരുന്നു. നീളത്തിൽ മുളകൾ വരിഞ്ഞു കെട്ടി, കമ്പി വലിച്ചു കൈവരി കെട്ടിയ തൂക്കു പാലം. പിന്നീട് അവിടെ കോൺക്രീറ്റ് നടപ്പാലം വന്നു.
രാത്രി ഏറെ വൈകിയാണ് ബസ്സ് ഇറങ്ങിയത്. പാലം കടന്നു, ചെറിയ റബർ തോട്ടം കടന്നാൽ മണ്ണിട്ട റോഡായി. വഴിയിലെ വീടുകളിൽ നായകളെ കെട്ടഴിച്ചു വിട്ടു കാണുമോ എന്ന പേടിയിൽ ബസ്സിറങ്ങിയ കാൽ വലിച്ചു വെച്ച് ഞാൻ നടന്നു.
വീടുകൾക്ക് മതിലുകൾ വന്നിട്ടില്ലാത്ത കാലമാണ്. നായകൾക്ക് യഥേഷ്ടം വഴിയാത്രക്കാർക്ക് നേരെ കുരച്ചു ചാടാൻ ഉള്ള ചുണയുണ്ട് ..വേണമെങ്കിൽ ഒന്ന് കടിക്കാനും.
നിലാവുദിച്ചു നിൽക്കുന്നു. മറ്റു വെളിച്ചമൊന്നും കയ്യിൽ ഇല്ലാത്തത് കൊണ്ട്, നിലാവിനോട് കൂടെ നടക്കാൻ ആജ്ഞാപിച്ചു കൊണ്ട് ഇടുങ്ങിയ ആ വഴിയിലേക്ക് കാലെറിഞ്ഞു ഞാൻ നടക്കാൻ തുടങ്ങി.
വഴിയുടെ ഒരതിര് ഓവു ചാൽ ആണ്. അതൊഴുകി പുഴയിലേക്ക് ചേരും.
വലതു വശത്ത് ഒരു പുരയിടം. ആ വീട്ടിൽ ആരും താമസമില്ല. അടഞ്ഞു കിടക്കുന്ന വീട്. പോരാത്തതിനവിടൊരു ദുരൂഹമരണം നടന്ന കാര്യവും എനിക്കറിയാവുന്നതാണ്. മരിച്ചയാളെയും നേരിട്ട് പരിചയമുണ്ട്.
ആ വഴി നേരം ഇരുട്ടിക്കഴിഞ്ഞു പോകുന്പോഴൊക്കെയും, അടഞ്ഞു കിടക്കുന്ന ജനാലകളിലേക്ക് കണ്ണോടിക്കും. ഒരു പാളി തുറന്നു രണ്ടു കണ്ണുകൾ അഗ്നി ജ്വലിച്ചു നോക്കിനിൽക്കുന്നതായിട്ട് തോന്നാറുള്ളത് അന്നും ഓർമ്മയിൽ വന്നു.
വീടിന്റെ മുറ്റത്ത് നടവഴിയോട് ചേർന്നൊരു പഴയ കിണർ. കിണറിനോട് ചേർന്നൊരു പേര മരം. ചുവന്ന കാമ്പുള്ള പേരയ്ക്ക എത്രയോ തവണ സ്‌കൂൾ കാലത്ത് ഉച്ച ഭക്ഷണം കഴിഞ്ഞുള്ള പാത്രം കഴുകൽ തിടുക്കങ്ങൾക്കിടയിൽ ആ പേരമരത്തിൽ നിന്നും കഴിച്ചിട്ടുണ്ട്.
പുരയിടത്തിൽ ഉയരമുള്ള തെങ്ങുകളും, കവുങ്ങുകളും. പുഴയോട് ചേർന്നുള്ള ഭാഗത്ത് ധാരാളം കൊക്കോ മരങ്ങളും.
കൊക്കോ മരങ്ങളുടെ ഇലകൾ പൊഴിഞ്ഞു കിടക്കുകയാണ്. ചാര നിറത്തിലുള്ള വലിയ ഇലകൾ..മിനുസമുള്ളവ.
ഒറ്റയടി വഴിയിൽ നിന്ന് പുഴയുടെ ഓരം പറ്റി കൊക്കോ ചെടികൾക്കും ചെറിയ കയ്യാല (അരമതിൽ) വേർതിരിക്കുന്ന പുരയിടത്തിനും ഇടയിലൂടെ നടന്നാൽ മുള കൊണ്ടുണ്ടാക്കിയ പാലം ആണ്.
ഉയരമുള്ള ഒരു മരത്തിലേക്ക് ചെരിച്ചു വച്ച കമുകിൻ തടികൾ..അത് ചവിട്ടി മുകളിലേക്ക് ചെന്നാൽ തൂങ്ങിയാടുന്ന മുളപ്പാലം..അങ്ങനെയാണ് പാലത്തിന്റെ കിടപ്പ്. ഒറ്റയടി വഴി ഓവുചാലിന്റെ വശത്തു കൂടെ കൊക്കോ തോട്ടത്തിലേക്ക് ഇറങ്ങുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ മിനുസമുള്ള കരിയിലകളിൽ ചവിട്ടി തെന്നി വീഴാൻ സാധ്യതയുണ്ടെന്ന് മനസോർത്തതേയുള്ളൂ..അത് തന്നെ സംഭവിച്ചു.
തെന്നി വീണു.
കയ്യ് നിലത്തുരസി ചെറുതായി പോറി..ഒന്ന് രണ്ടു തുള്ളി രക്തം മണ്ണിലേക്ക് വീണു.
മുകളിൽ നിലാവിന്റെ വെള്ളി വെളിച്ചം. പാലത്തിനു മുകളിൽ ആരോ സംസാരിക്കുന്ന ശബ്ദം കേൾക്കാം…
“എന്താ പറ്റിയെ…വീണോ..അയ്യോ കൈ മുറിഞ്ഞല്ലോ..”
ഓർക്കാപ്പുറത്തൊരു സ്ത്രീ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.
ഒരു യുവതി. ബസ്സിറങ്ങി നടന്നു വരുന്നതാണെന്ന് സൂചിപ്പിക്കുന്ന മട്ടിലാണ്, അങ്ങനെയൊരാൾ ഇറങ്ങി വരുന്നത് കണ്ടതായിട്ട് ഓർമ്മിച്ചെടുക്കാൻ കഴിഞ്ഞില്ല.
“ആ..ചെറുതായൊന്നു വീണു..സാരമില്ല..” ഞാൻ പറഞ്ഞു.
“അയ്യോ..ചോര വരുന്നുണ്ടല്ലോ..” അവൾ ആശങ്കയോടെ ചോദിച്ചു.
എവിടെയോ കണ്ടു മറന്നത് പോലെ… എവിടെയാണ്.. ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.
അവൾ കയ്യിലുണ്ടായിരുന്ന ബാഗ് തുറന്നു, ഫസ്റ്റ് എയ്ഡ് ബോക്സ് പോലെന്തോ കയ്യിലെടുത്തു. അതിൽ നിന്നും പഞ്ഞിയും, മുറിവിൽ പുരട്ടുന്ന മരുന്നും എടുത്തു.
“കൈ നീട്ടു..ഇല്ലെങ്കിൽ സെപ്റ്റിക്ക് ആകും..” അവൾ പറഞ്ഞു.
ഞാനെന്റെ കൈകൾ നീട്ടി. അവൾ പതുക്കെ സ്പിരിറ്റിൽ മുക്കിയ പഞ്ഞി എന്റെ കയ്യിൽ തിരുമ്മി. എനിക്ക് നല്ല നീറ്റൽ അനുഭവപ്പെട്ടു.
ഇതിനോടകം ഒന്ന് രണ്ടു പേര് ഞങ്ങൾക്ക് ചുറ്റും വന്നിരുന്നു.
“എന്ത് പറ്റി..” ആരോ ഒരാൾ ചോദിച്ചു.
“ഏയ് ഒന്നുമില്ല…ഒന്ന് വീണതാ..” ഞാൻ പറഞ്ഞു.
“കുറെ ചോര പോയോ..” അവരിലൊരാൾ ആശങ്കപ്പെട്ടു.
“ഇല്ല..അധികമൊന്നും പോയില്ല..” അവൾ മറുപടി പറഞ്ഞു.
“എന്തായാലും, കയ്യിൽ മരുന്നുള്ളത് കൊണ്ട് രക്ഷയായി. ഇല്ലെങ്കിൽ വിഷം കയറാൻ അത് മതി..ചെറിയ മുറിവൊക്കെ ധാരാളം..”
കൂടി നിന്നവരിൽ ആരോ പറഞ്ഞു.
പാലം ഇറങ്ങി ആരൊക്കയോ നടന്നു വരുന്ന കാൽ ശബ്ദങ്ങൾ എനിക്ക് കേൾക്കാമായിരുന്നു.
ഇലയനക്കം അല്ലാതെ മറ്റൊരു ശബ്ദവും അന്തരീക്ഷത്തിൽ കേൾക്കാനില്ല.
പുഴ പോലും നിശബ്ദമായിട്ട് ഒഴുകുന്നത് പോലെ.
കൂടി നിന്നവരിൽ ഒരാൾ എന്നെ പതുക്കെ കൈ പിടിച്ചുയർത്തു. ഒരാൾ എന്റെ ബാഗ് വാങ്ങി സൂക്ഷിച്ചു.
മറ്റൊരാൾ എന്നെ ചുമലിൽ താങ്ങി പാലത്തിനു മുകളിലേക്ക് പതുക്കെ കയറ്റി.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, അവൾ ഒരു ചിരി മുഖത്ത് ഉറപ്പിച്ചു പിന്നാലെയുണ്ട്.
ഞങ്ങളെല്ലാവരും കൂടി തൂക്കു പാലത്തിലേക്ക് കയറി.
പാലം ഒന്നുലഞ്ഞു. എനിക്കെപ്പോഴും പേടിയുള്ള ഒരിടമാണ് നടന്നു പാലത്തിന്റെ നടുവിൽ എത്തുമ്പോഴുള്ള ഉലച്ചിൽ.
“പേടിക്കേണ്ട..ഞങ്ങളില്ലേ ” കൈപിടിച്ചു നടക്കുന്നവരിൽ ആരോ ഒരാൾ പറഞ്ഞു.
പാലത്തിനടിയിലൂടെ നിലാവ് നിറഞ്ഞൊഴുകുന്നതായി എനിക്ക് അനുഭവപ്പെട്ടു.
പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന ആറ്റു വഞ്ചികളെയും, ഉരുളൻ പാറകളേയും മൂടി വെള്ളി ചിത്രശലഭങ്ങൾ ചിറക് മടക്കി തൂങ്ങിയുറങ്ങുന്നുണ്ട്.
ആ കാഴ്ച ഞാൻ മുൻപെപ്പോഴോ കണ്ടതാണ്.
ആകാശത്ത് പൂർണചന്ദ്രൻ…
ആ നിലാവെളിച്ചത്തിൽ ഞങ്ങൾ എല്ലാവരും പാലം കടന്ന് അക്കരെയെത്തി.
“ഇനി കുഴപ്പമില്ല..” പതുക്കെ നടന്നോളൂ.
കൈപിടിച്ചു അക്കരെയെത്തിച്ചയവരിൽ ഒരാൾ പറഞ്ഞു.
എന്നിട്ട് മുന്നോട്ട് നടന്നു തുടങ്ങി.
കയ്യിലെ മുറിവിൽ നിന്നും സ്പിരിറ്റ് മണക്കുന്നുണ്ട്.
ഞാൻ പിന്നോട്ട് തിരിഞ്ഞു നോക്കി. അവൾ പെട്ടെന്ന് നടന്ന് എന്റെയൊപ്പം എത്തി.
“അവരൊക്കെ പോയോ..” അവൾ എന്നോട് ചോദിച്ചു.
“ഉം..” ഞാൻ മറുപടി പറഞ്ഞു. കണ്ടു പരിചയമില്ലാത്തവരായിരുന്നു അവരെല്ലാം.
അവളെ പക്ഷെ മുൻപെപ്പോഴോ കണ്ടതാണ്. അത്ര ഓർമ്മ വരുന്നില്ലല്ലോ എന്ന് പറയണമെന്നുണ്ടായിരുന്നു. എന്തോ, വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിന്നു.
“നീ അവരുടെ കണ്ണുകൾ ശ്രദ്ധിച്ചിരുന്നോ..” അവൾ പെട്ടെന്ന് ചോദിച്ചു.
” ഓർമ്മയില്ല..എന്തേ..”
“ഇമവെട്ടുന്നുണ്ടായിരുന്നോ..”
ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. എനിക്ക് ചുറ്റും നിന്നവരും, എന്നെ കൈപിടിച്ചു ഉയർത്തിയവരും, കൂടെ നടന്നവരും എല്ലാം ഒരു നിമിഷത്തിനകം കൺ മുന്നിൽ ഒന്ന് കൂടെ തെളിഞ്ഞു.
“ഇല്ല..” കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു.
അവൾ ചിരിച്ചു.
“കാണില്ല…മരിച്ചു പോയവരാണ് അവരൊക്കെയും…മരിച്ചു പോയവരുടെ ഇമകൾ വെട്ടില്ല..”
ഒരു ഞടുക്കം എന്റെ ഞരമ്പുകളിലൂടെ കയറിയിറങ്ങി..തലച്ചോറിലെവിടെയോ എത്തി മരവിച്ചു നിന്നു.
അവളുടെ മുഖത്തെ ചിരി മായുന്നുണ്ടായിരുന്നില്ല.
ഞാനാ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി
ഇല്ല ..അവളുടെ ഇമകൾ വെട്ടുന്നേയില്ല
ചുറ്റുമുള്ളതെല്ലാം നിശബ്ദമായത് പോലെ, ഇലയനക്കം പോലുമില്ല. കാൽപ്പെരുമാറ്റം കേൾക്കാനില്ല. പരിപൂർണമായ മൂകത.
നിലത്ത് വീണു കിടക്കുന്ന പൊട്ടിയ കണ്ണാടി ചില്ലിൽ എന്റെ കണ്ണുകൾ എനിക്ക് കാണാം.
ആ കണ്ണുകളിലും ഇമകൾ വെട്ടുന്നുണ്ടായിരുന്നില്ല എന്നറിഞ്ഞപ്പോൾ കാലുകളും, കൈ വിരലുകളും, തലമുടിച്ചുരുളുകളും മരവിച്ചു പോവുന്നതായി എനിക്ക് അനുഭവപ്പെടാൻ തുടങ്ങി!!