രാജാ-പാർട്ട്


ദ്വീപിൽ രാജ ഭരണം തുടങ്ങിയിട്ട് വര്ഷം പതിനഞ്ച് ആവുന്നു. ദ്വീപ് എന്ന് പറഞ്ഞാൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ കരയിൽ നിന്നും ദൂരത്തിൽ കിടക്കുന്ന ഒരു കൊച്ചു ഭൂമിയാണ്. നാല് അതിരുകളും സമുദ്രം.

സാങ്കൽപ്പിക ദ്വീപ് ആണോ എന്ന് ചോദിച്ചാൽ, കഥാകാരന്റെ ഭാവനക്ക് ഒപ്പം സഞ്ചരിക്കുക എന്നതിനപ്പുറം വായനക്കാരൻ നിസ്സഹായൻ ആണെന്ന് പറയേണ്ടി വരും.

ദ്വീപിലെ ആകെ ജനസംഖ്യ പതിനയ്യായിരത്തി അഞ്ഞൂറ്റി നാൽപ്പത്തി രണ്ട്, അക്കത്തിൽ എഴുതിയാൽ 15,542.
ദ്വീപിന് ഒരേയൊരു മന്നൻ ശുദ്ധോദര മഹാരാജാവ്. അങ്ങിനെ വെറുതെ ഒന്നും കയറി രാജാവ് ആയവനല്ല മഹാമന്നൻ ശുദ്ധോദരൻ. അൻപത് വര്ഷം നീണ്ടു നിന്ന ജനാധിപത്യത്തിന് അന്ത്യം കുറിച്ച് കൊണ്ട്, ജനങ്ങൾ കീരീടം അണിയിച്ച് ദ്വീപിന്റെ രാജാവായി വാഴിച്ചതാണു ശുദ്ധോദരനെ.

നൂറു കണക്കിന് വർഷത്തെ രാജഭരണത്തിനും, വൈദേശിക കോളനി ഭരണത്തിനും ശേഷമായിരുന്നു ദ്വീപിൽ ജനാധിപത്യം നിലവിൽ വന്നത്.

അൻപത് വർഷത്തെ ജനാധിപത്യം ദ്വീപിനെ പാപ്പരാക്കി എന്നാണ് ബഹുഭൂരപക്ഷം ജനങ്ങളുടെയും അഭിപ്രായം, അത് കൊണ്ട് തന്നെ അവർ നിലവിലെ രാജ ഭരണത്തിൽ സന്തുഷ്ടരാണ്.

ജനങ്ങൾക്ക് വേണ്ടതെല്ലാം രാജഭരണം ഒരുക്കുന്നു. സന്പൽ സമൃദ്ധി..ആവോളം മധു നുകരാം..ആവോളം ആസ്വദിക്കാം..ആരും ആരെയും ഉപദ്രവിക്കില്ല. ജനാധിപത്യത്തിന്റെ മുഖ മുദ്രയായ അഴിമതി വെറും കേട്ടു കേൾവിയാണ് നിലവിലെ ഭരണത്തിൽ.

അക്രമസംഭവങ്ങൾ കുറവാണ്. അക്രമികൾക്ക് കടുത്ത ശിക്ഷ…ബലാൽസംഗം ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലും.

ആകെ മൊത്തം നോക്കിയാൽ ബഹുകേമം ഭരണം. ചില നിയന്ത്രണങ്ങൾ ഇല്ലാതില്ല എന്ന് പറയാതിരിക്കാൻ ആവില്ല.
ദ്വീപ് നിവാസികൾക്ക് ഒരു കാര്യത്തിനും വൻകരയിലോ, മറ്റു ദ്വീപുകളിലോ യാത്ര ചെയ്യാൻ അനുവാദമില്ല. അത് പോലെ തന്നെ ആർക്കും ദ്വീപിലേക്കും പ്രവേശനം ഇല്ല.

ആമകൾക്ക് ദൈവിക പദവിയാണ് ദ്വീപിൽ…ആമകളെ ഭക്ഷണമാക്കുന്നത് ശിക്ഷാർഹം. ആമകളെ ആരെങ്കിലും ഭക്ഷിക്കുമോ എന്ന് ചോദിച്ചാൽ…ദ്വീപിൽ എണ്ണം കൊണ്ട് മനുഷ്യരേക്കാൾ കൂടുതൽ ആമകൾ ആണ്. ഏറ്റവും എളുപ്പത്തിൽ കിട്ടാവുന്ന മാംസഭക്ഷണം ആമകൾ ആയതു കൊണ്ട് തന്നെ ജനാധിപത്യ കാലത്ത് ആമകൾ ആയിരുന്നു പ്രധാന വിഭവം. എന്നാൽ, ശുദ്ധോദര മഹാരാജാവ് കീരിടമണിഞ്ഞ പിറ്റേന്ന് ആദ്യം ചെയ്ത നടപടികളിൽ ഒന്ന് ആമകളെ വിശുദ്ധ മൃഗം ആയി പ്രഖ്യാപിക്കൽ ആയിരുന്നു.

ആമയിറച്ചി കഴിക്കുന്നത് കടുത്ത ശിക്ഷകിട്ടാവുന്ന കുറ്റമാക്കി പ്രഖ്യാപിച്ചു. ആമകളെ ബഹുമാനിക്കാത്തവർ ദേശദ്രോഹികൾ ആയിരിക്കുമെന്ന് മഹാരാജന്റെ അനുയായികൾ ദ്വീപിൽ പ്രചരിപ്പിച്ചു..ആമകളെ എവിടെ കണ്ടാലും ജനങ്ങൾ പൂജിച്ചു..

ആമകൾ വഴി മുറിച്ച് കടക്കുന്പോൾ ഗൗനിക്കാതെ കടന്നു പോകുന്നവരെ, അനുയായികൾ രാജ കിങ്കരന്മാർക്ക് കാണിച്ച് കൊടുത്തു. കാലക്രമേണ, ആമകൾ നിരത്ത് മുറിച്ചു കിടക്കുന്പോൾ വാഹനങ്ങളുടെ നീണ്ട നിര അപ്പുറത്തും ഇപ്പുറത്തും രൂപപ്പെട്ടു.

വിശുദ്ധ മൃഗവും, സർവോപരി ദേശീയ ജീവിയുമായ ആമകൾക്കില്ലാത്ത തിരക്ക് മനുഷ്യർക്കും വേണ്ട എല്ലാവരും കരുതിപ്പോന്നുവന്നു.

ഭക്ഷണകാര്യത്തിൽ മാത്രമല്ല, വസ്ത്രധാരണത്തിലും ജനങ്ങൾക്ക് ചില ചെറിയ നിയന്ത്രങ്ങൾ ഉണ്ടേ..പുരുഷന്മാർ, മാറിടത്തിന് മുകളിൽ വസ്ത്രം ധരിക്കാൻ പാടില്ലായിരുന്നു. സ്ത്രീകൾ പൊക്കിൾ ചുഴി കാണുന്ന രീതിയിൽ വസ്ത്രം ധരിക്കണം. അല്ലാത്തവരെ പാരന്പര്യ വിരുദ്ധരായി സങ്കൽപ്പിച്ച് ഊരു വിലക്കും..

ഏകാധികാരിയുടെ ഭരണത്തിൽ ജനങ്ങളുടെ ശീലങ്ങൾ രൂപപ്പെടുന്നത് അങ്ങനെയാണ്…ആദ്യം ഭയം മൂലം തുടങ്ങുന്ന ശീലങ്ങൾ ആണല്ലോ പിന്നീട് പതിവ് രീതികളും നിയമങ്ങളും ആയി മാറുന്നത് ! ദ്വീപിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല !

രാജഭരണത്തിന്റെ ആദ്യ കാലങ്ങളിൽ ചില റിബലുകൾ ഉണ്ടായിരുന്നെങ്കിൽ കൂടി പിന്നീട് അങ്ങോട്ട് ഇതൊക്കെ സംസ്കാരത്തിന്റെ ഭാഗമായി കരുതി ജനം കണ്ണടച്ച് പിന്തുടർന്നു. ആർക്കും ഒന്നിലും പരാതിയില്ലായിരുന്നു….അല്ലെങ്കിൽ, ഇതൊക്കെ ഒരു സ്വാതന്ത്ര്യമില്ലായ്മയായി ആർക്കും തോന്നിയിട്ടില്ലായിരുന്നു. ചിലർക്കൊഴിച്ച്….ആ കൂട്ടരേ കുറിച്ച് പിന്നീട് പറയാം.

ഇത്തരം, വിഡ്ഢിത്തമെന്നു മറ്റുള്ളവർക്ക് തോന്നാൻ സാധ്യതയുള്ള നിയമങ്ങളും ആചാരങ്ങളും പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടായവ അല്ലായിരുന്നു. കാലക്രമേണ, മാസങ്ങളും വർഷങ്ങളും എടുത്ത് രൂപപ്പെട്ടവ..ജനങ്ങൾ എല്ലാം തന്നെ പതിയെ, പതിയെ മാറ്റങ്ങളോട് താദാത്മ്യം പ്രാപിച്ച് ഒടുവിൽ തങ്ങളുടെ ജീവിതത്തിന്റെ/സംസ്കാരത്തിന്റെ ഭാഗമായി തീർന്ന നിയമങ്ങളും, നിയന്ത്രണങ്ങളും..

മഹാരാജാവ് ആധിപത്യം ഏറ്റെടുത്ത രാവിൽ അടുത്ത നിമിഷത്തിൽ ചെയ്തത്, ദ്വീപിലെ പുസ്തക പുരകൾക്കും വായനശാലകൾക്കും തീവെക്കാനുള്ള ഉത്തരവിടുകയായിരുന്നു. പുസ്തകങ്ങളും, വായനയും ആളുകളെ ചിന്തിക്കാൻ പ്രേരിപ്പിക്കും എന്നതായിരുന്നു രാജാവിന്റെ ഭയം. അതിനു തടയിടാൻ അദ്ദേഹം ആദ്യം ചെയ്തത് പുസ്തകങ്ങൾ തീയിടുക എന്നതായിരുന്നു. എന്നിട്ട്, ജനത്തിനു ചിന്തിക്കാൻ സമയം ലഭിക്കാത്ത വിധം ദ്വീപിനെ വിനോദങ്ങൾ കൊണ്ട് നിറച്ചു..ഉല്ലാസവും വിനോദവും മാത്രം, ജനം തലച്ചോർ ഉപയോഗിച്ച് ചിന്തിക്കേണ്ടവയെല്ലാം ദ്വീപിന് ആവിശ്യമില്ലാത്തതായി തീർന്നു..

ഇടം കയ്യന്മാരെ രാജാവിന് ഭയം ആയിരുന്നു…തന്റെ ഭരണത്തെ അട്ടിമറിക്കാൻ ആദ്യ കാലങ്ങളിൽ തുനിഞ്ഞത് അവർ മാത്രമായത് കൊണ്ട് മഹാരാജാവ് ജനങ്ങളുടെ പിന്തുണയോടെ അവരെ ആട്ടിപ്പായിച്ചു. ജനാധിപത്യ വാദികൾക്കും അവർ ഒരു അധികപ്പറ്റായിരുന്നത് കൊണ്ട്..രാജഭരണ തുടക്കകാലത്ത് പ്രതിപക്ഷമായിരുന്ന ജനാധിപത്യ വാദികളും ഇടംകയ്യന്മാരെ തുരത്തുന്നതിൽ രാജാവിനെ അനുകൂലിച്ചു.

ഇടംകയ്യന്മാർ പുസ്തകം വായിക്കും. പുസ്തകങ്ങൾ നിരോധിച്ചപ്പോൾ, അവർ പലവിധേന പലയിടങ്ങളിൽ നിന്നും രഹസ്യമായി പുസ്തകങ്ങൾ എത്തിച്ചു..പുതിയ ചിന്തകൾ ഉണ്ടാക്കി..അവർ ദ്വീപിന്റെ, സർവോപരി പ്രപഞ്ചത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കാ കുലരായി..എപ്പോഴും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു..അവനവനോടും, ചുറ്റുമുള്ള സമൂഹത്തോടും…

ഉല്ലാസവും വിനോദവും ആഗ്രഹിച്ചിരുന്ന ജനത്തിനു ചിന്തിക്കുന്നത് ഇഷ്ടമല്ലായിരുന്നു. തങ്ങളെ കുഴക്കുന്ന ചോദ്യങ്ങളെ അവർ വെറുത്തു…അനാവശ്യമായ ചോദ്യങ്ങൾ ഉയർത്തി സന്തോഷം നശിപ്പിക്കുന്നവരായി കണ്ട് അവർ ഇടം കയ്യന്മാരെ രാജഭരണത്തോട് കൂടെ ചേർന്ന് ആട്ടിപായിച്ചു..
ഏതെങ്കിലും കുടുംബത്തിൽ ഉണ്ടാവുന്ന കുട്ടികളിൽ ഇടം കയ്യന്മാർ ജനിച്ചാൽ അവർ തല്ലി വളർത്തി വലം കയ്യന്മാരാക്കി മാറ്റി…

ഉല്ലാസത്തിനും വിനോദത്തിനും അപ്പുറം ചിന്തകൾ അവർക്കിഷ്ടമാല്ലാതായിരിക്കുന്നു പതിനഞ്ച് വർഷത്തെ രാജഭരണം കൊണ്ട്…

അവർ അവരുടെ രാജാവിനെ അതിയായി സ്നേഹിച്ചു. ഓരോ പൗർണ്ണമി രാവിലും മഹാരാജാൻ മട്ടുപ്പാവിൽ വന്നിരിക്കും, തന്റെ പ്രജകളെ നോക്കി, സ്വന്തം ജീവൻ ത്യാഗം ചെയ്ത് രാജ്യത്തിനു വേണ്ടി ജീവിക്കുന്ന തന്നെ കുറിച്ച് ഓർമ്മിപ്പിച്ച് അയാൾ വിതുമ്പും..തനിക്ക് കുടുംബമില്ല..തന്റെ എല്ലാം രാജ്യമാണ്..പ്രജകളാണ്..അയാൾ കണ്ണു തുടച്ചു പറയും, ഒപ്പം പുതിയ എന്തെങ്കിലും നിയമങ്ങൾ പ്രഖ്യാപിക്കും. ചിലപ്പോൾ പിന്നണിയിൽ തന്റെ രാജഗായകർ ശ്രുതി മീട്ടി രാജ നർത്തകിമാർ ആനന്ദ നൃത്തമാടുന്പോഴാവും അയാൾ കരഞ്ഞു കൊണ്ട് പുതിയ നിയമ നിർമ്മാണത്തെക്കുറിച്ച്‌ പ്രഖ്യാപിക്കുക…

ജനം പൗർണ്ണമി രാവിൽ എല്ലാം മറന്നു കയ്യടിച്ച് ആ തീരുമാനങ്ങളെ അംഗീകരിക്കും…

അതായിരുന്നു പതിവ്..

ഒരു ദിവസം…ശുദ്ധോദരനു കലശലായ വയറു വേദന…പതിവിൽ കൂടുതൽ ആമയിറച്ചി കഴിച്ചത് കൊണ്ടാവും. രഹസ്യമാണ്, പക്ഷെ, ശുദ്ധോദരൻ ആമയിറച്ചി പ്രിയൻ ആയിരുന്നു..അത് പോലെ തന്നെ ജനത്തിനു പുറം നാടുകളിലേക്ക് പോകാൻ അനുവാദമില്ലെങ്കിലും മഹാരാജാവിനു അതാവാമായിരുന്നു. പുറമേക്ക് ബ്രഹ്മചാരി ആയിരുന്നെങ്കിലും രാജൻ പുറം നാടുകളിൽ സുന്ദരികളുമായി ആടി തിമിർക്കുമായിരുന്നു..

പാവം ദ്വീപ് നിവാസികൾ ഒന്നും അറിഞ്ഞിരുന്നില്ല…അവർക്ക് ചിന്തിക്കാൻ നേരം ഉണ്ടായിരുന്നില്ല…

അന്ന്, പൗർണ്ണമി രാവിലെ മട്ടുപ്പാവ് സംഭാഷണത്തിൽ രാജാവ് തന്റെ വയറു വേദനയെക്കുറിച്ച് പറഞ്ഞു….ആമയിറച്ചി തിന്നകാര്യം മറച്ചു വെച്ച് തന്നെ. അയാൾ, അന്ന് രാത്രിമുതൽ നായകൾ ആണ് വിശുദ്ധ മൃഗങ്ങൾ എന്ന് പ്രഖ്യാപിച്ചു….ആമയിറച്ചി മതിയാവോളം കഴിക്കാൻ ആഹ്വാനം ചെയ്തു..

പിന്നണിയിലെ രാജ സംഗീതജ്ഞരുടെ ഗാനാനാപനത്തിനും, രാജ നർത്തകരുടെ നൃത്തത്തിനും, പുതിയ തീരുമാനത്തിനു കയ്യടിച്ച് കൊണ്ട്, പതിവ് പോലെ അവർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി.

രാജാവാകട്ടെ, അടുത്ത പതിനഞ്ച് വര്ഷം ഭരണം നിലനിർത്താൻ ഇട്ടക്കിടെ നൽകാവുന്ന അത്ഭുത പ്രഖ്യാപനങ്ങളുടെ പ്ലാനിങ്ങ് മനസ്സിലിട്ട് മട്ടുപ്പാവിൽ നിന്നും തന്റെ പള്ളിയറയിലേക്കും നടന്നു കയറി.

******************************************************************പിറ്റേന്ന് നേരം പുലർന്നത് മാംസം ചൂഴ്ന്നെടുത്ത് ഉപേക്ഷിക്കപ്പെട്ട ആമത്തോടുകൾ നിറഞ്ഞ തെരുവുകളിലേക്ക് ആയിരുന്നു. രാവ് മുഴുവൻ ജനങ്ങൾ ആമയിറച്ചി കഴിച്ച് ആഘോഷിച്ചതിന്റെ അവശിഷ്ടങ്ങൾ എവിടെയും കാണപ്പെട്ടു.

പുതിയ വിശുദ്ധ മൃഗം ആയ നായകൾ അവിടെ മുഴുവൻ അലഞ്ഞു നടന്നു ആമത്തോടുകൾ നക്കിത്തുടച്ചു ചിറികോട്ടി തങ്ങൾക്ക് കിട്ടിയ പുതിയ പദവിയിൽ ഊറ്റം കൊണ്ടു.

One Comment Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )