വലുതാവുന്പോ എന്താവാനാരുന്നു ആഗ്രഹം
കിളി
കിളിയോ…
ഹും, ഡിലൈറ്റ് ബസിലെ കിളി..
ഡിലൈറ്റ് ബസിലെ..ഓ …ആ കിളി…
അതും ഫ്രണ്ടിലെ കിളിയല്ല..ബേക്കിലെ കിളി..ചെക്കറു കിളി..!
അതെന്താ..
അവനാ പവറു കൂടുതൽ. മുൻപിലെ നിൽക്കുന്ന കിളിക്ക് വലിയ റോളില്ല…ഫ്രണ്ട് ഡോറിൽ പെണ്ണുങ്ങള് കയറുകയും ഇറങ്ങുകയും ചെയ്യുന്പോ ഡോർ തുറന്നു കൊടുക്കണം..ബസ് ഓടുന്നതിനൊപ്പം ഓടി ഡോറിന്റെ സൈഡിൽ പിടിച്ചു ചാടി കയറണം..ആകെയുള്ള റിസ്ക് പൂക്കളം ഡിസൈൻ ഉള്ള കള്ളിമുണ്ട് ഉരിഞ്ഞു പോകരുത്..അതവൻ ഷർട്ടിന്റെ തല കടിച്ചു പിടിച്ചു, മുണ്ടുയർത്തി നല്ല ബെൽറ്റിട്ട് കെട്ടിയിട്ടുണ്ടാവും..എന്നാ ചെക്കർ അങ്ങിനെയല്ല..പാന്റ്സ് ഇടാൻ കയ്യും..പിന്നെ, കയ്യില് പേപ്പറും പെന്നും കൊണ്ട് തിരക്കിനിടയിൽ നൂണ്ടിറങ്ങി നടക്കാം…ഇരുന്നുറങ്ങുന്നവരെ ഒക്കെ തോണ്ടി വിളിച്ചു എങ്ങട്ടാ എന്ന് ചോദിക്കാം, അത് കുറിച്ചെടുക്കാം. ടിക്കറ്റ് കൊടുക്കാത്ത കണ്ടക്ടരെക്കാളും പവർ കൂടുതൽ ചെക്കർ, ഓനിക്കാ..!! വഴിക്ക് ആള് കയറുന്പോൾ മുന്നിലെ കിളി കൈയിലെ വിരല് മടക്കിയും, കൈ വീശിയും ആംഗ്യം കാണിക്കുന്നതിന് അനുസരിച്ചു മാർക്കിട്ടു വെക്കണം. ഒരു വിരല് ഉയർത്തിയാൽ ഫുൾ ടിക്കറ്റു ലാസ്‌റ് പോയിന്റ് വരെ..ചെവീല് തോണ്ടിയാൽ ചെങ്ങര, പെരുവിരല് വീശിയാൽ കാവന്നൂര്..അതാണ് കോഡിംഗ്…
എന്നിട്ട് നീയ്യ് കിളിയായോ..
ല്ല..പരതയിൽ ട്രാൻസ്പോർട്ടിലെ ഡ്രൈവർ ഭരതേട്ടൻ തടിച്ച മുഖത്തിന് മുകളിലായി കയറി കിടക്കുന്ന കഷണ്ടിയിലെ വിയർപ്പ് തുടച്ച ടവ്വൽ ഷർട്ടിനും കഴുത്തിനും ഇടയിൽ തിരുകി, ഗിയർ ഡൗൺ ചെയ്ത് ഒരു വിടല് വിട്ട യാത്ര ഉണ്ടായിരുന്നു. കാരന്തൂരുന്ന് വിട്ട വണ്ടി പെപ്പര പെപ്പര നീട്ടി ഹോണടിച്ചിട്ടും, മുന്നില് സൈഡ് തരാണ്ട് ഓടിച്ച ടി എ കെ ബസിനെ മെഡിക്കൽകോളേജിന്റെ കേറ്റത്തിൽ ചങ്കാശുപത്രിന്റെ മുന്നില് വച്ച് വലക്കം വെച്ചു, റോഡ് ബ്ളോക് ചെയ്തു നിർത്തി.. കൊന്ത്രൻ പല്ലു വെളിയില് കാണിച്ചു ടി എ കെ ബസിലെ ഡ്രൈവറെ നോക്കി ഇളിച്ചു പറഞ്ഞ ഒരു ഡയലോഗ്..ന്നാ ഭരതേട്ടൻ പോട്ടെ മോനെ…!!ഗിയർ ഡൗൺ ചെയ്ത് ആ ലൈലാന്റ് ബസ് നിർത്തിയപ്പോ തെറിച്ചു ഗിയർ ബോക്സിന്റെ മുകളില് വന്നിരുന്നപ്പോ തോന്നിയ ഒരു ഹീറോ വേർഷിപ്പ്..അതില് പിടിച്ചു ഡ്രൈവർ ആയാലോന്നുള്ള പൂതി കയറി.
എന്നിട്ട് നീയ് ഡ്രൈവറായോ..
ല്ല..
പിന്ന്യോ..
എനിക്കിങ്ങനെ ചിരിക്കാനല്ലേ കഴിയൂ സാറേ…
അത് ശരിയാ..അന്റെ ചിരിയത്ര സുഖമില്ല ചെങ്ങായി..കള്ള ചിരി. ..എന്നിട്ട് ഈയപ്പോളാ കള്ളനായെ…
അതിനു ഞാൻ കള്ളനല്ലല്ലോ സാറേ..
അതിഞ്ഞി വിട്..അത് ഞാൻ തെളിയിക്കാം..ഈയെപ്പോഴാ ആദ്യം പിടിക്കപ്പെട്ടത്…
പതിനഞ്ചാം വയസിൽ, അല്ല..പതിനേഴാം വയസ്സിൽ…
എന്ത് മോഷണം..
മോഷണം ഒന്നുമല്ല സാറേ..ചെറിയൊരു ഇസ്കൽ..
ഞ്ഞി എന്താ ഇസ്കിയത്..
നമ്മടെ നാട്ടിലെ വളവില് ഒരു ടെക്‌സ്‌റ്റൈൽസ് ഷോപ്പ് ഉണ്ട് സാറേ. ഞാനങ്ങിനെ അവിടെ ഒരൂസം വനിതയൊക്കെ വായിച്ചിങ്ങനെ നിൽക്കാണു…ഉച്ച കഴിഞ്ഞു…വെയില് ബോറടിച്ചു മയങ്ങി തുടങ്ങിയ സമയം..ചെന്പോത്ത് ഒരെണ്ണം പൊന്തക്കാട്ടിൽ നിന്നും ഉറക്കം തൂങ്ങി കണ്ണു ചുവപ്പിച്ചു വെളിയില് വരുന്ന സമയം..
ഞ്ഞി ആ സാഹിത്യ ഭാഷ നിർത്ത്..മഹസർ എഴുതുന്പോൾ ആയ ഭാഷ ശരിയാവൂല..ഓരോന്നിനും ഓരോരോ ഭാഷകൾ ഉണ്ട്..എന്തെന്നാ ഈ വെയില് ബോറടിച്ചു ഉറങ്ങുക എന്ന് പറയുന്നേ..
അതിപ്പോ സാറേ…തെങ്ങിന്റെ തലപ്പിലാണ് വെയിൽ ആദ്യം വീഴുക..ഉച്ച കഴിയുന്പോൾ..ഉറക്കം തൂങ്ങി വെയില് താഴെ പുല്ലു കൂട്ടത്തിലേക്ക് വീഴും..എന്നിട്ട് അവിടെ തീപിടിപ്പിക്കും..ഇതൊക്കെ പെട്ടെന്ന് മനസിലാക്കാൻ കയ്യൂലാ…നോക്കിയിരിക്കണം..ഞാനതൊക്കെ നോക്കിയിരിക്കുവാണ്..വനിതേം കയ്യില് വെച്ച്..അപ്പൊ ടെക്സ്റ്റയിൽ ഷോപ്പിന്റെ മുന്നിൽ കൂടി ഒരു ഓട്ടോ പോയി…കുറച്ചു ദൂരം ചെന്നിട്ടാ ഓട്ടോ നിന്നു..ഞാൻ നിന്ന നിൽപ്പിൽ കത്തുന്ന പുല്ലിലേക്ക് മുങ്ങി .
അതെന്തിനാ..
ഓട്ടോയിൽ നിന്നിറങ്ങി കടയിലേക്ക് വന്നത് ടൗണിലെ സൂപ്പർ മാർക്കറ്റിൽ നിന്നുള്ള ആൾ ആയിരുന്നു. ഇവിടെ നിന്ന ആ വെളുത്ത മെലിഞ്ഞ ചെക്കൻ എവിടെ എന്നവർ ചോദിക്കുന്നത് എനിക്ക് കേൾക്കാം..ഞാനിട്ട പുതിയ ഷൂസും, ഷർട്ടും പാന്റ്സും ഊരി പുല്ലിനിടയിൽ ഇട്ടു. വെളുത്ത ഷൂ ആയിരുന്നു. പൂക്കൾ ഡിസൈൻ ഉള്ള ഷർട്ടും, നീല ജീൻസും…
നീ ആടുന്നു ഇസ്കിയതാണോ…
എനിക്ക് ചിരിക്കാനല്ലേ പറ്റൂ..
പിന്നെ പുഴയിലിറങ്ങി…മണല് കയറി..ഓട്ടമായിരുന്നു…
അങ്ങിനെ ഓടിയോടി നീ ഒരു കള്ളൻ ആയല്ലേ..പഴയ ഹിന്ദി സിനിമേലൊക്കെ കാണുന്ന പോലെ അമിതാബ് ബച്ചൻ ഓടി ഓടി ബോംബെല് എത്തുന്പോൾ കള്ളനായി മാറുന്നത് പോലെ..
ഈ സാറിന്റെ ഒരു കാര്യം..എനിക്ക് ചിരിക്കാനല്ലേ ആവൂ സാറേ…
നീ ഇതിനിടയിൽ എപ്പോഴാ മാല മോക്ഷണം തുടങ്ങിയത്…
സാറേ..ഞാനൊരു സത്യം പറയട്ടെ…
കള്ളന്റെ സത്യം അല്ലെ..ഹും..പറഞ്ഞോ..
ശരിക്കും ഞാൻ മാല മോഷ്ടിക്കാറില്ല..
പിന്നെ…ന്താ നീ മോഷ്ടിക്കാറു…
പേര്..
പേരോ..
ഞാൻ പേരാ മോഷ്ടിക്കാറു..എനിക്കില്ലാത്തത് അതാണല്ലോ…!!
ന്താ നിന്റെ പേര് പറഞ്ഞത്…
ഷാജഹാൻ…
ഇതും മോഷ്ടിച്ചതാ…
എനിക്ക് ചിരിക്ക്കാനല്ലേ സാറേ കഴിയു…!!!
(തൊണ്ടിമുതൽ കണ്ടു പോരുന്ന വഴിയിൽ അതിലെ ഒരു പ്രസാദ് കൂടെയിങ്ങു പോന്നു..ഒന്നര മണിക്കൂർ കാർ ഡ്രൈവിംഗിനിടെ ഒന്ന് സംസാരിച്ചു…കഥയാക്കി എഴുതുന്നു.)
One Comment Add yours