ബർഗളർ അലാം അടിക്കുന്നത് കേട്ടാണ് ഉണർന്നത്. മുന്നിലെ മുറിയിൽ ട്യൂബ് കത്തുന്നുണ്ടായിരുന്നു. മുന്നിലെ മുറിയിൽ നിന്നും പുറത്തേക്കുള്ള വെളുത്ത വാതിൽ തുറന്നു കിടക്കുന്നു. കസിൻസ് ആണെന്ന് തോന്നുന്നു, അവർ പുറത്ത് നിന്ന് എന്തോ തിരയുന്നുണ്ട്. മുന്നിലെ മുറിയിൽ നിന്നും നേരെ എതിർവശത്തായി ചെറിയ ഒരു മുറി. അവിടെയും ട്യൂബ് കത്തി നിൽക്കുന്നുണ്ട്. മുറിയിൽ തലേ ദിവസം അടിച്ച കുമ്മായത്തിന്റെ മണം ഇളം നീല വെളിച്ചത്തോടൊപ്പം നിറഞ്ഞു നിൽക്കുന്നു.
ആ മുറിയിലേക്കുള്ള വാതിൽ പാതി ചാരിയത് തുറന്നു അകത്ത് കയറിയപ്പോഴാണ്, അവിടെ നിന്നും പുറത്തേക്കുള്ള വെളുത്ത വാതിൽ ശരിയായി അടച്ചതല്ലാതെ കാണുന്നത്.
പുറത്തെ കാറ്റിൽ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു വരുന്നത് പോലെ തോന്നിപ്പിച്ചു.
വാതിലിനോട് കൂടുതൽ അടുത്തേക്ക് പതുക്കെ കാൽ വെച്ച് നടന്നടുത്തപ്പോൾ, വാതിലിനു പുറത്ത് വെളിയിൽ ആരോ നിൽക്കുന്നതായി എനിക്ക് തോന്നി. ശ്വാസോച്ഛാസത്തിന്റെ വേഗത എനിക്ക് തിരിച്ചറിയാം. കാലുയർത്തി ആഞ്ഞൊരു ചവിട്ട് കൊടുക്കാനാണ് തോന്നിയത്. അതിനായി ഒന്ന് പിന്നിലേക്ക് മാറി. വേഗത്തിൽ അലർച്ചയോടെ ആഞ്ഞു ചവിട്ടാൻ തയാറെടുത്തപ്പോഴേക്കും വാതിൽ പതുക്കെ തുറന്നു.
ഇരുട്ടിൽ നിന്നും ഒരാൾ മുറിയിലേക്ക് കയറി വന്നു.
ബീച്ചിലൊക്കെ പോകുന്പോൾ വെക്കാറുള്ള ഇനം ക്രീം കളർ വട്ട തൊപ്പി. വട്ട ഫ്രയിമിലുള്ള കറുത്ത കണ്ണട.
ചെറിയ മെലിഞ്ഞ മുഖം ക്ളീൻ ഷേവ് ആണ്.
തൊപ്പിയിൽ നിന്നും പുറത്തേക്ക് ചാടിയ നിലയിൽ അടക്കി വെക്കാത്ത ചെമ്പൻ മുടി.
ഇളം പച്ച നിറമുള്ള കോട്ട്, വെളുത്ത ഷർട്ടിനു മുകളിൽ പറ്റി ചേർന്നിരിക്കുന്നു.
അയാളുടെ ചുണ്ടിൽ ഒരു ചൂളം കുത്തൽ, അത് വകഞ്ഞു മാറ്റി നെഞ്ചു നോക്കി ചവിട്ടാമെന്നു കരുതിയപ്പോൾ,
അയാളുടെ കയ്യിൽ പിടി തിളങ്ങുന്ന ഒരു ചെറിയ പിസ്റ്റൾ. അതയാൾ എനിക്ക് നേരെ ചൂണ്ടുന്നില്ല..പക്ഷെ എന്നെ ഭയപ്പെടുത്താൻ വേണ്ടി കയ്യിൽ അലസമായി പിടിച്ചിട്ടുണ്ട്.
ഇരുളിൽ പിന്നിലെ മതിലിനോട് ചേർന്നൊരു നിഴലനക്കം എനിക്ക് കാണാം.
മോഷ്ടാക്കൾ …
അകത്തെ മുറിയിൽ ഇതൊന്നും അറിയാതെ എന്റെ ഭാര്യയും കുഞ്ഞുങ്ങളും ഉറക്കത്തിൽ.
എന്തായിരിക്കും, രാത്രിയിൽ പിൻവാതിൽ പൊളിച്ചു കടന്നു കയറിയ അക്രമികളുടെ ഉദ്ദേശം.
അയാളുടെ കയ്യിലെ പിസ്റ്റൾ ശരിക്കുള്ളതാണോ..അതോ പേടിപ്പിക്കാൻ വേണ്ടി കയ്യിൽ കരുതിയ കളിപ്പാട്ടമോ.പശ്ചാത്തലത്തിൽ കേൾക്കുന്ന ആ ബാക്ഗ്രൗണ്ട് മ്യൂസിക് ഇതിനു മുൻപ് കേട്ടതാണ് എന്ന തോന്നൽ ശരിക്കും ഉള്ളത് തന്നെയാണോ.
മോഷ്ടിച്ച് കടന്നു കളയുന്പോൾ ഇവർ ഞങ്ങളെ കൊല്ലുമോ..
ഇതൊന്നും അറിയാതെ മുൻവാതിൽ തുറന്നു മുറ്റത്ത് എന്തോ തിരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ കസിൻസ് അകത്തെ ഒച്ച കേട്ട് സഹായത്തിനായി എത്തുമോ.
അവരെ ആക്രമിക്കാൻ അയാൾക്കൊപ്പമുള്ളവർ ഉള്ളിലേക്ക് വരുമോ..
ആ പിസ്റ്റളിൽ നിന്നും വെടിയുതിരുമോ.
ഈ സ്വപ്നം ബാക്കി എച്ച് ഡി ക്വാളിറ്റിയിൽ ബാക്കി സംപ്രേക്ഷണം നാളത്തെ ഉറക്കത്തിൽ ഉണ്ടാകുമോ..!!!
(ഓരോരോ വള്ളിക്കെട്ട് സ്വപ്നങ്ങളെ..)
ഷെർലക് സിജിത്ത് !!!!!!! 😄😃😄😃
🙂