ദുരൂഹം ഒന്നാം അദ്ധ്യായം ഇവിടെ വായിച്ചു തുടങ്ങാം.
പ്രപഞ്ചത്തിന്റെ ഒരു കളി എന്ന് പറയുന്നത് ഇതാണ്. ഓരോരോ ചോദ്യത്തിനും ഒരുത്തരം ഉണ്ടാകും. ഉത്തരമില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ കാണില്ല. ചിലപ്പോൾ ഉത്തരങ്ങൾ തെളിഞ്ഞു വരാൻ വർഷങ്ങൾ തന്നെയെടുത്തേക്കാം.
ഉദാഹരണത്തിന്, നമ്മൾ ഈ കഥ തുടങ്ങിയത് തൊണ്ണൂറുകളിലെ ഒരു വേനൽക്കാലത്ത് കുന്നിന്റെ മുകളിൽ കേട്ട ഒരു വെടിയൊച്ചയിൽ നിന്നാണ്.
കിഴക്കേ മലയ്ക്കും പടിഞ്ഞാറെ മലയ്ക്കും ഇടയിൽ മുഴങ്ങിയ, ചിലര് കേട്ടതും, ചിലർക്ക് കേട്ടത് പോലെ തോന്നിയതും, ചിലര് കേട്ടതേ ഇല്ലാത്തതുമായ ആ വെടിയൊച്ച !!
ആ സംഭവം നടന്നു ഇരുപത് വർഷങ്ങൾക്ക് ശേഷമുള്ള ഒരു പകൽ, ഞായറാഴ്ച.
കടുത്ത വേനലിനോടുവിൽ പെയ്തു തിമർത്ത, രണ്ടു ദിവസം നീണ്ടു നിന്ന മഴ ഉച്ചയോടെ തോർന്നതെയുള്ളൂ…!!
മഴ പെയ്തു തോർന്ന മാനത്തേക്ക് ഇളം വെയിൽ തേടി ഇലകളൊതുക്കി കിളികൾ കൂടു വിട്ട് പറന്നുയർന്നു..
മാസ്റ്റരുടെ വീടിനു പിന്നിലെ മലയ്ക്കു മുകളിലൽ കശുമാവിൻ തോട്ടത്തിൽ പണ്ട് വെടിയൊച്ച കേട്ട അതേ കശുമാവിൻ പുരയിടത്തിൽ വീണ്ടും വെടിയൊച്ച കേട്ടു..ഒന്നല്ല രണ്ട് തവണ…!!!!
ഇരുപത് വർഷങ്ങൾക്ക് മുന്നേ കേട്ട അതെ ഇടത്ത്…പലരും പണ്ടേക്കു പണ്ടേ മറന്നു കളഞ്ഞ വെടിയൊച്ച വീണ്ടും മുഴങ്ങി കേട്ടു…ഒന്ന് കേട്ടവർ സംശയിക്കേണ്ട എന്ന ചിന്തയിൽ നിന്നാവണം വെടി ശബ്ദമുയർത്തിയ ആൾ ഒന്ന് കൂടി കാഞ്ചി വലിച്ചത്…!!!
ഇത്തവണ പക്ഷെ, എല്ലാവരും കേട്ടു…കേട്ടവർ കേട്ടവർ വെടി ശബ്ദത്തിന്റെ ഉറവിടം അന്വേക്ഷിച്ച് മല കയറി കശുമാവിൻ പുരയിടത്തിൽ എത്തി..മഴ കുത്തിയൊലിച്ചു പെയ്ത ചാലുകളിൽ കാൽ ഉരസി കുറെയാളുകൾ മലമുകളിൽ വെടി ശബ്ദം അന്വേക്ഷിച്ച് ഓടിയെത്തി !!
മലയുടെ പിൻ വശത്തെ ചെരുവിൽ, റബർ പ്ലാറ്റ്ഫോമുകൾ ശൂന്യത കൊണ്ട് നിറഞ്ഞു ..മുറിച്ച് മാറ്റിയ റബർ മരങ്ങൾ കൊണ്ട് പോവാൻ ഒരു ലോറി കയറിയെത്തുവാൻ പാകത്തിൽ വെട്ടിയ വഴി, ഒഴിഞ്ഞ പ്ലാറ്റ്ഫൊമുകൾക്കിടയിലൂടെ കുത്തനെ താഴേക്ക് ഒഴുകി കടന്നു…
ആ താത്കാലിക വഴിയുടെ, ഇറക്കത്തിന്റെ അങ്ങേ അറ്റത്ത് ഒരു പുകച്ചുരുൾ അവശേഷിപ്പിച്ച് ഒരു നരച്ച ബുള്ളറ്റ് വളവു തിരിഞ്ഞു മറഞ്ഞു പോയി…
കശുമാവിൻ തോട്ടത്തിൽ നിന്ന് നോക്കിയാൽ അത്ര വേഗം മറ്റാർക്കും കാണാതെ മറഞ്ഞ പുകച്ചുരുൾ നോക്കി ടീച്ചർ പതുക്കെ പറഞ്ഞു – ബെന്നി……
ഇരുപത് വർഷം..നാട് ഒരുപാടു മാറിയിരുന്നു…ചിലർ നാട്ടിൽ നിന്നും പുരയിടം വിറ്റു പെറുക്കി സ്ഥലം വിട്ടിരുന്നു..ചിലർ കാലയവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞിരുന്നു..കുഞ്ഞേട്ടനെ പോലെ…!!
ആദ്യ വെടിയൊച്ച കേട്ട തലമുറയിൽ കുറച്ച് പേരെ ഇന്നവിടെ ബാക്കിയുള്ളൂ…!! മാസ്റ്റരും, ടീച്ചറും ഉൾപ്പെടെ…!!
ബെന്നി എന്ന പേർ കേട്ടു കൊണ്ടാവണം, സുജനപാൽ ഇറക്കം ഇറങ്ങി പോവുന്ന പുകച്ചുരുളുകളുടെ അവശിഷ്ടം തിരഞ്ഞു എത്തി നോക്കി…
സുജന പാലിന്റെ കയ്യിൽ നിന്നും മുഖത്ത് അടിയേറ്റു വാങ്ങിയ ദിവസം, ബുള്ളറ്റ് അമിട്ട് പൊട്ടുന്ന ശബ്ദത്തിൽ ഓടിച്ച് പോയതിനു ശേഷം ആരും ബെന്നിയെ കണ്ടിരുന്നില്ല…!! തികച്ചും അപ്രസക്തനായ ഒരാളുടെ തിരോധാനം പോലെ ബെന്നിയും മറന്നു പോയ ദുരൂഹതകൾക്ക് ഒപ്പം മറവിയിലേക്ക് മറഞ്ഞിരുന്നു…!!!
****************
അങ്ങാടിയിലെ പാലത്തിനു എതിർവശത്തുള്ള കള്ളു ഷാപ്പ്..ഷാപ്പിലെ അരണ്ട വെളിച്ചത്തിൽ, തിരക്കില്ലാത്ത മൂലയിലെ ബെഞ്ചിലൊന്നിൽ ബെന്നി ഇരിപ്പുറപ്പിച്ചു..അയാൾക്ക് പരിചയമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല..അയാളെ പരിചയമുള്ളവരും !!
ഒരാളെ പരിപൂർണ്ണമായും മറക്കാൻ ഇരുപത് വർഷങ്ങൾ അത്ര നീണ്ട കാലഘട്ടം ഒന്നും അല്ലാ എന്ന് ബെന്നിക്ക് അറിയാമായിരുന്നു..!!
ബെന്നി അടിമുടി മാറിയിരുന്നു…കണ്ണുകൾ കുഴിഞ്ഞു…നരച്ച തലമുടി നീണ്ടു ചുരുളായി തിങ്ങി നിന്നു..നാൽപ്പത്തി അഞ്ചു വയസ്സുകാരനെക്കാൾ പ്രായം തോന്നിപ്പിച്ചു…!!
നീണ്ട നാളത്തെ തിരച്ചിലിനൊടുവിൽ കടലിനടിയിലെ കപ്പൽച്ചേത അവശിഷ്ടങ്ങളിൽ മാണിക്യം കണ്ടെടുത്ത നിധി വേട്ടക്കാരനെ പോലെ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു…!
ഒരു കോപ്പ കള്ള് മോന്തി ബെന്നി ഉറക്കെ ചിരിച്ചു…പൊട്ടി പൊട്ടി ചിരിച്ചു..ചിരിയുടെ അലകൾ പുറത്ത് സ്റ്റാണ്ടിൽ കയറ്റി വെച്ച തന്റെ നരച്ച ബുള്ളറ്റിനെയും തഴുകി നാട്ടിലെന്പാടും അലഞ്ഞു നടന്നു !!
ബെന്നിക്ക് ഒപ്പം നാട്ടുകാർക്ക് പരിചയമില്ലാത്ത എന്നാൽ വായനക്കാർക്ക് പരിചയമുള്ള ഒരാൾ കൂടി ഉണ്ടായിരുന്നു. ഡ്രൈവർ പിള്ളേച്ചൻ.
***************
കഴിഞ്ഞ ഇരുപത് വര്ഷവും ബെന്നി ഒരു യാത്രയിൽ ആയിരുന്നു..സത്യം തേടിയുള്ള യാത്രയിൽ…തന്റെ മനസ്സിനെ കുഴക്കിയ ഒരേയൊരു ദുരൂഹതയുടെ പിന്നിലെ സത്യം തേടിയുള്ള യാത്രയിൽ…ആദ്യത്തെ പരാജയം മറക്കാൻ ആർക്കും കഴിയില്ലല്ലോ.
ഇത്രമേൽ ഒരു ലക്ഷ്യത്തിനു വേണ്ടി മനസ്സ് കൂർപ്പിച്ച് ജീവിക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ എന്ന് സംശയമാണ്..
സുജനപാലിൽ നിന്നും മുഖത്തടി കിട്ടിയ അപമാന ഭാരത്താൽ തന്റെ ബുള്ളറ്റുമായി തുടങ്ങിയ യാത്രയിൽ പല നഗരങ്ങളിൽ, പല ഇടങ്ങളിൽ, പല ഭാഷകൾ സംസാരിക്കുന്നവർക്കിടയിൽ ജീവിച്ചു അയാള്..
ആദ്യം പോയത് ഒറ്റപ്പാലത്തേക്ക് ആയിരുന്നു..സുജനപാലിന്റെ രഹസ്യം തേടിയുള്ള യാത്ര..അയാള്ക്ക് ഉപകാരപ്പെടുന്ന ഒന്നും അവിടെ ഉണ്ടായിരുന്നില്ല…സുജനപാലിന്റെ പഴയ പുരയിടത്തിൽ നടന്നു കൊണ്ടിരുന്ന സിനിമാ ഷൂട്ടിംഗ് സംഘത്തിനൊപ്പം അയാള് പിന്നെ എത്തിയത് മട്ടാഞ്ചേരിയിൽ ആയിരുന്നു..അവിടെ ഒരു ചുമട്ട് തൊഴിലാളിയുടെ വേഷത്തിൽ കുറെ കാലം ജീവിച്ചു..പിന്നെ, കുറേകാലം, മൈസൂര്, ഉടുപ്പി, ഗുണ്ടൽപെട്ട, ബാംഗ്ലൂർ !! ഒടുവിൽ തിരുവനന്തപുരത്തൊരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ കൂടെ അയാളുടെ അസിസ്റ്റൻഡ് ആയി കൂടി.
രഹസ്യബന്ധങ്ങളുടെ ചുരുൾ അഴിക്കുന്ന ഒരാളായി കുറെ നാൾ… ഒടുവിൽ തന്റെ ഗുരു മരിച്ചപ്പോൾ ആ ജോലി തുടർന്നേറ്റെടുത്ത.
ഇതിനിടയിൽ മറ്റാരും അറിയാതെ നാട്ടിൽ രഹസ്യമായി വന്നു പോകുമായിരുന്നു അയാള്…രാത്രിയിൽ മാസ്റ്റരുടെ കശുമാവിൻ പുരയിടത്തിൽ പോയി ഇരിക്കും..ആരും അറിയാതെ അവിടെ മുഴുവനും പരതി നടക്കും..
ഇടക്കിടക്കുള്ള യാത്രകൾക്കും, രഹസ്യ അന്വേക്ഷണങ്ങൾക്കും ഇടയിൽ ചില നിഗമനങ്ങളിലൂടെ അയാള് ചിലത് ഉറപ്പിച്ചിരുന്നു..!!
ഒന്ന് ) വെടി ശബ്ദത്തിന് പിന്നിൽ സുജനപാൽ അല്ലാ എന്ന സത്യം…!!
രണ്ട്) വെടി ശബ്ദത്തിന് കാരണമായ തോക്ക് മാസ്റ്റരുടെ കശുമാവിൻ പുരയിടത്തിൽ തന്നെ ഉണ്ട് എന്നത്..
മൂന്ന്) വെടി ശബ്ദത്തിന് കാരണമായ ആൾ ഇന്നും അതെ പരിസരങ്ങളിൽ ജീവിച്ചിരിപ്പുണ്ട്, അല്ലെങ്കിൽ വന്നു പോകുന്നുണ്ട് എന്നത്..
ഇരുപത് വര്ഷം നീണ്ട അന്വേക്ഷണത്തിന്റെ പരിസമാപ്തി കുറിച്ച് കൊണ്ട്, വെടി ശബ്ദത്തിനു ഇടയാക്കിയ റിവോൾവർ അയാള് കണ്ടെടുത്തിരുന്നു…അന്നേ ദിവസം..
മാസ്റ്റരുടെ പുരയിടത്തിൽ കശുമാവിൻ ചുവട്ടിലെ പാറക്കൂട്ടത്തിനിടയിൽ നീണ്ട വിടവിനിടയിലൂടെ ഉള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഒളിച്ച് വെച്ചിരുന്ന റിവോൾവർ അയാള് കണ്ടെടുത്തിരുന്നു…!!!
ഒരു സർവീസ് റിവോൾവർ ….തിരുവനന്തപുരം ടൗൺ സ്റ്റേഷനിലെ സർക്കിൾ ശങ്കരൻ പിള്ള സാറിന്റെ ഇരുപത് വര്ഷം മുന്പ് കളഞ്ഞു പോയ സർവീസ് റിവോൾവർ…!!!
റിവോൾവർ പൊതിഞ്ഞു വെച്ച പ്ലാസ്റ്റിക് കവറിൽ നിന്നും, റിവോൾവർ കളഞ്ഞു പോയതായി കാണിച്ചു ശങ്കരൻ പിള്ള കൊടുത്ത പത്ര വാർത്തയുടെ പഴകിയ താളുകൾ ബെന്നി കണ്ടെടുത്തവയിൽ പെടുമായിരുന്നു…അതിന്റെ തിരുവനന്തപുരം എഡിഷൻ വാർത്തയായിരുന്നു ഡ്രൈവർ പിള്ളേച്ചന്റെ കയ്യിൽ ഉണ്ടായിരുന്നത്.
***************
തിരുവനന്തപുരത്ത് നിന്നും കളഞ്ഞു പോയ ഒരു റിവോൾവർ എങ്ങിനെ ഈ നാട്ടിലെത്തി…അതിനുത്തരം ബെന്നിക്ക് ഉണ്ടായിരുന്നു…
ഇരുപത് വർഷങ്ങൾക്ക് മുന്പ് തിരുവനന്തപുരത്തേക്ക് സ്ഥലത്തെ സ്കൂളിൽ നിന്നും വിനോദയാത്ര പോയ ഒരു സംഘം വിദ്യാർഥികളിൽ…
ബെന്നിയുടെ ഉത്തരം തേടിയുള്ള യാത്രകളിൽ, ഇടക്കിടെയുള്ള വന്നു പോകലുകളിൽ ബെന്നി തിരഞ്ഞിരുന്നത് റിവോൾവറും നാടുമായുള്ള ബന്ധം ആയിരുന്നു..
ഇരുപത് വര്ഷം മുന്നേ, പത്താം ക്ലാസുകാരനായ..ഇന്ന് മുപ്പത്തി അഞ്ചാം വയസ്സിൽ എത്തി നില്ക്കുന്ന മാസ്റ്റരുടെ മകനിൽ ആണ് ബെന്നി എത്തി ചേർന്നത്..!!
വിനോദ യാത്രക്കിടയിൽ തോന്നിയ ഒരു കുസൃതി..അലക്ഷ്യമായി പോലീസ് ജീപ്പിന്റെ സീറ്റിൽ കിടക്കുന്നത് കണ്ട റിവോൾവർ ആരും കാണാതെ അവൻ എടുക്കുകയായിരുന്നു.
കയ്യില കിട്ടിയ റിവോൾവർ കൂട്ടുകാരെ കാണിച്ച് ഷൈൻ ചെയ്യാൻ വേണ്ടി ആവണം അവൻ കൈക്കലാക്കിയിട്ടുണ്ടാവുക..പിന്നീട് പത്ര വാർത്ത കണ്ട അങ്കലാപ്പിൽ ആരും കാണാതെ ഒളിപ്പിച്ച് വെക്കാനുള്ള ശ്രമത്തിനിടയിൽ ആണ് കശുമാവിൻ തോട്ടത്തിൽ ഇരുപത് വര്ഷങ്ങള്ക്ക് മുന്പ് കേട്ട വെടി ശബ്ദത്തിന് പിന്നിലെ കാരണമായി മാറിയത്..!!!
ഇതിനിടയിൽ, റിവോൾവർ നഷ്ടമായതിനെ തുടർന്ന് പിള്ളേച്ചന് അന്വേക്ഷണ വിധേയമായി സസ്‌പെൻഷനിൽ ആവുകയും, അതിനു ശേഷം ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ അച്ചടക്ക നടപടി നേരിടുകയും പിന്നീട് ജോലി നഷ്ടപ്പെടുകയും ചെയ്തു., അയാൾ ടാക്സി ഡ്രൈവർ ആയിത്തീരുകയും ചെയ്തിരുന്നു.
സമീറിന്റെ മരണത്തെ തുടർന്നുള്ള യാത്രയ്ക്കൊടുവിൽ അയാൾക്ക് ഉത്തരം കിട്ടിയത് തന്റെ തന്നെ ഏറ്റവും വലിയ പരാജയം എന്നയാൾക്ക് തോന്നിയ ഒരു ദുരൂഹതയ്ക്കുള്ള ഉത്തരമായിരുന്നു.
***************************************
ഊട്ടിയിലേക്കുള്ള ചുരം. കോടമഞ്ഞു വീണു കാഴ്‌ച മറഞ്ഞിരിക്കുന്നു.
ഒരു ബുള്ളറ്റിന്റെ പുകച്ചുരുളുകൾ അവിടെ കടന്നു പോയതിന്റെ ബാക്കി കോടമഞ്ഞിൽ ഇഴചേർന്നു കിടക്കുന്നു. ചുരത്തിലെ വളവിൽ മതിലിനോട് ചേർന്ന് തൊട്ടു മുന്നേ മൂത്രം ഒഴിച്ചതിന്റെ പാട് മാഞ്ഞു പോകാതെ ഇരിപ്പുണ്ട്.
മുകളിലെ വളവുകളിൽ നിന്ന് ബുള്ളറ്റിന്റെ ശബ്ദം, കയറ്റം കയറി പോകുന്നത് കേൾക്കാം. ഓരൊ വളവുകൾ കയറുമ്പോഴും കിതച്ചും കുതിച്ചും ശബ്ദം ദേവതാരു തോട്ടങ്ങളിൽ അലയൊലികൾ സൃഷ്ടിച്ചു ഒടുവിൽ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു.
ചില ദുരൂഹതകൾക്ക് ഉത്തരം തേടിയുള്ള യാത്ര തുടരുന്നു.
കൊള്ളാമല്ലോ…… കുറച്ചു കാലത്തിനു ശേഷമാണ് 5 ഉം 6 ഉം അധ്യായങ്ങൾ വായിച്ചത് എങ്കിലും കഥയും കഥാപാത്രങ്ങളും ഇപ്പോഴും മനസിൽ ഉണ്ട്…….. Waiting for nxt season……….👌👌👌
Thank you for the great words 🙂 I will try my best to come up with the next chapters. Thanks for reading..!!
☺️☺️☺️