ദുരൂഹതകൾ ചുരുളഴിയുമ്പോൾ – ദുരൂഹം അദ്ധ്യായം 9


“പോസ്റ്റുമാർട്ടം റിപ്പോർട് ക്ലിയറാണ്..അസ്വാഭാവികമായി യാതൊന്നും ഇല്ല..” ഡോക്ടർ പറഞ്ഞു !

“അസ്വാഭാവികമായി എന്തെങ്കിലും..ഐ മീൻ എന്തെങ്കിലും അവയവങ്ങൾ..മിസ്സിംഗ്‌ ആയിരുന്നോ..” പിള്ളേച്ചൻ ചോദിച്ചു.

“ഏയ്..ഒന്നും മിസ്സിംഗ്‌ അല്ലായിരുന്നു..”

“ഡോക്ടറെ..നേരിട്ട് പോയിന്റിലേക്ക് വരാം…സമീർ സാഹിബിന്റെ പെനിസ് മിസ്സിംഗ്‌ ആയിരുന്നു എന്നൊരു അഭ്യൂഹം ഉണ്ട്..ഡോക്ടർ കാശ് വാങ്ങി പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്..സത്യം പറഞ്ഞാൽ രക്ഷപ്പെടാനാവും..”

ബെന്നി കാര്യത്തിന്റെ കെട്ടഴിച്ചു. 

“ദേ മിസ്റ്റർ..വായിൽതോന്നിയത് വിളിച്ചു പറയരുത്. അങ്ങനെ കാശ് വാങ്ങി ഇത്രയും ഫെയ്മസായ ഒരാളുടെ പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തേണ്ട ആവിശ്യമൊന്നും എനിക്കില്ല..നിങ്ങളെ ആരോ പറ്റിച്ചതാണ്..”

“പിള്ളേച്ചാ ഇവനിട്ടൊന്നു പൂശിയാൽ സത്യം പറയുമോ..”

“ദേഹത്ത് കൈവെച്ചാൽ ഞാൻ പോലീസിനെ വിളിക്കും..”

“വേണ്ട..പക്ഷെ നിങ്ങൾ പറയുന്നത് സത്യമാണെന്ന് ഞങ്ങൾ എങ്ങനെ ഉറപ്പിക്കും..” 

“നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി..നിങ്ങളീ പറയുന്ന രീതിയിൽ റിപ്പോർട് മാറ്റിയെഴുതിയിട്ടു എനിക്കെന്ത് നേട്ടം. മാത്രമല്ല..നിങ്ങൾ ഈ പറയുന്ന ബന്ധുക്കളെയൊന്നും ഞാൻ കണ്ടിട്ടും കൂടിയില്ല..” 

***

ഡോക്ടറുടെ അടുത്ത് നിന്നും തിരിച്ചു വരുന്ന വഴി ബെന്നിയും പിള്ളേച്ചനും ഒന്നും സംസാരിച്ചതേയില്ല..എന്നാൽ അവരുടെ മനസ്സിൽ നിരവധി കണക്കു കൂട്ടലുകൾ പാഞ്ഞു നടക്കുന്നുണ്ടെന്ന് ആ കണ്ണുകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. 

ലോഡ്ജിലേക്ക് തിരിച്ചു പോകുന്നതിന് മുന്നേ അവർ സമീർ സാഹിബിന്റെ ഭാര്യയെ പോയി കണ്ടു. 

“ഹോ..ആ മനുഷ്യന്റെ കൂടെ ജീവിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു..ഒരു പ്രത്യേക സ്വഭാവക്കാരൻ…യോജിച്ചു പോകാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ ഞാനിങ് ഇറങ്ങിപ്പോന്നു. “

“എന്തായിരുന്നു പ്രശ്നം..”

“മുൻശുണ്ഠി ..അത് തന്നെ…ഒന്നും പറയാൻ പറ്റില്ല..കടിച്ചു കീറി തിന്നാൽ വരും. സിനിമയൊക്കെ കുറഞ്ഞ കാലത്താണ് ഞങ്ങൾ കല്യാണം കഴിച്ചത്..അന്ന് മുതലേ അതിന്റെയൊരു ദേഷ്യം കൂടി എന്റടുത്താണ്..രാശി ഇല്ലാത്തവൾ കൂടെ കൂടി എന്ന് പറഞ്ഞു എന്നും ചീത്തവിളിക്കും..എന്നാലും കെട്യോനല്ലേ…വയസാം കാലത്ത് പട്ടിണി കിടക്കേണ്ട എന്ന് പറഞ്ഞു ഞാൻ ഇവിടുള്ളോരു പയ്യന്റെ കയ്യിൽ എന്നും ഫുഡ് കൊടുത്തയക്കും..”

ബെന്നി പിള്ളേച്ചനെ നോക്കി. അവരുടെ മനസ്സിലെ ഒരു ദുരൂഹതയ്ക്കാണ് ഉത്തരം കിട്ടിയത്..

“ഇനി ആ വഴി പോകണ്ട..” നെടുവീർപ്പ് ഇട്ടു കൊണ്ട് പിള്ളേച്ചൻ പറഞ്ഞു. 

“ജുനൈദും, സുബൈറുമായിട്ടെങ്ങാനായിരുന്നു..”

“അവന്മാരൊക്കെ ഈ വഴിക്കെ വരാറില്ല..അങ്ങേരു വളപ്പിൽ കയറ്റത്തു പോലുമില്ല..”

“അവർക്ക് ഭയങ്കര കാര്യം ആയിരുന്നു..”

“ആർക്ക്..ആ കള്ളന്മാർക്കോ…ചുമ്മാതെ..അവർക്ക് മാമായുടെ സ്വത്തിലായിരുന്നു നോട്ടം..മാമാ ആണെങ്കിൽ ചത്താലും കൊടുക്കില്ല എന്ന വാശിയിൽ..” 

“അത് ശരി..”

“പുള്ളി ദൂരെങ്ങാണ്ട് ഉള്ള ഒരു പഴയ കാമുകിയെ കാണാൻ ഇടയ്ക്കു പോകും..ഞങ്ങൾക്കൊന്നും അറിയില്ല എപ്പോഴാണ് പോകുന്നത് വരുന്നത് എന്ന്. അങ്ങനെ ഇരിക്കുന്പോൾ പോയി വന്നു എന്ന് കേൾക്കും..ഞാൻ പറഞ്ഞില്ലേ ഒരു പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നു എന്ന്..”

“അവിടെ സഹായത്തിന് ആരെങ്കിലും ഉണ്ടായിരുന്നോ..”

“ആര് കൂടാനാണ് ആ ചൂടന്റെ കൂടെ..”

സമീർ സാഹിബിന്റെ ഭാര്യയോട് യാത്ര പറഞ്ഞു, അവർ രണ്ടു പേരും ലോഡ്ജിലേക്ക് തിരിച്ചു ചെന്നു. 

മുറിയിൽ അവരെ കാത്ത് അയാൾ ഇരിക്കുന്നുണ്ടായിരുന്നു. 

“നിങ്ങൾ പോയ കാര്യം എന്തായി..ഡോക്ടർ എന്ത് പറഞ്ഞു..”

“നിങ്ങൾ പറഞ്ഞത് ശരിയാണ്…സമീർ സാഹിബിന്റെ മരണത്തിൽ അസ്വാഭാവികമായി ഒന്നും ഇല്ല..”

“ഭാര്യ എന്ത് പറഞ്ഞു..”

“ആ ജുനൈദിനെയും സുബൈറിനെയും വിശ്വസിക്കേണ്ട എന്ന് പറഞ്ഞു..”

“നിങ്ങൾ പോയിക്കഴിഞ്ഞാണ് ഞാൻ ഒരു കാര്യം ഓർത്തത്..ജുനൈദും സുബൈറും നിങ്ങളെയും കൊണ്ട് ആരെ കാണാനാണ് ഊട്ടിയിലേക്ക് പോയത്..”

“സമീർ സാഹിബിന്റെ പഴയ കാമുകി എന്ന് വിശ്വസിക്കുന്ന ഒരാളെ..”

“പേരെന്താണ്..”

“ഗോമതി..”

“ഓ മൈ ഗോഡ്..എന്നിട്ടാ വീട് അവർ കണ്ടോ..”

“കണ്ടു..”

“വരൂ..എത്രയും പെട്ടെന്ന് നമുക്ക് അങ്ങോട്ട് പോകണം…” 

“എന്ത് പറ്റി..”

“ഞാൻ വഴിയിൽ പറയാം..”

ബുള്ളറ്റ് എടുത്തു അവർ മൂന്നു പേരും തൊട്ടടുത്തുള്ള ടാക്സി സ്റ്റാറന്റിലേക്ക് വെച്ച് പിടിച്ചു. അവിടെ പിള്ളേച്ചന് പരിചയമുള്ള ഒരാളുടെ ടാക്സി കാർ ഉണ്ടായിരുന്നു. പിള്ളേച്ചൻ ഒരു വിധത്തിൽ അയാളെ പറഞ്ഞു സമ്മതിപ്പിച്ചു ആ കാർ വാടകക്ക് എടുത്ത് അവർ മൂന്നു പേരും കൂടി ഊട്ടിയിലേക്ക് യാത്ര തിരിച്ചു. 

പോകുന്ന വഴിയിൽ അയാൾ കഥകൾ മുഴുവനും പറഞ്ഞു…

(തുടരും)
നിയമപ്രകാരമുള്ള മുന്നറിയിപ്പ് – കോപ്പി റൈറ്റ് ഉള്ള കഥയാണ്. ഇതിൽ നിന്ന് ഭാഗങ്ങളോ മുഴുവനായോ മോഷ്ടിച്ചതായി കഥാകൃത്ത് അറിഞ്ഞാൽ..വെറുതെ പറയുകയല്ല. കീച്ചിക്കളയും..സോ ജാഗ്രതൈ.

ഒരു അഭിപ്രായം ഇടൂ