പ്രപഞ്ചത്തിന്റെ ഒരു കളി എന്ന് പറയുന്നത് ഇതാണ്. ഓരോ ചോദ്യത്തിനും ഉത്തരം ഉണ്ടാകും. ഉത്തരമില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ കാണുകയില്ല. ചിലപ്പോൾ ഉത്തരങ്ങൾ തെളിഞ്ഞു വരാൻ വർഷങ്ങൾ തന്നെയെടുത്തേക്കാം.
മുപ്പത് വർഷങ്ങൾക്ക് ശേഷമുള്ള ഒരു പകൽ..
കശുമാവിൻ തോട്ടം തൊട്ടുകിടന്ന കുന്നിൻ മുകളിൽ ഒരു നീലവെളിച്ചം കാണപ്പെട്ടു.
തൊട്ടുപിന്നാലെ ഇടിമുഴങ്ങുന്നത് പോലൊരു ശബ്ദവും..
നീലവെളിച്ചം പാറക്കൂട്ടങ്ങൾക്കും, മുളകൊമ്പത്തും ഉറക്കം തൂങ്ങിക്കിടന്നിരുന്ന പ്രേത രൂപികൾ മാത്രമേ കണ്ടുവുള്ളൂ എങ്കിലും ശബ്ദം ചിലരെങ്കിലും കേട്ടു. അപ്പോൾത്തന്നെ ശബ്ദമാണോ നീലവെളിച്ചമാണോ ആദ്യം ഭൂമിയിൽ തൊട്ടത് എന്നതിനെച്ചൊല്ലി ചെറിയൊരു തർക്കം പ്രേതരൂപികൾക്കുള്ളിൽ ഉടലെടുക്കുകയും ചെയ്തു.
ആദ്യം ഓടിയെത്തിയത്..മാഷുടെ സ്ഥലം വാങ്ങി താമസം തുടങ്ങിയ റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ വിജയൻ പിള്ള ആയിരുന്നു.
തൊട്ടുപിന്നാലെ ശബ്ദം കെട്ടവരിൽ മറ്റു ചിലരും കൂടി ഓടിയെത്തി.
കുന്നിൻ ചെരുവിൽ പുല്ലു വെട്ടിക്കൊണ്ടിരുന്ന പെൺകുട്ടികളിൽ രണ്ടു പേര് ശബ്ദം കേട്ടതായിട്ടും, ഒരാൾ ഒന്നും കേട്ടിട്ടില്ലാ എന്നും മൊഴി കൊടുത്തു.
കേട്ട പെൺകുട്ടികളോട് വിജയന്പിള്ള ചോദിച്ചു –
‘ട്ടോ എന്നാണോ, ഠോ എന്നാണോ, ഇട്ടോ എന്നാണോ, ട്ടേ എന്നാണോ നിങ്ങൾ കേട്ട ശബ്ദം.”
“ഠോ” മൂത്തവൾ പറഞ്ഞു
“ട്ടോ “ രണ്ടാമത്തവളും..
തന്റെ മനസുമായി ഒത്തു നോക്കി, ചെറു പുഞ്ചിരി ചുണ്ടിൽ വരുത്തി വിജയൻ പിള്ള മൂത്തവളോട് യോജിച്ചു.
——
റ പോലെ വളഞ്ഞൊഴുകുന്ന രണ്ട് പുഴകൾക്കിടയിലെ ഒരു കുന്നിൻ ചെരുവിൽ മുപ്പത് വർഷങ്ങളുടെ ഇടവേളകളിൽ കേൾക്കുന്ന ശബ്ദം. ചിലർ കേട്ടു, ചിലർ കേട്ടതേയില്ല, ചിലർക്ക് കേട്ടത് പോലെ തോന്നി. കേട്ടവരിൽ ചിലർ ആ ദുരൂഹതയുടെ പൊരുളന്വേഷിച്ചിറങ്ങി.
ആ അന്വേഷണത്തിന്റെ കഥയാണ്. എന്റെ ആദ്യ നോവൽ
ഠോ !!
Mankind ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.
230 രൂപയാണ് വില. ചെറിയ നോവലാണ്. വലിച്ചു വാരിയെഴുതിയിട്ടില്ല.
പെട്ടെന്ന് വായിച്ചു തീർക്കാവുന്നത്ര ചെറു നോവലാണ്.
ആമസോൺ ഓൺലൈനിലും, മാൻകൈൻഡ്ന്റെ ഓൺലൈൻ ബുക്സ്റ്റോറുകളിലും, മോഡേൺ ബുക്ക് സെന്റർ – തിരുവനന്തപുരത്തും പുസ്തകം ലഭ്യമാണ്.
വായിക്കുക…അഭിപ്രായങ്ങൾ അറിയിക്കുക.
ഠോ
ഒരു മാജിക്കൽ റിയലിസം കുറ്റാന്വേഷണ നോവൽ!!!!
Book Love – https://www.booklove.co.in/product-page/toh