നഗരകുറിപ്പുകൾ – ബോൾഡർ


ഒരു നഗരത്തെ കുറിച്ച് എഴുതാം എന്ന തീരുമാനം നമ്മൾ എടുക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാവും..

(1) നിങ്ങൾ ഒരു സഞ്ചാരിയാണ്..ഒപ്പം നഗരം നിങ്ങളെ അത്രമേൽ സ്വാധീനിച്ചിരിക്കുന്നു..ഒരു സഞ്ചാരിയുടെ വ്യൂ ഫൈൻഡറിലൂടെ നിങ്ങൾ നഗരത്തെ നോക്കി കാണും..എന്നിട്ട് സഞ്ചാരിയുടെ തൊപ്പി അണിഞ്ഞു നഗരത്തെക്കുറിച്ച് എഴുതും..Like this one – (https://lifendreamz.wordpress.com/2012/12/01/ടോക്യൊ-ഡയറീസ്/)

(2) ..നിങ്ങൾ ആ നഗരത്തിൽ ഒരു പാട് വര്ഷങ്ങളായി ജീവിക്കുന്നു..നിങ്ങളുടെ ഉയർച്ചയ്ക്കും താഴ്ചകൾക്കും സാക്ഷിയായ നഗരം..ആ നഗരത്തിന്റെ തൂണും തുരുന്പും എല്ലാം നിങ്ങൾക്ക് കാണാതെ അറിയാം. എം മുകുന്ദൻ ഡൽഹിയെക്കുറിച്ച് വീണ്ടും വീണ്ടും എഴുതുന്നത് പോലെ..അങ്ങിനെയൊരു അവസരം ഉണ്ടായാൽ എനിക്ക് എഴുതാനുണ്ടാവുക ബാംഗ്ലൂരിനെ പറ്റിയാവും..അത് പിന്നീടൊരിക്കൽ !

ഒന്നിനും പൂജ്യത്തിനും ഇടയിൽ എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര സാധ്യതകൾ ഉള്ളത് പോലെ, മേൽപ്പറഞ്ഞ രണ്ടു കാരണങ്ങൾക്കും അപ്പുറം..നിങ്ങൾക്ക് ഒരു നഗരത്തെക്കുറിച്ച് എഴുതാം…
ഒരു കുടിയേറ്റ തൊഴിലാളിയുടെ ദൃഷ്ടി കോണിലൂടെ അവൻ കഴിഞ്ഞ ഒരു വർഷമായി ജീവിക്കുന്ന ഇടത്തെപറ്റിയുള്ള ചില ചിതറിയ വാക്കുകൾ ഇവിടെ രേഖപ്പെടുത്തട്ടെ..

img_5919

ബോൾഡർ – അമേരിക്കയിൽ കൊളറാഡോ എന്നൊരു സംസ്ഥാനമുണ്ടെന്ന് അറിയുന്നത് തന്നെ, തൊഴിൽ പരമായ കാരണങ്ങളാൽ ഈ പർവ്വത സംസ്ഥാനത്തേക്ക് പറിച്ച് നട്ടപ്പോഴാണ്. അത് വരെ (ഏകദേശം ഒരു വർഷത്തിന് മുകളിൽ) താമസിച്ചിരുന്ന ടെന്നിസി സംസ്ഥാനത്തിലെ മെംഫിസ് എന്ന സിറ്റിയിൽ നിന്നും ആയിരത്തോളം മൈലുകൾക്ക് അപ്പുറം കിടക്കുന്ന കൊളറാഡോയിലെ ബോൾഡർ എന്ന സ്ഥലത്തേക്ക് നീണ്ട ഡ്രൈവിനായി പുറപ്പെട്ടത് കൃത്യം ഒരു വര്ഷം മുൻപാണ്.

ടെന്നിസിയിൽ നിന്നും അമേരിക്കയുടെ നെൽപ്പാടമായ അർക്കൻസ്സാസ്, ചുഴലികൊടുങ്കാറ്റുകളുടെ വിളനിലമായ ഒകാലഹമാ, കാൻസാസ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ നീണ്ടു കിടക്കുന്ന ഹൈവേയിലെ രണ്ടു ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ആയിരുന്നു ബോൾഡറിൽ എത്തിയത്.

map

രണ്ടാം ദിവസം പുലർച്ചെ വിചിറ്റയിൽ നിന്നും കാറിൽ യാത്ര തിരിക്കുന്പോൾ, നീളൻ ഹൈവേ മുഴുവൻ കോടമഞ്ഞു നിറഞ്ഞിരുന്നു. നോക്കിയാൽ കാണാത്തത്ര ദൂരം നേർ രേഖയിൽ കിടക്കുന്ന ഹൈവേക്ക് ഇരുവശത്തുമായി മൂടൽ മഞ്ഞു മൂടി കിടന്നിരുന്നു. ഇടക്കെപ്പോഴോ കടന്നു പോകുന്ന വലിയ ട്രക്കുകൾക്ക് അപ്പുറം അധികം വാഹനങ്ങൾ ഒന്നും തന്നെയില്ലാത്ത വിജനമായ റോഡ്. ചെറിയ കുന്നുകളും സമതലങ്ങളും മുറിച്ച് കടന്ന്..ഇളം പച്ച നിറത്തിൽ പുൽമേടുകൾ ..മന്ദഗതിയിൽ തിരിയുന്ന കാറ്റാടി യന്ത്രങ്ങൾ…ഇതിനിടയിലൂടെ പ്ളേ ലിസ്റ്റിൽ ഇഷ്ടമുള്ള ചില ഗാനങ്ങളുടെ അകന്പടിയിൽ മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം ആറായിരം അടി ഉയരത്തിൽ റോക്കി മൗണ്ടൻ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ബോൾഡറിൽ എത്തി ചേർന്നു..

img_6031

ബോൾഡർ എന്ന് പറഞ്ഞാൽ ഉരുളൻ കല്ലുകൾ..റോക്കി മൗണ്ടൻ നിരവധി ചെറുതും വലുതുമായ പർവ്വതങ്ങളുടെ നിരകൾക്കടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണം. അടിവാരത്ത് നിന്ന് നോക്കുന്പോൾ.. പർവ്വതങ്ങൾ ഒന്നൊന്നായി അടുക്കി വെച്ചിരിക്കുന്ന പോലെ..അല്ലെങ്കിൽ പഴയ ബ്ളാക് ആൻഡ് വൈറ്റ് കോളേജ് ആൽബത്തിൽ ഒന്നിന് പുറകേ ഒന്നായി ചെരിഞ്ഞു നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന സുന്ദരിമാരെ പോലെ ! പല ഋതുക്കളിൽ പല നിറങ്ങൾ ആണ് ഓരോ കുന്നിനും..ചിലപ്പോൾ മേഘം മൂടിയ കറുപ്പ് നിറം. ചിലപ്പോൾ വെളുത്തമഞ്ഞു മൂടി കിടക്കുന്ന..ചെരിഞ്ഞു സൂര്യൻ പതിക്കുന്ന ചില വൈകുന്നേരങ്ങളിൽ ഇളം വെയിൽ ചാലിച്ച് ചേർത്ത പച്ച നിറം…മുകളിലെ നിരയിലെ പര്വതത്തിനു മുകളിൽ ഐസിംഗ് പോലെ ഒരു തുടം മഞ്ഞു.

img_5669

തണുപ്പ് കാലത്ത് സൂര്യോദയ സമയങ്ങളിൽ, സൂര്യൻ ആദ്യ കിരണങ്ങൾ വെളുത്ത പര്വതങ്ങളിലേക്ക് പ്രോജക്ട് ചെയ്യുന്പോൾ ചുവന്നു തുടുത്ത കവിളു പോലെ ലജ്ജ പൂകും നിരകൾ…

ഏതൊരു ആധുനിക തലമുറയെയും കൊതിപ്പിക്കുന്നതാണ് ഈ പട്ടണം..അംബര ചുന്പികൾക്ക് പണ്ടേ അയിത്തമാണിവിടെ. രണ്ടു നിലകൾക്ക് അപ്പുറത്തേക്ക് കെട്ടിട നിർമ്മാണം അനുവദിനീയമല്ല. പർവ്വത നിരകളോട് ചേർന്ന് കിടക്കുന്ന ഹെക്ടറ് കണക്കിന് ഭൂമി സിറ്റി കൗൺസിൽ വർഷങ്ങൾക്ക് മുന്നേ തന്നെ നികുതി പണം സമാഹരിച്ച് വാങ്ങി ഇട്ടിരിക്കുക ആണെന്നറിയുന്പോൾ പട്ടണത്തിനോടുള്ള ബഹുമാനം വർദ്ധിക്കും..വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുന്നതിന് എതിരാണ് ഇവിടുത്തെ ഭൂരിഭാഗം പേരും.

റിയൽ എസ്റ്റേറ്റ് ആവിശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയിൽ ഒരു നിശ്ചിത ശതമാനം മരങ്ങൾ വെച്ച് പിടിപ്പിക്കാൻ ഉപയോഗിക്കണം എന്നത് നിര്ബന്ധമായി കരുതപ്പെടുന്നു.

എങ്കിലും സ്റ്റാർട് അപ് ഐടി സംരംഭങ്ങൾ ഒരുപാട് ഉണ്ട് ഇവിടെ..ഒപ്പം ഗൂഗിളിന്റെ പുതിയ ക്യാംപസ് പണി തകൃതിയായി പണി നടക്കുന്നു..പൂർത്തിയാവുന്പോൾ ഏകദേശം ആയിരത്തഞ്ഞൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണു കരുതപ്പെടുന്നത്.
ഗൂഗിളിന്റെ സാന്നിധ്യം കൊണ്ട് ആകർഷിക്കപ്പെടാവുന്ന അനേകം കന്പനികൾ വേറെയും. പുതിയതായി ഈ കൊച്ചു നഗരത്തിലേക്ക് എത്തിപ്പെടുന്ന ജീവനക്കാരുടെ എണ്ണം വരും വർഷങ്ങളിൽ ക്രമാതീതമാകും എന്ന് ചുരുക്കം. നിലവിൽ തന്നെ കോസ്റ് ഓഫ് ലിവിംഗ് കൂടിക്കൊണ്ടിരിക്കുന്നു..അതിനു പുറമെ പുതിയ റിയൽ എസ്റ്റേറ്റ് പണികൾ തുടങ്ങാനിരിക്കുന്നു..തങ്ങൾക്ക് ചുറ്റുമുള്ള പ്രകൃതി/സാമൂഹിക സാഹചര്യങ്ങൾ ചൂഷണത്തിന് വിധേയമാകുമോ എന്ന ഭയം ചിലരിലെങ്കിലും ഉയരുക സ്വാഭാവികം. അത്തരം ഒരു ആശങ്കയിൽ നിന്നും ഉണ്ടായ ആക്ഷൻ കൗൺസിൽ ആണ് TLAG. അവരുടെ വെബ്‌സൈറ്റ് – TLAG

പൊതുവിൽ സ്വതന്ത്ര ജനാധിപത്യ രാഷ്ട്രീയ ചിന്തകൾ ആണ് മുന്നിൽ. ലിബറൽ ഗ്രൂപ്പുകൾ നിരവധി. മരിജുവാന നിയമപരമായ ഇവിടെ വർഷങ്ങൾക്ക് മുൻപ് മുതൽ തന്നെ ഒരു ജിപ്സി സംസ്കാരവും നിലവിലുണ്ട്. പബ്ലിക് ലൈബ്രറിയുടെ അരികിലുള്ള ചെറിയ അരുവിയുടെ ഓരങ്ങളിൽ നിരവധി ജിപ്സി ഗ്രൂപ്പുകളെ കാണാം..യോഗ ജീവിത വ്രതമാണ് പൊതുവിൽ ഇവിടെ. ആഴ്ചയിൽ ഒരു ദിവസം ഫ്രീ യോഗാ ക്ലാസ് കൊടുക്കുന്ന യോഗാ ഇൻസ്റ്റിറ്റിയൂട്ടുകൾ ധാരാളം.

പബ്ലിക് ട്രാൻസ്പോർട്ടേഷന് മുൻ ഗണനയുള്ള സിറ്റിയിൽ നിങ്ങൾ ആദ്യം ശ്രദ്ധിക്കുക ബസ്സിന്‌ മുന്നിൽ സൈക്കിൾ ഘടിപ്പിക്കാൻ വച്ചിട്ടുള്ള ഹാൻഡിൽ ആണ്..പട്ടണത്തിനകത്തും പുറത്തും ഒരു സൈക്കിൾ പാതകൾ കണക്ടഡ് ആണ്..എല്ലാ റോഡുകളോടും ചേർന്ന് നടപ്പാതകൾ..

എല്ലാ കാലാവസ്ഥയിലും ഏതു സമയത്തും റോഡിനോട് ചേർന്നുള്ള നടപ്പാതകളിൽ ഓടുന്ന ഒരാളെയെങ്കിലും നിങ്ങൾക്ക് കാണാം..അതിൽ ഒരു പക്ഷെ നിങ്ങൾ കണ്ടു മുട്ടാൻ സാധ്യത ഉള്ളവരിൽ ചിലപ്പോൾ അമേരിക്കയുടെയോ ജപ്പാന്റെയോ ഒളിന്പിക്സ് ടീമിൽ നിന്നുള്ള ആരെങ്കിലും ആവാം. ഫിജിയിൽ നിന്നുള്ള ഒളിംപിക്സ് ദീർഘ ദൂര ഓട്ടക്കാർ ബിനീഷ് പ്രസാദും നാദിയ പ്രസാദും നടത്തുന്ന ട്വിൻ ലേക് ഇൻ എന്ന ചെറിയ ഹോട്ടലിലെ താമസക്കാരിൽ അധികവും ഒളിംപിക്സ് ടീം പരിശീലനത്തിനായി ഈ പട്ടണത്തിൽ എത്തി പെടുന്നവർ ആവും.
ഈ നഗരത്തിൽ സ്ഥിര താമസക്കാരായവരിൽ പൊണ്ണത്തടിയന്മാരെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്..

img_6013

ഏതൊരു ചെറുപട്ടണത്തെയും പോലെ, ഈ നഗരത്തിലും ഒരു ചത്വരം ഉണ്ട്..പേർൾ സ്ട്രീറ്റ് മാൾ എന്ന ആ തുറന്ന തെരുവിൽ വാരാന്ത്യ വൈകുന്നേരങ്ങളിൽ തെരുവ് കലാകാരന്മാരെ കൊണ്ട് നിറയും..ഞാണിന്മേൽ കളിയും, മാജിക്കും, വയലിൻ വായനയും, മറ്റു രസകരമായ തത്സമയ വിനോദങ്ങളുമായി അവിടം സജീവമാകും…ഒന്നിന് മേൽ ഒന്ന് എന്ന വണ്ണം കയറ്റി വെച്ച കസേരയുടെ ഉച്ചിയിൽ നിന്ന്, താഴെ തന്നെ ഗൗനിക്കാതെ കടന്നു പോകുന്ന അപൂർവ്വം ചിലരെ നോക്കി ആ തെരുവ് കലാകാരൻ ഉറക്കെ വിളിച്ച് പറയും..പൊയ്ക്കോ നിന്റെ ഗേൾഫ്രണ്ടിന്റെ പുറകെ പൊയ്ക്കോ..എന്നിട്ട് ഏതെങ്കിലും കോർപ്പറേറ്റ് വിനോദ കമ്പനിക്ക് കൊണ്ട് പോയി കൊടുക്കു നിന്റെ ഡോളേഴ്‌സ്..ഈ എളിയ തെരുവ് കലാകാരന്റെ തത്സമയ കലാപരിപാടിക്ക് കയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ പോലും പറ്റാത്ത തിരക്കിൽ ഓടുന്ന നിന്റെ കാമുകിയുടെ പിന്നാലെ പാഞ്ഞോ..എന്നിട്ട് താഴെ ഇതെല്ലാം കേട്ട് രസിച്ചിരിക്കുന്ന കാണികളോട് പറയും നിങ്ങൾ ആ പോവുന്ന പെങ്കോന്തനെ പോലെ അല്ല എന്നറിയാം..നിങ്ങളുടെ കയ്യിൽ ഉള്ള ഡോളേഴ്‌സിൽ നിന്നും കുറച്ച് എനിക്ക് തരുമെന്ന് അറിയാം..എന്ന് പറഞ്ഞു കൊണ്ട് വായുവിൽ ഉയർന്നു പൊങ്ങി മലക്കം മറഞ്ഞു..താഴെ വന്നിറങ്ങും അയാൾ…അത് പോലെ നിരവധി തെരുവ് കലാകാരന്മാരെ കൊണ്ട് നിറയും വാരാന്ത്യങ്ങളിൽ ആ തെരുവ്..

img_6805

(ബോൾഡറിൽ നിന്നും നൂറ്റി അൻപത് മൈലുകൾ സഞ്ചരിച്ചാൽ ഈ മനോഹരമായ വെള്ളച്ചാട്ടത്തിൽ എത്തി ചേരാം. ഹാങ്ങിങ് ലേക്ക് എന്നാണു പേര്..വണ്ടി പാർക് ചെയ്യുന്നിടത്ത് നിന്നും ഒന്നരമൈൽ കുത്തനെയുള്ള കയറ്റം കയറി ചെന്നാൽ എത്തുക സ്വർഗ്ഗ തുല്യമായ ഈ വെള്ളച്ചാട്ടത്തിന് അരികിൽ ആണ്..)

നഗര ഹൃദയത്തിലെ പബ്ലിക് ലൈബ്രറിയിൽ ഒരു ചെറിയ കോഫി ഷോപ്പ്..അതിനടിയിലൂടെ ഒഴുകുന്ന ബോൾഡർ അരുവി. കോഫി ഷോപ്പിലെ മേശകളിൽ കോഫിയോ ഇന്ത്യൻ മസാല ചായയോ കുടിച്ച് ലാപ്ടോപ്പിൽ റിസർച്ച് തീസിസോ, സ്റ്റാർട് അപ് സോഫ്റ്റായറോ, കഥയോ എഴുതുന്ന ആധുനിക യുവത്വം. ചില ഞായറാഴ്ചകളിൽ പൂർത്തിയാക്കാനാവാത്ത എഴുത്ത് കുത്തുകൾ ലാപ്ടോപ്പിൽ ടൈപ് ചെയ്തു കയറ്റുവാൻ ആ കോഫി ഷോപ്പിൽ പോയി ഇരിക്കാറുള്ളത് ഓർമ്മ വരുന്നു.

നാല് ഋതുക്കൾ പൂർത്തിയായിരുന്നു..തണുപ്പ് കാലത്തിന്റെ വരവറിയിച്ച് ആസ്‌പൻ മരങ്ങൾ ഇലകൾ മഞ്ഞയിലേക്ക് നിറം മാറിയിരിക്കുന്നു..ഇനി അത് സ്വർണ്ണ നിറമാകും..കുന്നിൻ ചെരുവുകളിൽ വെയിൽ തട്ടുന്പോൾ സ്വർണ്ണ നിറത്തിൽ വെട്ടി തിളങ്ങും..പിന്നെ ഇല പൊഴിച്ച് മഞ്ഞു പെയ്യുന്നതും നോക്കിയിരിക്കും…

img_4526

ഒരു പുതിയ നഗരത്തിലേക്കുള്ള കൂടുമാറ്റത്തിനു വേണ്ടിയുള്ള സൂചനകൾ എന്നെയും തേടിയെത്തിയിരിക്കുന്നു…കുടിയേറ്റ തൊഴിലാളിയുടെ കപ്പൽ കറങ്ങി തിരിഞ്ഞു ഈ നഗരത്തിലേക്ക് വീണ്ടും എത്തി ചേരുമായിരിക്കാം..ഇനി അഥവാ ഇല്ലെങ്കിലും നല്ല ഓർമ്മകളിൽ മനോഹരമായ സ്ഥലത്തോട് വിട പറയാം…

(This post has been published by Azhimukham here – ബോൾഡർ; ഒരു നഗരക്കുറിപ്പ്)

One Comment Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )