(2018 മെയ് 23 നു സിനിമാപാരഡീസോ ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചത് !!)
തൊണ്ണൂറ്റി അഞ്ചാം നമ്പർ ഹൈവേയിൽ, നൂറ്റി എൺപത്തി മൂന്നാം എക്സിറ്റ് എടുക്കുന്നതിനു അരമണിക്കൂറോളം മുന്നേ ഒരു ചുവന്ന സ്‌പോർട്ടസ് കാർ അതിവേഗം കടന്നു പോയി. നൂറ്റി നാല്പത് മൈൽസ് പെർ അവർ, മനസ് വെറുതെ കണക്കു കൂട്ടി പറഞ്ഞു. മിനിമം അത്രയെങ്കിലും സ്പീഡിലാണ് ലെവൻ പോയത്.
*******
“മലയാളികളെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല..”
“എന്താ പറഞ്ഞേ ..”
“മലയാളികളോട് അടുപ്പം സൂക്ഷിക്കാൻ കൊള്ളില്ല എന്ന്..”
“ഓഹോ..എന്തോ എനിക്കങ്ങനെ തോന്നാറില്ല. ”
ഒരു നീണ്ട റോഡ് ട്രിപ്പിന് ഒടുവിൽ, ഹൈവേക്കരികിലേ മോട്ടൽ കണ്ടു പിടിച്ചു പാർക്ക് ചെയ്യുന്പോഴായിരുന്നു കണ്ണിൽ ആ സ്പോർട്ട്സ് ബാറിന്റെ ബോർഡ് കത്തി മിന്നിയത്.
കരീബിയൻ ഫിഷ് ആൻഡ് ഗ്രിൽ.
യാത്രയുടെ ക്ഷീണം മാറ്റാൻ വേണ്ടി കയറിയപ്പോൾ യാദൃശ്ചികമായിട്ടായിരുന്നു അയാളെ കണ്ടത്. ചിരപരിചിതനെ പോലെ തോന്നിച്ചത് കൊണ്ട് ഒന്നു ചിരിച്ചു.
മറുപടിയായി അയാളും ചിരിച്ചു എന്ന് വരുത്തി.
ഈ പാതയോരത്തെ അപരിചിതമായ ഒരിടത്ത് പരിചയം തോന്നിക്കുന്ന ഒരു മുഖം കാണുന്നത് ആശ്വാസമാണെങ്കിലും, അയാൾക്ക് എന്തോ അത് അത്ര താത്പര്യം ഇഇല്ലാ എന്ന് മുഖത്ത് നിന്നും വായിച്ചെടുക്കാം.
കാഴ്ചയിൽ ഒരു മലയാളി ലുക് ഉള്ളത് കൊണ്ട്, കയറി പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു. ഏകദേശം അൻപത്തി അഞ്ചു അൻപത്തി ആറു വയസ് പ്രായം. നരച്ച ഫ്രഞ്ച് താടി, കുറിയ ശരീരം, ഇരുണ്ട നിറം.
“മലയാളികളെ ഇഷ്ടമില്ല എന്ന് പറഞ്ഞത് എന്തിനാണ്..” അയാളെ വിടാൻ ഭാവമില്ലാതെ ഞാൻ വീണ്ടും ചോദിച്ചു.
“ശരിയല്ല..അത് തന്നെ കാര്യം..”
“എന്തെങ്കിലും മുൻ അനുഭവം ? ഇല്ലാതെ, അങ്ങിനെ വരില്ലല്ലോ..അതാണ് ചോദിച്ചത്..”
“ആവശ്യമില്ലാത്ത കാര്യത്തിൽ കയറി ഇടപെടുന്നത് കൂടുതലാണ്, ദേ ഇത് പോലെ..”
“ഓ..ചുമ്മാ..ഞാൻ ഒരു റോഡ് ട്രിപ്പിൽ ആണ്..കുറെ ദൂരം വണ്ടി ഓടിച്ചു വന്നു ഇവിടെ എത്തിയപ്പോൾ നാട്ടുകാരനായ ഒരാളെ കണ്ടപ്പോൾ ഒരു സന്തോഷം..അത്രേ ഉളളൂ.. സാറും റോഡ് ട്രിപ്പിൽ ആണോ..”
“അതേ..”
പിന്നെ കുറച്ചു നേരത്തെ നിശബ്ദത.
അയാൾ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരിപ്പാണ്. ബാറിന്റെ ഒരറ്റത്ത് നിരത്തി വെച്ചിരിക്കുന്ന എൽ സി ഡി ടിവികളിൽ അന്നത്തെ ലൈവ് സ്പോർട്ട്സ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. അയാൾ ശ്രദ്ധ അതിലൊന്നിലേക്ക് കൂർപ്പിച്ചു വെച്ചു.
കുറെ ദൂരത്തിന് ശേഷം ഒരു മലയാളിയെ കണ്ട സന്തോഷത്തിൽ ഞാൻ സംസാരിച്ചു കൊണ്ടേയിരുന്നു.
“സാർ എവിടുന്നാണ്… ” അയാളുടെ ശ്രദ്ധ എന്നിലേക്ക് തിരികെ കൊണ്ട് വരാൻ ഒന്ന് കൂടെ ശ്രമിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“വാഷിംഗ്‌ടൺ..”
“എങ്ങോട്ടു പോകുന്നു…”
“മിയാമി..”
“ഓ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്..” എനിക്ക് ഉറക്കെ ചിരി പൊട്ടി.
അയാൾ അസ്വസ്ഥൻ ആവുന്നത് എനിക്ക് ചിരിക്കിടെ കാണാമായിരുന്നു.
തന്റെ വെളുത്ത ക്യാപ് കഷണ്ടി മറയും വിധം മൂടി, ടേബിളിൽ നിന്നും കാർ കീ കൈയിലേക്ക് എടുത്ത് അയാൾ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി.
“ഇതാണ് എനിക്ക് മലയാളികളെ ഇഷ്ടമില്ലാത്തത്..വലിയ തമാശയും കൊണ്ട് എപ്പോഴും വലിഞ്ഞു കയറി വരും…”
ഞാൻ വിളറി വെളുത്തു..ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ..
സോറി പറഞ്ഞു കൊണ്ട് എന്നെ പരിചയപ്പെടുത്തി.
ഡി പി.- ഡേവിഡ് പള്ളിക്കൽ.
എം എ ധവാൻ, ബിസിനസ് ഹെഡ്, ധവാൻ ബിസിനസ് സൊലൂഷ്യൻസ്.- അയാൾ തിരിച്ചു പരിചയപ്പെടുത്തി.
പുറത്ത് പാർക്കിങ് ലോട്ടിൽ നിന്നും ഒരു ചുവന്ന സ്പോർട്സ് കാർ അതി വേഗത്തിൽ മിയാമി ലക്ഷ്യമാക്കി പാഞ്ഞു പോകുന്നത് ചില്ലു ഗ്ളാസുകൾക്കിടയിലൂടെ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.