ഇരുപത്തിയാറ് വർഷങ്ങൾ ?


അൻസാറിക്ക, സുബൈർ സാൻ, പഞ്ചാബി ജോസ്, യൂസഫ് മാമ എന്നിവയായിരുന്നു ഈ കേസിൽ എനിക്ക് ഏറ്റവും കൂടുതൽ സംശയം.
ഒരു പരിധിവരെ എന്റെ ബാപ്പയെയും ഞാനീ കേസിൽ സംശയിച്ചിരുന്നു എന്ന വസ്തുതയും തള്ളിക്കളയാൻ എനിക്ക് കഴിയില്ല.

ഇരുപത്തിയാറ് വർഷങ്ങൾക്ക് മുന്നെയാണ് ഉമ്മുമ്മ മരിക്കുന്നത്. ബന്ധുക്കളും അയൽപക്കക്കാരും എന്തിനേറെ ഉമ്മുമ്മയുടെ കൊച്ചുമകളായ എന്റെ ഉമ്മ ഉൾപ്പടെയുള്ളവർ ആ മരണം ഒരു ആത്മഹത്യയായി തള്ളിക്കളഞ്ഞെങ്കിലും എനിക്കത് അങ്ങനെ തള്ളിക്കളയാൻ ആ പ്രായത്തിൽ കഴിഞ്ഞിരുന്നില്ല എന്നതാണ് ചില ഓർമകളിലൂടെ കയറിയിറങ്ങിപ്പോകുന്പോൾ എനിക്കിപ്പോൾ തോന്നുന്നത്.

പഴയ ഒരു വീടായിരുന്നു ഞങ്ങളുടെ തറവാട് അന്ന്. രണ്ടു നിലയുള്ള ഓടിട്ട ഒരു വീട്. ഇടുങ്ങിയ മുറികളിൽ വെളിച്ചം വരുന്നത് ചില്ല് ഓടുകളുടെ അനുകമ്പയിൽ ആയിരുന്നു. ഇടുങ്ങിയ വാതിലുകളും, ഇടുങ്ങിയ മര ജനലുകളും പഴക്കം മണം പരന്നു കിടക്കുന്ന വെളിച്ചമില്ലാത്ത ഇടനാഴികളും, മുകളിലേക്കുള്ള നിലയിലേക്ക് കയറിപ്പോകുന്ന മരക്കോണിയും അത്രയധികം സുഖമില്ലാത്ത ഒരു ഓർമ്മയാണ് എന്റെ ഉള്ളിൽ എന്നും നിറച്ചിരുന്നത്.
ഉമ്മുമ്മ കിടന്നിരുന്ന മുറിയിലേക്ക് പിന്നീട് ഒരിക്കലും കയറുവാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. ഇന്ന് നാല്പത് വയസിലേക്ക് അടുത്തെത്തുന്പോൾ പോലും ഇരുപത്തിയാറ് വർഷങ്ങൾക്ക് മുന്നേ മനസ്സിൽ രൂപം കൊണ്ട ഒരു പേടി എന്റെ കാലുകളെ വരിഞ്ഞു മുറുകിയിരുന്നതായി എനിക്ക് തോന്നാറുണ്ട്.
ഉമ്മുമ്മയുടെ മരണ ശേഷം സിദ്ദിഖ് മാമ കുറേക്കാലം അവിടെ താമസിച്ചു. മാമായുടെ മക്കൾക്ക് ആ വീട്ടിൽ ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു , പഴഞ്ചനായി എന്നൊക്കെയുള്ള പരിഭവങ്ങൾ മുറുകിയപ്പോൾ വീട് അതെ പടി അവിടെയിട്ടിട്ട് അവർ പുതിയൊരു കോൺക്രീറ്റ് മാളിക പണിത് അങ്ങോട്ടേയ്ക്ക് താമസം മാറി.

ഉമ്മുമ്മയുടെ മുറി ഇപ്പോഴും അതെ പോലെ തന്നെയുണ്ട്..വടക്കേ മൂലയിൽ ഒരു സ്ളാബ് അത് വഴി ഒരു പൈപ്പ് പുറത്തേക്കിട്ടിരിക്കുന്നത് ഇപ്പോൾ അടച്ചിട്ടുണ്ടാകുമോ. കുഞ്ഞുനാളിൽ ഉമ്മുമ്മയുടെ കൂടെ കിടന്നുറങ്ങുന്പോൾ എന്റെ ഏറ്റവും വലിയ പേടികളിലൊന്ന് ആ പൈപ്പിലൂടെ വല്ല പാമ്പോ പഴുതാരയോ പ്രേതരൂപികളോ മുറിക്കകത്തേക്ക് കയറിക്കൂടുമോ എന്നുള്ളതായിരുന്നു. ഒരിക്കലെപ്പോഴോ അതേപ്പറ്റി ഉമ്മുമ്മയോട് സൂചിപ്പിച്ചപ്പോൾ പുകയില മണമുള്ള ഉമ്മ തന്നു ഉമ്മുമ്മ കുറെ ചിരിച്ചു.
“പേടിക്കൊടലൻ..”

രാത്രി ഉറക്കത്തിനിടെ മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങാതെ മുറിയിൽ തന്നെ ഒരുക്കിയ ഒരു ചെറിയ മൂത്രപ്പുര ആയിരുന്നു അത് എന്നാണ് പഴകിത്തുടങ്ങിയ ഓർമ്മകൾ സൂചിപ്പിക്കുന്നത്.

ഉമ്മൂമ്മയുടെ വീട് മലപ്പുറത്ത് എവിടെയോ ആയിരുന്നു. തെക്കൻ മുസ്ളീംങ്ങൾക്ക് മതബോധവും ദീനും പോരാ എന്നൊരു വിശ്വാസം മുറുകെപിടിച്ചിരുന്ന യാഥാസ്ഥിതിക മലബാർ മുസ്‌ലിം തറവാട്ടിൽ നിന്ന് ആദ്യമായിട്ടാണ് ഒരു പെൺകുട്ടി തെക്കുള്ള ഒരു തറവാട്ടിലേക്ക് നിക്കാഹ് ചെയ്തു പോരുന്നത്. ഉപ്പൂപ്പായ്ക്ക് അത്തറിന്റെ ബിസിനസ് ആയിരുന്നു. സുഗന്ധം ഹാജി എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ഉപ്പൂപ്പാ മനം മയക്കുന്ന ചിരിയും സുഗന്ധവും പരത്തി ഉമ്മൂമ്മയുടെ ഹൃദയം കവർന്നു മലപ്പുറത്ത് നിന്നും കൊല്ലത്തേക്ക് കൊണ്ട് വരികയായിരുന്നു എന്നാണ് നാട്ടിൽ പലരും പറഞ്ഞു കേട്ട കഥകളുടെ സാരാംശം.

ഒരിക്കലെപ്പോഴോ ഉമ്മൂമ്മായോട് ചോദിച്ചപ്പോൾ വെളുത്ത പല്ലുള്ള സുന്ദരൻ വാ തുറന്നു ഉമ്മൂമ്മാ ചിരിച്ചു.

തറവാടിന്റെ മുറ്റത്ത് ഒരു പ്ലാസ്റ്റിക് കസേരയിട്ട് മുറുക്കാനും കുത്തി ഉമ്മൂമ്മ വരുന്നോരോടും പോന്നോരോടും വർത്തമാനം പറഞ്ഞങ്ങനെ ഇരിക്കുന്നത് ഒരു നല്ല കാഴ്ചയായിരുന്നു.

ഉമ്മയുടെ ഉമ്മയോടും ബാപ്പച്ചിയോടും ഉണ്ടായിരുന്നതിനേക്കാൾ അടുപ്പം എനിക്ക് ഉമ്മൂമ്മയോട് ഉണ്ടായിരുന്നു ഉമ്മൂമ്മയ്ക്ക് ഇങ്ങോട്ടും. ഉമ്മൂമ്മയുടെ പ്രിയ കൊച്ചുമകൻ എന്നൊരു പേര് തറവാട്ടിൽ എനിക്കെപ്പോഴും കിട്ടിയിട്ടുള്ളതാണ്.

ഇരുപത്തിയാറ് വര്ഷം മുന്നേ ഉമ്മൂമ്മ മരിക്കുന്പോൾ അല്ല..ആത്‍മഹത്യ ചെയ്യുമ്പോൾ ഉമ്മൂമ്മയ്ക്ക് അന്നത്തെ രേഖകൾ വച്ചും പറഞ്ഞറിവ് വെച്ചും വയസ്സ് എൺപത്.
ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പ്രഷറോ ഷുഗറോ അങ്ങനെയെന്തകിലുമോ ലവലേശം ഇല്ലായിരുന്നു.
കാഴ്ചപോലും മങ്ങിയിരുന്നില്ല എന്ന് പറയുന്നത് ഒട്ടും അതിശയോക്തി ആവില്ല. ആ പ്രായത്തിലും പൂമ്പാറ്റയും അമർചിത്രകഥയുമൊക്കെ കുത്തിയിരുന്ന് വായിക്കുയായിരുന്നു ഉമ്മൂമ്മ.
ആദ്യമായി ഒരു പക്ഷെ ആശുപത്രിയിലേക്ക് പോകുന്നത് പോലും മരണശേഷം ശവശരീരമായിട്ടായിരിക്കണം.

ഉമ്മൂമ്മയുടെ തറവാട് ഞങ്ങളുടെ വീട്ടിൽ ഏകദേശം പത്ത് കിലോമീറ്റർ അകലെയായിരുന്നു.
അന്നത്തെ ആ ദിവസം എനിക്കിപ്പോഴും ഓർമ്മയുണ്ട്.
മഴ കുതിർന്നു കിടന്ന വഴിയിലൂടെ വെളുത്ത നിറമുള്ള ഒരാംബുലൻസ് തറവാട്ടിലേക്ക് കയറി വന്നത്. അതിനും തലേന്ന് രാത്രി..മഴ പെയ്തു കറണ്ടില്ലാതെയുള്ള ഒരു രാത്രി..ഉറക്കം വിട്ടെഴുന്നേറ്റപ്പോൾ ഉമ്മറത്തിരുന്നു ഉപ്പ ആരോട് സംസാരിക്കുന്നത് കേൾക്കുന്നത്…ഉമ്മയെ വീട്ടിൽ കാണാതിരുന്നത്…ഉറക്കപ്പിച്ചിൽ എഴുന്നേറ്റ് ചെന്നപ്പോൾ ഉമ്മറത്തിരുന്നു ഉപ്പയും അന്സാറിക്കയും പഞ്ചാബി ജോസും കൂടി തൂങ്ങിമരിച്ചവരെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നത്….ഈ നാല്പതാം വയസിലും ജോലിയുടെ ഭാഗമായി പല കൊലപാതക കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിരുന്നപ്പോൾ പോലും തോന്നാതിരുന്നിട്ടുള്ള ഒരു വിറയൽ അനുഭവപ്പെടുന്നത് ഈയൊരു ഓർമ്മകൾ ഉള്ളിലൂടെ പോകുന്പോൾ ആയിരുന്നു.

അൻസാറിക്ക ഉപ്പയുടെ ഒരകന്ന ബന്ധുവായിരുന്നു. പോലീസിൽ ആയിരുന്നു. ഇപ്പോൾ മരിച്ചു പോയി. ഉമ്മൂമ്മയുടെ മരണവിവരം ആദ്യം അറിയുന്നത് തറവാട്ടിന് തൊട്ടടുത്തുള്ള പഞ്ചാബി ജോസ് ആണ്. ആറടി ഉയരവും നീണ്ട കാലുകളും ഇടതിങ്ങിയ കൊമ്പൻ മീശയും ഉള്ള ജോസിന് പഞ്ചാബുമായുള്ള കണക്ഷൻ എന്തായിരുന്നു എന്നറിയില്ലെങ്കിലും പഞ്ചാബി എന്ന വിളിപ്പേര് ആ നാട്ടിൽ ഉണ്ടായിരുന്നു. ജോസ് ആയിരുന്നു അയാളുടെ പഴയ മഹീന്ദ്രാ ജീപ്പുമായി അൻസാറിക്കയെ വിളിച്ചു കൊണ്ട് വന്നത്. അവർ തമ്മിൽ മുൻപെപ്പോഴോ ഒരു ചീട്ടു കളിക്കേസ് ഒതുക്കി തീർത്ത സമയം മുതലുള്ള പരിചയവും ഉണ്ടായിരുന്നു.

കുടുംബത്ത് ഒരു ദുരൂഹ മരണം നടന്നപ്പോൾ ബന്ധുബലത്തിൽ ഒരു പോലീസ് ഉള്ളത് നല്ലതായിരിക്കും എന്ന് ആരെങ്കിലും ഉപദേശിച്ചു കാണണം.

ഉമ്മൂമ്മയുടെ ആത്മഹത്യ നടന്ന സമയത്ത് തറവാട്ടിലോ പരിസര പ്രദേശങ്ങളിലോ ആരും ഉണ്ടായിരുന്നില്ല. പകൽ – അടുത്ത വീടുകളിലെ താമസക്കാർ ഉൾപ്പടെയുള്ളവർ മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള ഒരു വീട്ടിൽ കല്യാണം കൂടാൻ പോയ സമയത്തായിരുന്നു മരണം നടന്നത്.
ഉമ്മൂമ്മയുടെ മുറിയിൽ നിന്ന് കട്ടിലിന്റെ മുകളിൽ കസേര കയറ്റിയിട്ട് സാരി കഴുക്കോൽ വഴി ചുരുട്ടിക്കയറ്റി തൂക്കിയിട്ട് അതിൽ കഴുത്തു മുറുക്കിയുള്ള മരണം.
“പ്രായം അത്രയ്ക്കും ഉണ്ടായിരുന്നല്ലോ അത് കൊണ്ട് ആൾ പെട്ടന്നങ്ങ് പോയി.. ” സിഗരറ്റിന്റെ അറ്റത്തെ ചാരം ചൂണ്ടു വിരൽകൊണ്ട് തട്ടിക്കളഞ്ഞു അൻസാറിക്ക ഉപ്പയോട് പറയുന്നത് ഉമ്മറത്തിരുന്നു കേൾക്കുന്പോൾ പോലും അവർ സംസാരിച്ചു കൊണ്ടിരുന്നത് ഉമ്മൂമ്മയുടെ മരണം ആയിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു.
പിന്നെ നേരം വെളുത്തപ്പോൾ, ഉമ്മയെ വീട്ടിൽ കാണാതിരുന്നപ്പോൾ…ഉപ്പ പതുക്കെ അടുത്തു വിളിച്ചു നമുക്കൊന്ന് തറവാട്ടിൽ വരെ പോയിട്ട് വരണം..ഇടയ്ക്ക് ഉപ്പയും അൻസാറിക്കയും പഞ്ചാബി ജോസും തൂങ്ങി മരണം പോസ്റ്റുമാർട്ടം എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തി സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ ചില പൂരിപ്പിക്കലുകൾ നടത്തി ഊഹിച്ചെടുത്തതായിരുന്നു ബാക്കിയുള്ളവയെല്ലാം.

കട്ടൻ കാപ്പി ഊതിക്കുടിക്കുന്പോൾ പഞ്ചാബി ജോസ് പറഞ്ഞത് ഇപ്പോഴും എന്റെ ചെവിക്കുള്ളിൽ ഉണ്ട്..
“ഹോ..എന്നാലും..ഈ പ്രായത്തിലും അവർക്കിങ്ങനെയൊക്കെ ചിന്തിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ..”
“അഭിമാനി..പിന്നെ, വല്യ അഭിമാനിയല്ലാരുന്നോ റുഖിയാത്ത…ജോസിന് അറിയാത്ത കൊണ്ടാണ്..പറക്കണക്കിന് നെല്ലും, ഏക്കറു കണക്കിന് പുരയിടവും,അഞ്ചാറ് ആനയും, തടിക്കൂപ്പും ഒക്കെയുള്ള കൊളക്കാട്ടൻ ഫാമിലി അല്ലാരുന്നോ റുഖിയാത്തയുടെ കുടുംബം..മലബാറിൽ വല്യ പേരുള്ളൊരാ..പിന്നെ..” അൻസാറിക്ക കണ്ണ് വിടർത്തി മീശ വിറപ്പിച്ചു പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്.

ബന്ധുക്കളുടെ സ്വാധീനവും, പണവും ഉള്ളത് കൊണ്ട് പേരിനു മാത്രം ചില പരിശോധനകൾ നടത്തി ബോഡി ബന്ധുക്കൾക്ക് വിട്ടു കൊടുത്ത് ഖബറടക്കി.
ആ ഒരു മരണം കൊണ്ട് ആർക്കും വലിയ നഷ്ടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ എനിക്കല്ലാതെ..ആ പിന്നെ അമൈഷത്തയ്ക്കും…
അമൈഷ, സുബൈർ സാൻ എന്ന് ഞങ്ങൾ വിളിക്കുന്ന സുബൈർ മാമയുടെ മകൾ ആയിരുന്നു. സുബൈർ മാമ ഉമ്മൂമ്മയുടെ മൂത്തമകളുടെ മകനും.
കുറേകാലം ടോക്കിയോവിൽ സോണി കമ്പനിയിൽ എഞ്ചിനിയർ ആയിരുന്നു സുബൈർ സാൻ. ജപ്പാനിൽ നിന്ന് വന്ന ശേഷം സാൻ കുട്ടിയെ വിളിക്കാൻ സമ്മതിക്കൂ.
അമൈഷ എന്ന പേര് തെക്കൻ മുസ്ലീങ്ങൾക്കിടയിൽ പ്രചാരമുള്ളതല്ല..സുബൈർ സാനിന്റെ ജപ്പാൻ കണക്ഷൻ ആയിരുന്നു ആ പേരിന്റെ പിന്നിൽ. സുബൈർ സാനിന്റെ ഭാര്യ അതായത് അമൈഷയുടെ ‘അമ്മ ഒരു ജാപ്പനീസ് ആയിരുന്നു. ടോക്കിയോവിൽ വെച്ചുള്ള ഒരു അപകടത്തെത്തുടർന്ന് അമ്മ കൊല്ലപ്പെട്ടു അതിനു ശേഷം നാട്ടിൽ വന്ന അമൈഷത്തെയെ വളർത്തിയതും പഠിപ്പച്ചതും ഉമ്മൂമ്മയും എന്റെ ഉമ്മയും ചേർന്നാണ്.
അമൈഷത്തെയുടെ ചെറിയ കണ്ണുകൾ സുറുമയിട്ട് ഉമ്മൂമ്മ പറയും അതും കൂടി ഇല്ലായിരുന്നെങ്കിൽ കണ്ണില്ലാ എന്ന് വിചാരിച്ചിരുന്നേനെ ആളുകൾ എന്ന്.

അമൈഷയുടെ വിവാഹം നടന്നത് ഉമ്മൂമ്മയുടെ മരണത്തിന് ശേഷം മൂന്നാം ആഴ്ചയിൽ ആണ്. നേരത്തെ പറഞ്ഞുറപ്പിച്ച വിവാഹം ആയിരുന്നു.
അതും കൊണ്ട് കൂടിയാണ് ഉമ്മൂമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ സുബൈർ സാൻ ഉൾപ്പടെയുള്ളവർ തിടുക്കം കാണിച്ചത്.
ആ കല്യാണത്തിന് എനിക്ക് പോകാൻ കഴിഞ്ഞില്ല. കൊല്ലപ്പരീക്ഷ നടക്കുന്ന സമയം ആയതു കൊണ്ട് ഉമ്മ വിട്ടില്ല. പക്ഷെ വലിയ ഒരു ആഘോഷം തറവാടിനോട് ചേർന്നുള്ള സ്ഥലത്ത് നടക്കുന്നത് ഉമ്മയ്ക്ക് ഇഷ്ടം ഇല്ലായിരുന്നു, എന്നതായിരുന്നു സത്യം.

അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു.
ഉമ്മുമ്മയുടെ മുറുക്കാൻ മണം എന്റെ അടുത്തു വന്നു. അമൈഷത്തയുടെ കല്യാണം കഴിഞ്ഞു അതിഥികൾ എല്ലാം പോയിക്കഴിഞ്ഞാണ് ഞാൻ തറവാട്ടിലേക്ക് ചെല്ലുന്നത്. മുറ്റത്ത് പന്തലിട്ടത് അഴിച്ചു മാറ്റാൻ ആളുകൾ വന്നിരുന്നു. മൂലയ്ക്കൊരു ഡെസ്കും ബെഞ്ചും മാത്രം ബാക്കി നിൽക്കുന്നു.
അമൈഷ വധുവിന്റെ വേഷത്തിൽ എന്നെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ നിക്കാഹിനു കൂടാത്തതെ അവൾക്കെന്തോ വിഷമം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞങ്ങൾക്കിടയിലേക്കാണ് ഉമ്മൂമ്മയുടെ വരവ്. “അവനു നീ ബിരിയാണി വിളമ്പി കൊടുക്കടീ..എന്റെ മോൻ പരീക്ഷ എഴുതി വിഷമിച്ചു വരികയല്ലേ..”
മുറുക്കാൻ മണമുള്ള ഒരുമ്മ എന്നെ വന്നു പുണർന്നു. എനിക്ക് ഉമ്മൂമ്മയുടെ സാമീപ്യം അനുഭവപ്പെട്ടു. ശരിക്കും. സ്വപ്നമാണ് കാണുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ പോലും ഞാൻ വിശ്വസിക്കില്ലായിരുന്നു അത്രയ്ക്കേറെ എനിയ്ക്കന്നു ഉമ്മൂമ്മയുടെ സാമീപ്യം അനുഭവപ്പെട്ടിരുന്നു. സത്യം.

സുബൈർ സാൻ സംശയത്തിന്റെ മുനയിൽ ആവാൻ എനിക്കുള്ള കാരണം ഒന്ന് രണ്ടു തവണ സുബൈർ സാൻ ഉമ്മൂമ്മയോട് കയർത്തു സംസാരിക്കുന്നത് കണ്ടിരുന്നു എന്നതാണ്. പക്ഷെ എന്നാലും എന്റെ ഡയറിക്കുറിപ്പുകളിൽ സംശയിക്കുന്നവരുടെ ലിസ്റ്റിൽ സുബൈർ സാനും കയറിപ്പറ്റി.

ഈ പറഞ്ഞ ആളുകളിൽ നിന്നൊക്കെ മാറി, യൂസഫ് മാമയെ ആയിരുന്നു എനിക്ക് ഏറ്റവും കൂടുതൽ സംശയം. യൂസഫ് മാമാ പല തവണ സ്വത്തിന്റെ കാര്യം പറഞ്ഞു ഉമ്മൂമ്മയെ ശല്യപ്പെടുത്തിയിരുന്നു എന്ന് ഞാൻ കേട്ടിരുന്നു. അമൈഷയും ഒന്ന് രണ്ടു തവണ അത് സൂചിപ്പിച്ചിരുന്നു.
ഒരിക്കലെപ്പോഴോ വെട്ടു കത്തിയെടുത്ത് ഉമ്മൂമ്മ യൂസഫ് മാമാ പറമ്പിൽ കാലു കുത്തിയാൽ കാലു വെട്ടിയെടുക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു.
ആ പ്രായത്തിലും ഫയർ ഉള്ള ഒരു സ്ത്രീ ആയിരുന്നു എന്റെ ഉമ്മൂമ്മ.

ചോദിച്ചു വന്നാൽ ഒരുത്തനും സ്വത്ത് ഭാഗിച്ചു കൊടുക്കില്ല…സമയം ആകുന്പോൾ വേണ്ടത് ചെയ്യും..നിർബന്ധിച്ചാൽ എല്ലാം കൂടിയെടുത്ത് പള്ളിക്കമ്മിറ്റിക്ക് എഴുതിക്കൊടുക്കും എന്നൊരു ഭീഷണി ഉമ്മൂമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. പറഞ്ഞത് പോലെ ചെയ്തും കളഞ്ഞു ഉമ്മൂമ്മ. മരിക്കുന്നതിന് ഒരാഴ്‌ച മുന്നേ സ്വത്തിൽ ഹൈവേയോട് ചേർന്ന് കിടന്നിരുന്ന

പറമ്പിൽ നിന്നും ഒരേക്കർ സ്ഥലം പുതിയൊരു പള്ളി പണിയാൻ എഴുതിക്കൊടുത്തു..പിന്നെ കുറച്ചു മാറി ഉണ്ടായിരുന്ന അരയേക്കർ തെങ്ങിൻ പുരയിടം അതിനോട് ചേർന്നുള്ള അമ്പലക്കമ്മിറ്റിക്കാർക്ക് മൈതാനം ആയും വിട്ടു കൊടുത്തു.
അതോടെ യൂസഫ് മാമായ്ക്ക് ദേഷ്യം ഇരട്ടിച്ചിരിക്കണം. കണ്ട കാഫിറുകൾക്ക് കൊടുത്തു എന്നാലും കൊച്ചു മക്കൾക്ക് ഒരു തുണ്ട് സ്ഥലം തന്നില്ല തള്ള എന്ന് യൂസഫ് മാമാ പലരോടും പറഞ്ഞിരുന്നതായി പിന്നീട് കേട്ടിരുന്നു.

കുടുംബ സ്വത്ത് അന്യാധീനപ്പെട്ടു പോകുന്നതിൽ ഉപ്പയ്ക്കും ദേഷ്യം ഉണ്ടായിരുന്നു. ഒന്ന് രണ്ടു തവണ അത് പറഞ്ഞു ഉമ്മയോട് ബഹളം വെയ്ക്കുന്നത് ഇടയ്ക്ക് പഠിത്തത്തിനു ഇടയിൽ കേൾക്കാമായിരുന്നു.
ഇതൊക്കെ ഉമ്മൂമ്മ ആത്മഹത്യ ചെയ്യുന്നതിന് മുന്നിലത്തെ കാര്യം ആയിരുന്നു.

കൊച്ചുമക്കൾക്ക് തന്നെക്കാൾ പ്രിയം സ്വത്തിനോട് ആണെന്ന് തോന്നിയ ഒരു വിഷമം കൊണ്ടാണ് അവർ ആ പ്രായത്തിലും ആത്‍മഹത്യ തിരഞ്ഞെടുത്തത് എന്നായിരുന്നു പൊതുവെയുള്ള വിശദീകരണങ്ങൾ. എന്തായാലും ഞാനതൊന്നും വിശ്വസിച്ചിരുന്നില്ല എന്നാണ് എന്റെ പഴയ നോട്ബുക്കിലെ കുറിപ്പുകൾ സൂചിപ്പിക്കുന്നത്.

യാദൃശ്ചികമായി പഴയ ചില കടലാസു കെട്ടുകൾ പരിശോധിക്കുന്നതിനിടെ കയ്യിൽ കിട്ടിയതാണ്. അല്ലെങ്കിൽ ഇരുപത്തിയാറ് വര്ഷമൊക്കെ ഇതാര് ഓർത്തിരിക്കാൻ. ക്രൈം ബ്രാഞ്ചിൽ ജോലി ചെയ്യുന്ന കാലം മുഴുവൻ ഈ പ്രായത്തിൽ ഉമ്മൂമ്മ ആത്മഹത്യ ചെയ്യേണ്ടി വന്നതിനെക്കുറിച്ചു ഞാൻ ഓർക്കാറുണ്ടായിരുന്നെങ്കിലും അതിന്റെ പിന്നിലെ ദുരൂഹതകളേപ്പറ്റി ചിന്തിച്ചതേ ഇല്ലായിരുന്നു.

“നീ പഴയ കേസ് കുത്തിപ്പൊക്കാൻ പോകുന്നെന്ന് കേട്ടു..” വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ഉപ്പ ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല.
“വെറുതെയല്ല..കുറച്ചു ദിവസമായി പതിവില്ലാതെ ഈ ഭാഗത്തേക്ക് വരവ് കൂടിയത്..ഈ വയസാം കാലത്ത് ബാപ്പയെ ചോദ്യം ചെയ്യാൻ നിന്റെ പോലീസ് വരുമോ ഇങ്ങോട്ട്..”
എഴുപത് വയസായ ഉപ്പ എന്തിനാണ് പേടിക്കുന്നത് എന്ന് ചോദിക്കക്കണം എന്നുണ്ടായിരുന്നു. മിണ്ടിയില്ല.
“ഈക്കണ്ട കാലം മുഴുവൻ മക്കളെ പഠിപ്പിച്ചു..ഒരുത്തനെ പോലീസാക്കി ഒടുക്കം അവന്റെ തന്നെ പോലീസ് പട വന്നു ബാപ്പയെ അറസ്റ് ചെയ്തു കൊണ്ട് പോയ കഥ ദുനിയാവിൽ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ..”
“ഉപ്പ എന്തിനാണ് പേടിക്കുന്നത്..”
“പേടിയൊന്നും ഇല്ല മോനെ..പക്ഷെ നിന്റെ പൊലീസല്ലേ..പോരാത്തതിന് നിന്റെ സംശയ പ്രതികളുടെ ലിസ്റ്റിൽ ഒരു പേര് എന്റേതും ആയിപ്പോയല്ലോ..” ഉപ്പ കളിയാക്കുന്നത് ആണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.
ഞാനും വിട്ടു കൊടുത്തില്ല.
“തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉപ്പയാണോ എന്നൊന്നും നോക്കില്ല..അങ്ങനെ ചെയ്യരുത് എന്നാണ് എന്റെ ഉപ്പ എന്നെ പഠിപ്പിച്ചിട്ടുള്ളത്..”
“എടാ ഇബിലീസേ..” ഉപ്പ ചിരിച്ചു. എന്നിട്ട് പുറത്ത് തട്ടി.
“സത്യത്തിൽ നീ ചെയ്തതാണ് ശരി. പണ്ടേ അന്വേഷിക്കേണ്ടത് ആയിരുന്നു..പക്ഷെ എന്തോ അന്നങ്ങനെയൊന്നും തോന്നിയില്ല..ഈ കേസ് ചുമ്മാതങ്ങു വിട്ടു കളയരുതെന്നു അൻസാർ ഇടയ്ക്കു പറയുമായിരുന്നു. സംഗതി നാട്ടിൽ മുഴുവനും ഉമ്മൂമ്മാ മരിച്ചത് ആത്മഹത്യ ആണെന്ന് പറയുമായിരുന്നെങ്ങ്കിലും അതങ്ങനല്ല എന്ന തോന്നൽ ഉണ്ടായിരുന്നത് അൻസാറിന് മാത്രം ആയിരുന്നു.
മരിക്കുന്നതിന് മുന്നേകൂടിയും അവനത് പറഞ്ഞു. പിറ്റേ ആഴ്ച എസ പി യുടെ അടുത്തെന്തോ മീറ്ററിംഗിന് പോവണം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് അവൻ മരിക്കുന്നത്..”
“അന്സാരിക്ക എങ്ങനാണ് മരിച്ചത്..”
“ലോറി ഇടിച്ചു..ഹൈവേയിൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കുള്ള വഴി ലോറിക്ക് കൈകാണിച്ചു കയറാൻ നിന്നതാണ്..ലോറി ഇടിച്ചു മരിച്ചു..പത്രത്തിലൊക്കെ ഉണ്ടായിരുന്നു .. നീ അന്ന് ഹോസ്റ്റലിൽ ആണ്..”
അങ്ങനെയൊരു കാര്യം മുഴുവനായും ശ്രദ്ധയിൽ നിന്ന് വിട്ടു പോയത് എങ്ങനെ ആണെന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നതിന്റെ ഉപ്പ സംസാരം തുടർന്നു ..

“ഇപ്പൊ ചിലപ്പോൾ ഇരുന്ന് ആലോചിച്ചാൽ തോന്നും അന്നേ ഇതൊക്കെ ഒന്ന് അന്വേഷിച്ചു വെയ്ക്കാമായിരുന്നു എന്ന്..എന്തോ അന്നങ്ങനെ തോന്നിയില്ല. ആർക്കും പ്രത്യേകിച്ചൊരു സംശയവും ഉണ്ടായിരുന്നില്ല..നല്ല തന്റേടം ഉള്ള സ്ത്രീ ആയിരുന്നു ഉമ്മുമ്മ..ഉപ്പുപ്പയുടെ സകല സൗഭാഗ്യത്തിന്റെയും പിന്നിൽ ഉമ്മുമ്മ ആയിരുന്നു. അങ്ങനെയുള്ളയൊരാൾ ഡിപ്രഷൻ കയറി ആത്മഹത്യ ചെയ്യും എന്നൊക്കെ ആലോചിക്കരുതായിരുന്നു. നിനക്കെങ്ങനെ തോന്നിയിട്ടും നീയെന്തേ അന്നൊന്നും പറഞ്ഞില്ല..”
“ഞാൻ പറഞ്ഞിരുന്നു നിങ്ങൾ ആരും കേട്ടില്ല..പതിന്നാല് വയസുള്ള ഒരു കുട്ടിയുടെ ചോദ്യങ്ങൾക്ക് എന്തെങ്കിലും പ്രസക്തി നമ്മടെ കുടുംബത്തിൽ ഉണ്ടായിരുന്നോ..”
ഉപ്പ ഒന്നും മിണ്ടിയില്ല.

ഈ കേസ് ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ പല ഇടത്ത് നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു.
പ്രധാനമായും ഔദ്യോഗികമായ നൂലാമാലകൾ. പരാതിക്കാരില്ല എന്നതായിരുന്നു ആദ്യ കടമ്പ. ഉമ്മയെക്കൊണ്ട് ഒരു വിധത്തിൽ സമ്മതിപ്പിച്ചു ഉമ്മയെയും അമൈഷയേയും കൊണ്ട് ഓരോരോ പരാതികൾ കൊടുപ്പിക്കാൻ പ്രേരണയായത് ഈയിടെ ഉണ്ടായ ഒരു കേസ് ആണ്. പതിനെട്ടു വര്ഷം മുന്നെയുണ്ടായ ഒരു കൊലപാതക പരമ്പരയ്ക്ക് ഈയടുത്ത് ഉത്തരം കിട്ടിയത് പത്രങ്ങളിൽ വന്നത് വായിച്ചുണ്ടായ ഒരു ഇമ്പാക്റ്റ് ഒന്ന് കൊണ്ട് മാത്രമാണ് ഉമ്മയും അമൈഷയും പരാതി കൊടുക്കാൻ തയ്യാറായത്.

പതിനെട്ട് വർഷങ്ങൾക്കു മുന്നേ കോട്ടയം ജില്ലയിൽ നടന്ന ഒരു കൊലക്കേസ്, ജോലി വിട്ട് എന്നാൽ ഈ കേസിനു പിന്നാലെ ഒരു നിഴൽ പോലെ ജീവിച്ചു ഒടുവിൽ പ്രതിയെ പിടികൂടിയ ക്രൈം ബ്രാഞ്ച് റിട്ടയർഡ് എസ് പി അശോക് സാറിന്റെ ഇൻഫ്ളുവൻസും ഈ കേസ് റീ ഓപ്പൺ ചെയ്യാൻ എനിക്ക് പ്രേരണ നൽകി എന്ന് പറയാതിരിക്കാൻ വയ്യ.

എന്നിരുന്നാലും ഈക്കണ്ട കാലമത്രയും മറഞ്ഞു കിടന്നിരുന്ന ഒരു സത്യം ആയിരുന്നു അൻസാറിക്ക ഈ കേസിന്റെ പിന്നാലെ നടന്നിരുന്ന എന്ന വസ്‍തുത.
“അന്സാറിക്ക എന്താണ് കണ്ടെത്തിയത് എന്ന് ക്ലൂ വല്ലതും ഉണ്ടോ..” ഞാൻ ഉപ്പയോട് ചോദിച്ചു.
“അറിയില്ല…അവൻ കുറച്ചു പേപ്പറൊക്കെ കൊണ്ട് വന്നു തരാം എന്ന് പറഞ്ഞിരുന്നു പക്ഷെ..അതിനു മുന്നേ മരിച്ചു. ജോസിന് അറിയുമായിരിക്കും ചിലപ്പോൾ..”
“പഞ്ചാബി..?”
“അതെ..അവർ വലിയ ചങ്ങാതിമാർ ആയിരുന്നല്ലോ..”

ഉമ്മുമ്മയുടെ പഴയ മുറി ഞങ്ങൾ തുറക്കുമ്പോൾ മുറിയുടെ അകം മുഴുവനും വവ്വാലുകൾ കാഷ്ടിച്ചിട്ടിരുന്നു.
വവ്വാലുകൾ പഴയ മരപ്പാളിയുള്ള ജനാലയുടെ അടർന്നു പോയ ഭാഗം വഴി മുറിക്കുള്ളിലേക്ക് വരികയും പോവുകയും ചെയ്തിരുന്നു ആ കാലമത്രയും. ഞങ്ങൾ മുറി തുറന്നപ്പോൾ ഉണ്ടായ മർദ്ദ വ്യത്യാസം തിരിച്ചറിഞ്ഞാവണം ചെറിയ പകപ്പാട് സൃഷ്ടിച്ചു കൊണ്ട് അവ പുറത്തേക്ക് കിട്ടിയ വഴികളിലൂടെ പറന്നുപോയി.

ഉമ്മൂമ്മയുടെ മുറിയിൽ ഒന്നും മാറാതെ നിന്നിരുന്നു.
ദ്രവിച്ച കഴുക്കോലുകളിൽ ഉമ്മൂമ്മ തൂങ്ങിയാടുന്നത് എന്റെ മനസിലേക്ക് വന്നു. പല സ്വപ്നങ്ങളിൽ കടന്നു വന്നു എന്നെ ഭയപ്പെടുത്തി അതെ രംഗങ്ങൾ.
കട്ടിലിന്റെ അടിയിൽ പഴയ ട്രങ്ക് പെട്ടി. അതിൽ പഴയ കുറെ പ്രമാണങ്ങൾ മാത്രം ബാക്കിയായിരുന്നു. പലപ്പോഴായി കളവു പോയതിന്റെ ലക്ഷണങ്ങൾ ആ പെട്ടിക്കും അതിനകത്തുള്ള സാധങ്ങൾക്കും ഉണ്ടായിരുന്നു.

എന്റെ ടീമിൽ പലർക്കും ഇനി ഈ കേസിൽ നിന്ന് ഒന്നും തെളിയിച്ചെടുക്കാനാവില്ല എന്ന ഒരു മുൻവിധി ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

“സയന്റിഫിക് ആയി നമുക്കൊന്നും പ്രൂവ് ചെയ്യാൻ പറ്റില്ല സാർ..

മഹേഷ് പറഞ്ഞു.
എന്റെ ടീമിലെ സമർത്ഥനായ ഉദ്യോഗസ്ഥനാണയാൾ.
” പിന്നെ,സാറിന്റെ ഒരു മനഃസമാധാനത്തിനു നമുക്ക് കുറച്ചു ഡോട്സ് ഫിൽ ചെയ്ത് നോക്കാം..ഏതെങ്കിലും കോടതിയിൽ നില നിൽക്കാൻ ഇനി ചിലപ്പോൾ ചാൻസ് കുറവായിരിക്കും..അതിനുള്ള എവിഡൻസുകളൊക്കെ നഷ്ടമായിരിക്കുന്നു. ഇനി ഏതെങ്കിലും ഒരു മാപ്പു സാക്ഷിയോ മറ്റോ വന്നാൽ രക്ഷപ്പെട്ട്. അങ്ങനെയും സംഭവിച്ച കേസുകൾ ഉണ്ടല്ലോ..” മഹേഷ് പറഞ്ഞു.

അമ്മൂമ്മയുടെ ട്രങ്ക് പെട്ടിയിൽ നിന്ന് വേണ്ടതൊന്നും ഞങ്ങൾക്ക് കിട്ടിയില്ല.
പഴയ ഓർമ്മ വെച്ച് നോക്കിയാൽ ഒരു പാട് സ്വർണ്ണവും ഓട്ടുരുളുകളും വലിയ പാത്രങ്ങളും ഒക്കെ അമ്മൂമ്മയുടെ സ്വത്തുവഹകളിൽ ഉണായിരുന്നു.
ഉമ്മ പറഞ്ഞത് വെച്ച് നോക്കിയാൽ അതിൽ പലതും മരണശേഷം കാണാൻ ഇല്ലായിരുന്നു.
യുസഫ് മാമ എടുത്തുകാണും..ഈയടുത്ത് ഒരവസരം കിട്ടിയപ്പോൾ ഉമ്മയോട് പതുക്കെ ചോദിച്ചു.
“ഏയ് അവനൊന്നും അങ്ങനെ .ചെയ്യില്ലെടാ.സംഭവം ഉമ്മൂമ്മയ്ക്കും യൂസഫിനും ഒരേ സ്വഭാവം ആയത് കൊണ്ടുള്ള പ്രശ്നമേയുള്ളു. രണ്ടുപേരും നിനക്കറിയാല്ലോ വെട്ടൊന്ന് മുറി രണ്ടു ടൈപ്പ് ആൾക്കാർ ആയതാണ് കുഴപ്പം..ഉമ്മൂമ്മയോട് അന്നങ്ങനെയൊക്കെ പറഞ്ഞതിൽ അവനു നല്ല വിഷമം ഉണ്ടായിരുന്നു..”
“പിന്നാരാ സുബൈർ സാൻ ആണോ..”
“ഹനീഫ് മോനെ..നമ്മുടെ ബന്ധുക്കളാരും അങ്ങനൊന്നും ചെയ്യില്ലടാ..ഇത് നിനക്ക് സംശയമുള്ളത് പോലെ കൊലപാതകം ആണെങ്കിൽ പുറത്തുള്ള ആരോ ചെയ്തതാണ്…നീ പറഞ്ഞ പോലെ ഉമ്മൂമ്മയ്ക്ക് ഒറ്റയ്ക്ക് തൂങ്ങിച്ചാവാനുള്ള ആവതൊന്നും ഇല്ല..ആരോഗ്യം ഉണ്ട്..പക്ഷെ എനിക്കറിയാമല്ലോ അതിനുള്ള മനക്കട്ടിയൊന്നും അവർക്കില്ലാരുന്നു. ”
“എന്നിട്ടും ഉമ്മ അന്ന് സംശയം പറഞ്ഞില്ല..”
“ഞാൻ പറഞ്ഞിരുന്നു. എല്ലാരും അവരവരുടെ തിരക്കിൽ അല്ലെ..യൂസഫ് കച്ചവടം പൊട്ടി നിൽക്കുന്ന അവസ്ഥ..സുബൈർ അമൈഷേടെ നിക്കാഹ് മുടങ്ങരുത് എന്ന വാശി..അമ്മയില്ലാത്ത കൊച്ചല്ലേ..എല്ലാം ഒത്തുവരുന്ന ഒരു ബന്ധം മുടങ്ങിപ്പോവാൻ അവനു സഹിക്കതില്ല. സിദ്ദിഖ് ഗൾഫിൽ അല്ലാരുന്നോ..മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടാത്ത പുലിവാല് ഞാനെന്തിനാ പിടിക്കുന്നേ എന്നാണു ഉപ്പ ചോദിച്ചത്. ആകെയൊരു അൻസാർ ഉണ്ടാരുന്നു. അവൻ ഏതാണ്ടൊക്കെ ചികഞ്ഞു ഉമ്മുമ്മയുടെ വീട്ടിൽ മലപ്പുറത്ത് വരെ പോയിരുന്നു. തിരിച്ചു വരുന്ന വഴിക്കാണ് ലോറി കയറി അവൻ പോയത്..”
“ഉമ്മാ..എനിക്കിപ്പോൾ ഉറപ്പുണ്ട്..ഉമ്മൂമ്മയുടേത് സൂയിസൈഡ് ആയിരുന്നില്ല..അതൊരു പ്ലാൻഡ് കൊലപാതകം ആയിരുന്നു..എങ്ങനെ പ്രൂവ് ചെയ്യും എന്നറിയില്ല..അതിനുള്ള തെളിവുകൾ ഇപ്പോൾ ഇല്ല..ബട്ട്..എനിക്കത് ഉറപ്പാണ്..”

*********************
ഉമ്മൂമ്മയുടെ വലിയുപ്പ-ഉമ്മുമ്മയുടെ ഉമ്മയുടെ ബാപ്പ – മലപ്പുറത്തെ ദിവ്യൻ ആയിരുന്നു. മക്കത്ത് നിന്നും വന്ന ദിവ്യന്മാരുടെ കുടുംബം.
സല്ലല്ലാഹുവുമായി ബന്ധമുള്ള രക്ത പരമ്പര. ആ വഴിക്ക് നോക്കിയാൽ നിനക്കും ആ രക്തബന്ധം ഉണ്ടെന്നു ഉമ്മൂമ്മ ഇടയ്ക്ക് പറയും. വലിയ വലിയ ഉപ്പൂപ്പ തങ്ങൾ കുടുംബത്തിലേതാണ്..
വലിയ തറവാട്ടിലെ നിലവറയ്ക്കുള്ളിൽ വലിയ ഒരു നിധിയുണ്ടെന്നാണ് പറഞ്ഞു കേട്ടത്. മുത്ത് മാലാഖയുടെ വിരലിലെ മോതിരങ്ങളിൽ ഒന്ന് സമ്മാനമായി കിട്ടിയത് തറവാട്ടിൽ ഉണ്ടെന്നാണ് വെയ്പ്പ്. അതിന്റെ അനുഗ്രഹം കുടുംബത്തിന് എപ്പോഴും ഉണ്ടത്രേ..കൊളക്കാടൻ തറവാട് ഉമ്മുമ്മയുടെ ബാപ്പയുടെ കുടുംബ ആയിരുന്നെങ്കിൽ തങ്ങൾ തറവാട് ഉമ്മുമ്മയുടെ ഉമ്മയുടെ തറവാട് ആയിരുന്നു..
തങ്ങൾ സിദ്ധിയുടെ രഹസ്യം ആ വിലപ്പെട്ട നിധി ആയിരുന്നെന്ന് ഉമ്മുമ്മ എപ്പോഴും പറയും…
ഒരിക്കൽ ഉമ്മൂമ്മയുടെ കയ്യിലും കിട്ടിയിരുന്നത്രെ ആ മോതിരം. ഒരു നോക്ക് കണ്ടു അത് വിരലിൽ ഇട്ടു നോക്കി. പിന്നെ ആരും കാണാതെ ആ മോതിരം നിലവറയിലേക്ക് തന്നെ തിരിച്ചു വെച്ചു..ഇതൊക്കെ ഉമ്മുമ്മ കുട്ടിയായിരുന്നപ്പോൾ നടന്നതാണ്. അന്നു കുട്ടി ആയിരുന്നപ്പോൾ വിരലിൽ ഇട്ട ആ ഭാഗ്യ മോതിരത്തിന്റെ അനുഗ്രഹം ആണത്രേ ഉമ്മൂമ്മ തെക്ക് ദേശത്തേക്ക് നിക്കാഹ് കഴിഞ്ഞു വന്നപ്പോൾ കൂടെ വന്നത്.
ഉമ്മൂമ്മ പറഞ്ഞിരുന്ന കഥകളിൽ ഇടയ്ക്കിടെ വന്നു പോകാറുള്ളതായിരുന്നു ഈ മോതിരക്കഥ.

കുടുംബത്തിന് തലമുറയായി കിട്ടിയിരുന്ന ആ ഭാഗ്യം ഈ കേസിൽ എനിക്കും കിട്ടുമായിരിക്കും.

“സാർ..സൈബു ആണ്…ജോസ് എന്ന പഞ്ചാബി ജോസിനെ ലൊക്കേറ്റ് ചെയ്തു..അയാൾ എന്റെ കൂടെ വരുന്നുണ്ട്…ഇരിട്ടിയിൽ വീട് എടുത്ത് താമസിക്കുകയാണ് കക്ഷി ഇപ്പൊ..നാളെ വീട്ടിൽ കൊണ്ട് വന്നു മീറ്റ് ചെയ്യിക്കാം..” ടീമിലെ സൈബുവിന്റെ ഫോൺ ചിന്തകളിൽ നിന്നും ഉയർത്തി.

വര്ഷങ്ങള്ക്കു ശേഷം കാണുകയായിരുന്നു പഞ്ചാബി ജോസിനെ.
ആദ്യം കണ്ടപ്പോൾ അയാളുടെ മുഖത്ത് കൗതുകം.
പിന്നെ അയാൾ മനസ് തുറന്നു.

“മോനെ..അല്ല..സാറെ..അൻസാർ സാർ ഈ കേസിൽ നന്നായി തുരന്നു പോയിട്ടുണ്ടായിരുന്നു. നിങ്ങടെ ബന്ധുക്കൾക്കൊന്നും ഇന്ററസ്റ്റ് ഇല്ലെങ്കിലും ഈ കേസിലൊരു ദുരൂഹത ഉണ്ടെന്ന് അൻസാർ സാർ ഇടയ്ക്കിടെ പറയുമായിരുന്നു. അത് കൊണ്ട് തന്നെ ആയിരിക്കണം സാർ..പറ്റാവുന്ന വഴികളിൽ കൂടെയൊക്കെ കേസ് അന്വേഷിച്ചു. രഹസ്യമായി. പുള്ളിടെ മെയിൻ സി ഐ ഡി ഞാൻ ആയിരുന്നു…നിങ്ങളൊക്കെ വിട്ടു കളഞ്ഞ കുറച്ചു പോയിന്റ്സ് ഈ കേസിൽ ഉണ്ട്..സാറിന് അറിയുമോ എന്നറിയില്ല കലന്തൻ ഹാജി എന്നൊരു ആളെ..”
“ഇല്ല..”
“ഊഹിച്ചു. ആർക്കും അറിയാൻ ചാൻസില്ല..കലന്തൻ ഹാജിയുടെ പുതിയ പേര് വേറെയാണ്..ഈ ഭാഗത്തെ നിലവിലെ വലിയ ആൾ ദൈവം ആണയാൾ..നിങ്ങടെ ഉമ്മൂമ്മ എഴുതിക്കൊടുത്ത പള്ളി ഇപ്പോൾ വലിയ ഒരു കെട്ടിടം ആണ്. അയാളുടെ മെയിൻ സെന്റർ ആണത്..സിദ്ധിയൊക്കെയുള്ള ഒരു ദിവ്യൻ ആണ് കലന്തൻ ഇപ്പോൾ..പല സ്ഥലത്തു നിന്നും ആളുകൾ വരും അനുഗ്രഹം വാങ്ങും..അങ്ങനെയങ്ങനെ..”
“ഈ സിദ്ധനും ഉമ്മൂമ്മാ കേസുമായുള്ള ബന്ധം..”
“പറഞ്ഞു വരുന്നത് അതാണ്…കലന്തൻ ഹാജി ഉമ്മൂമ്മയുടെ വലിയുപ്പയുടെ തറവാട്ടിന് അടുത്തുള്ള ആൾ ആണ്..മലപ്പുറത്ത്, ഉമ്മൂമ്മാ ഇവിടുള്ള പരിചയം വെച്ച് മത പ്രഭാഷകൻ ഒക്കെയായി ഇവിടെ വന്നു കൂടിയത് ആണ്. പിന്നെ ഇവിടങ്ങു സ്ഥിരം ആയി..”
“ഓകെ..”
“കലന്തൻ ഹാജിയുടെഇപ്പോഴത്തെ വലം കൈ ആണ് ഖദീഷാഉമ്മ ..അവരും മലപ്പുറത്ത് നിന്ന് വന്നതാണ്. ഉമ്മുമ്മയുടെ മരണം വരെ അവർ ആയിരുന്നു ഉമ്മൂമ്മയോടോപ്പം. ഓർമ്മയില്ലേ..”
“ആ ശരിയാണ്..” അവരെ എന്ത് കൊണ്ട് വിട്ടു കളഞ്ഞു എന്ന ഒരു ചോദ്യം മനസ്സിൽ കിടന്നു കറങ്ങി.
“ഖദീശാ ഉമ്മുമ്മയുടെ വിശ്വസ്ത ആയിരുന്നു. ഉമ്മൂമ്മയുടേ രഹസ്യങ്ങൾ അറിയുന്ന മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. കലന്തൻ ഹാജിയും തറവാട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നു. ഖദീശയും, കലന്തനും കൂടിയാണ് ഉമ്മൂമ്മയെ കൊച്ചു മക്കളിൽ നിന്ന് അകറ്റാനുള്ള ശ്രമം തുടങ്ങിയത്. ഉമ്മൂമ്മയുടെ സ്വത്തിൽ ആയിരുന്നു അവരുടെ നോട്ടം. അതിൽ അവർ ഏറെക്കുറെ വിജയിച്ചു എന്ന് തോന്നുന്നു, പള്ളിക്കമ്മിറ്റിക്ക് സ്ഥലം എഴുതിക്കിട്ടിയത് ആ വഴിക്കാണ്..സ്ഥലം പിന്നീട് കലന്തൻ തന്റെ പേരിൽ ഒരു ട്രസ്റ്റ് ഉണ്ടാക്കി അതിലേക്ക് മാറ്റി.
കലന്തനും ഖദീശയും അനുയായികളും ചേർന്നുള്ള ഒരു ട്രസ്റ്റ് ആ ട്രസ്റ്റാണ് വളർന്നു വളർന്നൊരു പ്രസ്ഥാനം ആയി ഇപ്പോൾ ഉള്ളത്.
ഉമ്മുമ്മയുടെ പല ഉരുപ്പടികളും, വസ്തുക്കളും കുശലം പറഞ്ഞു വിഷമം പറഞ്ഞും ഇവര് രണ്ടു പേരും കൈക്കലാക്കി ഒടുവിൽ ഉമ്മുമ്മയുടെ ഏറ്റവും വിലപിടിപ്പുള്ള ജീവനും..”
“ഇതൊക്കെ നമ്മുടെ തോന്നൽ അല്ലെ..”
“അല്ല..ഉമ്മൂമ്മക്ക് ഒരു നിധി ഉണ്ടായിരുന്നു..”
“അറിയാം തറവാട്ടിലെ തങ്ങളുപ്പാപ്പാടെ മോതിരം അല്ലെ..ഒരിക്കൽ അത് വിരലിൽ ഇട്ടിട്ടുള്ള കാര്യം ഉമ്മുമ്മ പറഞ്ഞിട്ടുണ്ട്..”
ജോസ് ഒന്ന് ചിരിച്ചു.
“”ഇതാണ് ഞാൻ പറഞ്ഞത്..നിങ്ങൾ കൊച്ചു മക്കൾക്കൊന്നും അവരെ ശരിക്കും മനസ്സിലായിട്ടില്ല എന്ന്. ഇത് ഞാനല്ല കണ്ടു പിടിച്ചത്..ഇത് കണ്ടു പിടിച്ച കുറുക്കൻ ബുദ്ധി നമ്മടെ അൻസാർ സാറിന്റേതാണ്..ഉമ്മൂമ്മ മരിച്ച സമയത്ത് അയാൾ ഒരു ഫോട്ടോഗ്രാഫറെ വിളിച്ചു കൊണ്ട് വന്നു ഉമ്മൂമ്മയുടെ ഫോട്ടോ എടുത്തിരുന്നു. ഉമ്മൂമ്മയെ കണ്ടപ്പോൾ ഈ ഫോട്ടോഗ്രാഫർ മുൻപൊരിക്കൽ അവരുടെ ഫോട്ടോ എടുത്ത കാര്യം അൻസാർ സാറിനോട് പറഞ്ഞു..അയാൾ ആ ഫോട്ടോയൊക്കെ സംഘടിപ്പിച്ചു നോക്കുന്പോൾ ബോഡിയിൽ ഒരു മോതിരം മിസിംഗ്. കുടുംബക്കാരോട് ചോദിച്ചപ്പോൾ അതൊരു പഴയ അഴുക്ക് പിടിച്ച മോതിരം അല്ലെ..കളഞ്ഞു പോയിക്കാണും എന്നൊരു ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് കിട്ടിയത്…സാർ വിടാൻ ഒരുക്കം അല്ലായിരുന്നു. മോതിരം തിരഞ്ഞു മലപ്പുറം തങ്ങൾ തറവാട്ടിൽ വരെയെത്തി സാർ.
നിലവറയ്ക്കുള്ളിൽ നിധി പോലെ സൂക്ഷിച്ച മോതിരവും ഉമ്മുമ്മയുടെ കയ്യിൽ പഴഞ്ചൻ പോലെ കിടന്നിരുന്ന മോതിരവും ഒന്നാണെന്ന് സാറിന് മനസിലായി…നിലവറയിൽ അങ്ങനൊരു മോതിരം .ഇല്ലായിരുന്നു. ഒരു പക്ഷെ നിങ്ങടെ ഉമ്മുമ്മ പണ്ടേ അത് അടിച്ചു മാറ്റി കയ്യിൽ വെച്ചതായിരിക്കാം..”

“ആ മോതിരം കളവു പോയതായി റിപ്പോർട് ചെയ്തിരുന്നോ..”
“പഴയ കേസല്ലേ..ഉണ്ട്..മലപ്പുറത്ത് സ്റ്റേഷനിൽ അങ്ങനൊരു കേസുള്ള കാര്യം സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഉടനെ അൻസാർ സാർ വിളിച്ചു പറഞ്ഞിരുന്നു. ഒപ്പം വേറൊരു കാര്യം കൂടി. ഇത് നടക്കുന്നത് ഉമ്മൂമ്മ മരിച്ചിട്ട് നാല് വര്ഷം കഴിഞ്ഞാണ്..അതായത് അൻസാർ സാർ മരിക്കുന്നതിന്റെ തലേ ദിവസം. ”
“എന്ത് കാര്യമാണ് അൻസാറിക്ക അന്ന് വിളിച്ചു പറഞ്ഞത് ?”
“പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്നതിനിടെ അൻസാർ സാർ ഒരു പോസ്റ്റർ കണ്ടു..ഒരു മത പ്രഭാഷണത്തിന്റെ. ഒരു വലിയ പോസ്റ്ററിൽ ഫുൾ സൈസ് ഫോട്ടോയൊക്കെയായി വെട്ടിത്തിളങ്ങി നിൽക്കുന്നു നമ്മുടെ കലന്തൻ ഹാജി ..അയാളുടെ വിരലിൽ മിന്നി നിൽക്കുന്ന മോതിരം ഉമ്മുമ്മയുടെ കയ്യിൽ ചെളിപുരണ്ടു കിടന്നിരുന്ന തങ്ങൾ തറവാട്ടിലെ നിലവറയിൽ നിന്ന് എന്നോ മോഷണം പോയിരുന്ന അതെ ഭാഗ്യ മോതിരം ആയിരുന്നു. ഇതെങ്ങനെ കലന്തന് കിട്ടി എന്നന്വേഷിക്കണം എന്ന് എന്നെ വിളിച്ചു പറഞ്ഞിട്ടാണ് അൻസാർ സാർ മലപ്പുറത്ത് നിന്ന് വണ്ടി കയറിയത്. ഹൈവേയിൽ ഇറങ്ങി സാർ നാട്ടിലേക്കുള്ള വണ്ടി നോക്കി നിൽക്കുന്നതിനിടയിൽ ലോറി ഇടിച്ചു മരിക്കുന്നതും ആ യാത്രയിൽ ആണ്. സാർ അടുത്തതായി അന്വേക്ഷിക്കേണ്ടത് ആ കേസാണ്..അതൊരു കൊലപാതകം ആയിരിക്കാനാണ് ചാൻസ്..തിരഞ്ഞു ചെന്നാൽ ദിവ്യന്മാർ അകത്താകും..”

ഡോട്ടുകൾ പൂരിപ്പിച്ചാൽ ജോസ് പറഞ്ഞത് പോലെ നടന്നതാവാനുള്ള ചാൻസ് കൂടുതൽ ആണ്.

“പക്ഷെ അപ്പോഴും ചോദ്യം ബാക്കിയല്ലേ…എങ്ങനെ ഉമ്മൂമ്മ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു..”
“പോലീസുകാർക്ക് ആ ബുദ്ധി പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ…അൻസാർ സാർ പറഞ്ഞത് വെച്ച് ഞാൻ ഊഹിച്ചെടുത്തത് ഇങ്ങനെ ആയിരുന്നു – ഉമ്മുമ്മയുമായി അടുപ്പം ഉണ്ടായിരുന്ന ഖദീശ ഉമ്മുമ്മയുടെ കയ്യിലെ ഭാഗ്യ മോതിരത്തെക്കുറിച്ചുള്ള രഹസ്യം മനസിലാക്കിയെടുക്കുന്നു. മിക്കവാറും ഉമ്മുമ്മ തന്നെ പറഞ്ഞതായിരിക്കും. ഖദീശ അത് കലന്തൻ ഹാജിയുടെ കേൾവിയിൽ എത്തിക്കുന്നു. മോതിരം തന്റെ കയ്യിൽ വരുന്നത് തന്റെ സിദ്ധി ബിസിനസിന് ഭാഗ്യം കൊണ്ടുവരും എന്ന് കരുതിയ അയാൾ അതെങ്ങിനെയെങ്കിലും കയ്യിൽ വരാൻ വേണ്ടി ശ്രമിച്ചു കാണണം. കൊല നടന്ന ദിവസം തിരഞ്ഞെടുത്തത് തന്നെ സമീപത്താരും ഇല്ലാതിരുന്ന ഒരു സമയം നോക്കിയാണ്. ഒരു ബലപ്രയോഗത്തിലൂടെ കൈക്കലാക്കാൻ ശ്രമിച്ചു കാണണം. ഉമ്മൂമ്മ പ്രതിരോധിച്ചു കാണണം.. ആ മൽപ്പിടത്തത്തിൽ കഴുത്തു ഞെരിച്ചാണ് കൊല നടത്തിയത്… പിന്നീട് രണ്ടാളും കൂടെ ബോഡി മുറിയിൽ കെട്ടിത്തൂക്കി…”
“പോസ്റ്റുമാർട്ടം ശരിയായ രീതിയിൽ നടത്താത്തത് കൊണ്ട് ആരും സത്യം അറിഞ്ഞതുമില്ല..അല്ലേ..”
“അതെ..അതിൽ വേറൊരു കളി കൂടി നടന്നിരുന്നു. നിങ്ങടെ മാമാ സിദ്ദിഖ് നെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പോസ്റ്റുമാർട്ടം ഇല്ലാതാക്കിയത് ഈ കലന്തൻ ഹാജി തന്നെയായിരുന്നു..മുസ്‌ലിം സ്ത്രീകളുടെ ശരീരം അന്യപുരുഷന്മാർ കാണുന്നത് ശരിയല്ല എന്നോ മറ്റോ പറഞ്ഞാണ് അയാൾ അന്ന് കുത്തിത്തിരുപ്പിച്ചത്..”
“ശരിയാണ്..ഉമ്മ പറഞ്ഞു അന്നത്തെ സംഭവം ഓർക്കുന്നുണ്ട്..”
“സാറിന്റെ ഉപ്പയും അൻസാർ സാറും കൂടി അന്നൊരു ശ്രമം നടത്തി നോക്കിയതാണ്. ഞങ്ങൾ ഒരുമിച്ചാണ് അന്ന് ബോഡി ജില്ലാ ആശുപത്രിയിൽ കൊണ്ട് പോയി പോസ്റ്റുമാർട്ടം ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തു നിങ്ങടെ വീട്ടിലേക്ക് വന്നത്. ഞങ്ങൾ ആശുപത്രിയിൽ നിന്നും പോന്ന ഉടനെ കലന്തൻ പിരികയറ്റി വിട്ട സിദ്ധിക്കും മറ്റും വന്നു പോസ്റ്റുമാർട്ടം ചെയ്യാൻ വന്ന ഡോക്ടറെ ഓടിച്ചു വിട്ടത്..അന്ന് ആ ബഹളത്തിലും ഷോക്കിലും ആരും അതത്ര ഗൗനിച്ചില്ല..കലന്തൻ ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത് പോലത്തെ ആൾ അല്ല..അവിടെ എത്തിപ്പിടിക്കണം എങ്കിൽ ശാസ്ത്രീയമായ തെളിവുകൾ ഇനിയും ഉണ്ടാക്കണം..അതിനു പൊലീസിന് മാത്രമേ കഴിയൂ..”

ജോസിന്റെ കയ്യിൽ നിന്നും അയാൾ ശേഖരിച്ച തെളിവുകൾ കളക്റ്റ് ചെയ്ത ശേഷം കേസ് ബലപ്പെടുത്താൻ വേണ്ട മറ്റു ലൂപ്‌ഹോളുകൾ എങ്ങനെ അടച്ചു പൂട്ടാം എന്ന് കണ്ടു പിടിക്കാൻ ടീമിനെ ഏൽപ്പിച്ചു ഞാൻ തറവാട്ടിലേക്ക് വണ്ടിയോടിച്ചു പോയി.

മുറ്റത്ത് നിൽക്കുമ്പോൾ മുറുക്കാൻ മണമുള്ളൊരുമ്മ വന്നു നെറ്റിയിൽ തഴുകിയതായി എനിക്ക് തോന്നി. ഉമ്മൂമ്മയുടെ സാമീപ്യം എനിക്കനുഭവപ്പെട്ടു. ഇരുപത്തിയാറ് വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു ദുരൂഹതയ്ക്കാണ് ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നത്.. ആ നിറവിൽ മുറ്റത്തു കൂടെ കുറെ നേരം ഉലാത്തി.

പിന്നിലെ ശീമനെല്ലിക്ക മരത്തിന്റെ ചുവട്ടിൽ നിന്നും ഒരു നിഴൽ മാഞ്ഞുവോ..എനിക്ക് തോന്നിയതാവാം…

 

2020 ലെ ആദ്യ കഥ !!
(കഴിഞ്ഞ വര്ഷം എഴുതിയതാണ്…സിനിമാ കഥ നിർമ്മിക്കൽ എക്സർസൈസിന്റെ ഭാഗമായി….റഫ് ഡ്രാഫ്റ്റ് ഷെയർ ചെയ്യുന്നു. )

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )