തിരോധാനം ??


തിരോധാനം ??

നാലാം ക്ലാസിൽ പഠിക്കുന്പോഴാണ്. അത് വരെ പഠിച്ചിരുന്ന തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്‌കൂളിൽ നിന്ന് കുറച്ചു ദൂരെയുള്ള വാവൂർ എ എം എൽ പി സ്‌കൂളിലേക്ക് പറിച്ചു നടപ്പെടുന്നത്. വാവൂർ സ്‌കൂൾ ഇരിക്കുന്നത് അരീക്കോട് എടവണ്ണപ്പാറ റൂട്ടിൽ വെട്ടുപാറ എന്ന സ്ഥലത്താണ്. വെട്ടുപാറയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നിലമ്പൂർ എടവണ്ണ അരീക്കോട് വഴി ഒഴുകിവരുന്ന ചാലിയാർ പുഴ കറക്ട് വെട്ടുപാറ എത്തുന്പോൾ നൈസായിട്ടൊരു യു ടേൺ എടുക്കും..എന്നിട്ട് കുറച്ചു ദൂരം നടുക്കൊരു തുരുത്ത് സൃഷ്ടിച്ചു കൊണ്ട് കിഴക്കോട്ട് ഒഴുകും പിന്നെ വീണ്ടുമൊരു ടേൺ എടുത്ത് എളമരം, മാവൂർ വഴി അറബിക്കടലിലേക്ക് ഒഴുകും.
സ്‌കൂളിന്റെ കോമ്പൗണ്ടു ചെറിയ ഒരു കുന്നിൻ മുകളിലാണ്. താഴെ വെട്ടുപാറ അങ്ങാടി…മെയിൻ റോഡിന്റെ സൈഡിലായി പുഴ യൂ ടേൺ എടുക്കും. വർഷങ്ങൾക്ക് ശേഷം ഇവിടെ വെച്ചാണ് കെ എസ് ആർ ടി സി ബസിനു സൈഡ് കൊടുക്കുന്പോൾ അച്ഛൻ വിത്ത് ബൈക്ക് ആൻഡ് സ്‌കൂളിലെ പ്യൂൺ സഹിതം പുഴയുടെ സൈഡിലേക്ക് വീണതും കാലൊടിഞ്ഞു ബെഡ് റെസ്റ്റ് ആയതും. അതോടെ ഞങ്ങളുടെ കുടുംബത്തിൽ തന്നെ ബൈക്ക് എന്ന് പറഞ്ഞൊരു സാധനം വിലക്കപ്പെട്ട വാഹനമായി പിന്നീട് രൂപാന്തരം പ്രാപിച്ചതും. ഏറെക്കുറെ ഇതേ സമയത്തായിരുന്നു ദൂരദർശൻ സ്‌കൂട്ടർ എന്ന സീരിയൽ സംപ്രേക്ഷണം ചെയ്തു പോന്നിരുന്നതും.

വെട്ടുപാറ സ്‌കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ എന്നും രാവിലെ അച്ഛന്റെ കൂടെ ഇറങ്ങണം.
വീട്ടിൽ നിന്നും കുറച്ചു ദൂരം നടന്നു തോട്ടുമുക്കത്തോ, കിണറടപ്പിലോ എത്തിയാൽ മാത്രമേ അരീക്കോട് സൈഡിലേക്ക് വണ്ടി കിട്ടു.
തോട്ടുമുക്കം അരീക്കോട് റൂട്ട് ഒരു ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ കൈവശമുള്ള സ്ഥലത്തു കൂടി ആയിരുന്നതിനാൽ റോഡ് മോശമാണ് അത് കൊണ്ട് അന്ത കാലത്ത് ബസുകൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. തോട്ടുമുക്കത്ത് ചെന്നാൽ ആള് നിറയുന്നതിനനുസരിച്ചു പുറപ്പെടുന്ന ടാക്സി ജീപ്പുകൾ കിട്ടും. ഇല്ലെങ്കിൽ, കിണറടപ്പിൽ പോയാൽ ഓടക്കയം വാലില്ലാപ്പുഴ ഭാഗത്ത് നിന്നും വരുന്ന ബസുകൾ കിട്ടും. ഞങ്ങളുടെ വീട് ഇരുന്നത് ഈ രണ്ടു പോയിന്റുകൾക്കും നടുക്ക് ഉള്ള ഒരു സ്ട്രാറ്റർജിക് ലൊക്കേഷനിൽ ആയിരുന്നു.

കിണറടപ്പ് ചെന്നുള്ള ബസ് പിടുത്തം കുറച്ചു ടെൻഷൻ പിടിച്ച സംഭവം ആണ്. ഇരുപത് ഇരുപത്തിയഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരം ഉണ്ട്. മിക്ക വഴികളും ഷോർട് കട്ടുകൾ ആണ്. പല പുരയിടങ്ങൾ വഴി തോട്ടിറമ്പുകൾ വഴി ഓടിയും, ചാടിക്കടന്നും, കാൽ നീട്ടിവെച്ചു നടന്നും സ്ഥിരം ഒരു നടപ്പു പാറ്റേൺ തന്നെ അച്ഛനും ഞാനും രൂപപ്പെടുത്തിയെടുത്തിരുന്നു.

വീട്ടിൽ നിന്നും ഇറങ്ങിയാൽ ഒരു മണ്ണ് റോഡ് ആണ്. കുറച്ചു നടന്നു കഴിഞ്ഞാൽ മെയിൻ റോട്ടിൽ നിന്നും ഡീ ടൂർ എടുത്ത് ചെറിയ ഒരു കൈത്തോട് കയറി ചെല്ലുന്നത് തടത്തിൽ ജോസേട്ടന്റെ വീടാണ്. അത് കഴിഞ്ഞാൽ തടത്തിലെ തന്നെ പീറ്ററേട്ടന്റെ വീട്. ഇവരുടെ വീടിനു മുകളിൽ ഷോട്ടർ വെട്ടിക്കളഞ്ഞ റബർ റീപ്ലാന്റ് ചെയ്ത തൈമരങ്ങൾക്ക് ഇടയിലൂടെ നടന്നു അടുത്ത പുരയിടം. ഒരു മുസ്‌ലിം കുടുംബമാണ് അവിടെ. പേര് അറിയില്ല. പറമ്പ് മുഴുവൻ ഇരുട്ടാണ്..വെളിച്ചം വീഴാൻ ഇട്ട കൊടുക്കാതെ തിങ്ങി നിൽക്കുന്ന വലിയ മരങ്ങൾ.

മരങ്ങൾക്കിടയിലൂടെ മണ്ണ് നടപ്പാത…ആളുകളുടെ ചവിട്ട് കൊണ്ട് ആ ഒറ്റയടിപ്പാത മിനുസം വന്നിരിക്കുന്നുണ്ട്. നടന്നു ചെന്നാൽ ഒരു ചെറിയ കിണർ. പായൽ പിടിച്ച വെട്ടുകല്ലുകൾ കൊണ്ട് അരികു കെട്ടിയത്.

കിണറിനോട് ചേർന്നൊരു പഴയ ഓടിട്ട വീട്. മണ്ണ് പൊതിഞ്ഞ തിണ്ണയുള്ള വീട്. വീടിന്റെ അടുക്കളയോട് ചേർന്ന് കുറെയധികം കൊക്കോ മരങ്ങൾ.
മുറ്റം ചാണകം കൊണ്ട് മെഴുകിയതാണ്. മുറ്റത്തിന്റെ അരികുകൾ മണ്ണുരുട്ടി വെച്ച് മെഴുകിയൊരുക്കിയിരിക്കുന്നതിന്റെ ഇടയിലൂടെ നടപ്പാത പുഴക്കരയിലേക്ക് നീളും.
അത് വഴിയാണ് സ്ഥിരം യാത്ര.
കൊക്കോ മരങ്ങളുടെ പൊഴിഞ്ഞ ഉണങ്ങിയ ഇലകൾക്ക് മേലെ കാൽ തെന്നിപ്പോകാതെ റിലേയിൽ നിന്നും മറ്റൊരിലയിലേക്ക് പറിച്ചു നട്ടു വേഗം നടന്നാൽ എത്തുന്നത് പുഴക്കരയിലേക്കാണ്.
മിക്കവാറും കാലൊപ്പമേ വെള്ളം കാണു. തേങ്ങ തൊണ്ടും, ഓലയും അഴകിയ മണം എപ്പോഴും അവിടെക്കാണും.
ഉരുളൻ കല്ലുകൾ മിനുസപ്പെട്ടു കിടക്കുന്ന പുഴയിലെ കലങ്ങിയ വെള്ളം ചവിട്ടി കയറി ചെന്നാൽ ഒരു കമുകിൻ തോട്ടമാണ്. ആൾ പാർപ്പില്ലാത്തത്.
ഒരാൾക്ക് നടക്കാൻ പാകമുള്ള ഒരു നടപ്പാത അവിടെയുമുണ്ട്.
തോട്ടത്തിലാകെ കമുകിൻ പാളകൾ പൊഴിഞ്ഞു കിടപ്പുണ്ടാവും.
കമുകിൻ തോട്ടം കഴിഞ്ഞാൽ ഒരു വലിയ പുരയിടമാണ്.
ഉയരമുള്ള തെങ്ങുകൾ നിറഞ്ഞത്. ചെറിയ തോടുകൾ അരികുകൾ നിൽക്കുന്ന വലിയ ഒരു തോട്ടം.
ആ പുരയിടത്തിന്റെ ഒത്ത നടുക്കൊരു പഴയ വീടുണ്ട്. പണിസാധനങ്ങളും തേങ്ങയും മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു വീട്.
വീടിനോട് ചേർന്നൊരു ചെറിയ ചായ്പ്. ചാരം പുരണ്ടുകിടക്കുന്ന ഒരടുപ്പ് ഉണ്ടവിടെ. പിന്നെ കുറെ കൊതുമ്പുകളും, വിറകും കൂട്ടിയിട്ടിരിക്കുന്നു. വക്കു പൊട്ടിയ കരി പുരണ്ട ഒരു കലം.
ഇതൊക്കെയാണ് അവിടത്തെ സ്ഥിരം പ്രോപ്പർട്ടീസ്.

ഇടയ്ക്ക് ചിലപ്പോൾ സ്വപ്നങ്ങൾ പാതി നിർത്തി ഉണരുമ്പോൾ ബാക്കിയാവുന്നത് ഈ പുരയിടത്തിൽ പകച്ചു നിൽക്കുന്ന ദൃശ്യമാണ്.

ആ പറമ്പിന്റെ കെയർടേക്കർ ആയി വേലായുധൻ എന്നൊരാൾ ഉണ്ടായിരുന്നു. മുപ്പതോ മുപ്പത്തിരണ്ടോ പ്രായം. ആ പഴയ വീട്ടിൽ തന്നെയാണ് വേലായുധന്റെ താമസം.

ഒരു ദിവസം പെട്ടെന്ന് വേലായുധനെ കാണാതായി. ആദ്യമൊന്നും ആളുകൾ ശ്രദ്ധിച്ചില്ല.
തെങ്ങിന്തോപ്പിന്റെ ഉടമ ഹാജിയാർ ഒരാഴ്ചയായിട്ടും വേലായുധന്റെ വിവരമൊന്നും ഇല്ല എന്ന് പറഞ്ഞു അന്വേഷിച്ചു നടന്നപ്പോളാണ് ആളുകൾ വേലായുധന്റെ തിരോധാനം അറിയുന്നത് തന്നെ. ഒരു ചെവിയിൽ നിന്ന് മറ്റൊരു ചെവിയിലേക്ക് കയറിയിറങ്ങി കിണറടപ്പ് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും വേലായുധൻ തിരോധാനം ചോദ്യചിഹ്നമായി നിറഞ്ഞു നിന്നു.

ആളുകൾ ബഹളം വെച്ചപ്പോൾ പോലീസ് വന്നു.
സംശയ മുനകൾ രണ്ടു പേർക്ക് നേരെ തിരിഞ്ഞു.
ജലജ – മുപ്പത് വയസ്.
ആമിന – നാല്പത്തിരണ്ടു വയസ്.

ആമിന പുരയിടം കഴിഞ്ഞുള്ള കശുമാവിൻ തോട്ടത്തിന്റെ നടുക്ക് താമസിക്കുന്ന സ്ത്രീയാണ്. വേലായുധനും ആമിനയും തമ്മിലെന്തൊ രഹസ്യ ബന്ധമുണ്ടായിരുന്നെന്ന് ചിലർ പറഞ്ഞു നടന്നു. ആമിനയുടെ കയ്യിൽ നിന്ന് കൈക്കലാക്കിയ സ്വർണ്ണ വള വേലായുധൻ കിണറടപ്പിലുള്ള ഗ്രാമീണ ബാങ്കിൽ പണയം വെച്ചെന്നും അത് തിരിച്ചെടുക്കാൻ ചെന്നപ്പോൾ ബാങ്ക് ജീവനക്കാരിയായ ജലജ വേലായുധൻ പണയം വെച്ചത് മൂക്കു പണ്ടം ആണെന്ന് പറഞ്ഞെന്നും അതിന്റെ പേരിൽ രണ്ടു പേരും തമ്മിൽ കശപിശ ഉണ്ടായെന്നും ചില ദൃക്‌സാക്ഷികൾ പോലീസിനെ അറിയിച്ചു.
ജലജയ്ക്കും വേലായുധനും തമ്മിൽ പരസ്പരം വൈരാഗ്യം ഉണ്ടായിരുന്നു എന്ന് പോലീസ് അന്വേക്ഷണത്തിൽ തെളിഞ്ഞു.
ആമിനയെയും ന്യായമായും വേലായുധന്റെ തിരോധാനത്തിൽ സംശയമുണ്ടെന്ന് നാട്ടു വാർത്തകളിൽ പാറി നടന്നു എന്ന് കൂടി പറയാതിരിക്കാൻ കഴിയില്ല.

ആമിനയും ജലജയും കൂടി വേലായുധനെ അപായപ്പെടുത്തി എന്ന് പോലീസിന്റെ ചില അന്വേക്ഷണങ്ങളുടെ ഭാഗമായി ബോധ്യപ്പെട്ടെങ്കിൽ കൂടിയും വേലായുധന്റെ മൃതദേഹം കണ്ടെടുക്കാൻ കഴിയാത്തത് കൊണ്ട് കേസന്വേക്ഷണം എങ്ങുമെത്തിയില്ല.

ആമിനയും ജലജയും കുറച്ചു കാലം ജയിലിൽ കിടന്നും കോടതി കയറിയിറങ്ങിയും നടന്നെങ്കിലും ഒടുവിൽ തെളിവില്ലാതെ കേസ് തേഞ്ഞു മാഞ്ഞു പോയി. ഇതിനിടെ ആമിനയുടെ മൂത്ത മകൾ കൗമാരക്കാരിയായ സഫിയ ഒരു സുപ്രഭാതത്തിൽ കെട്ടി തൂങ്ങി മരിച്ചു. കശുമാവിൻ തോട്ടത്തിൽ.

ഇന്ന് വരെ ആർക്കും അറിയില്ല വേലായുധൻ എവിടെയാണെന്ന്.
വേലായുധന്റെ തിരോധാനം ഒരു ദുരൂഹമായി തുടരേണ്ടത് ആയിരുന്നു.
അരീക്കോട് സ്റ്റേഷനിൽ കേസ് അന്വേക്ഷണം നടത്തിയിരുന്നത് മണിയേട്ടൻ എന്ന് വിളിക്കുന്ന മണികണ്ഠൻ എന്നൊരു കോൺസ്റ്റബിൾ ആയിരുന്നു. അയാൾ സ്റ്റേഷൻ പരിധിയിൽ ഉണ്ടായിരുന്നപ്പോഴും മറ്റു സ്റേഷനുകളിലേക്ക് മാറ്റപ്പെട്ടപ്പോഴും ആരും അറിയാതെ ഈ കേസിനെക്കുറിച്ചു അന്വേക്ഷിക്കുമായിരുന്നു. ഒടുവിൽ അയാളും കേസിനെക്കുറിച്ചു മറന്നു.
കാലക്രമേണ സർവീസിൽ നിന്നും വിരമിച്ചു.

കോയമ്പത്തൂരിൽ കണ്ണാശുപത്രിയിൽ പതിവ് പരിശോധനയ്ക്ക് വേണ്ടി വന്നതായിരുന്നു മണികണ്ഠൻ കോൺസ്റ്റബിൾ. പോലീസുകാരന്റെ തന്റേടം ഒന്ന് കൊണ്ട് മാത്രമാണ് ഈ പ്രായത്തിലും അയാൾ ഒറ്റയ്ക്ക് കോയമ്പത്തൂർ വരെ വന്നത്.
ഹോസ്പിറ്റലിൽ നിന്നും അധികം ദൂരെ അല്ലാതെ ഒരിടത്ത് അയാൾ ഒരു ചെറിയ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു.
രാത്രി വൈകി സെക്കന്റ് ഷോ കണ്ടു ലോഡ്ജിലേക്ക് നടക്കുന്നതിനിടെ വഴിയിലൊരിടത്ത് അയാൾ തല ചുറ്റി വീണു കിടക്കുന്നത് കണ്ടത് ലോഡ്ജിലെ ബോയ്സിൽ ഒരാളാണ്.
അപ്പോൾ തന്നെ അവൻ അയാളെ താങ്ങിയെടുത്ത് തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ട് ചെന്നു. ഒരു മലയാളിയാണ് ആ ചെറിയ ക്ലിനിക്കിന്റെ ഉടമയും ഏക ഡോക്ടറും.
ഡോക്ടർ കൊണ്ട് വന്ന രോഗിയെ പരിശോധിച്ചു. വേണ്ട മരുന്നുകൾ നിർദേശിച്ചു. നേരം വെളുക്കുന്നത് വരെ അവിടെ കിടത്തുവാൻ ചട്ടം കെട്ടി.
മണിയേട്ടൻ ആ ചെറിയ ക്ലിനിക്കിലെ തുരുമ്പ് പിടിച്ചു തുടങ്ങിയ കട്ടിലിൽ കിടന്ന് അന്ന് രാത്രി വെളുപ്പിച്ചു.
രാവിലെ ഡോക്ടർ പതിവ് റൗണ്ടിസിന് വന്നപ്പോഴാണ് അയാൾ ഡോക്ടറെ കാണുന്നത്.
മലയാളികൾ ആയത് കൊണ്ട് തന്നെ അവർ ഒന്നും രണ്ടും കാര്യങ്ങൾ പറഞ്ഞടുത്തു.

ഡോക്ടർ തെക്കൻ ആണ്..പക്ഷെ സംസാരത്തിലെവിടെയോ ഒരു വടക്കൻ സലാംഗ്.
മുൻ പോലീസുകാരൻ ഒരു സൗകര്യം കിട്ടിയപ്പോൾ അത് സൂചിപ്പിച്ചു.
കുറച്ചു കാലം അരീക്കോട് അടുത്തൊരു ഗ്രാമത്തിൽ ഉണ്ടായിരുന്നു ഡോക്ടർ പറഞ്ഞു..അതിന്റെ സ്വാധീനം ആണ്.
ഓഹോ..അരീക്കോട് സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയി നല്ല പ്രായത്തിൽ താനും ഉണ്ടായിരുന്നല്ലോ..മണിയേട്ടൻ മ്യൂച്ചൽ ഫ്രെണ്ട്സ് ആരെങ്കിലും കാണുമോ എന്നുള്ള ആശങ്കയിൽ ഡോക്ടറോട് വിശേഷങ്ങൾ തിരക്കി.

അതോടൊപ്പം തന്നെ ഡോക്ടറെ കണ്ടപ്പോൾ മുതൽ തോന്നിയ മറ്റെവിടെയോ കണ്ടു മറന്ന മുഖം എന്ന തോന്നലും അയാൾ പങ്കു വെച്ചു.

അവർ തമ്മിലുള്ള സംസാരം അവിടെ മുറിഞ്ഞു. ഡിസ്ചാർജ് വാങ്ങി മണികണ്ഠൻ ലോഡ്ജിലേക്ക് മടങ്ങി.
കണ്ണാശുപത്രിയിലെ പരിശോധന കഴിഞ്ഞിട്ടും മണികണ്ഠൻ ഒരു രാത്രി കൂടി ലോഡ്ജിൽ തങ്ങാൻ തീരുമാനിച്ചു.
പഴയ പോലീസുകാരൻ ആയത് കൊണ്ടാവണം, കണ്ടു മറന്ന ഒരു മുഖവും അതിന്റെ പിന്നിലെ ദുരൂഹതയും ഇഴപിരിച്ചെടുക്കാൻ അയാൾക്ക് അയാൾക്കൊരു ഉൾവിളി ഉണ്ടായത്.

ഒരു ചായക്കടയിൽ ഇരിക്കുന്പോൾ അവിടത്തെ പഴയ റേഡിയോയിൽ കൂടിയാണ് ആ വാർത്ത ഞാൻ കേട്ടത്. പതിവ് പ്രാദേശിക വാർത്തകൾക്കിടയിൽ കയറി വന്ന പതിവില്ലാത്ത ഒരു വാർത്ത ആയിരുന്നു അത്.

“ഇരുപത് വര്ഷം മുൻപ് പോലീസിനെ കബളിപ്പിച്ചു കടന്നു കളഞ്ഞ പീഢനക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു…റിട്ടയർഡ് പോലീസുകാരൻ അയാൾ പണ്ട് അന്വേഷിച്ചിരുന്ന കേസിലെ പ്രതിയെ പിടികൂടിയതിനൊപ്പം ഇത് വരെ വെളിയിൽ വരാതിരുന്ന മറ്റൊരു കേസ് കൂടി തെളിയിച്ചിരിക്കുന്നു..”

പിറ്റേന്ന് പത്രമെടുത്തപ്പോൾ വിശദമായ വാർത്ത കിടക്കുന്നുണ്ട്.
മണികണ്ഠൻ എന്ന പഴയ പോലീസുകാരൻ ചികിത്സയ്ക്കായി കോയമ്പത്തൂരിൽ മുറിയെടുക്കുന്നതും, തലകറങ്ങി വീഴുന്നതും, അടുത്തുള്ള ക്ലിനിക്കിൽ അഡ്മിറ്റാവുന്നതും, അവിടുത്തെ മലയാളി കൂടിയായ ഡോക്ടറെ പരിചയപ്പെടുന്നതും, ചികിത്സകഴിഞ്ഞും ലോഡ്ജിൽ തങ്ങി ദിവസങ്ങളോളം ആ ക്ലിനിക്കിനെ നിരീക്ഷിച്ചു ഒടുവിൽ വ്യാജ പേരിൽ അവിടെ കഴിയുന്ന ഡോക്ടറെ പഴയ ഒരു കേസിൽ അറസ്റ്റു ചെയ്യുന്ന നിലയിലേക്ക് എത്തിക്കുന്നതും എല്ലാം വിശദമായി തന്നെ പത്ര വാർത്തയിൽ ഉണ്ടായിരുന്നു.

വേലായുധൻ എന്ന ആളുടെ തിരോധാനത്തിന് പിന്നിലെ കഥ മുഴുവനും ഞാൻ അറിയുന്നത് അങ്ങനെയാണ്.
വേലായുധൻ നാട് വിട്ടതായിരുന്നു. ആമിനയുടെ മകൾ ആത്മഹത്യ ചെയ്തതും വേലായുധന്റെ തിരോധാനവുമായി ബന്ധപ്പെട്ടു കിടക്കുന്നുമുണ്ടായിരുന്നു.

പത്രവാർത്തയിൽ നിന്ന് അറിഞ്ഞത്, ആമിന ആത്മഹത്യ ചെയ്യാനുള്ള കാരണം വേലായുധന്റെ പീഢനം മൂലം ആയിരുന്നു എന്നതായിരുന്നു.
വേലായുധന്റെ തിരോധാനത്തിന് ശേഷമാണ് ആമിന ആത്മഹത്യ ചെയ്യുന്നത്. ആളുകൾ വിചാരിച്ചിരുന്നത് വേലായുധന്റെ മിസ്സിംഗുമായി ബന്ധപ്പെട്ട് ആമിന സംശയമുനയിൽ ആയതിന്റെ വിഷമം കൊണ്ടാണ് ആമിനയുടെ മകൾ ആത്മഹത്യ ചെയ്തത് എന്നായിരുന്നു.

മണികണ്ഠൻ കോൺസ്റ്റബിളിന്റെ ചെറിയ ഒരു സംശയമാണ് മുഖ പരിചയം വെച്ചുള്ള ഒരു ക്ലൂവിൽ നിന്നാണ് വേലായുധന്റെ തിരോധാനവും ആമിനയുടെ മകളുടെ മരണവും തമ്മിലുള്ള ബന്ധം പുറത്തു വരുന്നത്.

പൂരിപ്പിക്കാനാകാത്ത ഒരു നിഗൂഢത ആ രണ്ടു സംഭവങ്ങൾക്കും ഇടയിൽ ഇപ്പോഴും ഉണ്ടെന്നു എനിക്ക് തോന്നി.
ചായക്കടയിലെ ചെറിയ ബഞ്ചിൽ ഇരിക്കുമ്പോഴാണ് ഞാൻ ആ റേഡിയോ വാർത്ത കേൾക്കുന്നത്. തൊട്ടടുത്ത നിമിഷം തന്നെ ഒരു പത്ര വാർത്തയുടെ താളുകളിലൂടെ നടന്ന സംഭവങ്ങൾ മുഴുവൻ ഞാൻ അറിയുന്നു…തൊട്ടു പിന്നാലെ ഓടിച്ചെന്നെത്തുന്നത് ആ തോട് അതിരിടുന്ന, ആൾ താമസമില്ലാത്ത, പേടിപ്പെടുത്തുന്ന നിശ്ശബ്ദതയുള്ള വലിയ തെങ്ങിൻ തോപ്പിലെ ആ പഴയ വീടിനു മുന്നിലാണ്.

എന്റെ ദേഹം വിയർത്തൊഴുകി. കണ്ടതെല്ലാം ഒരു സ്വപ്‌നമാണെന്ന തിരിച്ചറിവ് നൽകികൊണ്ട് ഫാനിൽ നിന്നുള്ള തണുത്ത കാറ്റ് എന്നെത്തഴുകി കടന്നു പോയി.
വേലായുധൻ എന്നൊരാളെ എനിക്കറിയില്ല…ജലജയെയും ആമിനിയെയും എന്തിനേറെ മണികണ്ഠനെയും എനിക്കറിയില്ല. ആകെ ഓർമ്മയിൽ ഉള്ളത് ആ തെങ്ങിൻ പുരയിടവും അവിടുത്തെ ചാരം നിറഞ്ഞു കിടക്കുന്ന ചായ്പ്പും അതിനോടൊട്ടി നിൽക്കുന്ന ആ പഴയ പണി സാധനങ്ങൾ സൂക്ഷിക്കുന്ന വീടും ആണ്.
[നാലഞ്ചു മാസം മുന്നെയാണ്…പകുതി എഴുതി നിർത്തിയ ഒരു “ദുരൂഹ” കഥയ്ക്ക് പിന്നാലെ മനസിനെ കുറെ ഓടിച്ചു വിട്ടശേഷം കിടന്നുറങ്ങി വീണത് വലിയൊരു ലോകത്തേക്കാണ്…അത് വരെ കണ്ടിട്ടില്ലാത്ത ഒരു പാട് ആളുകൾ പരിചിതമായ സ്ഥലങ്ങളിൽ വെച്ച് എന്നെ കണ്ടുമുട്ടി. ഞാനന്നു വരെ കേട്ടിട്ടില്ലാത്ത കഥകൾ എനിക്ക് അനുഭവിപ്പിച്ചു തന്നു. പല ഇടവേളകളിൽ പൂരിപ്പിക്കാനുള്ള ചില ഇടങ്ങൾ നീക്കിയിട്ട് ആ കഥ എഴുത്ത് ഭാഷയിലേക്ക് കുറിച്ച് വെയ്ക്കുന്നു… ഇതെല്ലാം സ്വപ്നം ആയിരുന്നെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ….??]

***മാപ്പിൽ ഇളം നീല നിറത്തിൽ രേഖപ്പെടുത്തിയതാണ് ചാലിയാർ !

One Comment Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )