ഏകദേശം ഒന്പത് വർഷം മുന്പ് , എന്റെ ആദ്യ വിദേശ യാത്ര പാരീസിലൂടെ ആയിരുന്നു…ഒരു രാവ് പാരീസിലെ ചാൾസ് ഡീ ഗോൾ എയർപോർട്ടിലെ ടെർമിനലുകളിൽ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്..എന്റെ ആദ്യ ബ്ലോഗ് പോസ്റ്റും (മുഴുമിപ്പിക്കാനാവാത്ത!! ) ടെർമിനൽ 2B യിലെ ആ രാവിനെ കുറിച്ച് ആയിരുന്നു !!
സെക്യൂരിറ്റി ക്ലിയറൻസ് വൈകിയത് മൂലം കണക്ഷൻ ഫ്ലൈറ്റ് മിസ്സായ മൂന്നു ചെറുപ്പക്കാരിൽ ഒരാൾ ആയിരുന്നു അന്ന് ഞാൻ..പിറ്റേ ദിവസം രാവിലെയെ അടുത്ത കണക്ഷൻ ഫ്ലൈറ്റ് ഉള്ളൂ എന്ന് പറഞ്ഞ എയർ ഫ്രാൻസ് ജീവനക്കാരോട് ഏറെ കലഹിച്ചിട്ടാണു അന്ന് പാരീസിൽ താങ്ങാനുള്ള സൗകര്യം ചെയ്തു തരാം എന്നുള്ള ഉറപ്പ് വാങ്ങിച്ചെടുത്തത്..
ഇമിംഗ്രേഷൻ ഡിപാർട്ട്മെന്റിന് മുന്നില് താത്കാലിക വിസക്കുള്ള നടപടിക്ര്മങ്ങൾക്കായ് കാത്തു നില്ക്കാൻ പറഞ്ഞു എയർ ഫ്രാൻസ് ഉദ്യോഗസ്ഥ പാസ്പൊർട്ട്മായി പോയപ്പോൾ..അന്ന് പാരീസിൽ അപ്രതീക്ഷിതമായി കൈവന്ന ഒരു ദിവസത്തെ പറ്റി ആയിരുന്നു ഞങ്ങൾ മൂന്നു പേരും സ്വപ്നം കണ്ടത്..പാരീസിലെ വിളക്കണയാത്ത തെരുവുകൾ, ഈഫൽ ടവർ കൈയിൽ കിട്ടിയ പതിനെട്ട് മണിക്കൂറിൽ കണ്ടു തീർക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് ഓർത്ത് മനപ്പായസം ഉണ്ടിരുന്ന ഞങ്ങളെ കടുത്ത നിരാശയിലേക്ക് എടുത്തെറിഞ്ഞു മറുപടി വന്നു..വിസ റിജക്ടഡ്..ഈ എയർപ്പോർട്ട് വിട്ടു വെളിയിൽ പോകാൻ പാടില്ല…!!
യാന്ത്രികമായ ചില നടപടികൾ പോലെ..കുറച്ചു ഫുഡ് കൂപ്പണുകൾ തന്നു എയർലൈൻസ് കൈ ഒഴിഞ്ഞു..ഒപ്പം ഒരു വാണിംഗും..ഇവിടെ ഇങ്ങനെ കറങ്ങി നടക്കരുത്..ടെർമിനൽ 2B യിൽ പോയി ഇരുന്നോളൂ…
ജനുവരിയിലെ തണുപ്പകറ്റാൻ ശേഷിയുള്ള വളരെ കുറച്ച് ഉടുപ്പുകൾ മാത്രമേ കയ്യിലുണ്ടാരുന്നുള്ളൂ…ടെർമിനൽ 2B യിലെ..ഏതോ ഒരു എസ്കലെട്ടറിനു പിൻ വശത്തെ ഒഴിഞ്ഞ കോണിൽ, നിരത്തി വെച്ചിരുന്ന കാർഡ് ബോർഡ് ഷീറ്റുകൾക്ക് മുകളിൽ ചുരുണ്ട് കൂടി കിടന്ന് ജാക്കറ്റ് പുതച്ച് തണുപ്പു മാറ്റി കുറെ നേരം ഉറങ്ങി…എസ്കലെറ്റരിന്റെ ശബ്ദം നീണ്ട സ്വപ്നങ്ങളിൽ വീട്ടിലെ വെള്ളം കോരുന്ന കപ്പിയുടെയും കയറിന്റെയും ശബ്ദമായി പരിണമിച്ചു…
എത്ര നേരം ഉറങ്ങി എന്നറിയില്ല..സുഹൃത്തുക്കൾ രണ്ടു പേരും നല്ല ഉറക്കമാണ്..എഴുനേറ്റ് ടെർമിനലിലൂടെ കുറെ നടന്നു..പല വേഷത്തിൽ, പല രൂപത്തിൽ, പല സംസ്കാരമുള്ള ആളുകൾ ലോകത്തിന്റെ പലയിടത്തു നിന്നും പലയിടത്തേക്ക് പറക്കാനായി വരുന്നു..അവരേയും വഹിച്ചു കൊണ്ട് ദേശാടനക്കിളികളെ പോലെ വിമാനങ്ങൾ ഓരോ ടെർമിനൽ ഗേറ്റിൽ നിന്നും റണ്‍വേയിലൂടെ ഓടി മേഘങ്ങള്ക്കുള്ളിലെക്ക് ഉയര്ന്നു മറയുന്നു..!!! പുതിയ കിളികൾ ടെർമിനൽ ശാഖകളിൽ അണയുന്നു…!!!
ചില ഗേറ്റുകൾ സ്വിസ്സ് നാടുകളിലെക്കാണു വാതിൽ തുറക്കുന്നത്..അമേരിക്കൻ ടൂറിസ്റ്റുകളുടെ ബഹളം ആണവിടെ..ചിലത് തുർക്കിയിലേക്ക്, ചിലത് റഷ്യയിലെക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും…
സന്ധ്യ മയങ്ങിയപ്പോൾ, ടെർമിനലിലെ ചെറു കോഫീ ഷോപ്പുകളിൽ ജനം നിറഞ്ഞു..സുന്ദരന്മാരും സുന്ദരികളും..അവർ ലഹരി നുണഞ്ഞും, പരസ്പരം സംസാരിച്ചും സമയം കൊല്ലുന്നു, ചിരിക്കുന്നു…ഫാഷൻ തലസ്ഥാനം തന്നെ പാരീസ് !! ഒട്ടു മാറിയല്ലാതെയുള്ള ഒരു മേശക്കരികയെ ഇരുന്നു..ബിയർ നുണഞ്ഞു ഞങ്ങൾ അതെല്ലാം കണ്ടു..!!രാത്രി ഏറെയായി…ടെർമിനൽ ചില്ലു ഭിത്തിയിലൂടെ അധികം അകലെയല്ലാത്ത പാരീസ് നഗര വെളിച്ചങ്ങൾ കാണാം..ആകാശ ദൃശ്യത്തിൽ ആഭരണകടയിലെ സ്വർണ്ണപണ്ടങ്ങളുടെ ദീപ പ്രഭയിൽ ജ്വലിക്കുന്ന നഗരം വിളക്കുകൾ !!
രാത്രിയിൽ മുഴുവനും ഉറക്കം വരാതെ ടെർമിനൽ മുഴുവനും ഞാൻ നടന്നു..യാത്രക്കാർ കുറഞ്ഞത് കൊണ്ട്..പല ലൈറ്റുകളും അണഞ്ഞിരുന്നു…ഉറക്കചടവിൽ ചിലർ ടെര്മിനലിലെ കസേരകള് അടുപ്പിച്ച് വെച്ച് കാലുകൾ കയറ്റി വെച്ചു ഉറങ്ങാൻ ശ്രമിക്കുന്നുണ്ടാരുന്നു…ഇങ്ക്രെഡിബിൾ ഇന്ത്യ എന്ന പൊസ്റ്റരിൽ കഥകളി മുദ്രയുടെ ചിത്രത്തിനു മുന്നില് കുറെ നേരം നോക്കി നിന്നു…എയർപ്പോർട്ട് ടെര്മിനലിന് വെളിയിൽ നോക്കിയാൽ കാണാൻ പറ്റാത്ത കോണിൽ ഈഫൽ ടവർ ഞങ്ങൾക്ക് കാണാൻ അവസരം തരാതെ ഉയര്ന്നു നിൽക്കുന്നുണ്ടാവും..
പിറ്റേന്ന്..രാവിലെ അറ്റ്‌ലാന്റയിലേക്കുള്ള ഫ്ലൈറ്റിൽ മേഘങ്ങൾക്കരികിലെക്ക് ഉയർന്നു പൊങ്ങുമ്പോൾ..ചെരിഞ്ഞുയർന്നപ്പോൾ ദൂരെ ഈഫൽ ടവർ വെട്ടി തിളങ്ങുന്നു…ഒരു ദിവസം പാരീസിൽ ഇനിയും വരണം..വെളിച്ചം മങ്ങാത്ത തെരുവുകളിൽ (എസ് . കെ പൊറ്റക്കാട് എഴുതി വെച്ചതു പോലെ )എങ്ങോട്ടെന്നറിയാതെ നടക്കണം…ഈഫൽ ടവറിന്റെ ചുവടെ പോയി..”നിനക്കെന്ത് ഉയരമാണിഷ്ടാ എന്ന് ചോദിക്കണം ” മനസ്സിൽ പറഞ്ഞു..!!!പിന്നീട് ഒന്ന് രണ്ടു തവണ കൂടി പാരീസ് വഴി പറന്നു പോയെങ്കിലും നഗരത്തിൽ ചിലവഴിക്കാൻ കഴിഞ്ഞില്ല..ഒരു നാൾ പോവണം !!!
ആദ്യ ബ്ലോഗ് പോസ്റ്റ് ഇവിടെ-
സമയം അറിഞ്ഞു കൂടാത്ത ഏതോ രാത്രി.. ഒരു റയില്‍വേ സ്റ്റേഷന്‍ ബഞ്ചില്‍ കിടന്നുറങ്ങുകയാണു ഞാന്‍…അരിച്ചിരങ്ങുന്ന ആ തണുപ്പില്‍ ബഞ്ചില്‍ വിരിച്ചിട്ട ഇന്ത്യന്‍ എക്സ്പ്രസ്സിലും,മനോരമയിലും കിടക്കയുടെ സുഖം കണ്ടെത്തി ഉറങ്ങുമ്പോള്‍- ഒരു സ്വപ്നം, എല്ലായിപ്പൊഴും നീണ്ടയാത്രകള്‍ക്കു മുന്‍പെ എന്നെ പേടിപ്പെടുത്താറുള്ള അതേ സ്വപ്നം..മിസ്സ് ആവുന്ന ട്രയിന്‍..നീണ്ട് പോവുന്ന യാത്രകള്‍…
പെട്ടെന്നു എന്നെ കവച്ചു വെച്ചു ഒരു രൂപം കടന്നു പോയി..ഞെട്ടിയെഴുന്നെറ്റു..കണ്ണു തിരുമ്മി..കണ്ണു തിരുമ്മി..ഞാന്‍ റയില്‍വേ സ്റ്റേഷനിലും അല്ല, ട്രയിനിലും അല്ല..അതും ഒരു സ്വപ്നം മാത്രം ആയിരുന്നു..
ഇപ്പോള്‍ ബാഗ്ദാദിനു മുകളിലൂടെയാണു പറക്കുന്നതെന്നു എന്റെ തൊട്ടടുത്ത സീറ്റില്‍ ഉറപ്പിച്ചു വച്ചിരിയ്ക്കുന്ന സ്ക്രീനിലെ പച്ച വരകള്‍ ഓര്‍മ്മിപ്പിച്ചു…..എയര്‍ ഫ്രാന്‍സ് 121 ബാംഗളൂര്‍-പാരീസ് ഫ്ലൈറ്റിലെ 32ഡി സീറ്റിലെ യാത്രക്കാരനാകുന്നു ഞാനിപ്പോള്‍..
ഫ്ലൈറ്റ് കറക്റ്റ് സമയമായ 2:20 am നു തന്നെ ടേക്കൊഫ്ഫ് ചെയ്തിരുന്നു..നിരവധി സമയരേഖകള്‍ മുറിച്ചു കടന്നു, എന്റെ പ്രിയപ്പെട്ടവള്‍ക്കു പിന്നില്‍, 13 1/2 മണിക്കൂര്‍ വൈകി മാത്രം സൂര്യന്‍ ഉദിക്കുന്ന പസഫിക് തീരങ്ങിളിലെക്കുള്ള എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ…32E യില്‍ ഒരു സ്ത്രീയാണു..ഭാഗ്യം എന്റെ കൂടെ ഇല്ലത്തതു കൊണ്ടു, എന്റെ സഹയാത്രിക ഒരു 65 കഴിഞ്ഞ ചെറുപ്പക്കാരിയാണു….കഴുത്തു നിറയെ രുദ്രാക്ഷ മാലയണിഞ്ഞ ഒരു മദാമ്മ സന്യാസ്സിനി…അവരാണു കുറച്ചു മുന്‍പെ എന്റെ തൊട്ടുമുകളിലൂടെ ചാടി എന്റെ സ്വപ്നങ്ങളെ മുറിച്ചുണര്‍ത്തിയത്….!
ഇനിയും മണിക്കൂറുകള്‍ കാത്തിരിയ്ക്കണം പാരീസ് എത്താന്‍..പാരീസില്‍ നിന്നും 9:25 എ.എം നു ള്ള ഡെല്‍റ്റ എയറില്‍ അറ്റ്ലാന്റയ്ക്കു പറക്കണം..പക്ഷെ ഇപ്പൊള്‍ ചാവുകടല്‍ കീറിപ്പറക്കുന്ന ഈ ഫ്ലൈറ്റ് പാരീസിലെത്തുമ്പൊളേക്കും 8:45 കഴിയും..പിന്നെയും ദൂരെയെവിട്യൊ ഉള്ള 2ഇ ടെര്‍മിനല്‍ തേടിപ്പിടിച്ചു വേണം അറ്റ്ലാന്റാ ഫ്ലൈറ്റ് പിടിക്കാന്‍….
സമയം പൊവാന്‍ വേണ്ടി ടി.വി സ്ക്രീനില്‍ ചാനല്‍ മാറ്റിമറിയ്ക്കാന്‍ തുടങ്ങി..പേരറിയാത്ത ഒരു ഫ്രെഞ്ച് ഫിലിം..രസമുണ്ട്..അതിലെ നായികയ്ക്കു നമ്മുടെ രജനി അണ്ണനെ പെരുത്തിഷ്ടം ആണത്രെ..
സിനിമ കഴിഞ്ഞു വീണ്ടും ഉറക്കവും ക്രമം തെറ്റിയ സ്വപ്നങ്ങളും മുറിവേല്‍പ്പിചു തുടങ്ങി…
ചില യാത്രകള്‍ നമ്മെ മടുപ്പിക്കും …ചിലതു നമ്മെ കൊതിപ്പിയ്ക്കും..
മണിക്കൂറുകള്‍ ചിരകറ്റു വീഴുന്ന ബംഗളൂരു–പാരീസ് യാത്രയും മടുപ്പിന്റെ താളം മുറുകിതുടങ്ങിയിരുന്നു..
പാരീസ് സമയം 8:38 നു ഫ്ലൈറ്റ് ഇന്റെര്‍നാഷണല്‍ നെടുമ്പാശ്ശേരിയായ ചാര്‍ല്സ് ഡീഗൌല്‍ – ല്‍ ലാന്റ് ചെയ്തു..പ്രതീക്ഷിച്ഛ്തിലും 2000 മി.സെക്ക്ന്റ് നേരത്തെ..
ഫ്രാന്‍സ് ഇന്‍ഡ്യയ്ക്കു പുറത്തുള്ള എന്റെ ആദ്യ രാജ്യം..ആദ്യ ഇന്റെര്‍നാഷനല്‍ ഫൈറ്റ് യാത്ര ഇവിടെ അവസാനിക്കുന്നു…
ഫ്രാന്‍സ്, ഈഫല്‍ ടവറിന്റെയും, റെയ്നൂള്‍ഡ്സ് പേനയുടേയും, ഫ്രെഞ്ച് കിസ്സിന്റേയും (ഒരു പ്രാസമൊപ്പിച്ചു പറഞ്ഞതാ…കിംഗ് സ്റ്റൈലില്‍.. )നാട്..എന്റെ സഹയാത്രികരും സഹ വര്‍ക്കന്മാ രുമായ മറ്റുരണ്ടുപേരുടേയും (ഇനി അങ്ങൊട്ടു വഴി അറിയില്ലല്ലൊ..)കൂടെ ഞാനും തിരക്കിട്ടിറങ്ങീ…
ഫ്ലൈറ്റിന്റെ വാതില്‍ക്കല്‍ നിന്ന മദാമ്മ പറഞ്ഞ ബൊണ്‍ഷൂര്‍ മൈന്റ് ചെയ്യാതെ മുന്നൊട്ടു വച്ചടിച്ചു..പാസ്സേജിന്റെ വളവില്‍ അറ്റ്ലാന്റ എന്ന ഡിസ്പ്ലേയുമായി ഒരു ഫ്രെഞ്ച് സായിപ്പും..കറുത്ത ഒരു ഫ്രെഞ്ച് വീനസ് വില്ല്യംസും നില്‍പ്പുന്നുണ്ടായിരുന്നു..
ത്രിശ്ശൂര് സ്റ്റാന്റിന്റെ പുറത്ത് ഏര്‍ണാകുളം ടാക്സിക്കു ആളേ വിളിച്ചു കൂട്ടണമാതിരി ഉള്ള ഉടായിപ്പ് കുരിപ്പുകളു വല്ലതും ആണെങ്കിലൊ എന്നൊന്നന്തിക്കാടായി നിന്നെങ്കിലും ..പണ്ടു പള്ളീപോയപോ എല്ലാരും മുട്ടുകുത്തിയപ്പൊ ഞാനുമ്മുട്ടുകുത്തിയപോലെ ഒരു ലിങ്ക് ലിസ്റ്റ് ഫൊര്‍മ് ചെയ്തു അവരുടെ കൂടെ കൂടി…
സമയം 8:45 കഴിഞ്ഞു പെട്ടെന്നു ഞങ്ങളില്‍ ചിലരേയും വിളിച്ചു സായിപ്പു പുറത്തേക്കു കടന്നു..
നല്ല തണുപ്പുണ്ട്..6 ഡിഗ്രി..എന്റെ കട്ടികുറഞ്ഞ ജാക്കറ്റിനും ടീഷര്‍ട്ടിനും സഹിക്കാവുന്നതിലും അപ്പുറത്തുള്ള തണുപ്പ്….
ആദ്യമായി ഒരു വിദേശ് മണ്ണില്‍ ഫൂട്ടറ് പതിപ്പിക്കുവാണു..മൂടിക്കെട്ടിയ അന്തരീക്ഷം..പുറത്ത് നല്ല മഴ..മറ്റുള്ളവരുടെ പുറകെ ഞാനും പുറത്തേക്കിറങ്ങി..
6 പേര്‍സണ്‍സിനു ഒക്ക്യുപൈ ചെയ്യാന്‍ പറ്റുന്ന ഒരു വാനിലേക്കു സായിപ്പു ഞങ്ങളെ കേറ്റി..ഇടയ്ക്കിടെ അയാള്‍ ഫ്രെന്‍ചില്‍ എന്തൊക്കെയൊ പറയുന്നുണ്ട്..വാതായനങ്ങള്‍ എല്ലാം അടച്ച ശേഷം അയാള്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറി ഇരുന്ന് സ്റ്റാര്‍ട് ചെയ്തു…
മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിട്ടിരിയ്ക്കുന്ന പോലെ പാര്‍ക്കു ചെയ്തിട്ടിരിക്കുന്ന ചെറുതും വലുതുമായ കിങ്ഫിഷെറുകള്‍(വിമാനം എന്നു വായിക്കുക…)ക്കിട്യിലൂടെ വളഞ്ഞു പുളഞു 10 മി. കൊണ്ട് ഞങ്ങളേയും കൊണ്ട് വാന്‍ 2ഇ ടെര്‍മിനല്‍ ന്റെ പിന്‍ വാതിലില്‍ എത്തി…
കൃത്യ സമയത്തു തന്നെ ടെര്‍മിനലില്‍ എത്തിച്ച ഡ്രൈവര്‍ സാഹിബിനു നന്ദി പറയണം എന്നു വിചാരിച്ചെങ്കിലും അതു അയാള്‍ ഒരു ക്രെഡിറ്റായെടുത്തു അഹങ്കരിച്ചാലോ എന്നു കരുതി തനി മലയാളിത്തതോടെ അതു വേണ്ട എന്നു വച്ചു..
സമയം തിരിച്ചറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു സഹവര്‍ക്കി ഒന്നിനോട് ചോദിച്ചു സമയം 9:05 ആയെന്നും ഇനിയും ഇരുപതു മിനിറ്റുകൂടി ബാലന്‍സ് ഉണ്ടെന്നും മനസിലാക്കി ആശ്വാസനെടുവീര്‍പ്പിട്ടു..
ആ നെടുവീര്‍പ്പു അസ്ഥാനത്താണെന്നു പിന്നീട് നടന്ന സംഭവ വികാസങ്ങള്‍ ക്രിസ്റ്റല്‍ ക്ലിയറില്‍ മനസിലാക്കി തന്നു..
ചുമ്മാ അങ്ങു സ്കിപ്പു ചെയ്തു പിന്‍വാതിലിലൂടെ എളുപ്പത്തില്‍ ടെര്‍മിനലിലേക്കു കയറിപ്പോവാന്‍ പറ്റില്ല എന്നും, സെക്യൂരിറ്റി ചെക്കപ്പ് കഴിയാതെ ഏതു ബിന്‍ ലാദന്‍ ആയാലും ഉള്ളിലെത്താനവില്ലെന്നും പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു..എത്തിപ്പെട്ടിരിക്കുന്നതു ഒരു സെക്യൂരിറ്റി ചെക്കിങ്ങ് റൂമില്‍ ആണെന്നും പിടികിട്ടി..
ആറാം തമ്പുരാന്‍ റിലീസായ അന്നു, കോഴിക്കോട് ബ്ലൂഡയമണ്ട് തീയെറ്ററില്‍ ഗേറ്റ് തുറക്കുവാന്‍ കാത്തു നിന്ന അതെ ആങ്ക്സൈറ്റിയോടെ ഞങ്ങള്‍ (ഞാനടക്കം പത്തു സഹ്യാത്രികര്‍) കാത്തു നിന്നു…
തീയെറ്ററിലെ പോലെ മതില്‍ ചാടിക്കിടക്കാന്‍ യാതോരു ഓപ്ഷനും ഇല്ലെന്നും, സ്ഥാപന ജ്ഗമ വസ്ത്തുക്കളായ മൊബീല്‍, പേര്‍സ്, ഷൂ, സോക്സ്,ബാഗ് തുടങ്ങിയവ അഴിക്കാന്‍ പറ്റുന്നവ അഴിച്ചും, അല്ലാത്തവ എടുത്തും ഓരോ ബേസിന്‍ ഉള്ളില്‍ വച്ചു, പഴയപോലെ ലിങ്ക്ട് ലിസ്റ്റ് ഫോം ചെയ്തു നിന്നു..ഇത്തവണ ഹെഡര്‍ നോഡ് ആവാനുള്ള ഭാഗ്യം കിടച്ചു..
എന്തിനും ഏതിനും തയ്യാര്‍ ആയി..മെറ്റല്‍ ഡിക്റ്റ്‌റ്റര്‍ എന്ന പുനര്‍ജന്മ കവാടത്തിലൂടെ കറ്റന്നു പോവണം എന്നു അരിയാവുന്നതു കൊണ്ട് ആ സ്വര്‍ഗ്ഗവാതില്‍ ഓപ്പണ്‍ ആവാന്‍ വെയിറ്റു ചെയ്തും ഇടയ്ക്കിടെ സമയം ചോദിച്ചും സമയം കളഞ്ഞു..