(1 )
Subscribe Kadhafactory original story teller Podcast channel for the audio stories https://spotifyanchor-web.app.link/e/IgmbBgpGOvb
എന്റെ അയല്പക്കത്ത് താമസിക്കുന്നയാൾ കൊറിയൻ വംശജനാണ്. ഡൗൺടൗണിലെവിടെയോ ഉള്ള ഒരു ഏഷ്യൻ ഗ്രില്ലിലെ മെയിൻ ഷെഫ് ആണയാൾ. എന്ന് വെച്ചാൽ ഏഷ്യൻ ഗ്രില്ലിലെ പ്രിയപ്പെട്ട രുചികളിൽ ഒന്നായ മംഗോളിയൻ ബീഫിന്റെ എരിവും പുളിയും കൊത്തുമല്ലിയുടെയും ഉണക്ക മുളകിന്റെയും അളവ് നിശ്ചയിക്കുന്നയാൾക്കൂടിയാണ് എഎന്റെ അയൽക്കാരൻ എന്ന് ചുരുക്കം.
അവധി ദിവസങ്ങളിൽ അയാൾ അയാളുടെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ സിഗരറ്റ് വലിക്കാൻ വന്നിരിക്കും. ഞാനപ്പോൾ എന്റെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ തയ്യാറാക്കി വെച്ചിട്ടുള്ള ഗ്യാസടുപ്പ് ഗ്രില്ലിൽ ഉണക്കമീൻ വറക്കുകയോ, അല്ലെങ്കിൽ കോഴിയുടെ വാരിയെല്ല് കൊണ്ട് അൽഫാം ഉണ്ടാക്കുകയോ ആയിരിക്കും.
ഞങ്ങളുടെ രണ്ടു പുരയിടങ്ങളെയും വേർതിരിച്ചു കൊണ്ട് ഒരു ചെറിയ വേലിയതിരുണ്ട്. പേരറിയാത്ത ഏതോ കുറ്റിച്ചെടി ഇരുമ്പ് വേലിയിൽ പടർന്നു പിടിച്ചു രണ്ടു പുരയിടങ്ങൾക്കും ആവശ്യമുള്ള സ്വകാര്യത ഉറപ്പു വരുത്തി തരുന്നുണ്ട്. വീടിന്റെ പിന്നിലായി ഒരു വലിയ ഗുൽമോഹർ മരം. നീല ആകാശമുള്ള പകലുകളിൽ വെള്ള മേഘങ്ങൾ പശ്ചാത്തലത്തിൽ വരുമ്പോൾ നിറയെ ചുവന്ന പൂക്കളുള്ള ഗുൽമോഹർ ചില്ലകളെ പല ഫ്രയിമുകളിലാക്കി ഞാനെന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പോസ്റ്റ് ചെയ്യാറുള്ളത് നിങ്ങളിൽ പലരും കണ്ടിരിക്കുമല്ലോ.
പൂക്കളിൽ പാതി എന്റെ പിൻമുറ്റത്തും ബാക്കി പാതി അയൽക്കാരന്റെ പിൻമുറ്റത്തും വീണു കിടന്നു ഞങ്ങളുടെ മുറ്റങ്ങളെ ചുവപ്പണിയിച്ചു കൊണ്ടേയിരുന്നു.
അയാൾ വരാന്തയിൽ ഇരുന്നു സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു.
ഇലകൾ കാറ്റ് വന്നപ്പോൾ ഉണ്ടായ സൗകര്യം പ്രയോജനപ്പെടുത്തി കാഴ്ചക്ക് വഴിയുണ്ടാക്കിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ചിരിച്ചു.
അയാൾ വേലിക്ക് അരികിലേക്ക് വന്ന്, സിഗരറ്റിന്റെ തുമ്പിൽ നിന്നും ഒരു പിടി ചാരം വീഴ്ത്തി..മുറിഞ്ഞ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി.
ഏഴ് പൂച്ചകളുണ്ട് അയാൾക്ക്. അതിൽ പാതിയും എന്റെ വരാന്തയിലും മുറ്റത്തുമാണ് കൂടുതൽ സമയവും ചിലവിടാറു. കുറെ നാളായി പൂച്ചകളെക്കൊണ്ടുള്ള ശല്യത്തെക്കുറിച്ചു അയൽക്കാരോട് പരാതി പറയണമെന്ന് ഭാര്യ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. നേരിട്ട് പരിചയം ഉണ്ടാവാതിരുന്നത് കൊണ്ട് ഇത്രയും കാലം അതിനു കഴിഞ്ഞിരുന്നില്ല.
അയാൾ വേലിക്കരികിൽ വന്നു പാതി മുറിഞ്ഞ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ പൂച്ച ശല്യമാണ് എനിക്ക് ഓർമ്മയിലേക്ക് വന്നത്.
“നിങ്ങളറിഞ്ഞോ..”
അയാൾ ചോദിച്ചു.
“എന്ത്..”
“നമ്മുടെ ഹൗസിംഗ് കമ്യുണിറ്റിയിൽ പൂച്ചകൾ ചത്തൊടുങ്ങുന്നതായി വാർത്തയുണ്ട്..”
“പൂച്ചകളോ “ – ഞാൻ ചോദിച്ചു.
“അതെ..”
“എങ്ങനെ ..”
“അറിയില്ല..ഈക്കഴിഞ്ഞ ദിവസങ്ങളിൽ നാലഞ്ചു പൂച്ചകൾ പലയിടങ്ങളിലായി ചത്തു കിടക്കുന്നതായി കണ്ടുവത്രെ..”
“എന്തെങ്കിലും രോഗം വന്നാണോ..”
ആ ചോദ്യം ഉണ്ടാവുന്നതിന് ഒരു കാര്യമുണ്ട്. വീടിനു പുറകിൽ സാധാരണയിലും കവിഞ്ഞു കള വളർന്നു തുടങ്ങിയത് ഇല്ലാതാക്കാൻ കീടനാശിനി ഉപയോഗിക്കണം എന്ന് കുറച്ചു ദിവസങ്ങളായി ഞാൻ വിചാരിക്കുന്നുണ്ടായിരുന്നു. അയൽക്കാരന്റെ പൂച്ചകൾ കീടനാശിനി അടിച്ച പുല്ല് തിന്നു ചത്ത് പോയാലോ എന്ന് കരുതിയായിരുന്നു ഞാനത് വൈകിച്ചു കൊണ്ടിരുന്നത്. അത് പോലെ ആരെങ്കിലും മുറ്റത്ത് അടിച്ച കീടനാശിനിയുള്ള പുല്ല് കഴിച്ചാവും പൂച്ചകൾ ചത്തു വീഴുന്നത് എന്ന് ഞാനങ്ങു ഊഹിച്ചു.
“ഏയ് അല്ല..പാതി മുറിഞ്ഞ നിലയിലാണ് പൂച്ചകളുടെ ശവശരീരം കണ്ടെത്തിയത്..” അയാൾ പറഞ്ഞു.
“പാതി മുറിഞ്ഞൊ..വല്ല കുറുക്കനോ ചീങ്കണ്ണിയോ ആയിരിക്കും..”
വീടിന്റെ പുറകിലെ ഹൈവേയ്ക്കപ്പുറം ചതുപ്പാണ്. ചീങ്കണ്ണികൾ ധാരാളമുള്ള ഇടം. കുറുക്കനും, കാട്ടുപൂച്ചകളും ഉണ്ടാവേണ്ടതാണ്. അവയിൽ ഏതെങ്കിലും വന്യ മൃഗങ്ങൾ ഞങ്ങളുടെ ഹൗസിംഗ് കോളനിയിൽ കടന്നു കൂടിയിട്ടുണ്ടാവാം.
“അല്ല മൃഗങ്ങളല്ല..ഇത് കൃത്യമായി പകുതി മുറിച്ച നിലയിലാണ്…അയൽപക്ക സോഷ്യൽ നെറ്റ്‌വർക്കിൽ ഉണ്ടായിരുന്നു.. ന്യൂസിൽ ഉണ്ടായിരുന്നു. നിങ്ങൾ കണ്ടില്ലേ..”
സിഗരറ്റ് വലിച്ചു പൂർത്തിയാക്കി അയാൾ തിരിച്ചു വീട്ടിലേക്ക് കയറിപ്പോയി.
ഞാനെന്റെ മൊബൈൽ എടുത്തു.
അയൽപക്ക സോഷ്യൽ നെറ്റ്വർക്ക് ആപ്ലിക്കേഷൻ തുറന്നു.
ആദ്യത്തെ വിശേഷങ്ങൾ മുഴുവനും വിലക്കയറ്റത്തെക്കുറിച്ച് ആയിരുന്നു.
ചിലർ വാടക കൂട്ടുന്നതിനെക്കുറിച്ചു പരാതി പറയുന്നു.
ചിലർ അനിയന്ത്രിതമായ പെട്രോൾ വില വര്ധനവിനെക്കുറിച്ചു വാഗ്‌വാദം മുറുക്കുന്നുണ്ടായിരുന്നു.
ചിലരാവട്ടെ അടുത്തിടെ നടന്ന ചില വെടിവെയ്പുകളെപ്പറ്റി അപരിചിതരുമായി തർക്കത്തിൽ ഏർപ്പെട്ടു കൊണ്ടേയിരിക്കുന്നു.
എല്ലാ ചർച്ചകൾക്കും മറുപടിയായി കടുത്ത വംശീയവാദിയായിരുന്ന ഒരു നേതാവിനെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് മറ്റൊരു കൂട്ടർ ആവർത്തിക്കുന്നുണ്ടായിരുന്നു.
കൈവിരൽ കൊണ്ട് താഴോട്ട് നീങ്ങി നീങ്ങി പൂച്ചകളുടെ മരണത്തെക്കുറിച്ചുള്ള ചർച്ചയിലേക്ക് ഞാൻ വന്നെത്തി.
കൊറിയക്കാരൻ അയൽവാസി പറഞ്ഞത് സത്യമായിരുന്നു.
പാതി മുറിച്ച നിലയിൽ കണ്ടെത്തിയ പൂച്ചകളെക്കുറിച്ചുള്ള സംസാരമായിരുന്നു അവിടെ മുഴുവനും.
ഒരു പ്രായമായ സ്ത്രീ ആയിരിക്കണം …തനിക്ക് ഏക തുണയായുള്ള പൂച്ചയുടെ ജീവനും നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെടുന്നുണ്ടായിരുന്നു. വീട്ടിൽ നിന്നും പൂച്ചയെ അധികം പുറത്തിറക്കേണ്ട അവരെ ആരോ ആശ്വസിപ്പിച്ചു.
ഏതോ ഒരു സീരിയൽ കില്ലറിന്റെ വരവാണ്. മറ്റൊരാൾ സൂചിപ്പിച്ചു.
കുട്ടികളെ സ്‌കൂളിൽ കയറി വെടിവെച്ചു കൊന്ന പതിമൂന്നുകാരൻ കയ്യറപ്പു മാറാൻ പൂച്ചകളെ കൊന്നു തള്ളിയിരുന്നു, ഒരുവൻ ഓർമ്മിപ്പിച്ചു.
ഏയ് അതൊന്നുമല്ല കുറുക്കൻ പിടിച്ചതായിരിക്കും, എന്ന് മറ്റൊരു സ്ത്രീ.
പൂച്ചകളെ സർജിക്കൽ ബ്ലെയ്ഡ് വെച്ച് കൊലപ്പെടുത്തി സൂക്ഷിച്ചു വെയ്ക്കുന്ന ഒരാളെക്കുറിച്ചു പറയുന്ന മുറകാമിയുടെ കാഫ്ക ഓൺ ദി ഷോർ ഓഡിയോ ബുക്ക് ഈയടുത്ത കാലത്തൊരു വൈകുന്നേര നടത്തത്തിന്റെ പശ്ചാത്തല കഥ പറച്ചിലിനിടെ കേട്ട കാര്യമാണ് എന്റെ മനസിലേക്ക് വന്നത്.
പൂച്ചകളെ ആരാണ് പാതി മുറിച്ചു കൊല്ലുന്നത്
ചിന്തകളുമായി ഞാനെന്റെ സ്വീകരണ മുറിയിലേക്ക് ചെന്നു.
“നിങ്ങള് ആ അയൽവാസിയുടെ കൂടെ സംസാരിക്കുന്നത് കണ്ടല്ലോ..എന്നിട്ട് പൂച്ച ശല്യത്തിന്റെ കാര്യം പറഞ്ഞോ..” ഭാര്യക്ക് അറിയേണ്ടത് ആ ഒരൊറ്റ കാര്യം മാത്രമായിരുന്നു.
“പറയാൻ പറ്റിയില്ല..”
“എന്നെക്കൊണ്ട് വയ്യ പൂടയും കാഷ്ഠവും കോരിക്കളയാൻ “ അവൾ അരിശപ്പെട്ടു.
പൂച്ചകൾ പാതി നിലയിൽ മുറിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന വാർത്ത പങ്കു വെച്ച ഒരാളോട് പൂച്ചശല്യത്തെക്കുറിച്ചു ഞാനെങ്ങനെയാണ് പരാതി പറയുക.
ഞാനവളോട് പൂച്ചകളുടെ ദുരൂഹ മരണത്തെക്കുറിച്ചു പറഞ്ഞു.
“വല്ല ടിക് ടോക് വിഡിയോക്കാരായ ടീനേജേഴ്‌സും ആയിരിക്കും..” അവൾ പറഞ്ഞു.
“അല്ലാതെ ആരാണ് ഇത്തരം ക്രൂരതകൾ ചെയ്യുക..”
“മുറകാമിയുടെ നോവലിൽ പൂച്ചകളോട് സംസാരിക്കുന്ന ഒരു മനുഷ്യനുണ്ട്..ഒരു ദിവസം അയാൾ എത്തിപ്പെടുന്നത് പൂച്ചകളെ പാതി മുറിച്ചു സൂക്ഷിക്കുന്ന ഒരാളുടെ അടുത്താണ്. ഭ്രമാത്മകമായ ഒരവസ്ഥയിൽ അയാൾ ആ പൂച്ചക്കൊലപാതകിയെ കൊല്ലുന്നു അതാണ് കഥ..”
ഞാൻ അവളോട് പറഞ്ഞു.
“എന്നാൽ പിന്നെ നിങ്ങളെപ്പോലെ ആ കഥ വായിച്ച ഏതെങ്കിലും കിറുക്കന്മാർ ആയിരിക്കും “ അവൾ പരിഹസിച്ചു.
ഞാൻ ചിരിച്ചു കൊണ്ട് എന്റെ മൊബൈലിലേക്ക് കണ്ണ് പായിച്ചു.
അയൽപക്ക സോഷ്യൽ മീഡിയ നെറ്റ്‌വർക്കിൽ അടുത്ത രണ്ടു വിശേഷങ്ങൾ കൂടി എന്റെ കണ്ണിൽ ഉടക്കി
ഒന്നാമത്തത് –
രാവിലെ സൈക്കിൾ സവാരിക്കിറങ്ങിയ ഒരാൾ വഴിയരികിൽ വണ്ടികയറി കൊല്ലപ്പെട്ട ഒരു വലിയ ചീങ്കണ്ണിയുടെ മൃതദേഹം കഴുകന്മാർ കൊത്തി വലിക്കുന്നതായി കണ്ടെത്തി..
രണ്ടാമത്തത് –
തലേ ദിവസം നടക്കാനിറങ്ങിയ ഒരാൾ നടപ്പാതയിൽ മരിച്ചു കിടന്ന ഒരു വൃദ്ധനെക്കുറിച്ചു എഴുതിയിരിക്കുന്നു.
ചീങ്കണ്ണിയുടെ മൃതദേഹവും, വൃദ്ധന്റെ മരണവും, പൂച്ചകളുടെ കൊലപാതകവും, മുറകാമിയുടെ നോവൽ വായിച്ച പൂച്ച ശല്യം വേവലാതിപ്പെടുത്തുന്ന ഒരാൾ ചെയ്തതായിരിക്കാൻ ഇടയുണ്ടാവുമല്ലോ എന്ന ചിന്തയിൽ പിൻമുറ്റത്തെ ചാരുകസേരയിലേക്ക് ഞാനിറങ്ങി.
പൂച്ചകൾ ഏഴെണ്ണം എന്റെ കാൽച്ചുവട്ടിലും മുറ്റത്തെ ചെമ്പരത്തിയുടെ ചുവട്ടിലുമായി എന്റെ മുഖത്തേക്ക് നോക്കിയുള്ള കിടപ്പ് തുടങ്ങിയത് അപ്പോഴെനിക്ക് കാണാമായിരുന്നു.
(2)
ആയിരം വീടുകളുള്ള ഒരു ഹൗസിംഗ് കമ്യുണിറ്റിയാണ് ഞങ്ങളുടേത്. കടൽത്തീര നഗരത്തിലെ അമ്പരചുമ്പികളിൽ നിന്നൊക്കെ ഏറെ ദൂരെയായിട്ടാണ് ഞങ്ങളുടെ ചെറിയ നഗരവും ടൗൺഷിപ്പും സ്ഥിതി ചെയ്യുന്നത്.
കിഴക്കുള്ള കടൽത്തീര നഗരത്തെ പടിഞ്ഞാറുള്ള കടൽത്തീര നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു നീളൻ ഹൈവേ ഞങ്ങളുടെ ഹൗസിംഗ് കോളനിയുടെ വേലിക്കരികിലൂടെ കടന്നു പോകുന്നുണ്ട്. ആ ഹൈവേയുടെ മറുവശത്ത് കണ്ണെത്താത്ത ദൂരം പരന്നു കിടക്കുന്ന ചതുപ്പു നിലങ്ങളാണ്.
ആ ചതുപ്പ് നിലത്തിൽ നിറയെ ചീങ്കണ്ണികളും, പെരുമ്പാമ്പുകളുമാണ്. വർഷങ്ങൾക്ക് മുൻപെപ്പോഴോ ഉണ്ടായ ഒരു ചുഴലിക്കൊടുങ്കാറ്റിൽ ഏതോ സ്വകാര്യ മൃഗശാല സൂക്ഷിപ്പുകാരന്റെ വേലികൾ പൊളിച്ചു ചതുപ്പിലേക്ക് എത്തിച്ചേർന്ന ബർമീസ് പെരുമ്പാമ്പുകളുടെ പരമ്പരകളാണ് ചീങ്കണ്ണികൾക്കൊപ്പം ആയിരക്കണക്കിന് ഹെക്ടറുകൾ നിറഞ്ഞു കിടക്കുന്ന ആ ചതുപ്പു നിലങ്ങളെ ഭരിച്ചിരുന്നത്.
പൂച്ച മരണങ്ങളെക്കുറിച്ചുള്ള ആദ്യ വിശേഷം വായിച്ചറിഞ്ഞതിന്റെ പിറ്റേന്നാൾ നാട്ടു വർത്തമാനങ്ങൾ യൂട്യൂബിൽ തിരയവേ വീണ്ടും പൂച്ച മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സൂചിപ്പിക്കുന്ന വാർത്തകൾ എന്റെ കണ്ണിൽ പെട്ടു.
“സംഭവം സീരിയസ് ആണ്..ഇന്നും ഉണ്ട് പൂച്ചകളെ കൊലചെയ്‌തതായുള്ള വാർത്തകൾ..പാതി മുറിച്ച നിലയിലാണത്രെ..” ഞാൻ തീൻ മേശയ്ക്ക് ചുറ്റും ഉലാത്തിക്കൊണ്ട് ഭാര്യയോട് പറഞ്ഞു.
“ഇതേതോ മാനസിക രോഗി തന്നെ ആയിരിക്കും ..തീർച്ച..” അവൾ പറഞ്ഞു.
ടിവി ഷെൽഫിൽ നിന്നും റിമോട്ടെടുത്ത് യൂട്യൂബ് വിഡിയോ ഞാൻ ടിവിയിൽ കാണിച്ചു.
സർജിക്കൽ ബ്ലെയ്ഡ് പോലെ മൂർച്ചയുള്ള എന്തോ ആയുധം കൊണ്ടാണത്രേ പൂച്ചകളെ നടുവേ മുറിച്ചിരിക്കുന്നത്.
“ഇതെന്തായാലും ചില്ലറ കേസ് അല്ല..പേടിക്കേണ്ടിയിരിക്കുന്നു..” അവൾ പറഞ്ഞു.
അത് ശരിയായിരുന്നു. ജീവനു തുല്യം സ്നേഹിക്കുന്ന പൂച്ചയോമനകളെ കുരുതികൊടുക്കാൻ വിട്ടുകൊടുക്കാതെ അയല്പക്കത്തും ഹൗസിംഗ് കോളനിയിലുമുള്ള സകല പൂച്ച പ്രേമികളും അവരവരുടെ പൂച്ചകളെ വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ വളർത്താൻ പ്രത്യേകം ശ്രദ്ധിച്ചു തുടങ്ങി.
“സംഭവം എന്തായാലും നന്നായി. ദേ ഇപ്പൊ പൂച്ചകളെക്കൊണ്ടുള്ള ശല്യം തീർന്നു. ആ കൊറിയക്കാരൻ പേടിച്ചിട്ടാണെന്ന് തോന്നുന്നു പൂച്ചകളെ ഇപ്പോൾ വെളിയിൽ വിടുന്നതേയില്ല..” പിൻ മുറ്റത്തും വരാന്തയിലും പൂച്ചകളുടെ കാഷ്ഠവും, രോമക്കൊഴിച്ചിലുകളും കൊണ്ട് പൊറുതി മുട്ടിയിരുന്ന നല്ലപാതി സന്തോഷം ഉള്ളിൽ വന്നത് മറച്ചു വെയ്ക്കാതെ വെളിപ്പെടുത്തി.
(3)
പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു.
അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
(തുടരും )