കഥ ഇതുവരെ – https://kadhafactory.com/2022/12/10/വെസ്റ്റ്54-സവാന്ന-സ്ട്രീറ/
(3)
പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു.
അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
പത്ത് മിനിറ്റുകൾ കഴിഞ്ഞു കാണണം.
എന്റെ വീടിന്റെ കോളിങ് ബെല്ലും ചിലച്ചു.
ഞാൻ വാതിൽ തുറന്നു.
തടിയൻ പൊലീസുകാരനാണ്.
“ഇവിടെ നടക്കുന്ന പൂച്ചക്കൊലപാതകങ്ങളെക്കുറിച്ചു കേട്ടു കാണുമല്ലോ അല്ലെ..” – അയാൾ ചോദിച്ചു.
ഞാൻ തലയാട്ടി.
“നിങ്ങൾക്ക് പൂച്ചകളുണ്ടോ..”
“ഇല്ല “ ഞാൻ പറഞ്ഞു.
“അതെന്താ ..” അയാൾ ചോദിച്ചു
“ഞങ്ങൾക്ക് രണ്ടു പേർക്കും പൂച്ചകളെ ഇഷ്ടമല്ല..” ഞാൻ പറഞ്ഞു.
“ഓഹോ..പൂച്ചകൾ ഉണ്ടെങ്കിൽ കുറച്ചു ദിവസത്തേക്ക് വെളിയിൽ വിടേണ്ട എന്ന് പറയാനാണ് ഞാൻ വന്നത്. അപ്പോൾ ശരി..എന്തെങ്കിലും വിവരങ്ങൾ കിട്ടുകയാണെങ്കിൽ എന്നെ വിളിക്കണം..” അയാൾ വിസിറ്റിങ് കാർഡ് കൈമാറി, യാത്രയും പറഞ്ഞിറങ്ങി.
“നിങ്ങൾ എന്തിനാണ് മനുഷ്യാ, പൂച്ചകളെ ഇഷ്ടമില്ല എന്ന് പറഞ്ഞത്..ഈ പൂച്ചപമൃത്യുക്കളുടെ പിന്നിൽ നമ്മളാണ് എന്ന് അയാൾ സംശയിക്കില്ലേ “ – അവൾ ചോദിച്ചു.
“നമ്മൾക്ക് കൊല്ലാൻ വേണ്ടിപ്പോലും പൂച്ചകളെ ഇഷ്ടമില്ല എന്നയാൾക്ക് മനസിലായി കാണും..നീ പേടിക്കേണ്ട “ ഞാൻ പറഞ്ഞു.
ഞാൻ അയാൾ തന്ന കാർഡിലേക്ക് നോക്കി.
ഡിറ്റക്ടീവ് ക്രൂസോ, കൂടെ അയാളുടെ നമ്പറുമുണ്ട്.
(4)
പൂച്ചകളൊന്നും വെളിയിൽ ഇറങ്ങാതെ ഒരാഴ്ച കൂടി കടന്നു പോയി.
നടക്കാൻ പോകുമ്പോഴും, കാറോടിച്ചു പോകുമ്പോഴും, പൂട്ടിയിട്ട വീടുകളുടെ കണ്ണാടി ജനാലകൾക്കരികിൽ പകലിലേക്ക് കണ്ണും നട്ടിരിക്കുന്ന പൂച്ചകളെ കാണാമായിരുന്നു.
പാവങ്ങൾ, അടച്ചിട്ട ചുവരുകൾക്കുള്ളിൽ വാലും രോമങ്ങളും ഉരസ്സി മടുപ്പ് പിടിച്ച കണ്ണുകൾ വഴികളിലെറിഞ്ഞുള്ള ആ പ്രതിമയിരിപ്പ് ആരെയും സങ്കടപ്പെടുത്തുന്നതായിരുന്നു.
ഒരാഴ്ച്ച പിന്നിട്ടതിന്റെ പിറ്റേ ദിവസം, ഡിറ്റക്ടീവ് ക്രൂസോയുടെ കാർ ഒരു വട്ടം കൂടി വീടിനു മുന്നിൽ വന്നു നിന്നു. ഇത്തവണ അയാളുടെ പിന്നിലായി മറ്റു രണ്ടു പോലീസ് വണ്ടികളും, ഒരു ഫോറൻസിക് വാഹനവും വീടിനു മുന്നിൽ വന്നു പാർക്ക് ചെയ്തു.
പുറത്തെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ക്ളോസ്ഡ് സർക്യൂട്ട് ക്യാമറയുടെ ദൃശ്യങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ തുറന്നു വെച്ച് ഞാൻ നോക്കി, എന്റെയും കൊറിയക്കാരന്റെയും അതിരുകൾക്കിടയിലുള്ള പുല്ലിൽ ഒരു പൂച്ചയുടെ ജഢം കിടപ്പുണ്ട്. അത് പരിശോധിക്കാനായിട്ടാണ് പോലീസ് സംഘം വന്നിട്ടുള്ളത്.
ബഹളം കേട്ട് അയല്പക്കക്കാർ പുറത്ത് വന്നു.
കൊറിയക്കാരൻ അലമുറയിട്ടു കൊണ്ടിരിക്കുകയാണ്.
അയാളുടെ പ്രിയപ്പെട്ട പൂച്ചകളിൽ ഒന്നായിരുന്നത്രെ.
ഞാനും ഭാര്യയും കൂടി വെളിയിലേക്കിറങ്ങി.
ചെമ്പൻ രോമങ്ങൾ തിങ്ങി നിറഞ്ഞ പൂച്ചയാണ്. വയറിനു മുകളിലായി മൂർച്ചയുള്ള ആയുധം കൊണ്ടെന്നവണ്ണം കീറി മുറിച്ചു കിടക്കുന്നു.
കഷ്ടം.
ഫോറൻസിക് സംഘം മൃതദേഹം ഒരു സഞ്ചിയിലാക്കി അവരുടെ വാനിലേക്ക് മാറ്റി.
ഡിറ്റക്ടീവ് ക്രൂസോ കുറെ നേരം ഇരുന്നു പരിശോധിക്കുകയായിരുന്നത് കൊണ്ട് ആയാസപ്പെട്ട് രണ്ടു കാലുകളിൽ എഴുന്നേറ്റു നിന്നു. അയാളുടെ നടുവിന് കലശലായ വേദന ഉള്ളത് അയാൾ മറച്ചു വെച്ചില്ല.
അയാൾ രണ്ടു കാൽമുട്ടുകളും നിലത്ത് കുത്തി, മുൻ കൈകൾ നിലത്ത് താങ്ങി, ഒരു നായയുടെ പോസിൽ നിന്നു.
വയർ മേൽപ്പോട്ടും കീഴ്പ്പോട്ടും ശ്വാസം പിടിച്ചുള്ള ഒരു എക്സർസൈസ് അയാൾ ഞങ്ങൾക്ക് മുന്നിൽ വെച്ച് തന്നെ ചെയ്യുന്നുണ്ടായിരുന്നു.
അതിനു ശേഷം അയാൾ പുല്ലിൽ മലർന്നു കിടന്നു, ഇരു കാലുകളും സൈക്കിൾ ചവിട്ടുന്നത് പോലെ വായുവിൽ ചലിപ്പിച്ചു കൊണ്ട് കുറെ നേരം ചിന്തിച്ചു കിടന്നു.
“ഭയങ്കര നടുവേദനയാണ്…” പതുക്കെ എഴുന്നേറ്റ് എളിയിൽ കൈ ചേർത്ത് വെച്ചയാൾ പറഞ്ഞു.
പൂച്ചകളുടെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണം അയാളുടെ തലയിൽ വന്നതിന് ശേഷം അയാൾക്ക് വിശ്രമിക്കാനുള്ള സമയം പോലും കിട്ടുന്നില്ലായിരുന്നത്രെ.
(5)
എനിക്കങ്ങനെയാണ്.
മനസ്സിൽ ഉത്തരംകിട്ടാത്ത ചോദ്യങ്ങളെന്തെങ്കിലും കയറിക്കൂടിയാൽ പിന്നെ ഉറക്കം കിട്ടില്ല.
രാത്രി മുഴുക്കെ തിരിഞ്ഞും മറഞ്ഞും കിടന്ന് ഭാര്യയുടെ ഉറക്കം കൂടെ നഷ്ടപ്പെടുമെന്ന സ്ഥിതി ആയപ്പോൾ അവൾ വഴക്കു പറഞ്ഞു.
എവിടെയെങ്കിലും അടങ്ങി കിടക്കൂ..ബാക്കിയുള്ളവർക്ക് ഉറങ്ങേണ്ടേ – അവൾ പുതപ്പു വലിച്ചു ഉറുമ്പരിക്കുന്നതു പോലെ കാലിൽ പിടിച്ചു കയറുന്ന തണുപ്പിനെ മൂടിയൊതുക്കി.
ഉറക്കം വരുന്നില്ലേ – ചെറിയ ഒരു നിശബ്ദതയ്ക്കു ശേഷം അവൾ ചോദിച്ചു.
ഇല്ല – ഞാൻ പറഞ്ഞു.
കൗണ്ട് ചെയ്‌താൽ മതി – നിഗൂഢമായ താന്ത്രിക വിദ്യകൾ വശമുള്ള മാന്ത്രികരുടെ ചുരുളഴിച്ചെടുത്ത് രഹസ്യം കണ്ടെത്തുന്നത് പോലെ അവൾ പാതി മയക്കത്തിൽ പിറുപിറുത്തു.
എന്താ ?
ഒന്ന് മുതൽ എണ്ണിത്തുടങ്ങിക്കോ..ഒന്നേ രണ്ടേ…അങ്ങനെ ഉറക്കം വരുന്നത് വരെ കൗണ്ട് ചെയ്തോ.. – അവൾ പറഞ്ഞു.
ഞാൻ കണ്ണടച്ചു പിടിച്ചു പതുക്കെ മനസ്സിൽ എണ്ണാൻ തുടങ്ങി.
വൺ
ടു
ത്രീ
ഫോർ
…
ഫിഫ്റ്റി ഫൈവ്
ഫിഫ്റ്റി സിക്സ്
ഏതെങ്കിലുമൊരു സ്വപ്നത്തിൽ കയറിപ്പറ്റിയാൽ മാത്രമേ ഉറക്കത്തിലേക്ക് വഴുതി വീഴാനാവൂ.
ഞാൻ കൗണ്ട് ചെയ്യുന്നത് തുടർന്നു.
പതിയെ ഉടലാടിയുലഞ്ഞു.
ഉറക്കത്തിന് മുന്നോടിയായുള്ള സ്വപ്നത്തിലേക്ക് ഞാൻ പറന്നുയർന്നു.
ഹെക്ടറുകളോളം വ്യാപിച്ചു കിടക്കുന്ന ചതുപ്പ് നിലങ്ങൾക്കു മേലെ കോടമഞ്ഞു കമ്പളം വിരിച്ചുറങ്ങുകയാണ്.
നക്ഷത്രങ്ങളുടെയും പൂർണ്ണചന്ദ്രന്റെയും വെളിച്ചം മാത്രം.
ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഒരു വാൽനക്ഷത്രം തെക്കു നിന്നും വടക്കോട്ട് പാഞ്ഞു പോകുന്നുണ്ട്.
പെട്ടെന്നൊരു മിന്നായം പോലെ, ഒരു തവിട്ടു നിറമുള്ള പൂച്ച കോടമഞ്ഞിൽ നിന്നും വെളിയിലേക്ക് വന്നു.
അതിന്റെ വാലിൽ വലിച്ചു പിടിച്ചു കൊണ്ട് ചെതുമ്പലുകൾ നിറഞ്ഞ ഒരു കൈ.
ഞാൻ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
പിന്നീടങ്ങോട്ട് എനിക്കുറങ്ങാനേ സാധിച്ചില്ല എന്ന് പറയുന്നതാവും നല്ലത്.
(6)
വൈകുന്നേരങ്ങളിൽ മഴ പതിവുള്ളത് കൊണ്ട് കുടയുമെടുത്താണ് ഞാൻ പബ്ലിക്‌സിൽ ഗ്രോസറി സാധനങ്ങൾ വാങ്ങിക്കാൻ പുറപ്പെട്ടത്.
ചെറിയൊരു പബ്ളിക്സ് സ്റ്റോർ ആണ്. പബ്ളിക്സ് എന്ന് പറയുന്നത് ഞങ്ങളുടെ തൊട്ടടുത്തുള്ള ഒരു ഗ്രോസറി സൂപ്പർ മാർക്കറ്റ് ആണ്.
ബ്രഡും, മുട്ടയും, പഴങ്ങളും, പാലും, പച്ചക്കറികളും, തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളും, മരുന്നുകളും, ബേക്കറി സാധനങ്ങളും എല്ലാം കിട്ടുന്ന സൂപ്പർ മാർക്കറ്റ് ചെയിൻ ആണ് പബ്ളിക്സ്.
ഞങ്ങളുടെ അടുത്തുള്ള പബ്ളിക്സ് മറ്റുള്ള സൂപ്പർ മാർക്കറ്റുകളെക്കാൾ ചെറുതാണ്.
ചെറിയ കട ആയത് കൊണ്ട് തന്നെ പാർക്കിംഗ് ഏരിയയും ചെറുതാണ്.
കടയിൽ നിന്ന് സാധനങ്ങളും വാങ്ങിച്ചു കാറിലേക്ക് ട്രോളിയും ഉന്തി മഴയിലൂടെ നടന്നു വരുമ്പോഴാണ് ആ സ്ത്രീ എന്റെ മുന്നിൽ വന്നു പെടുന്നത്.
മഴയത്ത് നനഞ്ഞാണ് അവർ വരുന്നത്. അത്രയും നേരം ഒരു മരത്തിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്ന അവർ എന്നെ കണ്ടിട്ട് ആയിരിക്കണം മുൻപോട്ട് വന്നത്.
വട്ടത്തിലുള്ള ഒരു തൊപ്പി അവരുടെ തലയിൽ ഉണ്ടായിരുന്നു. പ്രായം എൺപതോ അതിലധികമോ ഉണ്ടെന്ന് തോന്നുന്നു. ഉയരം നന്നേ കുറവ്. ചെറിയ ഒരു കൂനുമുണ്ട്.
അവരുടെ പിന്നിലായി നായകളെ കെട്ടുന്ന ഒരു കയറുണ്ട്.
ആദ്യം ഞാൻ കരുതിയത് അതൊരു നായ ആയിരിക്കും എന്നാണ്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവരുടെ കയ്യിൽ പിടിച്ച കയറിന്റെ അങ്ങേത്തലയ്ക്കലെ ഉടൽ മുന്നോട്ട് നടന്നു വന്നു.
അതൊരു പൂച്ച ആയിരുന്നു.
ഒറ്റ നോട്ടത്തിൽ ഒരു നായയുടെ ഉയരമുള്ള ചെമ്പൻ രോമങ്ങൾ തിങ്ങി നിറഞ്ഞ ഒരു പൂച്ച.
ആദ്യമായിട്ടായിരുന്നു നായയുടെ കയറിൽ പൂച്ചയെ കെട്ടി കൊണ്ട് പോവുന്നത് ഞാൻ കാണുന്നത്.
പൂച്ചകളെ ആരും അങ്ങനെ കെട്ടിയിട്ട് കൊണ്ട് പോവാറില്ലല്ലോ.
പൂച്ച എന്നെ കണ്ടതും മുരണ്ടു.
ആ സ്ത്രീ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
ഞാൻ കരുതിയത് അവർ എന്നോടാണ് സംസാരിക്കുന്നത് എന്നതായിരുന്നു. പക്ഷെ അവർ തന്നെത്താനെയോ പൂച്ചയോടോ അതോ ഇനി നമ്മുടെയൊന്നും ദൃഷ്ടിയിൽ പെടാത്ത മറ്റു പലതിനോടുമൊ എന്നവണ്ണം സംസാരിച്ചു കൊണ്ടേയിരുന്നു.
ഇന്നലെ രാത്രിയിലെ ഗെയിം കണ്ടിരുന്നോ – അവർ എന്റെ മുഖത്ത് നോക്കി ചോദിച്ചു.
ഞാൻ ഉത്തരം പറയുന്നതിന് മുന്നേ അവർ മറുപടി തന്നു.
ക്വാട്ടർബാക്കിന്റെ മിസ്റ്റേക്ക് ആണ്. ഞാൻ ചാർളിയോട് പറഞ്ഞു ഈഗിൾസ് മോശം ഗെയിം ആയിരുന്നെന്ന്. ഇവിടെ ആരെങ്കിലും ഹരിക്കെയ്ൻ ഫാൻസുണ്ടോ എന്നറിയില്ല. ഇന്നലെ അവരുടെ ഗെയിം ആയിരുന്നു. എനിക്ക് അവരെ ഇഷ്ടമില്ല. അവരുടെ ക്വാട്ടർ ബാക് വളരെ റൂഡ് ആണ്. എനിക്കവനെ ഇഷ്ടമില്ല. ഇന്നലെ പക്ഷെ ഈഗിൾ നന്നായിട്ട് ട്രൈ ചെയ്തു കേട്ടോ. ഞാൻ ചാർളിയോട് അത് തന്നെ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു.
മറുപടിയായി ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.
അവർ എന്റെ പുഞ്ചിരിയോ, ഉത്തരങ്ങളോ ഒന്നും കേൾക്കാൻ നിൽക്കാതെ, പിന്നിൽ മടിച്ചു മടിച്ചു നടക്കുകയായിരുന്ന പൂച്ചയേയും വലിച്ചു കൊണ്ട് പാർക്കിംഗ് ഏരിയയും കടന്നു മുന്നോട്ടു പോയി.
(തുടരും)